കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. വയനാട്ടിലെ കല്പ്പറ്റയ്ക്ക് അടുത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും മൈസൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ RP 656 നമ്പര്‍ സ്കാനിയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെത്തുടര്‍ന്ന് സ്കാനിയ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ്സ് പൊട്ടി. ആര്‍ക്കും പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേര്‍ക്കുനേരെയുണ്ടായ കൂട്ടിയിടിയെത്തുടര്‍ന്ന് ടോറസ് ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മറ്റൊരു സ്കാനിയ ബസ്സിനു നേര്‍ക്ക് അജ്ഞാതര്‍ കല്ലെരിഞ്ഞതിനെത്തുടര്ന്ന് ആ ബസ്സിന്റെ ചില്ലും ഉടയുകയുണ്ടായി. ഇന്ന് നടന്ന അപകടത്തില്‍ തെറ്റ് ആരുടെ ഭാഗത്താണെന്ന് വ്യക്തമായിട്ടില്ല. വയനാട്ടിലുള്ള കെഎസ്ആര്‍ടിസി ബ്ലോഗ് അംഗങ്ങള്‍ ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അപകടവിവരം മറ്റുള്ളവര്‍ അറിയുന്നത്.
ചിത്രങ്ങള്‍ – Aswal Puthren, Dona Manu (KSRTC Blog).
കെഎസ്ആര്‍ടിസി ബസ്സുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിന്റെ കാരണം വ്യക്തമായി അധികാരികള്‍ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്ന് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജീവനക്കാരുടെ ജോലിഭാരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നു എന്ന ഒരു പ്രധാനകാരണവും കഴിഞ്ഞയിടെ ചില മാധ്യമങ്ങളില്‍ക്കൂടി പുറത്തു വന്നിരുന്നു.
അപകടങ്ങള്‍ സംഭവിക്കാം ആര്‍ക്കും..എപ്പോഴും.. പക്ഷേ നമ്മള് (ജീവനക്കാരും അധികാരികളും) ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍കൂടി ഓര്‍ത്തില്ലെങ്കില്‍ അത് അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാകുമെന്ന് ബെംഗലൂരു – കോഴിക്കോട് റൂട്ടിലെ സ്ഥിര യാത്രക്കാരനായ അനീഷ് അഭിപ്രായപ്പെടുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടെക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്സ് ബസ് ഗുണ്ടല്‍പേട്ടിനു സമീപത്തുവെച്ച് അപകടത്തില്‍പ്പെടുകയും സംഭവത്തില്‍ ബസ് കണ്ടക്ടര്‍ ഷിജു മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. അന്നത്തെ അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയത് ആണെന്നാണ് നിഗമനം. ഇത്രയുമൊക്കെയായിട്ടും യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ ചെവിക്കൊള്ളാന്‍ മാനേജ്മെന്റ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്?