അപകടങ്ങളും വാഹന ഇൻഷുറൻസും; അറിയേണ്ടതെല്ലാം..

തിരക്കേറിയ റോഡിൽ പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തപ്പോൾ മറ്റൊരു കാർ പിന്നിൽ ശക്തമായി ഇടിച്ചു. രണ്ടു കാറുകൾക്കും സാരമായ കേടു പറ്റി. പിറകിൽനിന്നു വന്ന കാറിന്റെ ഡ്രൈവറുടെ പേരിൽ കേസ് കൊടുത്താൽ മാത്രമേ തേഡ് പാർട്ടി ഡാമേജ് ആയി ഇൻഷുറൻസ് ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്. മാത്രമല്ല, ഫൈബർ ഭാഗങ്ങൾക്കു ക്ലെയിം കിട്ടില്ലെന്നും അനുവദനീയമായ കേടുപാടുകളിൽ പോലും ഡിപ്രിസിയേഷൻ കിഴിവു ചെയ്ത് മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ എന്നുമാണ് കമ്പനി പറയുന്നത്. കേസിന്റെ നൂലാമാലകൾ ഇല്ലാതെ യഥാർഥ നഷ്ടത്തിനു പരിരക്ഷ ലഭിക്കുന്ന പോളിസികൾ ഉണ്ടോ? എന്താണ് അവയുടെ പ്രത്യേകതകൾ?

A: അപകടത്തിൽ ആർക്കും പരുക്കു പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ആരുടെ ഭാഗത്താണ് കുറ്റം എന്ന് അന്വേഷിച്ചു കണ്ടെത്തി ആ കാറിന്റെ തേഡ് പാർട്ടി ഇൻഷുറൻസിൽനിന്ന് നഷ്ട പരിഹാരം ലഭിക്കണം. മാത്രമല്ല, കാറിനുണ്ടായ നഷ്ടങ്ങളിൽനിന്ന്, ഒഴിവാക്കപ്പെട്ട ഭാഗങ്ങളും ഡിപ്രിസിയേഷനും കഴിഞ്ഞ തുക മാത്രമേ നഷ്ടപരിഹാരമായി ലഭിക്കുകയുള്ളൂ. ഇതിനായി പോലീസ് നടപടികളും പുറമെ കോടതി നടപടികളും കാലതാമസവും ഉണ്ടാകും. കാറുകൾക്കു വന്ന യഥാർഥ നഷ്ടം പൂർണമായി പരിഹരിച്ചു കിട്ടുകയാണ് രണ്ടു പേർക്കും ആവശ്യം.

കോംപ്രിഹെൻസീവ് ഇൻഷുറൻസ് കവറുള്ള രണ്ടു വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതുമൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്കു നിയമ നടപടികളുടെ നൂലാമാലകൾ ഇല്ലാതെ പരിഹാരം കാണുന്നതിന് ‘നോക് ഫോർ നോക്’ എഗ്രിമെന്റുകൾ പോളിസികളുടെ ഭാഗമാക്കാം. യഥാർഥത്തിൽ ഉണ്ടായ നഷ്ടം കിഴിവുകൾ ഒന്നും കൂടാതെ പരിഹരിച്ചു നൽകുന്നതിനായി ‘ബംബർ ടു ബംബർ’ പോളിസികളും എടുക്കാം.

തേഡ് പാർട്ടി എന്നാൽ  : നിയമപരമായി എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസുള്ള വാഹനം മറ്റുള്ളവരുടെ ശരീരത്തിൽ പരുക്ക് ഉണ്ടാക്കുമ്പോഴോ ജീവനെടുക്കുമ്പോഴോ നഷ്ടപരിഹാരം നൽകുന്നവയാണ് തേഡ് പാർട്ടി ഇൻഷുറൻസ്. ഇതോടൊപ്പം തന്നെ മറ്റു വാഹനങ്ങൾക്കോ മറ്റുള്ളവരുടെ വസ്തുവകകൾക്കോ ഉണ്ടാക്കുന്ന നഷ്ടവും ഇൻഷുറൻസ് കമ്പനി പരിഹരിക്കും. വസ്തുവകൾക്കുണ്ടാകുന്ന നഷ്ടം പരമാവധി 7,50,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. നഷ്ടപരിഹാരം ലഭിക്കാൻ നിയമ നടപടികൾ പൂർത്തീകരിക്കാനുള്ള കാലതാമസമുണ്ടാകും.

കോംപ്രിഹെൻസീവ് പോളിസികൾ : മറ്റുള്ളവർക്ക് ഉണ്ടാകുന്ന നഷ്ടം കൂടാതെ സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കു കൂടി പരിരക്ഷ ലഭിക്കുന്നതിനായിട്ടാണ് കോംപ്രിഹെൻസീവ് പോളിസികൾ എടുക്കുന്നത്. വാഹനം പഴയതാകുമ്പോൾ ഉണ്ടാകുന്ന തേയ്മാനങ്ങൾക്കനുസരിച്ച് ഡിപ്രിസിയേഷൻ നിരക്കിൽ വില കുറയും. ഇത്തരത്തിൽ കുറഞ്ഞ വില മാത്രമേ സം ഇൻഷ്വേർഡ് ആയി അനുവദിക്കുന്നുള്ളൂ. കൂടാതെ ക്ലെയിം ഉണ്ടാകുമ്പോൾ, മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നിർബന്ധമായും കുറയ്ക്കുന്നു. ക്ലെയിം ആവശ്യമില്ലായെന്ന് തോന്നുന്ന ഭാഗങ്ങൾ വാഹനമുടമയ്ക്കു സ്വയം ഒഴിവാക്കി പ്രിമീയം കുറയ്ക്കുകയുമാകാം.  കോംപ്രിഹെൻസീവ് പോളിസികളിൽ ക്ലെയിം വാങ്ങിയാൽ, അടുത്ത വർഷം നോ ക്ലെയിം ബോണസ് എന്ന പേരിൽ പ്രീമീയം കുറയ്ക്കൽ ഉണ്ടാവില്ല. ഇങ്ങനെ പല കാരണങ്ങളാൽ കോംപ്രിഹെൻസീവ് പോളിസികളിൽ യഥാർഥത്തിൽ ഉണ്ടായ നഷ്ടം പൂർണ്ണമായും ക്ലെയിമിലൂടെ ലഭിക്കുന്നില്ല.

ബംബർ ടു ബംബർ  : കോംപ്രിഹെൻസീവ് പോളിസികളിൽ ബംബർ ടു ബംബർ സവിശേഷതകൾ കൂടി ഉൾപ്പെടുത്തി എടുക്കാവുന്നതാണ്. ക്ലെയിം ഉണ്ടാകുമ്പോൾ ഡിപ്രിസിയേഷൻ ആനുപാതികമായി നഷ്ട പരിഹാരത്തുക കുറയ്ക്കില്ലെന്നതിനാൽ സീറോ ഡിപ്രിസിയേഷൻ പോളിസിയാണ് ബംബർ ടു ബംബർ. മാത്രമല്ല, ലോഹം, റബർ, ഫൈബർ എന്നിങ്ങനെ വിവിധതരം വാഹന ഭാഗങ്ങൾക്കുണ്ടാകുന്ന നഷ്ടം ഉൾപ്പെടുത്തുക വഴി യഥാർഥത്തിൽ 100% പരിഹാരം നൽകുന്ന പോളിസികളുമാണ് ബംബർ ടു ബംബർ. ഇത് ഒരു ആഡ് ഓൺ സവിശേഷതയായതിനാൽ അധിക പ്രീമിയം നൽകേണ്ടതുണ്ട്. മൂന്നു വർഷത്തിനുമേൽ പഴക്കമുള്ള കാറുകൾക്ക് ഇത്തരം പരിരക്ഷ ലഭ്യമല്ല. ഓയിൽ ലീക്കേജ്, ക്ലെച്ചുകൾ, ബെയറിങ്ങുകൾ, ടയറുകളുടെ തേയ്മാനം എന്നിങ്ങനെ ചില ഘടകങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. ക്ലെയിം ലഭിക്കണമെങ്കിൽ അപകടങ്ങളിൽ നിയമലംഘനം ഉണ്ടായിട്ടില്ലെന്നതും ഡ്രൈവർ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നതും നിർബന്ധമാണ്.

നോക് ഫോർ നോക് : കാർ ഇൻഷുർ ചെയ്യുന്ന കമ്പനികളെല്ലാം അംഗങ്ങളായ ജനറൽ ഇൻഷുറൻസ് കൗൺസിൽ വിഭാവന ചെയ്ത ഒരു അധിക കരാറാണ് ‘നോക് ഫോർ നോക്’. ഇത്തരം എഗ്രിമെന്റുകൾ പോളിസിയുടെ ഭാഗമായി എല്ലാ പോളിസി ഉടമകളും ഒപ്പിട്ട് നൽകുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുള്ള രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ സ്വന്തം കോംപ്രിഹെൻസീവ് പോളിസികളിൽനിന്ന് പരിഹാരം തേടുന്നതിനു വഴിയൊരുക്കും. കാലതാമസമെടുക്കുന്ന നിയമനടപടികൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ‘നോക് ഫോർ നോക്’ എഗ്രിമെന്റ് ഉണ്ടെങ്കിൽ പോലും അശ്രദ്ധ മൂലം അപകടം വരുത്തിയ ഡ്രൈവർക്കെതിരെ അവരുടെ വാഹനത്തിന്റെ തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിം നടപടികൾ ആരംഭിക്കുന്നതിനുള്ള അവകാശം റദ്ദ് ചെയ്യപ്പെടുന്നില്ല.

Source – http://www.manoramaonline.com/fasttrack/auto-tips/2017/11/27/vehicle-insurance-details.html

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply