കെഎസ്ആർടിസിയിൽ നിലവിലുള്ള യൂണിഫോം നിറമായ നീലയ്ക്കു പുറമെ കാക്കി ധരിക്കാനും അനുമതി. രണ്ടു വർഷമായി യൂണിഫോം അലവൻസ് നൽകുന്നില്ലാത്തതിനാൽ നീലയ്ക്കു പുറമെ കാക്കി ധരിക്കാനും അനുവാദം നൽകണമെന്ന ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കെഎസ്ആർടിസി എംഡി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇഷ്ടമുള്ള യൂണിഫോം ധരിക്കാൻ തത്വത്തിൽ അനുമതി നൽകിയത്.
ഇതിന്റെ ഭാഗമായി പല ഡിപ്പോകളിലും ജീവനക്കാർ നീല വിട്ട് കാക്കിയിലേക്ക് മാറിത്തുടങ്ങി. എന്നാൽ കണ്ണൂർ ഡിപ്പോയിൽ കാക്കി ധരിച്ചെത്തിയ ഡ്രൈവറെ ഡ്യൂട്ടിക്കു കയറാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് ഇതു സംബന്ധിച്ച നിർദേശം എല്ലാ യൂണിറ്റിലും നൽകണമെന്നു ജീവനക്കാർ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ആരംഭ കാലം മുതൽ ജീവനക്കാരുടെ യൂണിഫോമായിരുന്ന കാക്കി 2015-ജൂലൈ ഒന്നിനായിരുന്നു നീല നിറത്തിലേക്ക് മാറിയത്. ടോമിൻ ജെ. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കുന്പോഴായിരുന്നു യൂണിഫോം പരിഷ്കരണം. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നിറം മാറ്റം. സുരക്ഷാ ജീവനക്കാർ ഒഴികെയുള്ളവർക്ക് നിറം മാറ്റം ബാധകമായി.
കണ്ടക്ടർക്കും ഡ്രൈവർക്കും കടും നീല പാന്റ്സും ആകാശ നീല ഷർട്ടും. വനിത കണ്ടക്ടർമാർക്ക് ഇതേ നിറത്തിലുള്ള ചുരിദാറുമായിരുന്നു വേഷം. സ്റ്റേഷൻ മാസ്റ്റർക്കും വെഹിക്കിൾ സൂപ്പർ വൈസർക്കും ക്രീം കളർ ഷർട്ടും കറുത്ത പാന്റും. എന്നാൽ, കാക്കിയോടായിരുന്നു കൂടുതൽ ജീവനക്കാർക്കും ആഭിമുഖ്യം. പെട്ടെന്ന് മുഷിയുന്ന വേഷമാണ് നീലയെന്നുള്ള പരാതി വ്യാപകമായി ഉയരുകയും ചെയ്തു.
പ്രതിവർഷം 1000 രൂപയാണ് യൂണിഫോം അലവൻസായി നൽകിയിരുന്നത്. അലവൻസ് ലഭിക്കാത്തതിനാൽ നീല യൂണിഫോം പരിഷ്കാരം വന്നതിനുശേഷം ജീവനക്കാർ സ്വന്തം പണം മുടക്കിയാണ് യൂണിഫോം വാങ്ങുന്നത്. ഈ മാസം 17ന് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായിരുന്ന എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയിൽ അംഗീകൃത യൂണിയൻ ഭാരവാഹികളുടെ യോഗത്തിലായിരുന്നു നീലയല്ലെങ്കിൽ കാക്കി ധരിക്കുന്നതിനു തടസമില്ലെന്ന തീരുമാനമെടുത്തത്.
Source – http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=455591