പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. കൊല്ലത്ത് ആതിരയെന്ന പെണ്‍കുട്ടിയ്ക്ക് കാവല്‍ നിന്ന സംഭവത്തിനു ശേഷമാണ് വീണ്ടും ഇതുപോലൊരു നല്ല വാര്‍ത്ത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും കേള്‍ക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.
ശനിയാഴ്ച തമ്പാനൂരില്‍ നിന്ന് മൈസൂരിലേക്ക് രാത്രി എട്ടിന് പുറപ്പെട്ട കെ.എസ്.ആര്.ടി.സി സ്കാനിയ ബസ്സിലെ യാത്രക്കാരിയായിരുന്നു റെജി. തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷനില്‍ യോഗം കഴിഞ്ഞ് ചാലക്കുടി പോട്ടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്റ്റോപ്പ് ഇല്ലെങ്കിലും,രാത്രിയായതിനാല്‍ പറഞ്ഞയിടത്തു ഇറക്കിത്തരണമെന്ന് റെജി ജീവനക്കാരോട് ആവശ്യപ്പെട്ടു. കൊണ്ടുപോകുവാന്‍ ആള് വരില്ലേയെന്ന് ഡ്രൈവര്‍ ചോദിക്കുകയും ചെയ്തു. പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ റെജി ഇറങ്ങി. എന്നാൽ ആ സമയത്ത് ഭര്‍ത്താവിനു റെജിയെ കൊണ്ടുപോകാൻ സ്റ്റോപ്പിൽ എത്താന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് എണീറ്റ് വാശി പിടിച്ചതിനാലായിരുന്നു അദ്ദേഹം എത്താന്‍ വൈകിയത്.
ആരുമില്ലാതിരുന്ന ആ സ്റ്റോപ്പില്‍ അസമയത്ത് ഒരു വനിതയെ ഒറ്റയ്ക്കാക്കി പോകുവാന്‍ ജീവനക്കാരായ പ്രകാശും ഹരീഷും ഒരുക്കമായിരുന്നില്ല.ഇതിനിടെ ബസ് നിറുത്തിയിട്ടതിലെ കാര്യം തിരക്കി യാത്രക്കാരിലൊരാള്‍ അന്വേഷിച്ചെത്തി. ഡ്രൈവര്‍ കാര്യം പറഞ്ഞപ്പോള്‍ എല്ലാവര്ക്കും സമ്മതം. ജീവനക്കാരുടെ ഈ നല്ല പ്രവര്‍ത്തിയെ ബസ്സിലെ യാത്രക്കാരും പിന്തുണച്ചു. പത്തു മിനിട്ടോളം കാത്തു നിന്നതിനു ശേഷം റെജിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തുകയും ജീവനക്കാരോടും യാത്രക്കാരോടും നന്ദി പറഞ്ഞ ശേഷം അവര്‍ വീട്ടിലേക്ക് പോകുകയുമാണ് ഉണ്ടായത്. യാത്രക്കാരുമായി ബസ് വീണ്ടും യാത്ര തുടരുകയും ചെയ്തു.

മാസത്തില്‍ രണ്ട് തവണയെങ്കിലും തിരുവനന്തപുരത്ത് പോകേണ്ടി വരാറുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും സഹായിച്ച ജീവനക്കാരോട് നന്ദിയുണ്ടെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേ സമയം തങ്ങളുടെ കടമ നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സി.എസ്. പ്രകാശും എസ്.ഹരീഷ്കുമാറും പറയുന്നത്. അവര്‍ പറഞ്ഞ സ്ഥലത്ത് നിര്‍ത്തി കൊടുക്കുകയായിരുന്നു. ഇറങ്ങിയ സ്ഥലം വിജനമായിരുന്നു. ഇരുട്ടും. അവര്‍ ഞങ്ങളോട് പൊയ്ക്കോളാന്‍ പറഞ്ഞു. ഭര്‍ത്താവ് വരുന്നുണ്ടെന്നും. പക്ഷേ സമയം വൈകിയിരുന്നെങ്കിലും അതിനു മനസ് വന്നില്ല. ഞങ്ങള്‍ക്കും സഹോദരിയും അമ്മയുമൊക്കെയുള്ളതല്ലേ. ഇടക്ക് ഒരു യാത്രക്കാരന് വന്ന് എന്താ നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിച്ചെങ്കിലും വിവരം പറഞ്ഞപ്പോള്‍ അവരും സഹകരിച്ചു. തിരുവനന്തപുരം കേശവദാസപുരം ആലുവിള നാലാംചിറ സ്വദേശിയാണ് പ്രകാശ്. ഹരീഷ് തിരുവനന്തപുരം കരമന സ്വദേശി സ്വദേശിയും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദവിയിലാണ് ഇരുവരും.
ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന് എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന് വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന് എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്തായാലും ഈ സംഭവങ്ങളോടു കൂടി കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെയും തലയില്‍ വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി പതിഞ്ഞിരിക്കുകയാണ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog