കെ.എസ്.ആര്.ടി.സി തമ്പാനൂര്‍ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ മൂന്നുമാസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി വാങ്ങിയ നാലുലക്ഷം രൂപയുടെ ഫോര്‍ക്ക് ലിഫ്റ്റ് ഉപേക്ഷിച്ചനിലയില്‍. കമ്മീഷന് ലക്ഷ്യമിട്ട് മാത്രം വാങ്ങിയ ഉപകരണം ബസ് ഉയര്‍ത്താന്‍ കൊള്ളില്ലെന്ന് കണ്ടതോടെ ജീവനക്കാര്‍ ഉപേക്ഷിച്ചു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും പണമില്ലാതെ വലയുമ്പോഴാണ് ഈ ധൂര്‍ത്ത്.

ഇതാണ് മൂന്നുലക്ഷത്തി എണ്‍പതിനായിരം രൂപ വിലയുള്ള ഫോര്‍ക്ക് ലിഫ്റ്റ്. മൂന്നുമാസമായി തമ്പാനൂര്‍ വര്‍ക്ഷോപ്പിന്റ പല ഭാഗങ്ങളായി ചിതറിക്കിടക്കുന്നു. ബസുകള്‍ കിടക്കുന്നയിടത്ത് തന്നെ ഉയര്‍ത്തിനിര്‍ത്തി അറ്റകുറ്റപ്പണി നടത്താന്‍ വാങ്ങിയതായിരുന്നു ഇത്.എന്നാല്‍ ആകെ ഉയര്‍ത്താന്‍ ശ്രമിച്ചത് ഒരു ബസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേ ജീവനക്കാര്‍ ലിഫ്റ്റ് ഉപേക്ഷിച്ചു. ടയറുകളില്‍ ലിഫ്റ്റ് ഘടിപ്പിച്ച് ബസ് ഉയര്‍ത്തുക എളുപ്പമല്ലെന്ന് മാത്രമല്ല, അടിയില്‍ നിന്ന് അറ്റകുറ്റപ്പണി നടത്തുന്നത് സുരക്ഷിതമല്ലെന്നും ജീവനക്കാര്‍ പറയുന്നു. ലിഫ്റ്റ് ഉപയോഗിച്ച് ബസ് ഉയര്‍ത്താനാകില്ലെന്ന് ഡിപ്പോഎന്ജിനീയര് മേലുദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്.
എതെങ്കിലും പഠനത്തിന്റ അടിസ്ഥാനത്തിലല്ല, ലിഫ്റ്റ് വാങ്ങിയത്. അതുകൊണ്ടുതന്നെ ഇടപാടിന് പിന്നില്‍ കമ്മീഷന് പറ്റുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം.അതേസമയം ചില അനുബന്ധ ഉപകരണങ്ങള്‍ കമ്പനിക്കാര് എത്തിക്കാത്തതുകൊണ്ടാണ് ലിഫ്റ്റ് പ്രവര്ത്തിക്കാത്തതതെന്നായിരുന്നു മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ വിശദീകരണം. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാനേജ്മെന്റ് സഹകരണബാങ്കുകളുടെ മുന്നില്‍ കൈനീട്ടുമ്പോഴാണ് മറുവശത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ആര്‍ക്കും പ്രയോജനപ്പെടാത്ത ഉപകരണങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നത്.
Source – http://www.manoramanews.com/news/kerala/2018/01/04/ksrtc-lavishnes-continues.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog