യാത്രാവിവരണം – ശ്രീഹരി (തായ്ലാൻഡിൽ ജോലിചെയ്യുകയാണ് ഇദ്ദേഹം).
തായ്ലൻഡിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ കിട്ടിയ ഒഴിവു ദിവസങ്ങൾ ചിലവഴിക്കാനാണു തൊട്ടടുത്ത രാജ്യമായ ലാവോസിലേക്ക് യാത്ര പ്ലാൻ ചെയ്തത്. തായ്ലൻഡിൽ ടൂർ വരുന്ന ആളുകൾക്ക്, ഇൻഡ്യൻസിനു on arrival visa ലഭിക്കുന്ന Laos, Combodia തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും വളരെ എളുപ്പത്തിൽ റോഡ് മാർഗം തന്നെ യാത്ര ചെയ്യാവുന്നതാണു. വളരെ ചിലവും കുറവാണു ഈ രാജ്യങ്ങളിലേക്കുള്ള യാത്ര എന്നതാണു ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ കറൺസി അപേക്ഷിച്ച് ഇവിടങ്ങളിലേതിനു മൂല്യം വളരേ കുറവാണ്. ഫ്ലൈറ്റിൽ പോകാനുള്ള സൌകര്യം ഉണ്ടെങ്കിലും, ഏകദേശം നാട്ടിൽ നിന്നും ബാംഗ്ലൂർ മറ്റും പോകുന്ന ദൂരമേ ബോർഡർ വരെ ഉള്ളൂ എന്നതിനാൽ റോഡ് മാർഗം പൊകുന്നത് ചീപ്പാണ്. ബോർഡറിലേക്ക് ട്രെയിൻ അല്ലെങ്കിൽ ബസ് തിരഞ്ഞെടുക്കാം.
തായ്ലൻഡിൽ വന്നിട്ട് ദീർഘദൂര ബസിലും ട്രെയിനിലുമൊന്നും കേറിയിട്ടില്ലാത്തതിനാൽ രണ്ടും പരീക്ഷിക്കാൻ തീരുമാനിച്ചു, അങ്ങോട്ട് ട്രെയിനിനു പോകാമെന്ന് വെച്ചു.
ഞങ്ങൾ 2 പേരും, പിന്നെ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന 2 തായിക്കാരും ഒപ്പം കൂടി. തായ്ലൻഡിലെ ആളുകൾക്ക് മിക്ക അയൽരാജ്യങ്ങളിലേക്കും പോകാൻ വിസ ആവശ്യമില്ല. കഷ്ടകാലത്തിനു അങ്ങോട്ട് ട്രെയിൻ ടിക്കറ്റ് എടുക്കാൻ, കൂടെ വരുന്നു എന്ന് പറഞ്ഞ തായ് ചേച്ചിയെ ഏല്പിച്ചു. എല്ലാത്തിനും ചീപ്നെസ്സ് നോക്കുന്ന അവർ വളരെ മാന്യമായി ലോക്കൽ 3rd class ടിക്കറ്റ് എടുത്ത് വന്ന് പുഞ്ചിരിച്ചു. അവസാനം പറഞ്ഞ് മാറ്റിച്ച് അതേ ട്രെയിനിൽ AC ആക്കിയെടുത്തു. അതോടുകൂടി തിരിച്ചുള്ള ബസ് ടിക്കറ്റ് ഞാൻ തനിയെ എടുത്തു.
ബാങ്കോക്കിൽ നിന്നുമാണ് ട്രെയിൻ പുറപ്പെടുന്നത്, ലാവോസ് ബോർഡർ ആയ ‘Nong Khai’ വരെ. ട്രെയിൻ കയറാൻ ചെന്ന ഞാൻ കരഞ്ഞുപോയി. പുഷ് ബാക്ക് മാത്രമുള്ള sitting AC coach. ഒരു കണ്ട്രോളുമില്ലാത്ത എസിടെ മുടിഞ്ഞ തണുപ്പും, അതിന്റെകൂടെ ഫാനും. ലൈറ്റ് ഓഫ് ചെയ്യാനുള്ള സ്വിച്ചും ഇല്ല. എടുത്ത് പറയെണ്ട കാര്യം സീറ്റ് കിട്ടിയിരിക്കുന്നത് ഏറ്റവും പുറകിൽ, പുഷ് ബാക്ക് പോലുമില്ല. അത് പിന്നെ അങ്ങനെ ആയിരിക്കുമല്ലോ, പാപി ചെല്ലുന്നിടം പാതാളം. ഭാഗ്യത്തിനു അധികം കട്ടിയില്ലെങ്കിലും ഒരു പുതപ്പ് കിട്ടി. ഹോ അതുംകൂടി ഇല്ലായിരുന്നേൽ തെണ്ടിപ്പോയേനേ. എല്ലാ ബോഗിടെ അടിയിലും എഞ്ചിൻ ഉള്ള എന്തോ സെറ്റപ്പാണ്, പണ്ടാരം പിടിച്ച ശബ്ദം. ഓരോ തവണേം നിർത്തി എടുക്കുമ്പോൾ പാണ്ടിലോറിയെ അനുസ്മരിപ്പിക്കുംവിധം മുരൾച്ച. സ്പീഡ് മാക്സിമം 50-60 km. പെട്ടുപോയിന്ന് പറഞ്ഞാൽ മതില്ലോ. വളരെ നല്ല AC sleeper coach എല്ലാമുള്ള അടിപൊളി ട്രെയിൻ ഉണ്ടായിട്ടാണു ആ പെണ്ണുമ്പിള്ള ഈ കൊടുംചതി ചെയ്തത്. അവരെ ടിക്കറ്റ് എടുക്കാൻ ഏല്പിച്ച നിമിഷത്തെ ശപിച്ച് എങ്ങനെയൊക്കെയോ 2 മണിക്കൂർ ഉറങ്ങി എന്ന് വരുത്തി 7-8 മണിക്കൂർ കൊണ്ട് ബോർഡറിനടുത്തുള്ള സ്റ്റേഷനിൽ എത്തി.
സമയം രാവിലെ 5 മണി കഴിഞ്ഞു, അത്യാവശ്യം വെളിച്ചം വീണുതുടങ്ങി. ട്രെയിൻ ഇറങ്ങി, മഹാനായ ട്രെയിനിനെ ഒന്ന് വീക്ഷിച്ച് വണങ്ങി. ദോഷം പറയരുതല്ലോ, പുറമേ നല്ല ഇടിവെട്ട് കളറൊക്കെ അടിച്ച് കുട്ടപ്പനാക്കിട്ടുണ്ട്.
സ്റ്റേഷനിൽ അത്യാവശ്യം പ്രാഥമിക കാര്യങ്ങളൊക്കെ കഴിച്ച് കുറച്ച് വിശ്രമിച്ചു. തായ്ലൻഡിൽ എല്ലാ പ്രധാന സ്ഥലങ്ങൾ, മാളുകൾ, പെട്രോൾ പമ്പുകൾ അങ്ങനെ എല്ലായിടവും വിശാലമായ ടോയ്ലെറ്റ് സൌകര്യം ഉണ്ട്. അതും നമ്മുടെ നാട്ടിലെപ്പോലെ ദുട്ട് കൊടുത്ത് അല്ല, ഫ്രീയായി. നമ്മുടെ നാട്ടിൽ ടോയ്ലെറ്റ് ഉള്ള ഒരു പെട്രോൾ പമ്പിൽ കേറണേൽ പോലും പെട്രോൾ അടിക്കാതെ കേറിയാൽ അവരു എന്ത് വിചാരിക്കും എന്ന സീൻ ആണ്. ഈയൊരു കാര്യത്തിൽ ഈ രാജ്യം സ്വർഗമാണ്, ധൈര്യമായി ഊരുതെണ്ടി എവിടെയും പോവാം.
ഇനി ടുക് ടുക് എന്ന ചെറിയ വണ്ടിയിൽ കേറി ബോർഡറിലെക്ക്. ബാങ്കോക്കിൽ വന്നിട്ടുള്ളവർക്കറിയാം, നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയുടെ അമ്മാവനായി വരും ടുക് ടുക് എന്ന സാധനം. പക്ഷെ അതിൽനിന്നും വ്യത്യസ്ഥമായി സാധാരണ ബൈക്ക് മോഡിഫൈ ചെയ്ത് പിന്നിലേക്കെല്ലാം പണിത് വെറൈറ്റി ആണ് തായ്ലൻഡിലെ ഈ സ്ഥലത്തെ ടുക് ടുക്. സംഭവം ബൈക്ക് എന്ന് കെട്ട് നെറ്റി ചുളിക്കണ്ട, 5-6 ആളുകളെ കയറ്റി പുലിക്കുട്ടി പോലെ പായും.
ബോർഡറിൽ നിന്നും അധികം ദൂരെയല്ലാത്ത ലാവോസിന്റെ തലസ്ഥാനമായ Vientine ആണ് ആദ്യ ലക്ഷ്യം. ബാങ്കോക്കിൽ നിന്നു തന്നെ Thai-Laos International ബസ്സിൽ നേരിട്ട് അവിടം വരെ എത്താമെങ്കിലും, വിസ എടുക്കാനും മറ്റും എത്ര സമയം ബോർഡറിൽ നിർത്തും എന്നുള്ള അജ്ഞത കാരണമാണ് അത് വേണ്ടെന്ന് വെച്ചത്. കാരണം ഈ രണ്ട് രാജ്യത്തെ ആളുകൾക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ബോർഡർ പാസ്സ് മതി, അത് പെട്ടെന്ന് കിട്ടും. പക്ഷേ ആ ചിന്ത അസ്ഥാനത്തായിരുന്നു എന്ന് പിന്നീട് മനസിലായി, കാരണം ഈ പറയുന്ന ബസ്സ് വിസ എടുത്ത് എല്ലാവരും വരുന്ന വരെ വെയ്റ്റ് ചെയ്യും.
അങ്ങനെ ആ ചെറിയ ടുക് ടുക് വണ്ടിയിൽ കയറി ബോർഡറിലെത്തി. ബോർഡറിൽ തായ്ലന്റ് എക്സിറ്റ് അടിച്ച്, Thai-Laos friendship bridge എന്ന നീണ്ട പാലം കടന്ന് അപ്പുറത്ത് ലാവോസ് ഇമിഗ്രേഷനിൽ എത്താൻ ഷട്ടിൽ ബസ്സുണ്ട്. ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിർത്തി, പകുതിയോളം മേക്കോങ്ങ് എന്ന നദിയാണ്. അവിടെയെത്തി ഫോമെല്ലാം ഫിൽ ചെയ്ത് ഒരു ഫോട്ടോയും 40 ഡോളർ അല്ലെങ്കിൽ അതിനു തുല്ല്യമായ ‘തായ് ബാത്ത്’ അല്ലെങ്കിൽ ‘ലാവോസ് കിപ്’ കൊടുത്താൽ സുന്ദരമായ ലാവോസ് വിസ അടിച്ച് തരും. ആകെ വേണ്ടി വന്ന സമയം 15 മിനിറ്റ്, പ്ലിങ്ങ്…..
പിന്നെ കുറേ നേരമായി ഞങ്ങളുടെ പുറകേ കൂടിയ ചേട്ടന്റെ വണ്ടിയിൽ തന്നെ 25 കിലോമീറ്ററോളം യാത്രയുള്ള Vientine എന്ന കൊച്ച് നഗരത്തിലേക്ക് പോകാൻ തയ്യാറായി. ആദ്യമായി ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങുള്ള സ്ഥലത്തെത്തിയ ഞാൻ ചാടിക്കേറി മുൻപിലിരുന്നു. ഏത് വണ്ടിയിൽ പോയാലും ‘ചേട്ടാ ഞാൻ ഓടിക്കട്ടെ’ എന്ന് ചോദിക്കാറുള്ള എന്നിലെ ഡ്രൈവർ ഉണർന്നെങ്കിലും തൽക്കാലം മൂത്രമൊഴിപ്പിച്ച് വീണ്ടും കിടത്തി. ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങും പുതിയ രാജ്യത്തിന്റെ ഭംഗിയും ആസ്വദിച്ചങ്ങനെ ഇരുന്നു. ഞങ്ങളുടെ ഡ്രൈവർ ആളൊരു രസികനായിരുന്നു. പറഞ്ഞതൊന്നും മനസിലായില്ല എങ്കിലും അങ്ങനെ പറയുന്നതാണല്ലോ അതിന്റെയൊരിത്, ഏത്…….. അവിടുത്തെ ഭാഷയും തായ് ഭാഷയുമായി സാമ്യം ഉള്ളതിനാൽ തായ് നന്നായി അറിയുന്ന ആൾക്ക് കുറെയെല്ലാം ഒപ്പിക്കാം. മുറി തായിയുമായ് നടക്കുന്ന എനിക്ക് എന്ത് പുടികിട്ടാൻ.. എങ്കിലും നമ്മളു മോശക്കാരാവരുതല്ലോ, ആറിയാവുന്ന തായ് വെച്ച് ഞാനും ഒന്ന് പയറ്റി നോക്കി, ഹല്ല പിന്നെ. welcome to laos, nice to meet you എന്ന് പറഞ്ഞ് ആ ചേട്ടനും എന്നെ തോല്പിച്ചു…
ഞങ്ങളുടെ ലക്ഷ്യസ്ഥലം ഈ പോകുന്ന വിയന്റയ്ൻ അല്ല, അവിടുന്ന് വീണ്ടും 200 ൽ താഴെ കിലോമീറ്റർ ഉള്ള ‘Vang vieng’ എന്ന സ്ഥലമാണ്. അവിടേക്ക് ബസ്സിൽ പോകാനുള്ള പ്ലാനെല്ലാം ഞങ്ങളുടെ ഡ്രൈവർ ചേട്ടൻ വളരെ വിദഗ്ദമായി മാറ്റിപ്പിച്ച് വാൻ ഉണ്ട് എന്ന് പറഞ്ഞ് അത് കിട്ടുന്ന സ്ഥലത്തേക്ക് കൊണ്ട്പോയി. ഇവർക്കൊക്കെയും കമ്മീഷൻ കിട്ടുന്ന ഏർപ്പാടാണെന്നറിഞ്ഞിട്ടും മെനക്കെടാനുള്ള മടി കാരണമാണ് ഓക്കെ പറഞ്ഞത്. അങ്ങനെ വാൻ കിട്ടുന്ന സ്ഥലത്തെത്തി. വണ്ടി എടുക്കാൻ കുറച്ച് കഴിയും എന്നതിനാൽ പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു, പിന്നെ കയിലുള്ള 1200 Thai baht (2000 Rs.) ലാവോസ് കറൺസി ആക്കാൻ പോയി. ഏകദേശം രണ്ടര ലക്ഷം ‘Laos kip’കിട്ടി. ഹൊ ജീവിതത്തിൽ ആദ്യമായിട്ടാണു ലക്ഷപ്രഭു ആകുന്നത്, ദ്രിതംഗപുളകിതനായി ഞാൻ. പക്ഷെ 1 ലക്ഷത്തിന്റെ വരെ നോട്ട് ഉള്ളതിനാൽ ആകെ 4-5 നോട്ട് മാത്രം തന്നു. ഒരു ഗുമ്മില്ലാത്തതിനാൽ ഫുൾ ചേയ്ഞ്ചാക്കി തരാൻ പറഞ്ഞ് 10, 100 ഒക്കെ പ്രതീക്ഷിച്ച് നിന്നു. 500 ആണത്രേ അവിടുതെ മിനിമം കറൺസി. കൌണ്ടറിലെ ലാവോസ് പെൺകുട്ടി ഉള്ളതെല്ലാം നുള്ളിപ്പെറുക്കി തന്ന് ‘ഇവനൊക്കെ എവിടുന്ന് വരുന്നെടേയ്’ എന്ന രീതിയിൽ ഒരു ഇളിഞ്ഞ പുഞ്ചിരി തന്ന് യാത്രയാക്കി.
അങ്ങനെ വാനിൽ കയറി യാത്ര തുടങ്ങി. പുറകിൽ സീറ്റ് ഉണ്ടായിട്ടും സൈഡ് സീറ്റ് അല്ലാത്തതിനാൽ അവിടെയും ഞാൻ മുമ്പിൽ വലിഞ്ഞ് കേറി. നടുവിലുള്ള ഇടമാണ് കിട്ടിയത്. മര്യാദയ്ക്ക് ഇരിക്കാൻ കൂടി വയ്യെങ്കിലും പുറത്തെ കാഴ്ചയെല്ലാം നന്നായി കാണാമെന്നതിനാൽ അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. വാനിൽ 2 ഹിന്ദിക്കാരെ പരിചയപ്പെട്ടു. ഞങ്ങളെപ്പോലെതന്നെ ബാങ്കോക്കിൽ ജോലി ചെയ്ത് ലാവോസ് കാണാനെത്തിയവർ. ഹിന്ദിയിൽ ABCD അറിയില്ലെങ്കിലും ഇംഗ്ലീഷ് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഞങ്ങൾ കൂട്ടായി. പിന്നെ തിരിച്ച് പോകുന്ന വരെ അവരും ഞങ്ങളോടൊപ്പം കൂടി.
വണ്ടി ഓടിക്കുന്ന ഇത്തിരി പ്രായമായ ആൾക്ക് ഒരു ശുഷ്കാന്തി ഇല്ലാത്ത പോലെ തോന്നി. സുന്ദരമായ ഗ്രാമങ്ങളും മലകളും ഒട്ടും തിരക്കില്ലാത്ത വഴികളുമെല്ലം പിന്നിട്ട് ഏകദേശം വൈകിട്ടാവാറായപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്തത്തി. ഹോട്ടൽ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു, ഒപ്പമുള്ള ഹിന്ദിക്കാരും അവിടെതന്നെ റൂമെടുത്തു. പിറ്റേന്ന് ഒരു മുഴുവൻ ദിവസമാണ് അവിടെയുള്ളത്, അതിന്റടുത്ത ദിവസം രാവിലെ തിരിച്ച് പുറപ്പെടണം. ഒരു സ്ഥലത്തെത്തി അവിടെ കുറേ ചിലവഴിക്കുന്നതിനേക്കാൾ യാത്ര ചെയ്ത് പുതിയ പുതിയ സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നതാണ് എന്റെയൊരിത്. സത്യത്തിൽ ലീവില്ലാത്തതാണ് മുഖ്യ കാരണം.
അങ്ങനെ വൈകുന്നേരം പുറത്തെല്ലാം ഇറങ്ങി ഒന്നു നടന്നു. തട്ടുകട സെറ്റപ്പ് കുറേയുണ്ട്. പലവിധ ടൈപ് സാൻവിച്ച് ആണ് എല്ലായിടത്തും മെയിൻ വിഭവം. 10 മിനിറ്റ് വെയിറ്റ് ചെയ്താൽ പറയുന്ന ടൈപ്പനുസരിച്ച് സ്വാദിഷ്ടമായ സാൻവിച്ച് ഉണ്ടാക്കി തരും, കൂടെ ലാവോസ് സ്പെഷ്യൽ കോഫിയും. സംഭവം നുമ്മടെ കയ്യിൽ ലക്ഷങ്ങളുടെ ലാവോസ് കറൺസി ഉണ്ടെങ്കിലും ഒരു കുപ്പി വെള്ളത്തിനു തന്നെ 5000 ഒക്കെ കൊടുക്കണം, എന്താല്ലേ… സായിപ്പന്മാരും പിന്നെ അവധി ആഘോഷിക്കാനെത്തിയ തായ്ക്കാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവിടം. കുറേ നടന്ന് കാഴ്ചയെല്ലാം കണ്ട് തിരിച്ച് ഹോട്ടലിലെത്തി നാളത്തേക്കുള്ള പരിപാടികൾ ആലോചിച്ചു. പിറ്റേന്ന് ഒരു ദിവസം കൊണ്ട് തീരുന്ന ഒരു പാക്കേജ് ഹൊട്ടലിൽ നിന്ന് തന്നെ എടുത്തു.
അവിടുത്തെ മുഖ്യ ആകർഷണമായ ഹോട്ട് എയർ ബലൂണിൽ കയറി പറക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഭീമാകാരനായ ബലൂണിലേക്ക് ചൂട് വായു പമ്പ് ചെയ്ത് താഴെ ഒരു കൂടയിൽ ആളുകളെയും കയറ്റി ഉയരങ്ങളിലേക്ക് പറക്കുന്ന സാധനമാണിത്. തിരക്കിയപ്പോൾ അതിന് ഒരാൾക്ക് ഏകദേശം 70 ഡോളർ വേണമത്രെ (4500 Rs). ഞങ്ങളുടേത് ബഡ്ജറ്റ് യാത്ര ആയതിനാൽ ‘ഉൽസവത്തിനു ബലൂൺ വാങ്ങി പറപ്പിച്ചോളാമെടാ പട്ടികളേ’ എന്ന് മനസിൽ പറഞ്ഞ് മനസില്ലാ മനസോടെ അത് വേണ്ടെന്ന് വെച്ചു.
പിറ്റേന്ന് രാവിലെ എണീറ്റ് പുറത്തേക്ക് നോക്കിയപ്പോൾ അതിമനോഹരമായ കാഴ്ച. Mountain view എന്നു പേരുള്ള ഹോട്ടലിന്റെ പേര് അന്വർഥമാക്കുന്നതായിരുന്നു കാഴ്ച. അവിടിവിടായി ആളുകളെയും കൊണ്ട് ബലൂണുകൾ പറക്കുന്നുണ്ടായിരുന്നു. അയ്യേ ഇതൊക്കെ എന്ത്, എന്ന് പറഞ്ഞ് നോക്കി നിന്നു. (NB:കിട്ടാത്ത മുന്തിരി പുളിക്കും). പെട്ടെന്ന് റെഡിയായി അന്നത്തെ പരിപാടികളിലേക്ക് കടന്നു. 3 സ്ഥലങ്ങളിലേക്കാണ് പോകേണ്ടത്. അവരുടെ വണ്ടിയിൽ കയറി, ഞങ്ങളുടെയൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നു. ആദ്യത്തേത് എലിഫെന്റ് കേവ്, പാറയിൽ ആനയുടെ രൂപവും മറ്റുമുള്ള ഒരു ക്ഷേത്രം, അവിടുന്ന് കുറേ നടന്ന് ചെന്നാൽ വലിയ മലയുടെ അടിയിൽ വെള്ളത്തിലൂടെ കുറേ ദൂരം കയറിൽ പിടിച്ചോ അല്ലാതെയോ റ്റ്യൂബിൽ കിടന്ന് പോയി വരാം. പുഴയുടെ ഭാഗം തന്നെയാണെന്ന് തോന്നുന്നു ആ വെള്ളം. കുറ്റാകൂറ്റിരുട്ടത്ത് തലയിൽ ഘടിപ്പിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ കൂക്കുവിളിയും ബഹളവുമൊക്കെയായി വെള്ളത്തിലൂടെ 1-2 കിലോമീറ്ററോളം റ്റ്യൂബിൽ പോയത് പുതിയ അനുഭവം ആയിരുന്നു. നന്നായി ആസ്വദിച്ചു.
അടുത്തത് നദിയിലൂടെ 6 കിലോമീറ്ററോളം കയാക്കിങ്ങ് (വള്ളം തുഴയൽ, അയിനാണ്). ആഴം കുറവായതിനാൽ പൊങ്ങി നില്ക്കുന്ന പാറകളിലും മറ്റും തട്ടാതെ വേണം ഫൈബർ വള്ളം കൊണ്ടുപോകാൻ. ഒറ്റയ്ക്കോ രണ്ട് പേരായിട്ടോ തുഴയാം. ബാക്കിയുള്ളവരെല്ലാം പതുക്കെയും പാറയിലൊക്കെ തട്ടിതടഞ്ഞുമാണ് വരുന്നത്. ചുണ്ടൻ വള്ളത്തിന്റെ നാട്ടിൽ നിന്നും വരുന്ന നമ്മളോടാ കളി, ഞങ്ങൾ ആദ്യമെത്തി അവരെ വെയിറ്റ് ചെയ്യുന്ന സമയം കൊണ്ട് വെള്ളത്തിൽ വള്ളം കൊണ്ട് 8 ഉം H ഉം എടുത്ത് കളിച്ചു, പിന്നല്ല….. അതിനിടയ്ക്ക്, വീതി അധികമില്ലെങ്കിലും നദിയുടെ നടുവിലേക്ക് റ്റ്യൂബിൽ ഒഴുകിയെത്തിയ മദാമ്മപ്പെൺകുട്ടിയെ വള്ളത്തിൽ സപ്പോർട്ട് ചെയ്ത് കരയ്ക്കടുപ്പിച്ച് കൊടുത്ത് മാതൃകയായി. മദാമ്മമാരുടെ ശാസ്ത്രീയനാമമായ ‘ക്രിസ്റ്റീന’ എന്നായിരുന്നു അവരുടെ പേര്. വെള്ളത്തിലായത് കാരണം നമ്പർ വാങ്ങാൻ പറ്റിയില്ല…
ഞങ്ങളുടെ വണ്ടി 6 കിലോമീറ്ററിനിപ്പുറം കാത്ത് കിടക്കുന്നുണ്ടായിരുന്നു. അടുത്ത സ്ഥലത്തേക്ക് യാത്രയായി. അടുത്തത് ബ്ലൂ ലഗൂൺ എന്ന നീല നിറത്തിൽ തെളിഞ്ഞ വെള്ളമുള്ള തടാകം. വളരെ മനോഹരമാണ് അവിടം. മരത്തിൽനിന്ന് ചാടിയും കയറിൽ തൂങ്ങി ചാടിയുമെല്ലാം അവിടെയും കുറേ നേരം ചിലവഴിച്ചു. എത്ര സമയം കഴിഞ്ഞാലും കയറാൻ തോന്നില്ല ആ വെള്ളത്തിൽനിന്നും. അങ്ങനെ വൈകിട്ടോടെ തിരിച്ച് ഹോട്ടലിലെത്തി. വൈകിട്ട് വീണ്ടും നടക്കാനിറങ്ങി, തായ് ഫുഡാണ് കഴിച്ചത്, പിന്നെ ലൊട്ട്ലൊടുക്ക്ക് സാധനങ്ങളൊക്കെ വാങ്ങി തിരിച്ചെത്തി. വളരെ എൻജോയ് ചെയ്ത ദിവസമായിരുന്നു അന്ന്.
ഞങ്ങൾ നേരത്തെ ട്രെയിനിൽ വന്നിറങ്ങിയ തായ്ലൻഡിലെ സ്ഥലത്ത് നിന്നും ഇവിടേക്ക് ഇന്റർനാഷണൽ ബസ്സുണ്ട്, അതിൽ തിരിച്ച് അവിടംവരെ പോകാമെന്ന് വെച്ചു. റൈറ്റ് ഹാൻഡ് ഡ്രൈവിങ്ങുള്ള തായ്ലൻഡിൽ നിന്നും 200 കിലോമീറ്ററോളം ഇവിടേക്ക് ബസ്സോടിച്ച് വരുന്നത് സമ്മതിക്കണം. ഇതുപോലെ ലാവോസ് ട്രാൻസ്പോർടിന്റെ ബസ് തിരിച്ചും ഉണ്ട്.
പിറ്റേ ദിവസം രാവിലെ 10 മണിയോടെ പുറപ്പെട്ട് ബോർഡറിൽ കേറി സലാമൊക്കെ വെച്ച് വൈകിട്ടോടെ പഴയ സ്ഥലത്തെത്തി. തിരിച്ച് ബാങ്കോക്കിലേക്ക് രാത്രിബസ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു, ചീപ് ആയിട്ടുള്ള ലക്ഷ്വറി ബസ്. തായ്ലൻഡിൽ മിക്ക ദീർഘദൂര ബസ്സിലും വിമാനത്തിലെപോലെ ബസ് ഹോസ്റ്റസ് ഉണ്ടാവും. തിരിചുള്ള ബസ് കിടിലൻ ആയിരുന്നു. ബസ് ഹോസ്റ്റസ്, Snacks, Drinks, Dinner, Individual screen with movies, entertainment and front view of bus, മസ്സാജിങ്ങ് എല്ലാമുള്ള സീറ്റ്, വിമാനത്തിലേത്പോലുള്ള ടോയ്ലറ്റ്, രാവിലെ കോഫി… അങ്ങനെ വളരെ ലക്ഷ്വറി ആയിതന്നെ വെളുപ്പിനെ തിരിച്ച് ബാങ്കോക്കിലെത്തി.
ഇനി രാവിലെ സ്കൂളിൽ പോണം…… ഐ മീൻ ജോലിക്ക് പോണം………………… ഒരുപാട് വലിച്ച് നീട്ടി എഴുതിയെങ്കിൽ ക്ഷമിക്കുക.. എല്ലാവർക്കും നന്ദി..
കൂടുതൽ വിവരങ്ങൾക്ക് ലേഖകന്റെ പ്രൊഫൈൽ നോക്കാം – https://www.facebook.com/sreehari.sreevallabhan.