തമിഴ് ഈഴ വിടുതലൈപ്പുലികൾ അല്ലെങ്കിൽ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയാണു്. എൽ.ടി.ടി.ഇ. എന്നു കൂടുതലായറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലായിരുന്നു ഈ സംഘടനയുടെ തുടക്കം.
1954 നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ, തമ്പി എന്നാണ് ശ്രീലങ്കൻ തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കരൈയാർ എന്ന താരതമ്യേന താഴ്ന്ന ജാതിയിൽ പിറന്ന പ്രഭാകരന് ദളിതരുടെയും പിന്നോക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ മേൽജാതിക്കാരെ ആക്രമിക്കലോ താഴ്ത്തലോ ചെയ്യാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും, സ്ത്രീകൾക്ക് തുല്യ അവകാശം നൽകുകയും, സ്ത്രീധനം നിരോധിക്കുകയും, ചെയ്ത പ്രഭാകരനും പുലികളും തമിഴ് ന്യൂനപക്ഷത്തിന്റെ പ്രത്യാശയായി മാറുകയായിരുന്നു. 1990 ന് മുമ്പുവരെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ഒളിപ്പോരും സായുധ പോരാട്ടവും അട്ടിമറി പ്രവർത്തനങ്ങളുമായി വളർന്നു വലുതായ എൽ.ടി.ടി.ഇ പിന്നീട് തമിഴ് സായുധ സംഘടനകളുമായി ഏറ്റുമുട്ടി മേൽകോയ്മ ഉറപ്പിച്ചു. രക്തരൂക്ഷിതമായ ഏറ്റുമുട്ടലും, ആക്രമണങ്ങളും, കൊലപാതകങ്ങളും വഴി മറ്റു സംഘടനകളെ ഇവർ തുടച്ചു നീക്കുകയായിരുന്നു.
വനിതാ റെജിമെന്റുകൾ ഉൾപ്പെടെ ഒട്ടേറെ സൈനിക വിഭാഗങ്ങളും ആത്മഹത്യാ സംഘങ്ങളും ഇവർക്കുണ്ടായിരുന്നു. തമിഴ് ജനതയുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.പലപ്പോഴും ശരിയായ അർത്ഥത്തിലുള്ള യുദ്ധവും മറ്റു സന്ദർഭത്തിൽ തീവ്രവാദ പ്രവർത്തനങ്ങളും ഒളിപ്പോരുമാണ് ഇവർ നടത്തിക്കൊണ്ടിരുന്നത് തമിഴ് പ്രദേശങ്ങൾക്ക് സ്വാതന്ത്രവും തമിഴർക്ക് തുല്യനീതിയും ആവശ്യപ്പെടുന്ന എൽ.ടി.ടി ഇ ക്ക് ഇത് വിമോചന സമരമായിരുന്നു. സർക്കാർ എൽ.ടി.ടി.ഇ ഉൾപ്പെടെയുള്ളെ എല്ലാ സായുധ തമിഴ് സംഘടനകളും നടത്തുന്നത് ഭീകരപ്രവർത്തനമായി കണക്കു കൂട്ടി.1983-ന് ശേഷം 65000 ആളുകൾ പോരാട്ടത്തിലും തീവ്രവാദ പ്രവർത്തനത്തിലും മരിച്ചെന്ന് കണക്കാക്കപ്പെടുന്നു. ശ്രീലങ്ക സ്വാതന്ത്രമായ കാലം മുതൽ സിഹള ഭൂരിപക്ഷമുള്ള സർക്കാരുകൾ തമിഴ് വിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ച് വന്നിരുന്നത്. എല്ലാ രംഗത്തും സിംഹളരെയും സിംഹള ഭാഷയും അവരോധിക്കാനുള്ള ശ്രമം തമിഴർക്കും തമിഴ് ഭാഷക്കും അവസരങ്ങൾ ഇല്ലാതാക്കി.
ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. 2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി. 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു. പ്രഭാകരന്റെ രക്തസാക്ഷിത്വം മെയ് 18-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി.ബി.സി.യോട് സമ്മതിച്ചു.
കടപ്പാട് – വിക്കിപീഡിയ.