ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബസ്സിലെ ഫസ്റ്റ് എയ്ഡ് ബോക്സില്‍ കഞ്ചാവ്…

ഗുരുവായൂര്‍ – വൈറ്റില റൂട്ടിലോടുന്ന കൃഷ്ണ എന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സിന്‍റെ മരണപ്പാച്ചിലില്‍ ഇന്നലെ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പറവൂരിനടുത്ത് ചെറിയപ്പിള്ളിയിലായിരുന്നു അപകടം.കണ്ണമാലി സ്വദേശിനിയായ രുഗ്മിണിയാണ് മരിച്ചത്. മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ കൃഷ്ണ ബസ് ഇടിച്ചിടുകയും രുഗ്മിണിയുടെ ശരീരത്തില്‍ക്കൂടി ബസ് കയറിയിറങ്ങുകയും ചെയ്തു.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. ഇതിനിടെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ബസ് പരിശോധിച്ചപ്പോള്‍ ഫസ്റ്റ് എയ്ഡ് ബോക്സില്‍ മരുന്നുകള്‍ക്ക് പകരം കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളാണ് ലഭിച്ചത്. ബസ് ജീവനക്കാര്‍ ലഹരിയുപയോഗിച്ചാണ് സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതത്രേ. ഇതോടെ കേസ് മറ്റൊരു തലത്തിലേക്ക് മാറുകയാണ്.

എറണാകുളം – ഗുരുവായൂര്‍ റൂട്ടിലെ കൊലയാളി ബസ്സുകളില്‍ പ്രധാനികളാണ് ആറ്റുപറമ്പത്തും കൃഷ്ണയും. ഇതിനു മുന്‍പ് പലതവണ കൃഷ്ണ ബസ് ഇവിടെ അപകടമുണ്ടാക്കിയിട്ടുണ്ട്. പലതവണ നാട്ടുകാര്‍ സംഘടിച്ച് ബസ് തടയല്‍ പോലുള്ള രോഷപ്രകടനങ്ങളും ഇവിടെ നടക്കാറുണ്ട്. കാശിനോട് ആര്‍ത്തിയുള്ള മുതലാളിമാരും എന്തിനും മടിക്കാത്ത ലഹരിയുടെ ലോകത്ത് ജീവിക്കുന്ന ബസ് ജീവനക്കാരും കൂടിയാകുമ്പോള്‍ ഈ റൂട്ടില്‍ മറ്റുള്ളവര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്.

കൃഷ്ണ ബസ്സിനെക്കുറിച്ച് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പരാതികള്‍ മാത്രമേ പറയാനുള്ളൂ. കൊലയാളി ബസ്, കൊലകൊല്ലി, ആളെക്കൊല്ലി, കാലന്‍ എന്നിങ്ങനെയാണ് ഈ ബസ്സിനു പറവൂര്‍, വരാപ്പുഴ ഭാഗങ്ങളില്‍ അറിയപ്പെടുന്ന ഇരട്ടപ്പേരുകള്‍. ഇനിയും ബസുകാരുടെ വെളിവില്ലായ്മ തുടര്‍ന്നാല്‍ ബസ് തടഞ്ഞുനിര്‍‍ത്തി തല്ലിപ്പൊളിക്കുമെന്ന തീരുമാനത്തിലാണ് യുവാക്കളടങ്ങിയ നാട്ടുകാരുടെ കൂട്ടായ്മ.

ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ബസ്സുകളുടെ ഈ മരണപ്പാച്ചിലിനെതിരെ വേണ്ടരീതിയില്‍ നടപടിയെടുക്കണം. മുതലാളിയുടെ കാശും രാഷ്ട്രീയവും നോക്കാതെ ഇതിനെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. രുഗ്മിണിയമ്മയുടെ അവസ്ഥ ഇനി മറ്റൊരാള്‍ക്ക് ഇവിടെ ഉണ്ടാകാതിരിക്കട്ടെ…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply