ഒരു മഴക്കാലത്തു കുടജാദ്രി നടന്നു കയറുമ്പോൾ…ഗംഭീരമായ യാത്രാ വിവരണം…

കുടജാദ്രി നടന്നു കയറുന്നതു എന്നും ഒരു ആവേശമാണ്. ഇത് എട്ടാം തവണയാണ് പോയത്; ആദ്യത്തെ രണ്ടു വട്ടം ഒഴിച്ച് എല്ലാ പ്രാവശ്യവും നടന്നുതന്നെ. ഇരുപതു വര്ഷങ്ങള്ക്കു ശേഷം പഴയ ഒരു സുഹ്രത്തിനെ കണ്ടുമുട്ടുമ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഒരു യാത്ര പോവുക എന്നതായിരിക്കും.

സന്തോഷ് ബാബുവിനോട് ഇരുപതു വര്ഷങ്ങള്ക്കു ശേഷം സംസാരിച്ചതിനുശേഷം അടുത്ത ദിവസമേ യാത്ര പ്ലാൻ ചെയ്തു. ആലുവയിൽ നിന്നും തീവണ്ടി കയറുമ്പോൾ കൂടെ യാത്ര ചെയ്യാൻ പോകുന്ന ആളിനെ ഇരുപതു വര്ഷങ്ങള്ക്കു ശേഷമാണ് കാണുന്നതെന്ന പരിഭ്രമമൊന്നും ഇല്ലായിരുന്നു. യാത്രയിൽ വിശേഷങ്ങൾ പങ്കുവെച്ചും ഉറങ്ങിയും രാവിലെ ഞങ്ങൾ ബൈന്ദൂർ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് ബസിൽ കൊല്ലൂർ (മൂകാംബിക) എത്തി. പ്രാതൽ കഴിച്ചു സാഗറിലേക്കുള്ള ബസിൽ കയറി, കുടജാദ്രി നടന്നു കയറുന്നതിനുള്ള വഴിയിലിറങ്ങി.

മഴക്കാലത്ത് നടന്നു കയറുന്നവർ ചുരുക്കം; ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ ആരുമില്ല. തീവണ്ടി ഇറങ്ങിയപ്പോൾ മുതലുള്ള മഴ, ഇവിടെ ബസ് ഇറങ്ങിയപ്പോഴേക്കും കുറഞ്ഞു. നടപ്പു ആരംഭിച്ചു, കാട്ടിൽ എത്ര നടന്നാലും മടുക്കില്ല, ചെരുപ്പില്ലാതെ നടക്കുന്നത് പ്രകൃതിയുമായുള്ള ബന്ധം ഉറപ്പിക്കുമെന്നതിനാൽ ഈയാത്രയിലും ചെരിപ്പിടുത്തു ബാഗിൽ വെച്ചു.പ്രകൃതി മഴ നനഞു പുളകിതയായി നില്കുന്നു. നല്ല തണുപ്പിലും പ്രകൃതിയെ ആസ്വദിച്ചങ്ങനെ നടന്നു. തങ്കപ്പൻ ചേട്ടന്റെ സന്തോഷ് ഹോട്ടലാണ് അടുത്ത പോയിന്റ്.

പക്ഷെ അതിനു മുൻപുള്ള ഗോശാല കണ്ടപ്പോൾ അങ്ങോട്ടൊന്നു കയറി. ഗോശാല നോക്കുന്ന ഉത്തരേന്ത്യൻ യുവാവ് അത് മുഴുവൻ കാണിച്ചു തന്നു. അവിടെ പുറത്തുനിന്നുള്ളവര്ക്ക് വന്നു താമസിക്കാനുള്ള സൗകര്യമുണ്ടെന്നു അവൻ പറഞ്ഞറിഞ്ഞു. അവിടെനിന്നു തൊട്ടടുത്തുള്ള ആശ്രമത്തിലേക്കു നടന്നു; അവിടെ കെട്ടിടം പുതുക്കി പണിയുകയാണ്. അതിനകത്തു കയറിയപ്പോൾ പെരുമഴ. അവിടെ കണ്ട ആൾ കോലായിൽ നിന്നും വെള്ളം കോരി കളയുന്ന തിരക്കിലാണ്. മഴ തീരുന്നതു വരെ അവിടെ നിന്നു. ഇറങ്ങിയപ്പോൾ പരസ്പരം പറഞ്ഞു, മഴയത്തു കയറി നില്ക്കാൻ വേണ്ടി ഒരിടം തന്നതായിരിക്കാം അത്.

നാല് വർഷത്തെ ഇടവേളക്കുശേഷമാണ് കുടജാദ്രിയിലേക്ക് വീണ്ടും പോകുന്നത്. ഇതിനിടയിൽ തങ്കപ്പൻ ചേട്ടന്റെ കടക്കു മുൻപിലായി കർണാടക വനം വകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് പുതുതായി വന്നു. അവർ ബാഗുകളെല്ലാം പരിശോധിച്ച് മദ്യമില്ലെന്നു ഉറപ്പുവരുത്തി. ചുമ്മായിരുന്ന അവരോടു കുറച്ചു നേരം കുശലം പറഞ്ഞു, ഉള്ള നാടൻ പഴവും പങ്കുവെച്ചു. തങ്കപ്പൻ ചേട്ടന്റെ കട അടച്ചിട്ടിരിക്കുകയാണ്. മുട്ടിവിളച്ചപ്പോൾ ആന്റി പുറത്തേക്കു വന്നു. ഓരോ കട്ടൻ കാപ്പിയും കുറച്ചു ബിസ്കറ്റും കഴിച്ചു. തങ്കപ്പൻ ചേട്ടന് കുറച്ചു കാലമായി അസുഖബാധിതനാണ്. മകൻ അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ്. കഴിഞ്ഞ തവണ കണ്ടപ്പോൾ അസുഖത്തെ കുറിച്ച് കുറെ സംസാരിച്ചിരുന്നു. ഏകദേശം അമ്പതു വർഷമായി ഇവിടെ താമസിക്കുന്ന, കോതമംഗലം സ്വദേശിയായ തങ്കപ്പൻ ചേട്ടനും കുടുംബവും, ഇത് വഴി കടന്നു പോകുന്ന എല്ലാ മലയാളികളുടെയും സുഹ്രത്താണ്, ഇനി അങ്ങോട്ടുള്ള വഴിയിൽ അവസാനത്തെ ഭക്ഷണശാലയാണ്. എം ടി യും മോഹൻലാലും ഒക്കെ അദ്ദേഹത്തെക്കുറിച്ചു എഴുതിയിട്ടുണ്ട്.

ഒരാളുടെയും സാമീപ്യമില്ലാതെ, ഒറ്റക്കുള്ള യാത്രയെക്കുറിച്ചു സന്തോഷിനുള്ള ആശങ്ക പങ്കുവെച്ചു. മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ലെന്ന് ഞാനും. അങ്ങനെ നടപ്പു തുടർന്നു. തുടർന്നുള്ള യാത്രയിൽ ഏകദേശം രണ്ടു കിലൊമീറ്റർ കഴിഞ്ഞാൽ ഉൾക്കാടുകളും കുത്തനെയുള്ള കയറ്റവുമാണ്. മഴ മാറിനിന്നതിന്റെ ആശ്വാസത്തിൽ, വർത്തമാനം പറഞ്ഞും പ്രകൃതിയെ കണ്ടും, അറിഞ്ഞും, മണത്തും, നനഞ്ഞും പറഞ്ഞറിയിക്കനാകാത്ത ആനന്ദത്തോടെ യാത്ര തുടർന്നു. മടുക്കുമ്പോൾ ഇടയ്ക്കു കല്ലിലും മരത്തിന്റെ വേരുകളിലും ഇരുന്നു. കുത്തനെ കയറ്റം കയറി ചെല്ലുമ്പോഴാണ് (എന്റെ അനുഭവത്തിൽ) യാത്രയിലെ ഏറ്റവും മനോഹരമായ വഴിയും കാഴ്ചകളും ഉള്ളത്. ഒരു വന്മലയുടെ ചെരിവിലൂടെയാണ് ചെറിയ നടപ്പാത. താഴോട്ട് നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം പച്ചപ്പാർന്ന കാടുകൾ, മുകളിലോട്ടു നോക്കിയാലും ഇടതൂർന്ന കാടുകൾ. എപ്പോഴുംഒത്തിരി താഴെ നിന്നും കാറ്റടിക്കുന്നുണ്ടാകും. നടപ്പിന്റെ എല്ലാ ക്ഷീണവും കാറ്റ് ഒപ്പിക്കൊണ്ടുപോയ്ക്കോളും.

അവിടെ ഇന്ന് രണ്ടും കൈയ്യും വിടർത്തിപിടിച്ചങ്ങനെ നിൽക്കുക; ആ നില്പിൽ ജീവിതത്തിന്റെ ലഹരിയിങ്ങനെ അറിയാത്ത നമ്മൾ നുകരും. യാത്രയുടെ എല്ലാ ക്ഷീണവും മറക്കും; വന്നതിൽ അതിയായി സന്തോഷിക്കും. അത് കഴിഞ്ഞു കുറച്ചു പോകുമ്പോഴാണ് ഞങ്ങളിൽ കുറച്ചു പേരുകൂടി പേരിട്ട അളിയൻ പാറ. കഥയിങ്ങനെ, കുറെ വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ അഞ്ചഗ സംഘം കുടജാദ്രി കയറുകയായിരുന്നു. ഞാനൊഴികെ എല്ലാവരും ആദ്യമായി കയറുന്നവരായിരുന്നു. കൂട്ടത്തിലെ ഞങ്ങൾ അളിയൻ എന്ന് വിളിക്കുന്ന ആൾ (പഠിച്ചുകൊണ്ടിരുന്ന കാലത്തു അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പെങ്ങൾ ക്ലാസ്സിലെ താരമായിരുന്നു; അങ്ങനെ അയാൾ എല്ലാവര്ക്കും അളിയൻ ആയി.) നടന്നു മടുത്തു. ഇടയ്ക്കിടെ ഇരുന്നും വിശ്രമിച്ചും അദ്ദേഹം ഇവിടം വരെയെത്തി. തളർന്നു അവശനായ അദ്ദേഹം ഇവിടെ ഒരു പാറയിൽ ഇരുപ്പായി. ശരിക്കും ബോധം നഷ്ടപ്പെട്ട് (blackout) ആണ് താനവിടെ ഇരുന്നത് എന്ന് തിരിച്ചിറങ്ങുമ്പോൾ അദ്ദേഹം പറയുകയുണ്ടായി. വേനൽക്കാലത്തു ഈ പ്രേദേശങ്ങളിൽ കുട്ടികൾ കുടിക്കാനുള്ള വെള്ളവും, കഴിക്കാൻ ചില പഴങ്ങളും വിൽക്കാൻ വെക്കാറുണ്ട്. അവർ അത് ചുമന്നു കൊണ്ടുവന്നാണ് വില്പനക്കെത്തിക്കുന്നത്.

ഞങ്ങൾ യാത്ര തുടർന്നു. യാത്രയുടെ ആക്സ്മിതകൾ ഞങ്ങളെ തന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. വേനൽക്കാലത്താണെങ്കിൽ ഇടയ്ക്കിടെ യാത്രികരെ കാണാം; ഇതിപ്പോൾ യാത്രയിലെങ്ങും ഒരാളെപ്പോലും കണ്ടില്ല. ഉപ്പ് തുണിയിൽ പൊതിഞ്ഞു, അത് വടിയുടെ തുമ്പത്തു കെട്ടി, ഇടയ്ക്കിടെ കയറുന്ന അട്ടകളെ ഞഞങ്ങൾ ഓടിച്ചുകളഞ്ഞു. മഴയായതിനാൽ അട്ടകൾ കുറവായിരുന്നു. (2011 ജൂലായിലെ മഴക്കാലത്ത് ഞാൻ ഒരു സുഹ്റുത്തുമൊരുമിച്ചു, കൊല്ലൂർ നിന്നും ആദ്യബസിൽ കയറി, കുടജാദ്രികയറി ചിത്രമൂലയും കണ്ട്, അന്ന് തന്നെ തിരിച്ചിറങ്ങി വൈകീട്ടുതന്നെ കൊല്ലൂർ തിരിച്ചെത്തി. തിരിച്ചെത്തി ബസിൽ നിന്നും ഇറങ്ങുമ്പോഴാണ്, അദ്ദഹത്തിന്റെ കാലിൽ ചോര കുടിച്ചു വേർതിരിക്കുന്ന ഒരു അട്ടയെ കണ്ടത്.) കോരിച്ചൊരിയുന്ന മഴയുടെ സമയമാണെങ്കിലും ഞങ്ങൾ നടക്കുന്ന സമയത്തൊന്നും മഴ ഞങ്ങളെ ശല്യപെടുത്തിയില്ല. വന്മഴ വന്നപ്പോൾ ഞങ്ങളെ ഏതോ ഒരു മുൻപദ്ധതിയെന്ന പോലെ ഞങ്ങൾ ആശ്രമത്തിനകത്തായിരുന്നു. അടുത്ത വലിയ മഴയ്ക്ക് മുൻപ് മുകളിലെത്താമെന്നു ഞങ്ങൾ മോഹിച്ചു. വഴി നീളെ അരുവികളാണ്, അതിലിറങ്ങി ഇടയ്ക്കിടെ മുഖം കഴുകി ഉൽസാഹം വീണ്ടെടുത്തു.

നട്ടുച്ച നേരത്താണെങ്കിൽ പോലും കാടിന്റെയുള്ളിൽ പലയിടത്തും സന്ധ്യയായതുപോലെയാണ്. കുടജാദ്രി കുന്നിലേക്കുള്ള അവസാന കയറ്റത്തിന് മുൻപിൽ കുറച് വെളിമ്പ്രദേശമാണ്. അവിടെത്തിയപ്പോൾ ഞാൻ പറഞ്ഞു, ദാ ആ കയറ്റം കൂടി കയറിയാൽ നമ്മളെത്തി, അടുത്ത മഴയ്ക്ക് മുൻപ് നമ്മളെത്തും. ആവേശത്തിടെ കയറി, മുകളിലെത്താനായി. അവസാന രണ്ടു വളവുകൾ കഴിഞ്ഞാൽ മുകളിലെത്തി. പക്ഷെ നമ്മൾ മാത്രം വിചാരിക്കുന്ന പോലല്ലല്ലോ പൃകൃതി നിയമം. നിങ്ങൾ ഈ വഴി വരുന്നുണ്ടെന്നും, ഇവരെ കടത്തിവിടരുതെന്നും ആരോ പറഞ്ഞേല്പിച്ച പോലെ ഒരു വലിയ പാമ്പു വഴിയിൽ വട്ടം കടക്കുന്നു. എന്നെ തുറിപ്പിച്ചൊരു നോട്ടം. ഇല്ല, ഞങ്ങൾ വഴി മാറി പൊയ്ക്കോളാം. പിറകിൽ വരുന്ന സന്തോഷിനോട്, കാര്യം പറഞ്ഞു. ചുറ്റും നോക്കുമ്പോൾ ശരിക്കുമുള്ള വഴിയൊന്നും കാണാനില്ല. മുകളിൽ നിന്നും പാഴ്വസ്തുക്കൾ താഴേക്ക് ഒഴുകി വരുന്ന, കല്ലുകൾ നിറഞ്ഞ ഒരു വഴി കണ്ടു. അതിലൂടെ അള്ളി പിടിച്ചു കയറി തുടങ്ങി. വീണ്ടും പ്രകൃതി നിയമം. തുള്ളിക്കൊരു കുടം മഴ. ഒരു വിധത്തിൽ അള്ളിപ്പിടിച്ചു മുകളിലെത്തി. സർവം നനഞ് കിടുകിടാ വിറക്കാൻ തുടങ്ങി. നനഞുകുളിച്തന്നെ അഡിഗയുടെ താമസസ്ഥലത്തെത്തി. പൊട്ടിയ ഓടുകളുടെയും, പ്ലാസ്റ്റിക് ഷീറ്റുകളെയും വെല്ലുവിളിച്ചു കൊണ്ട് വെള്ളം കുത്തിയൊലിച്ചു വീണ് അവിടമാകെ വെള്ളം കെട്ടി നിൽക്കുന്നു. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും കാണിച്ചീട്ടെ അവൾ അടങ്ങുകയൊള്ളു, സന്തോഷ് പറഞ്ഞു. അതെ എല്ലാം -ശാന്തവും രൗദ്രവും, സൗന്ദര്യവും – അനുഭവിച്ചു.

അഡിഗയുടെ അടുത്ത് നിന്ന് മസാലദോശയും ചായയും കഴിച്ചു. സമയം ഏകദേശം വൈകീട്ട് നാല് മണിയായി. മഴ തോർന്നീട്ടു മുകളിലേക്ക് കയറണമെന്നാണ് ആഗ്രഹം, ഇന്നിവിടെ കിടന്നീട്ടു നാളെ തിരിക്കാമെന്നാണ് പ്ലാൻ. വരുമ്പോൾ മിക്കവാറും തങ്ങാറുള്ളത് ഇ വീട്ടിൽ തന്നെയാണ്. തൊട്ടപ്പുറത്തുള്ള വീട്ടിൽ സ്ത്രീകള്ക്കും തങ്ങാൻ ഇടം കൊടുക്കും. ചെറിയ തുക കൊടുക്കണം. പക്ഷെ ഇപ്പോൾ മുകളിൽ സർക്കാർ വക സത്രം വന്നു. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ മലപ്പുറം ജില്ലയിലെ ഒരു ട്രാവൽ ഏജൻസി സംഘടിപ്പിച്ച ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഇരുപതോളം വരുന്ന ചെറുപ്പക്കാർ അവിടെയെത്തി. മൂന്നു ദിവസത്തെ പരിപാടി അവരുടേത്. കുടജാദ്രിയിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര് നടന്നാൽ ഒരു വെള്ളച്ചാട്ടമുണ്ട്. അവിടെ പോയി വന്നതാണവർ. നാളെ തിരിക്കും. ഇന്ത്യയുടെ പല ഭാഗത്തും ജോലി ചെയ്യന്നവർ, ഈ ട്രെക്കിങ്ങ് കമ്പനിയിൽ രജിസ്റ്റർ ചെയ്തു കുടജാദ്രി കയറാൻ വന്നതാണ്. അവർ കൊടുത്ത ഫീ കേട്ടപ്പോൾ കുറച്ചു അധികമെന്നു തോന്നിപ്പോയി.

മഴ നിലയ്ക്കുന്നില്ല. മുകളിയ്ക്കു കയറി സർവ്വജ്ഞപീഠം കയറാൻ മലയിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ നടക്കണം. അവിടന്ന് ചെങ്കുത്തായ ഇടുക്കിലൂടെ ഇറങ്ങിയാലാണ് ചിത്രമൂല. ഒരു പറയിടുക്കിലെ ചെറിയ ഗുഹയിൽ ശങ്കരാചാര്യർ തപ്സിരുന്നു എന്ന് കരുതപ്പെടുന്നു. ഗുഹയുടെ താഴെ നിന്ന് പിണച്ചുകെട്ടി ഉണ്ടാക്കിയ ചെറിയ ഏണിയിൽ കൂടി, ഏകദേശം പതിനഞ്ചടി ഉയരത്തിൽ കയറിയാണ്, ചിത്രമൂലയിലെ ഗുഹയിലെത്തുക. എട്ടു വര്ഷങ്ങള്ക്കു മുൻപ് വേറെ എട്ടു പേരുമായി അത് കയറിയ കഥ മറക്കാനാകില്ല.

ഓരോരുത്തരായി ക്ലേശിച്ചു മുകളിൽ കയറി. അവസാനം കയറിയ ആൾ ക്ഷീണത്താലും പേടിയാലും, ഏണിയിൽ ഏറെ നേരം നിന്ന്, കുറെ നേരം കഷ്ടപ്പെട്ടാണ് മുകളിലെത്തിയത്. അവസാനം ഞാൻ കയറാൻ തുടങ്ങി. താഴെ നിന്ന് മുകളിലോട്ടു നോക്കുമ്പോൾ, ഏണിയോടു ചേർന്ന് നിൽക്കുന്ന മരത്തിൽ ഒരു പാമ്പു ശാന്തമായി ഇരിക്കുന്നു. ഇത്തിരി കഴുത്തു നീട്ടിയാൽ കയറി പോകുന്ന ആളിനെ പാമ്പിന് തൊടാം. മുകളിലെത്തിയ എല്ലാവരും കയറി പോയത് ഈ പാമ്പിന്റെ അരികിലൂടെയായിരുന്നു. ഏണിയിൽ നിന്ന് കുറെ നേരം സർക്കസ് കളിച്ച അവസാനത്തെ ആൾ ഈ പാമ്പിന്റെ അരികിൽ ഏറെ നേരം ഇരുന്നിരുന്നു. പച്ചിലകൾക്കിടയിൽ ആയിരുന്നതിനാൽ എളുപ്പത്തിൽ പാമ്പിനെ കാണാനാകില്ലായിയുരുന്നു. മുകളിലുള്ളവരോട് ഞാൻ കാര്യം പറഞ്ഞു. അവർ പാമ്പിനെ കണ്ടു. വേറൊരു ഇടുക്കിലൂടെ അവർ പതിയെ താഴേക്കിറങ്ങി. അടുത്ത വര്ഷം വീണ്ടും അവിടെ കയറിയപ്പോൾ, അവിടെ കൂടിയിരുന്ന മറ്റുള്ളവരോട് ഞാൻ ഈ വിശേഷം പറഞ്ഞു. ‘അതിവിടെ സ്ഥിരം ഉള്ളതാണ്. ആർക്കും ഉപദ്രവം ചെയ്യാതെ അത് അങ്ങനെ ഇരുന്നോളും’ സ്ഥിരമായി വരുന്ന ഒരാൾ വളരെ കൂളായി പറഞ്ഞു.

മഴ നിലയ്ക്കുന്നില്ല. നനഞ്ഞു കുളിച്ചങ്ങനെ നിൽപ്പാണ്. മുകളിലേക്ക് കയറാനുള്ള മോഹം കളയാമെന്നായി. സാധാരണ വരുമ്പോൾ ചിത്രമൂലയും (അതിനപ്പുറവും നടന്നുപോകാം; ഒരിക്കൽ ഒരു സന്യാസി ചിത്രമൂലയുടെ ഗുഹയുടെയടുത്തുനിന്നും ഏകദേശം അറ കിലോമീറ്റര് മാറിയിരുന്നു ധ്യാനിക്കുന്നത് കണ്ടു!) കണ്ട്, തിരിച്ചു വരുന്ന വഴിയിൽ സൗപർണിക ആരംഭിക്കുന്ന ചോലയിൽ കുളിച്ചും, തിരികെ സ്വാമിയാരുടെ വീട്ടിൽ കടന്നു പിറ്റേന്നാണ് തിരിച്ചു നടക്കുക. രണ്ടു പ്രാവശ്യം മലയുടെ മുകളിൽ, ഉള്ള തുണിയൊക്കെ വിരിച്ചു ആകാശം നോക്കി കിടന്നു ഉറങ്ങി. ആ ഒരു അനുഭവം ഒന്ന് വേറെ തന്നെ.

തിരിച്ചിറങ്ങുമ്പോൾ തങ്കപ്പൻ ചേട്ടന്റെ ഹോട്ടൽ കഴിഞ്ഞു, കാട്ടിനുള്ളിലൂടെ പോയാൽ അർശനമുട്ട് വെള്ളച്ചാട്ടം കാണാം. വഴി മനസിലാക്കാനായി, ചെറിയ നടപ്പാത മിക്കവാറും ഇടങ്ങളിൽ കാണാം. നിയമപരമായി കർണാടക വനം വകുപ്പിന്റെ പാസ് എടുത്ത് വേണം പോകാൻ. പൈസ കൊടുത്താൽ തങ്കപ്പൻ ചേട്ടന്റെ കട വഴി (ഇപ്പോൾ വനം വകുപ്പ് ഓഫീസ് വഴിയും) ഗെയ്ഡുമാരെ കിട്ടും. പക്ഷെ ഇതൊന്നുമില്ലാതെ കൂടെയുള്ളവരുടെയൊക്കെ ധൈര്യത്തിൽ മൂന്നു വട്ടം അവിടെ പോയിട്ടുണ്ട് (2006 -2009) . കന്യകയായ വനത്തിലൂടെയാണ് യാത്ര. വന്യമൃഗങ്ങളും ഉണ്ടാകാം. നക്സലൈറ്റ്കാർ തങ്ങുന്ന വനഭാഗം കൂടിയാണത്. ആദ്യവട്ടം പോയപ്പോൾ വെള്ളച്ചാട്ടം കേട്ടതല്ലാതെ, കാണാൻ കഴിഞ്ഞില്ല. പക്ഷെ പിന്നീട് രണ്ടു പ്രാവശ്യവും വെള്ളച്ചാട്ടം ആസ്വദിക്കാനായി. അധികം ആരും വരാത്ത അർശനമുട്ട് വെള്ളച്ചാട്ടം ഏറ്റവും നിർമ്മലമായിതന്നെ അവിടെ നിൽക്കുന്നു. അർശനമുട്ടിൽ നിന്നും ഏകദേശം ആര് കിലോമീറ്റര് നടന്നു മെയിൻ റോഡിലെത്താം. അവിടെ നിന്നും ഏകദേശം നാല് കിലോമീറ്റര് അകലെയാണ് മൂകാംബിക അമ്പലം.

ഇത്തവണ ഇതൊന്നും നടക്കാൻ വഴിയില്ല.

ഇവിടെ താങ്ങുന്നത് കൊണ്ട് പ്രേത്യേകിച്ചു ഒരു സാധ്യതയുമില്ലെന്നു വ്യക്തമാക്കി സന്തോഷാണ്, കിട്ടുന്ന വണ്ടിക്ക് ഇന്ന് തന്നെ തിരിച്ചിറങ്ങാമെന്നു നിർബന്ധിച്ചത്. മൂകാംബികയിൽ നിന്നും കുടജാദ്രിക്കു വരുന്ന ജീപ്പുകളിൽ, ഏതന്കലിലും കയറിപ്പറ്റാമോയെന്നു നോക്കാം. തിരിച്ചു നടന്നിറങ്ങുന്നതു സാധ്യമല്ല, ഇരുട്ടായാൽ കാട്ടിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. മഴയത്തു ജീപ്പുകൾ ഒന്നും വരുന്നില്ല. വേനൽക്കാലത്തു ജീപ്പുകൾ നിറഞ്ഞു നില്കുന്ന സമയമാണ്. ഏകദേശം ഒരു മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ ഒരു മലയാളീ കുടുംബം വന്ന ജീപ്പിൽ, കുറച്ചു പണം കൊടുത്തു തിരികെ പോകാമെന്നായി. മഴയിൽ കുത്തിയൊലിച്ചു വലിയ ഗർത്തങ്ങൾ ഉള്ള, മൺറോഡിലൂടെയുള്ള യാത്ര അതി ദുഷ്കരം തന്നെ. ജീപ്പിലെ പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ ഒരു വശത്തുനിന്നും മറ്റേ വശത്തേക്ക് എടുത്തൊരു ഏറാണ്. ഇതിനും ഭേദം നടന്നു ഇറങ്ങുന്നത് തന്നെ എന്ന് തോന്നിപോകും.

ഇരുട്ട് വീഴുന്നതിനു മുൻപ് മൂകാംബികയിലെത്തി. അമ്പലം വക സത്രത്തിൽ മുറിയെടുത്തു. സന്തോഷിന്റെ ഒപ്പം അമ്പലത്തിൽ പോയി. തിരിച്ചിറങ്ങിയപ്പോൾ, ഈ യാത്രയിൽ ആദ്യമായി ഇട്ട പുതിയ ചെരുപ്പ് ആരോ അടിച്ചുകൊണ്ടു പോയി. പിന്നെ ചെരുപ്പില്ലാതെ നടന്നു. പിറ്റേന്നാണ് തിരിച്ചു പോകാനുള്ള ടിക്കറ്റ്. ഒരു ദിനം കൂടി കൈയിലുണ്ട്. മൂകാംബികയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരൻ പറ്റുന്ന സ്ഥലങ്ങളൊക്കെ തിരക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് ഫാൾസ്, അടുത്താണെങ്കിലും (ഏകദേശം 100 കിലോമീറ്റര്), രാവിലെ പോയി വൈകിട്ട് തിരിച്ചു വരവ് സാധ്യമല്ല. മാത്രവുമല്ല, അവിടേക്കു മടക്ക വഴിയുടെ എതിർ ദിശയിൽ പോകുകയും വേണം. പിന്നെയുള്ള മുരുഡേശ്വരത്തു ഞങ്ങൾ റെഡ് പേരും പോയിട്ടുണ്ട്. അപ്പോഴാണ് ഏറെക്കാലമായി പോകാൻ ആഗ്രഹിച്ചിരുന്ന ശൃംഗേരി ഒരു സാധ്യതയായി തെളിഞ്ഞു വന്നത്. ബസ് സ്റ്റാൻഡിൽ നിന്നും ബസ് സമയവും യാത്ര സമയവും സംബന്ധിച്ച്, ഏകദേശം ഒരു ധാരണയാക്കി. തിരിച്ചു സത്രത്തിലെത്തി നടപ്പിന്റെ ക്ഷീണത്തിൽ സുഖമായി ഉറങ്ങി.

രാവിലെ തന്നെ തയ്യാറായി ബസ് സ്റ്റാൻഡിലേക്ക് നടന്നു; വഴിക്ക് ഒരു കടയിൽ നിനിയും ഒരു ചെരുപ്പ് വാങ്ങി. മംഗലാപുരത്തേക്കുള്ള ബസിൽ കയറി ഉഡുപ്പിയിൽ നിന്ന് വേണം ശൃംഗേരിക്കുള്ള ബസ് കിട്ടാൻ. ഉഡുപ്പി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ഉച്ചയായി. അവിടെ കിടക്കുന്ന ഒരു ബസ് അങ്ങോട്ടാണെന്ന് അറിഞ്ഞു അതിൽ കയറി ഇരിപ്പായി. ഒരു ചെറിയ നാടൻ ബസ്. ബസ് ഇനി കുറെ കൂടി കഴിഞ്ഞേ പോകൂ. വേറെ വഴിക്കെങ്ങാനും മറ്റു ബസുകൾ ഉണ്ടോയെന്ന് അന്വേഷിച്ചു നോക്ക്കി. ഞങളുടെ ധൃതി മടക്കിവെച്ചു ബസിൽ തന്നെ ഇരുന്നു. അതെ ഇ ബസ് തന്നെയാണ് അടുത്തത്. സ്റ്റാൻഡിലെ കടയിൽ നിന്നും പഴവും ബിസ്ക്കറ്റും വാങ്ങി വിശപ്പടക്കി. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ഒരു ദീർഘദൂര ബസിന്റെ സ്പീഡ് എടുത്തു തുടങ്ങി. നഗരം വിട്ടു ചുരം കയറാൻ തുടങ്ങിയപ്പോൾ യാത്ര ശരിക്കും ആസ്വാദ്യമായി. ചിന്നം പിന്നം മഴ കൂടെ തന്നെയുണ്ട്. മാലംചെരിവിലൂടെ, കയറ്റം കയറി എത്തിയത് ഏറെ നാളായി പോകാൻ ആഗ്രഹിച്ച ആഗുംബെ ആയിരുന്നു. ഒരു ചെറിയ ബസ് സ്റ്റാൻഡ്, നാലഞ്ചു കടകൾ, രണ്ടു ഹോട്ടലുകൾ. ഇന്ത്യയിലെ ഏക രാജവെമ്പാല ഗവേഷണ കേന്ദ്രം ഇവിടെയാണ്. കുറച്ചു സമയം വിശ്രമത്തിനുശേഷം, ബസ് പുറപ്പെട്ടു. ഏകദേശം മൂന്നു മണിയോടെ ശൃംഗേരി എത്തി.

ഒരു ചെറിയ തീർത്ഥടന കേന്ദ്രം. ആദ്യം തന്നെ അടുത്ത് കണ്ട ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. അതിനുശേഷം തിരിച്ചു പോകാനുള്ള വണ്ടികളുടെ യാത്ര സമയം അന്വേഷിച്ചു. രണ്ടു പേർക്കും പിറ്റേന്ന് തിരിച്ചെത്താനുള്ളതാണ്. അതിനുള്ള സാധ്യത ഉറപ്പിക്കാനായി രണ്ടിടത്തും നിന്നും ടിക്കറ്റുകൾ എടുത്തിരുന്നു. മംഗലാപുരത്തു നിന്ന് രാത്രി പുറപ്പെടുന്ന വെസ്റ്റ് കോസ്റ്റ എക്സ്പ്രെസ്സിനും (ഷൊർണൂരിൽ നിന്നും കൊച്ചിൻ പാസെന്ജറിൽ മാറികയറി എറണാകുളം എത്താം), ഇനി വൈകിയാൽ പോകാനായി അർധരാത്രി കുന്ദാപുരയിൽ എത്തുന്ന മംഗള എക്സ്പ്രെസ്സിനും.

ശൃംഗേരിയിൽ നിന്നും രാത്രി അഞ്ചിനാണ് മംഗലാപുരത്തേക്കുള്ള അവസാന ബസ്. ഏകദേശം അഞ്ചു മണിക്കൂർ യാത്ര സമയമെടുക്കും. മഴയുള്ള സമയമായതിനാൽ വൈകാനും ഇടയുണ്ട്. അതിനു പോകാനുള്ള സാധ്യതയെകുറിച്ചു ചർച്ച ചെയ്തു കൊണ്ടിരുന്നപ്പോൾ, സമയത്തെകുറിച്ചുള്ള എന്റെ ധാരണ സന്തോഷിനെ ഏകദേശം മനസിലായി. അതായതു പത്തു മിനിറ്റ കയ്യിലുണ്ടെകിൽ പതിനഞ്ചു കാര്യങ്ങൾ ആസൂത്രണം ചെയ്യും, എന്നേറ്റു ടെന്ഷനടിക്കും. അതിനാൽ അവൻ തന്നെ തീരുമാനമെടുത്തു, നമ്മൾ ഉഡുപ്പിയിൽ നിന്നും ട്രെയിൻ കയറും (കുന്താപുരം കഴിഞ്ഞുള്ള അടുത്ത സ്റ്റേഷൻ ആണ് ഉഡുപ്പി). രാത്രി ഏഴിന് ആഗുംബെകക്കു ബസുണ്ട്, അവിടെന്നു ഉഡുപ്പി ബസ് കിട്ടും.

ഞങ്ങൾ നേരെ അമ്പലം കാണാനിറങ്ങി. തുങ്ക നദിക്കരയിൽ ശങ്കരാചാര്യർ സ്ഥാപിച്ച ആശ്രമം, ശില്പ ഭംഗികളാൽ സമൃദ്ധമാണ്. ഒരു പുതിയ പ്രേവേശന ഗോപുരം പണി തീരാറായി നിൽക്കുന്നു. മഴ പെയ്തു കൊണ്ടേയിരിക്കുന്നു. തുങ്ക നദി കലങ്ങി മറിഞ്ഞു ഒഴുകുകയാണ്. വേനൽക്കാലത്തു നദിയിൽ ഇറങ്ങാം, കുളിക്കാം. അത് ഒരു അനുഭവമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു കേട്ടീട്ടുണ്ട്. പുഴ കുറുകെയുള്ള നടപാലം പൂട്ടി ഇട്ടിരിക്കയാണ്. അഞ്ചു മണിക്ക് ശേഷമേ തുറക്കൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. അപ്പുറത്താണ് ആശ്രമം. അവിടെയാണ് ഇപ്പോഴത്തെ ശങ്കരാചാര്യർ വസിക്കുന്നത്. അഞ്ചുമണി വരെ ഞങ്ങൾ അമ്പലം കണ്ടു നടന്നു.

അഞ്ചു മണിക്ക് പാലം കടന്നു ശങ്കരാചാര്യരുടെ താമസസ്ഥക്കാലത്തേക്കു നടന്നു. അവിടെയും കുറെ കെട്ടിടടങ്ങളും, ഓഫീസുകളും ഉണ്ട്. അതെല്ലാം കണ്ടു നടന്നു, അവസാനത്തെ കെട്ടിടത്തിലെത്തിയപ്പോഴാണ്, ശങ്കരാചാര്യർ ദര്ശനം നല്കാൻ സമയമായി എന്നറിഞ്ഞത്. ഞങ്ങളും ക്യൂവിൽ നിന്നു. മുന്നൊരുക്കമില്ലാത്തതിനാൽ, മറ്റുള്ളവരെപ്പോലെ പഴങ്ങൾ നിറച്ച താലവും, പണവും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ശങ്കരാചാര്യരെയും, അദ്ദേഹത്തിന്റെ ശിഷ്യനെയും കണ്ടു. കാലടിയിൽ നിന്നുമാണെന്നു പറഞ്ഞപ്പോൾ, ഒന്ന് മന്ദഹസിച്ചു.

ഇറങ്ങിയപ്പോഴേക്കും മഴ ശമിച്ചിരുന്നു. നേരെ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. അവിടെനിന്നും നേരിട്ട് ആഗുംബെകക്കു ബസില്ല. എന്നാൽ ഒന്നിൽ കയറി ഒരിടത്തിറങ്ങി, അവിടന്ന് മറിക്കയറി എത്താം. ഞങ്ങൾ ബസിൽ കയറി. കുറച്ചു കഴിഞ്ഞു ഒരു ചെറിയ ടൗണിലെത്തി. ടൗണെന്നു പറയാനാകില്ല, നമ്മുടെ ഗ്രാമസങ്കൽപ്പത്തിലുള്ള ഉൾനാടൻ ഗ്രാമം. കുറച്ചു കടകളും ഒന്നുരണ്ടു ഹോട്ടലുകളും. കഴിക്കാനായി ഇത്തിരി നാടൻ പലഹാരങ്ങൾ വാങ്ങി.

കുറച്ചു കഴിഞ്ഞു ആഗുംബെക്കുള്ള ബസെത്തി. ആഗുംബെയിൽ കൂടി രാത്രീ കടന്നു പോകുന്ന ബസുകളിലെ യാത്രികരെ കാത്തു തുറന്നു വെച്ചീട്ടുള്ള ഹോട്ടലിൽ നിന്നും അത്താഴം കഴിച്ചു. ഒൻപതരയോടെ ഉടുപ്പിക്കുള്ള ബസ് വന്നു. ഭാഗ്യത്തിന് സീറ്റ് കിട്ടി. ഉടുപ്പിയെത്തി, നടന്നു സ്റ്റേഷനിൽ വന്നു. തീവണ്ടി വൈകാതെ വന്നു. ബെർത്തിൽ കയറി കിടന്നു സുഖമായി ഉറങ്ങി. ഉച്ചയോടെ ആലുവയെത്തി. ഇരുപതു വർഷങ്ങൾ കഴിഞ്ഞു കണ്ടുമുട്ടിയ സുഹൃത്തിനോടൊപ്പം മറക്കാനവാത്ത ഒരു യാത്രയും കഴിഞ്ഞു, വേർപിരിഞ്ഞു.

(യാത്ര പോയത് 2016 ഓഗസ്റ്റ് ആദ്യവാരമായിരുന്നു. ജീവിതം ഫേസ്ബുക്കിലേക്കെത്താൻ ഒരു വർഷമെടുത്തു. പടം പിടിക്കാൻ കമ്പമില്ലാത്തതിനാൽ, വേറെ ആൾക്കാരെ കാണിക്കാൻ നല്ല പടങ്ങളില്ല, ഉള്ളതൊക്കെയും മനസ്സിൽ മാത്രം)

വരികള്‍ : @PV Baiju.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply