ഷോപ്പിങ് കോംപ്ളക്സുകള്‍ പണിതത് നഷ്ടത്തില്‍ കലാശിച്ചതോടെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെ.ടി.ഡി.എഫ്.സി) കെ.എസ്.ആര്.ടി.സിയുടെ അന്തകനാവുന്നു. കെ.ടി.ഡി.എഫ്.സി വഴി കൊള്ളപ്പലിശക്ക് പണം കടമെടുത്ത് ബാധ്യതകളില്‍നിന്ന് ഒരിക്കലും തലയൂരാനാവത്ത അവസ്ഥയിലായി കെ.എസ്.ആര്.ടി.സി.

സംസ്ഥാനത്തെ നാല് പ്രധാന കേന്ദ്രങ്ങളില്‍ കെ.എസ്.ആര്.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സി നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സുകള്‍ കോര്‍പറേഷന്‍െറ നിലനില്പുപോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെിച്ചു. പലിശയിനത്തില്‍ മാത്രം പ്രതിമാസം 20 കോടിയോളം രൂപ ഈ ധനകാര്യസ്ഥാപനം കെ.എസ്.ആര്.ടി.സിയില്‍നിന്ന് അടിച്ചുമാറ്റുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ എച്ച്.ഡി.എഫ്.സി അടക്കം ഏതാനും ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രതിമാസം കോടികള്‍ പലിശ നല്കിവരുകയാണ്.
കെ.എസ്.ആര്.ടി.സിയുടെ പ്രതിമാസ ബാധ്യത ഇപ്പോള്‍ 100 കോടി കവിഞ്ഞു. പെന്ഷന് ഇനത്തിലെ ബാധ്യതക്ക് പുറമെയാണിത്. വരുമാനവര്‍ധന ലക്ഷ്യമിട്ടായിരുന്നു നാല് ജില്ലകളില്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ പണിതത്. എന്നാല്‍, ഇതു കെ.എസ്.ആര്.ടിസി.യെ വെട്ടിലാക്കി. നിലവില്‍ ഷോപ്പിങ് കോംപ്ളക്സുകളില്‍നിന്ന് കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുന്നത് നാമമാത്ര തുകയാണ്.
മൊത്തം വരുമാനത്തിന്‍െറ പകുതി കെ.എസ്.ആര്.ടി.സിക്കായിരിക്കും എന്ന വ്യവസ്ഥയിലാണ് കോടികള്‍ വിലമതിക്കുന്ന സ്ഥാവരജംഗമ സ്വത്തുക്കളില്‍ 80 ശതമാനവും പണയപ്പെടുത്തി കോംപ്ളക്സുകള്‍ പണിതത്. എന്നാല്‍, ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലുമായി. തിരുവല്ല, തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ളക്സുകളില്‍ പലതും ഇനിയും പൂര്‍ണമായി വാടകക്ക് നല്‍കിയിട്ടില്ല. അങ്കമാലി മാത്രമാണ് അപവാദം. കുറെച്ചെങ്കിലും വരുമാനം ലഭിക്കുന്നത് ഇവിടെനിന്ന് മാത്രമാണെന്ന് കോര്പറേഷന് അധികൃതര്‍ പറയുന്നു.
മൊത്തം 204 കോടി ചെലവഴിച്ച് നിര്‍മിച്ച കോംപ്ളക്സുകള്‍ വാടകക്ക് നല്കുന്നതില് സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാന തടസ്സം. കോഴിക്കോട്ട് അടുത്തിടെ ടെന്‍ഡര്‍ വിളിച്ച് വാടകക്ക് നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും കെട്ടിടത്തിന് പൂര്‍ണ പ്രവര്‍ത്തനാനുമതി ഇനിയും ലഭിച്ചിട്ടില്ല. നിലവിലെ മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ ഉയര്‍ന്ന വാടക ആവശ്യപ്പെടുന്നതിനാല്‍ പലയിടത്തും കെട്ടിടം എടുക്കാന്‍ ആരും തയാറാവുന്നില്ല.
പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ഒഴിപ്പിച്ചതിനാല്‍ കോര്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചു. കോംപ്ളക്സുകളുടെ നിര്‍മാണച്ചെലവും പലിശയും ധനകാര്യസ്ഥാപനങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി നല്കിവരുകയാണ്. ഇപ്പോഴത്തെ ബാധ്യത 660 കോടിയാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. ഫലത്തില്‍ നാല് ഡിപ്പോകളുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കടക്കെണിയിലായത് കെ.എസ്.ആര്.ടി.സിയും കൊഴുത്തത് കെ.ടി.ഡി.എഫ്.സിയും.
അടുത്തിടെ ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ട്ട്യം രൂപവത്കരിച്ച് കെ.എസ്.ആര്.ടി.സി എടുത്ത വായ്പയും അധിക ബാധ്യതയായി. ഇതിന്‍െറ മുതലും പലിശയും അടച്ചുതുടങ്ങിയതോടെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയിലാണ് കോര്പറേഷന്. ഏറ്റവും വരുമാനമുള്ള 15 ഡിപ്പോകളുടെ വരുമാനം നേരിട്ട് ബാങ്കുകളിലേക്ക് അടക്കുകയാണ്. ഇതിനിടെയാണ് ലാഭകരമല്ലാത്ത 1400 സര്‍വിസുകള്‍ കോര്‍പറേഷനെ പ്രതിസന്ധിയിലാക്കുന്നത്.
കടപ്പാട് : മാധ്യമം, ചിത്രം : ചുറ്റുവട്ടം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog