6000 ബസുകൾ. അതിൽ ഓടുന്നത് 5500. ജീവനക്കാർ 45000. ഇതിൽ 16000 ഡ്രൈവർമാർ, അത്ര തന്നെ കണ്ടക്ടർമാർ. മെക്കാനിക്കുകൾ 8000. രണ്ടായിരത്തോളം ഓഫിസ് സ്റ്റാഫ്. എന്തിന് ഇത്രയും ജീവനക്കാർ? പടിയിറങ്ങുന്നതുവരെ ഉത്തരം കിട്ടിയില്ലെന്ന് രാജമാണിക്യം
അന്തംവിട്ട കണക്ക് : ഒരു വർഷം മുൻപു കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം നാലരക്കോടി (ഇപ്പോൾ ആറ്). പ്രതിദിന ചെലവ് 11.5 കോടി.
വണ്ടി പഞ്ചറാക്കുന്നവർ : 10 വർഷം സർവീസ് ഉണ്ടെങ്കിൽ പെൻഷൻ കിട്ടും. ഇത് ഗുണമാക്കി അവധിയെടുത്ത് ചിലർ ഗൾഫിൽ പോകും. ചിലർ സ്വകാര്യ ബസ് ഓടിക്കും. ചിലർ വേറെ വാഹനങ്ങളിൽ ഡ്രൈവർമാരായി ജോലി ചെയ്യും. ഇത്തരക്കാരുടെ പട്ടിക തയാറാക്കിയപ്പോൾ 4000 പേരുണ്ട്. പിരിച്ചുവിടാൻ നോട്ടിസ് നൽകി. 2000 പേരെ പിരിച്ചുവിട്ടു.
വലിയ അപകടമുണ്ടായാൽ ഡ്രൈവറെ സസ്പെൻഡ് ചെയ്യും. പിന്നെ വാഹനം ഓടിക്കാനാകില്ല. പകരം അദർ ഡ്യൂട്ടി കിട്ടും. പലർക്കും ഇതാണ് ഇഷ്ടം. അദർ ഡ്യൂട്ടി നിർത്തിയതോടെ കള്ള ഇടികൾ കുറഞ്ഞെന്ന് രാജമാണിക്യം. ജീവനക്കാർക്കെതിരെ പരാതി വന്നാൽ പലപ്പോഴും സസ്പെൻഷൻ വരും. സസ്പെൻഷൻ കാലയളവിൽ പ്രൈവറ്റ് ബസുകളിൽ ജോലിക്കു പോകുന്നവരുണ്ട്. ചിലർ ആ കാലയളവിൽ സ്വന്തം ബസ് നടത്തുന്നു. സസ്പെൻഷനു പകരം സ്ഥലം മാറ്റമാക്കിയതോടെ കുറെയാളുകൾ ‘നല്ലവരായി’.
റോഡിലെ ഒത്തുകളി : രാജമാണിക്യം ഒരിക്കൽ ആരുമറിയാതെ കെഎസ്ആർടിസി ബസിൽ കയറി. തിരുവനന്തപുരത്തെ പാലോട് എന്ന സ്ഥലത്തേക്കു ടിക്കറ്റെടുത്തു. സ്ഥലമറിയില്ലെന്നു കയറിയപ്പോഴേ കണ്ടക്ടറോടു പറഞ്ഞിരുന്നു.ഏതോ സ്ഥലത്തെത്തിയപ്പോൾ, ഇതാണു പാലോടെന്നു പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു. കക്ഷി അറിഞ്ഞിരുന്നില്ല, അതു രാജമാണിക്യം ആണെന്ന് !
റോഡിലിറങ്ങി നിൽക്കുമ്പോൾ അതാ മറ്റൊരു കെഎസ്ആർടിസി ബസ് വരുന്നു. കൈകാട്ടിയെങ്കിലും നിർത്തിയില്ല. അതേ സ്റ്റോപ്പിൽ ഒരു സ്ത്രീയും കുട്ടിയും ബസ് കാത്തു നിൽപുണ്ടായിരുന്നു.പിന്നാലെ വന്ന ജീപ്പ് നിർത്തി. സമാന്തര സർവീസ് നടത്തുന്ന ജീപ്പായിരുന്നു അത്. പിന്നാലെ ജീപ്പ് വരുന്നതുകൊണ്ടാണ് കെഎസ്ആർടിസി ബസ് നിർത്താത്തതെന്ന് അന്നേരം മനസിലായെന്ന് രാജമാണിക്യം.റോഡിലെ ഒത്തുകളി ബോധ്യപ്പെട്ടത് അന്നായിരുന്നു.
നിരീക്ഷണം : ജീവനക്കാരിലും യൂണിയൻ നേതാക്കന്മാരിലും ഏറെയും ആത്മാർഥതയുള്ളവരാണ്. ചെറിയ ശതമാനം മാത്രമാണ് ധാർഷ്ട്യം കാട്ടി കെഎസ്ആർടിസിയെ നശിപ്പിക്കുന്നത്. ഭൂരിഭാഗം ജീവനക്കാരെയും കുറിച്ച് എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂ.
(‘മെക്കാനിക്കൽ എൻജിനിയർ’ കൂടിയായ രാജമാണിക്യത്തെ ചുമതലയേറ്റ് ഒരു വർഷവും അഞ്ചു ദിവസവും തികഞ്ഞപ്പോഴാണു മാറ്റിയത്.)
കള്ളവണ്ടി കയറി; എന്നെ കണ്ടക്ടർ പൊക്കി : തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. ഒൻപതിലെത്തിയതോടെ കുടുങ്ങി. സൈക്കിൾ വാങ്ങിക്കൊടുക്കാൻ രാജമാണിക്യത്തിന്റെ രക്ഷിതാക്കൾക്ക് കാശില്ലായിരുന്നു. അതിനാൽ പഴയ പാസ് വച്ച് രാജമാണിക്യം ‘കള്ളവണ്ടി’ കയറുന്നത് പതിവാക്കി. ഒരിക്കൽ കണ്ടക്ടർ പിടിച്ചു. വഴിയിലിറക്കിവിട്ടു. പിന്നെ കള്ളം കാണിച്ചിട്ടില്ല. മധുര മീനാക്ഷിക്ഷേത്രത്തിലെ അക്കൗണ്ടന്റായിരുന്നു അച്ഛൻ ഗുരുസ്വാമി. ഗുരുസ്വാമിയുടെയും പഞ്ചവർണത്തിന്റെയും മൂന്നു മക്കളിൽ മൂന്നാമനാണ് എം.ജി. രാജമാണിക്യം.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഉന്നത വിജയം നേടിയ ശേഷം സ്വർണ മെഡലോടെ എൻജിനീയറിങ് ആൻഡ് ഡിസൈനിങ്ങിൽ എംടെക് നേടി. 2008ൽ 80–ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. കണ്ണൂർ, എറണാകുളം ജില്ലകളിൽ കലക്ടറായിരുന്നു. 2016 ഒക്ടോബർ ആറിനാണു കെഎസ്ആർടിസിയിൽ സിഎംഡിയായി ചുമതലയേറ്റത്. കേരള പൊലീസിൽ വനിതാ ബറ്റാലിയൻ കമൻഡാന്റ് ആർ. നിഷാന്തിനിയാണു ഭാര്യ. വെൺപ, നിതിലൻ എന്നിവർ മക്കൾ.
ടയർ മാറ്റിയിട്ട ആ സംഭവം..
കെഎസ്ആർടിസിയുടെ മാനേജിങ്ഡയറക്ടറായ ശേഷം തിരുവനന്തപുരം ആനയറ ഡിപ്പോയിൽ പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണു വഴിയിലൊരു ബസ് പഞ്ചറായി കിടക്കുന്നതു കണ്ടത്. രണ്ടു മണിക്കൂറായിട്ടും മെക്കാനിക് എത്തിയില്ല. സ്പാനറെടുക്കാൻ പറഞ്ഞ് രാജമാണിക്യം മുന്നിട്ടിറങ്ങിയപ്പോൾ ജീവനക്കാർ ചുറ്റും കൂടി, 15 മിനിട്ടിനകം ടയർ മാറ്റിയിട്ട് വണ്ടി ഓടിച്ചു.ജീവനക്കാർ ഇത്തരം നടപടി ആഗ്രഹിക്കുന്നുവെന്ന് അതോടെ രാജമാണിക്യത്തിനു മനസിലായി. ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ, കോഴിക്കോട് ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ഡ്രൈവറായത് മറക്കാനാകില്ല.ഇങ്ങനെയായിരിക്കണം ജീവനക്കാർ. ഇങ്ങനെയായായാൽ ആനവണ്ടികൾ പറക്കും വണ്ടികളാകും – രാജമാണിക്യം പറയുന്നു.
Source – http://localnews.manoramaonline.com/idukki/features/2017/10/14/idukki-memories.html