പാലക്കാട് ഒരു സംഭവം നടന്ന് ഒരാഴ്ച തികയുമ്പോള്‍ തിരുവനന്തപുരം ജില്ലയിലും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിക്കുശേഷം ആനാട് ഭാഗത്തു വെച്ചായിരുന്നു സംഭവം. കുളത്തൂപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ പിഎസ്സി പരീക്ഷാര്‍ത്ഥികളായ സ്ത്രീകളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും.
ബസ്സിനു പിന്നില്‍ ബൈക്കില്‍ വന്ന ഒരു യുവാവ് ആനാട് വെച്ച് ബസ്സിനെ മറികടന്ന് വട്ടം വെച്ചു. ഇതോടെ ബസ് നിര്‍ത്തിയ ഡ്രൈവറുടെ അടുത്തേക്ക് അസഭ്യവര്‍ഷവുമായി ചെന്ന ബൈക്കുകാരന് ഡോര്‍ തുറന്നു കയറി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബസ്സിന്റെ ഒരു വശത്തെ ചില്ലു തകർത്ത ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്.
വീഡിയോ – കൈരളി ന്യൂസ്.
മര്‍ദ്ദനമേറ്റ് അവശനായി കുഴഞ്ഞു വീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അരശുപറമ്പ് കൊപ്പം സ്വദേശി ഹാഷിമിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ചിലര്‍ സംഭവത്തിന്റെ വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ അത് വൈറല്‍ ആകുകയും ചെയ്തു. കൃത്യം നടത്തിയശേഷം യുവാവ് കൂസലില്ലാതെ ഗുണ്ടാ സ്റ്റൈലില്‍ ബൈക്കുമെടുത്ത് പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
പ്രതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡ്രൈവറെ ആക്രമിച്ചാല്‍ അത് വളരെ ഗുരുതരമായ കുറ്റമാണ്. ഈ വസ്തുത അറിയാതെയാണ് പലരും ഒരുനിമിഷത്തെ ദേഷ്യത്തിന് ആക്രമണം അഴിച്ചുവിടുന്നത്. എന്നാല്‍ ഇതുപോലെ ആക്രമണം നടത്തിയവര്‍ പിന്നീട് അഴിയെണ്ണേണ്ടി വന്നു എന്നതാണ് സത്യം. ഈ സംഭവത്തിലും പ്രതിയുടെ അവസ്ഥ ഇനി ഇതുതന്നെയായിരിക്കുവാനാണ് സാധ്യത. എന്തായാലും കുറച്ചുനാള്‍ ജയില്‍വാസമൊക്കെ കഴിയുമ്പോള്‍ പ്രതികള്‍ കുറച്ചൊക്കെ ദേഷ്യം കണ്ട്രോള് ചെയ്യാന്‍ പഠിക്കുമെന്ന് ഉറപ്പാണ്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസ്സെടുത്തിട്ടുണ്ട്.