ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സുകള്‍ വൃത്തിയാക്കി എടത്വ ഡിപ്പോയിലെ ജീവനക്കാര്‍

ഹര്‍ത്താല്‍ ദിനമായ ഇന്ന് (30-07-2018) വേറിട്ടൊരു പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോ.  സാധാരണ ഹര്‍ത്താല്‍ എന്നു കേട്ടാല്‍ ഉടനെ വീട്ടിലേക്കോടി ഒന്നുകില്‍ കിടന്നുറങ്ങും… അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് ആഘോഷിക്കും… പക്ഷേ എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഷെഫീക്കിനും മെക്കാനിക്ക് വിഷ്ണുവിനും ഒക്കെ ഇന്നത്തെ ഹര്‍ത്താല്‍ ദിനത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകാന്‍ സാധിച്ചു.

സാധാരണ ഹര്‍ത്താല്‍ ദിനങ്ങളിലും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്താറുണ്ട്. പക്ഷേ ഇത്തവണ പോലീസിന്‍റെ സുരക്ഷാ നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു.  ഈ ഉത്തരവ് കൂടി അറിഞ്ഞതോടെ ഇന്നത്തെ ഒരു ദിവസം എന്തെങ്കിലും നല്ലൊരു കാര്യം ചെയ്യണമെന്നായി എടത്വാ ഡിപ്പോയിലെ ജീവനക്കാര്‍ക്ക്.

ഉടന്‍ തന്നെ ഐഡിയയുമായി വിഷ്ണുവും ഷെഫീക്കും രംഗത്തിറങ്ങി. എടത്വ ഡിപ്പോയില്‍ വിശ്രമിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകളും ഡിപ്പോ പരിസരവും ഒന്നിച്ചു വൃത്തിയാക്കുക… പിന്നെ ഒന്നും ആലോചിച്ചില്ല. എല്ലാവരും കൂടി ഇന്നത്തെ ദിവസം കര്‍മ്മനിരതരായി…

ഇതില്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരനായ വിഷ്ണുവിന്‍റെ അകമഴിഞ്ഞ സഹായം വളരെ പ്രശംസനീയമായിരുന്നു.

കെഎസ്ആര്‍ടിസി എന്ന സ്വന്തം സ്ഥാപനത്തെ അളവറ്റു സ്നേഹിക്കുന്ന വിഷ്ണു മണിക്കൂറുകള്‍ ഇതിനായി പരിശ്രമിച്ചു. മറ്റു ജീവനക്കാരും വിഷ്ണുവിനെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു. മണ്മറഞ്ഞുപോയ നമ്മുടെ മുന്‍ രാഷ്ട്രപതി ശ്രീ. APJ അബ്ദുല്‍ കലാമിന്‍റെ വാക്കുകളാണ് ഇങ്ങനെയൊക്കെ ചെയ്യുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ജീവനക്കാര്‍ ഒന്നടങ്കം പറഞ്ഞു. എല്ലാവരും തങ്ങളുടെ പ്രവര്‍ത്തിയെ മാതൃകയാക്കിയാല്‍ സന്തോഷമേയുള്ളൂ എന്നും അവര്‍ പുഞ്ചിരിയോടെ അറിയിക്കുകയും ചെയ്തു.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply