കടക്കെണിയിൽ നിന്നും കരകയറുവാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. അതിൻ്റെ ഭാഗമായിട്ടായിരിക്കണം എംപാനൽ കണ്ടക്ടർമാർ മുഴുവനും പിരിച്ചുവിട്ട നടപടിയും. എന്നാൽ ഇതോടെ കെഎസ്ആർടിസിയിൽ പുതിയ പ്രശ്നം ഉടലെടുത്തു. കണ്ടക്ടർ ക്ഷാമം. മിക്ക ഡിപ്പോകളിലും കണ്ടക്ടർമാരുടെ അഭാവം നല്ല രീതിയിൽത്തന്നെ അറിഞ്ഞു തുടങ്ങി.
ഇതിന്റെ ഫലം അനുഭവിക്കുന്നതാകട്ടെ പാവം യാത്രക്കാരും. പ്രധാനപ്പെട്ട സർവീസുകളെല്ലാം മുടക്കം കൂടാതെ നടന്നു പോകുന്നുണ്ടെങ്കിലും ചില ഗ്രാമീണ സർവീസുകളാണ് ജീവനക്കാരില്ലെന്ന കാരണത്താൽ ഓടാതെ കിടക്കുന്നത്. ഇതിനെതിരെ ധാരാളം പരാതികൾ യാത്രക്കാരുടെയും നാട്ടുകാരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും നിസ്സഹായ അവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് കൈമലർത്തുകയാണ് കെഎസ്ആർടിസി.
എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പൂവാർ ഡിപ്പോയിൽ നടന്ന ഒരു സംഭവം എല്ലാ കെഎസ്ആർടിസി ജീവനക്കാരും മാതൃകയാക്കേണ്ട ഒന്നായിരുന്നു. സംഭവം ഇങ്ങനെ. പൂവാറിൽ നിന്നും രാവിലെ 7.10 നു ആരംഭിക്കേണ്ട പൊഴിയൂർ- പെരുമാതുറ സർവ്വീസ് കണ്ടക്ടർ ഇല്ലായെന്ന കാരണത്താൽ പോകുവാൻ പറ്റാത്ത അവസ്ഥയിലായി.
ബസ് ക്യാൻസൽ ചെയ്യാം എന്ന തീരുമാനത്തോട് അടുത്തപ്പോഴാണ് രക്ഷകനായി പൂവാർ ഡിപ്പോയിലെ ATO മുഹമ്മദ് ഷബീർ രംഗത്തെത്തിയത്. കണ്ടക്ടർ ഇല്ലെങ്കിൽ വേണ്ട കണ്ടക്ടറായി ഞാൻ വരാമെന്നു പറഞ്ഞ ATO ഡ്രൈവറോട് ബസ് എടുത്തോളാനും സംഭവം താൻ മാനേജ് ചെയ്തോളാമെന്നും അറിയിച്ചു. ഉടൻതന്നെ ബാഗും ടിക്കറ്റ് മെഷീനുമെടുത്ത് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തുകയും അടുത്ത ട്രിപ്പുകൾക്ക് മുൻപ് ടിക്കറ്റ് മെഷീനും ബാഗും ആ കണ്ടക്ടർക്ക് കൈമാറുകയുമായിരുന്നു. അങ്ങനെ ജീവനക്കാരില്ല എന്ന കാരണത്താൽ മുടങ്ങിപ്പോകുമായിരുന്ന പൊഴിയൂർ – പെരുമാതുറ സർവ്വീസ് ATO യുടെ മാതൃകാപരമായ പ്രവൃത്തി മൂലം മുടക്കമില്ലാതെ ഓടി.
തിരുവനന്തപുരം സോണിൽ വരുമാന വർദ്ധനവിൽ മിക്ക ദിവസങ്ങളിലും ഒന്നാം സ്ഥാനം പൂവാർ ഡിപ്പോയ്ക്ക് നേടി കൊടുക്കുന്നത് ATO മുഹമ്മദ് ഷബീറിൻ്റെ മികവുറ്റ പ്രവർത്തന ഫലമാണ്. ഇതുപോലുള്ള ഉഗ്യോഗസ്ഥരാണ് ഈ സമയത്ത് കെഎസ്ആർടിസിയ്ക്ക് മുതൽക്കൂട്ടാകുന്നത്.
കടപ്പാട് – Azeem Poovar.