ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്ത‌പുരത്തെ ശ്രീപദ്മാനഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്ത ആരും തന്നെയുണ്ടാകില്ല. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം. ‌തിരുവിതാംകൂർ രാജ വംശത്തിന്റെ കുല‌ദൈവമാണ് ശ്രീപദ്മനാഭ സ്വാമി. അനന്തൻ എന്ന പാമ്പിന്റെ മുകളിൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വായിക്കാം.

കന്യാകുമാ‌രിക്ക് അടുത്തുള്ള തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രവുമായി അനന്ത‌പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ബന്ധമുള്ളതായി പറയപ്പെടുന്നു. അനന്തശയന രൂപത്തിലാണ് രണ്ട് ക്ഷേത്രത്തിലേയും പ്രതിഷ്ഠകൾ. കേരളത്തിൽ കാണുന്ന ക്ഷേത്രങ്ങൾ പോലെയാണ് തിരുവട്ടാർ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. രണ്ട് ക്ഷേത്രങ്ങളിലും അമൂല്യ സമ്പത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

അനന്ത ശയനം – ക്ഷേത്രത്തിലെ പ്രധാന ‌പ്രതിഷ്ഠയായ മഹാവിഷ്ണു, അനന്തൻ എന്ന പാമ്പിന്റെ പുറത്ത് ശയിക്കുന്ന രീതി‌യിലാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചതിൽ പിന്നെ ശ്രീപദ്മനാഭ ദാസൻ എന്നാണ് തിരുവിതാംകൂർ രാജക്കന്മാർ അറിയപ്പെ‌ടുന്നത്. വിഷ്ണു ഭക്തനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവ് ‌തിരുവിതാംകൂർ രാജ്യം ശ്രീപദ്മാനഭവന് ‌സമർ‌‌പ്പിച്ചതിന്റെ രേഖയാണ് തൃപ്പടിദാനം. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

108 ദിവ്യദേശം – വിഷ്ണുവിനാ‌യി സമർപ്പിച്ചിരിക്കുന്ന 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആഴ്വാർ സന്യാസിമാർ എഴുതിയ ദിവ്യ പ്രബന്ധത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശം ഉണ്ട്. വിഷ്ണുവിനെ സ്തുതിക്കുന്ന സ്തുതി ഗീതങ്ങളാണ് ദിവ്യ പ്രബന്ധത്തിൽ.

ആദിശേഷൻ, അനന്തൻ എന്നിങ്ങനെ അറിയപ്പെടുന്ന 5 തലയുള്ള സർപ്പത്തിന്റെ മുകളിൽ കിടക്കുന്ന മഹാവിഷ്ണു ഇടത് കൈ തൊടുന്നത് ഒരു ശിവലിംഗത്തിലാണ്. വിഷ്ണുവിന്റെ ഇരുവശങ്ങളിലുമായി ശ്രീദേവിയേയും ഭൂദേവിയേയും പ്രതിഷ്ഠി‌ച്ചിരിക്കുന്നു. വിഷ്ണുവിന്റെ പൊക്കിൾകൊടിയിലെ താമരയിൽ ബ്രഹ്മാവിനേയും കാണാം.

പന്ത്രണ്ടായിരം, സാള ഗ്രാമം എന്ന് അറിയപ്പെടുന്ന ശിലകൊണ്ടാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു.

ഒറ്റക്കൽ മണ്ഡപം – ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്. ഇതാണ് ഈ ക്ഷേത്ര‌ത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന്.

രഹസ്യ അറ – ഏറെ നിഗൂ‌ഢതകൾ ഉള്ള ‌രഹസ്യ അറയുടെ പേരിൽ ആണ് പദ്മനാഭപുരം ക്ഷേത്രം പ്രശസ്തമായിരിക്കുന്നത്. മനുഷ്യർക്ക് ആർക്കും ഈ അറ തുറക്കാൻ കഴിയില്ലെന്നാണ് വിശ്വാ‌സം. ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുകൾ ശേഖരിച്ച് വച്ചിരിക്കുന്ന 6 അറകളിൽ ആണ്. ഇവയിൽ ആറാമത്തെ അറ ഒരു രഹസ്യ അറയാണ്. മനുഷ്യർക്ക് ഇത് തുറക്കാൻ കഴിയി‌ല്ലെന്നാണ് വിശ്വാസം.

ആറാമത്തെ അറയിൽ എ‌ന്താണ്? ആറാമത്തെ അറ തുറക്കുന്നത് സംബന്ധിച്ച് വിവാദം തുട‌രുകയാണ്. ശ്രീ പദ്മനാഭന്റെ സ്വന്തം അറയാണ് ആറമത്തെ അറ എന്നാണ് വിശ്വാസം. അതിനാലാണ് ഈ അറ മനുഷ്യർ തുറക്കാൻ പാടില്ലെന്ന് പറയുന്നത്.

വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ആറാമത്തെ അറയിൽ ആണെന്നാണ് വിശ്വാസം. ആറാമത്തെ അറയിൽ ഒന്നിലധികം അറകളുണ്ട്. ഇവയിൽ ആദ്യത്തെ അറ 1931ൽ തുറന്നിട്ടുണ്ട്. എന്നാൽ ഇവിടെ തന്നെ മറ്റൊരു അറയുണ്ട്. ആ അറയിലാ‌ണ് ദൈവ ചൈതന്യം നില നിൽക്കുന്നതെന്ന് പറയപ്പെടുന്നത്.

ഈ അറയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യം വർദ്ധിക്കാനായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. 2011 ഓഗസ്റ്റിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തിയപ്പോൾ ആറാമത്തെ അറ തുറന്നാൽ ദൈവ കോപം ഉണ്ടാകുമെന്ന് തെളിഞ്ഞു.

1908ൽ ആറാമത്തെ അറ ചിലർ തുറക്കാൻ ശ്രമിച്ചതായും എന്നാൽ അറയിൽ മഹാ സർപ്പങ്ങളെ കണ്ട് ആളുകൾ ഭയന്ന് ഓടിയതായും എമിലി ഗിൽക്രിസ്റ്റ് ഹാച്ച് എന്ന ഒരു വിദേശ സഞ്ചാരി തന്റെ പുസ്തക‌ത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2011 ജൂൺ മാസത്തിൽ ഈ നിലവറയുടെ ‌രണ്ടാമത്തെ വാതിൽ തുറക്കാൻ ശ്രമി‌ച്ചപ്പോൾ. ജസ്റ്റിസ് സി എസ് രാജന്റെ കാലുമുറിഞ്ഞു. നിലവറയിൽ രക്തം വാർന്നതിനേത്തുടർന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.

ഈ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനും പ്രത്യേകതകൾ ഉണ്ട്. തഞ്ചാവൂർ ശൈലിയിൽ ആണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നൂറ് അടി ഉയ‌ര‌ത്തിൽ കൃഷ്ണ ശില ഉപയോഗിച്ചാണ് ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത്. ഏഴ് തട്ടുകളും, ഏഴ് സ്വർണ്ണ താഴികകുടങ്ങളും ഏഴ് കിളിവാതിലുകളും കിഴക്കേ ഗോപുരത്തിനുണ്ട്. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.

കടപ്പാട് – വാര്‍ത്താ ജാലകം.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply