ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ.എസ്.ആര്.ടി.സി.നെട്ടോട്ടമോടുകയാണ്. എന്നാല്‍ ചില ജീവനക്കാര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. തങ്ങളുടെ ദുരവസ്ഥക്ക് കാരണമായ ആ പഴയ കാലഘട്ടത്തിലാണ് അവരിന്നും. അഹങ്കാരത്തിന് കയ്യും കാലും വെച്ച് യൂണിഫോം ഇട്ടു നില്ക്കുന്ന ഇത്തരക്കര്‍ക്കെതിരെ കര്‍ശന നടപടിഎടുക്കുവാന് അധികൃതര്‍ തയ്യാറാകണം. ഇവരെ ഒറ്റപ്പെടുത്തുവാന്‍ യൂണിയനുകള്‍ മടിക്കരുത്.
പത്തനാപുരം സ്വദേശി തന്റെ ഫേസ്ബുക്കില്‍ ഇന്നു കുറിച്ചത് ഇങ്ങനെ:-
“ഇന്ന് എനിക്ക് ഉണ്ടായ ഒരനുഭവം പങ്ക് വെയക്കട്ടെ. ഇന്ന് പത്തനാപുരം സ്റ്റാന്റിലെ ഒരു KSRTC ബസ്സിൽ ഞാൻ കയറുകയുണ്ടായി. ആദ്യമേ ഒരു കാര്യം സൂചിപ്പിക്കട്ടെ. സ്ഥലമോ റൂട്ടോ വെളിപ്പെടുത്തുന്നില്ല വേറെയൊന്നും കൊണ്ടല്ല ഞാനായിട്ട് ഒരാളുടെ ജോലി നഷ്ടമാകരുത്.ജീവനക്കാർ സ്വയം തിരുത്തലിന് ഇനിയും തയാറായില്ലെങ്കിൽ നിങ്ങളുടെ വരുമാനം പ്രതീക്ഷിച്ച് ഇരിക്കുന്ന ഒരു കുടുംബമുണ്ട്. അവരുടെ കണ്ണുനീർ നിങ്ങൾ തന്നെ കാണേണ്ടി വരും.

ഞാൻ കാര്യത്തിലേക്ക് കടക്കാം. ഞാൻ സാധാരണ ബൈക്കിലാണ് ജോലിക്ക് പോകുന്നത്. ഇന്ന് എന്റെ കൈയിൽ ചൂട് വെള്ളം വീണത് കൊണ്ട് ബൈക്ക് യാത്ര ബുദ്ധിമുട്ടായതിനാൽ ബസിൽ പോകാൻ തീരുമാനിച്ചു. ബസിൽ കയറിയപ്പോൾ രണ്ടോ മൂന്നോ പേരെ യാത്രക്കാരായുള്ളു. ബസിന്റെ പിറകിൽ നിർത്താതെയുള്ള ഹോണടി കേട്ട് പിറകിലേ ഗ്ലാസിലൂടെ നോക്കിയപ്പോൾ ഒരു സ്ത്രീ നിർത്താൻ കൈ പൊക്കി കാണിക്കുന്നു. ഞാൻ ഡ്രൈവറോട് വിവരം പറഞ്ഞപ്പോൾ അയാൾ തന്ന മറുപടി വിചിത്രമായി തോന്നി ” 15 മിനിറ്റ് വണ്ടി കിടന്നപ്പോൾ ആർക്കും കയറണ്ടായിരുന്നു. ഇനി അടുത്ത ജംഗ്ഷനിലെ സ്റ്റോപ്പുള്ളു അവിടെ നിർത്തുമ്പോൾ കയറട്ടെ . ഇടയ്ക്ക് നിർത്തിയാൽ ഡീസൽ ഒരുപാട് ചിലവാകും” എന്ന് പരിഹാസരൂപത്തിൽ പറഞ്ഞു.
അവർക്ക് ഈ വണ്ടിയിൽ യാത്ര ചെയ്യാൻ വേണ്ടി ഒരു ഓട്ടോ വിളിച്ചു വരേണ്ടി വന്നു. യാത്രക്കാരായ ഞങ്ങൾ KSRTC യുടെ ദുരവസ്ഥയെ കുറിച്ച് പരസ്പരം സംസാരിച്ചു.ഓട്ടോ ഓവർ ടേക്ക് ചെയ്ത് നിർത്തി അവർ ബസിൽ കയറി ഒരു ഫാമിലി ആയിരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രൈവര്‍ ഫോൺ ചെയ്ത് കൊണ്ട് യാത്രക്കാരുടെ ജീവന് ഒരു വിലയും കൽപിക്കാതെ അലസമായി വാഹനം ഓടിക്കുന്നത് കണ്ടപ്പോൾ ഞാനത് ഫോണിൽ പകർത്തി. ഇത് വേണമെങ്കിൽ facebook live ആയോ വീഡിയോ ആയോ എടുത്തിരുന്നെങ്കിൽ ഡ്രൈവറെയും റൂട്ടും ബസ്സും എല്ലാവരും തിരിച്ചറിഞ്ഞെനെ. ഞാൻ ആദ്യമേ പറഞ്ഞു. അയാളുടെ കുടുംബത്തിന്റെ മുഖം എനിക്ക് ഓർമ്മയിൽ വന്നു.അത് കൊണ്ട് നിങ്ങളാരാണന്നോ ബസ് ഏതാണെന്നോെ വെളിപ്പെടുത്താൻ ആഗ്രഹമില്ല.

സുഹൃത്തെ താങ്കളുടെ ചെവിയിൽ തീർച്ചയായും ഈ വാർത്തയെത്തും. താങ്കളെ പോലെ കുറച്ച് ജീവനക്കാർ കാരണം പൊതു ജനങ്ങൾക്ക് മുൻപിൽ രാപകലില്ലാതെ ആത്മാർത്ഥതയോടെ KSRTC യിൽ ജോലി ചെയ്യുന്ന ഒരു പാട് പേരെ എനിക്കറിയാം അവരെ കൂടി നാണം കെടുത്തരുത്. പൊതുജനസേവനത്തിനാണ് KSRTC .ഇത് എന്നും നിലനിൽക്കണമെന്ന ആഗ്രഹമുള്ളത്കൊണ്ടാണ് ചിത്രം സഹിതം പോസ്റ്റിടുന്നത്. ഇനിയെങ്കിലും നിങ്ങൾ ആത്മപരിശോധനയ്ക്ക് തയാറാകണം.
അതെ …ഇനിയെങ്കിലും തോളിലെ മാറാപ്പ് എടുത്തുമാറ്റി അന്തസ്സോടെ ജോലിചെയ്തു ശമ്പളം വാങ്ങിക്കൂ ..എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ആരാലും നന്നാക്കാന്‍ പറ്റാത്തതും ആര്‍ക്കും നശിപ്പിക്കുവാന്‍ പറ്റാത്തതുമാണെന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് നിന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് കാണില്ല…..ജനങ്ങള്‍ പ്രതികരിക്കും…”
കടപ്പാട് – പത്തനംതിട്ട മീഡിയ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog