ഹൃദയത്തെ തൊടുന്ന ഈ ലേഖനം എഴുതിയത് – ഷിജു കെ.ലാൽ.
പഴയ മണാലി ടൗണും ക്ഷേത്രവും ഗ്രാമീണരുടെ വീടുകളും ജീവിതവും കണ്ടു അലസമായി നടന്നു ഒരു ഹോട്ടലിനു സൈഡിൽ വിശ്രമിക്കാൻ നിൽക്കവേ ആണ് ആ രണ്ടു പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്, ഒരാൾ കാണുവാൻ നല്ല സുന്ദരൻ ആണ് തണുത്ത പ്രദേശങ്ങളിൽ ഉള്ള നായകൾക്കു നല്ല രോമാവൃതമായ ശരീരം ആണ് ലഭിക്കുക എന്നു കേട്ടിട്ടുണ്ട് ഇവൻ ആ വിഭാഗത്തിലെ ഒരു സുന്ദരൻ എന്നു കാഴ്ച്ചയിൽ ബോധ്യമായി, മറ്റവൻ നേരെ വിപരീതനാണ്, ഉറച്ച ശരീരം, മേലാകമാനം കടിപിടി കൂടിയ പാടുകൾ, വലതു ചെവി ഏതോ കടിപിടിയിൽ മുറിഞ്ഞു പോയതാവണം മുറിപ്പാടുകൾ ഉണങ്ങിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം അവൻ ഗജപോക്കിരി ആയ തനി തെരുവു നായ.
പൊതുവെ വളർത്തുമൃഗ വിരോധി ആയ ഞാൻ അവരിൽ നിന്നും അകലം പാലിച്ചു തന്നെ നിന്നു, ഹോട്ടലിനോട് ചേർന്നുള്ള പാറയിൽ കയറി നിന്നാൽ മഞ്ഞുമലകളുടെ മനോഹര ദൃശ്യം കാണാം. നായകൾ ഓടി നടക്കുന്നതിനാൽ ഞാൻ അവിടേക്ക് പോകാതെ പിറകിൽ നിന്നു, ആ നിമിഷം വലീദും ഹാഷിമും മഞ്ഞുമലകളുടെ കാഴ്ചയിൽ മുഴുകി നിൽക്കുമ്പോൾ കാഴ്ച്ചകൾ ആസ്വദിക്കുവാൻ അവർകിടയിൽ കാണുവാൻ ചേലുള്ള ആ നായ കയറി നിന്നും.. മൂന്നു പേരും ഒരു മനസ്സുപോലെ കാഴ്ച്ചകൾ ആസ്വദിക്കുന്ന ആ മനോഹര ദൃശ്യം ഞാൻ അപ്പോൾ തന്നെ പകർത്തുകയും ചെയ്തു.
മറ്റുള്ളവർ വീട്ടിൽ പുന്നാരിച്ചു വളർത്തിയിട്ടു നമ്മളോട് പറയും അവൻ പാവം ആണ് ഒന്നും ചെയ്യില്ല എന്നൊക്കെ .. ആ ജാദി സാധനങ്ങൾ എനിക്ക് ചെറുപ്പത്തിൽ തന്നെ ഒന്നു രണ്ടു പണികൾ തന്നത് കൊണ്ട് ഞാൻ ആ വർഗത്തെയും, വളർത്തുന്നവരുടെയും വാക്കുകൾ ഇപ്പോൾ ചെവിക്കൊള്ളേറെ ഇല്ല എന്നതാണ് സത്യം. അങ്ങനെ ഇരിക്കവേ ആണ് യാദൃശ്ചികമായി ഞങ്ങളുടെ ഒരു ദീര്‍ഘദൂര ട്രക്കിങ്ങിൽ ഈ രണ്ടു നായകളും സഹയാത്രികർ ആവുന്നത്.
വിശ്രമശേഷം നടന്നു തുടങ്ങിയ ഞങ്ങൾക്കിടയിലൂടെ ഒരാൾ മാത്രം നടക്കാൻ വീതി ഉള്ള വഴികളില്‍ അവർ രണ്ടുപേരും ഓടി നടന്നു.പൈന്മരങ്ങളും ഇടതൂര്‍ന്നു വളരുന്ന വൃക്ഷങ്ങളും നിറഞ്ഞ കാട്ടു പ്രദേശത്ത്കൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു, ഇടയ്ക്കു താഴെ ശാന്തമായി ഒഴുകുന്ന ബീസ് നദിയും വിളവെടുപ്പ് കഴിഞ്ഞു നഗ്നരായി നില്ക്കുന്ന ഓറഞ്ചു തോട്ടങ്ങളും കാണാമായിരുന്നു,തണുപ്പിരച്ചു കയറുന്ന ആ കാട്ടിലൂടെ ഓടി നടക്കുന്ന നായകളിൽ നിന്നും അപ്പോഴും ഞാന്‍ നല്ല അകലം പാലിച്ചിരുന്നു.
കാട്ടിലൂടെ ഉള്ള യാത്രക്കിടെ പ്രാദേശിക വസ്ത്രധാരിണി ആയ ഒരു യുവതി വെട്ടുകത്തിയും ആയി ഇടക്ക് ഞങ്ങളുടെ യാത്രയിൽ അംഗമായി, ചോദിച്ചപ്പോൾ അവർ വിറകു ശേഖരിക്കുവാൻ പോവുക ആണ് എന്ന് പറഞ്ഞു. അവരുടെ വസ്ത്രധാരണം വളരെ മനോഹരവും കൗതുകം കലർന്നതും ആയിരുന്നു 😱, ആ കൗതുകത്തിനു ഹാഷിമിനു അവരുടെ ഒരു ഫോട്ടോ എടുക്കണം എന്നു ആഗ്രഹം ഉദിച്ചു📸. അവനു ഹിന്ദി അറിയാത്തതിനാൽ ആ ചുമതല അവൻ എന്നെ ഏൽപ്പിച്ചു. അവരുടെ കയ്യിലെ വെട്ടുകത്തിയുടെ മൂർച്ച ഈയിടെ കൂട്ടിയതാണ് എന്നു ഞാൻ അപ്പോൾ ഓർത്തു 🙄🤔, അതുകൊണ്ടു ഹിന്ദിയിൽ അവരോടു നാട്ടു വിശേഷങ്ങൾ ചോദിച്ച ശേഷം അവർ സമ്മതിച്ചില്ല എന്നു ഞാൻ അവനെ അറിയിച്ചു. കുറച്ചു നേരം വിഷാദ ഭാവത്തിൽ നടന്നു എങ്കിലും അവർ വേറെ വഴിക്ക് ഉൾക്കാട്ടിലേക്ക് കേറി പോയതിനാൽ അവൻ വീണ്ടും യാത്രയുടെ ട്രാക്കിലേക്കു വന്നു.
കാടു വഴികളില്‍ നിന്നും നാട്ടുവഴികളില്‍ ഇറങ്ങി യാത്ര തുടർന്നു കൊണ്ടിരുന്നു , ഇടക്ക് വിശ്രമിക്കുമ്പോൾ വലീദ് നായകൾക്കു ബിസ്കറ്റും ലൈസും നൽകി, അവരുടെ ലക്ഷ്യവും ആ ഭക്ഷണം തന്നെ ആയിരിക്കാം. യാത്ര പകുതി ആയ സമയത്താണ് ആ സുന്ദരൻ നായ ഞങ്ങളെ ഉപേക്ഷിച്ചു വേറെ എങ്ങോ പോയ് മറഞ്ഞത്, കാരണം അത്ര നേരം അവയോടുള്ള ഭയം കൊണ്ടോ വേറുപ്പുകൊണ്ടോ, എന്റെ കണ്ണുകൾ അവരുടെ മേൽ തന്നെ ഉണ്ടായിരുന്നു. പക്ഷെ തെരുവു നായ ഇടക്കൊക്കെ റോഡിൽ നിന്നും മാറി പോകും എങ്കിലും ഞങ്ങളുടെ മുന്നിലും പിന്നിലും എന്തൊക്കെയോ മാർക് ചെയ്തു പോകും പോലെ നടന്നുകൊണ്ടിരുന്നു. വലീദ് അവനു ഇടക്ക് ഭക്ഷണം നല്കികൊണ്ടിരുന്നു. വലീദിന്റെ നിർദേശപ്രകാരം എല്ലാവരും ട്രെക്ക് ചെയ്തു പോകുന്ന റൂട്ടിൽ നിന്നും ഞങ്ങൾ നാട്ടുവഴികളും മലകളും ഉള്ള പാതയിൽ നടത്തം തുടർന്നു, ഞങ്ങളുടെ പിന്നാലെ തന്നെ അവനും…!!!
ആ നടത്തം ഞങ്ങളെ ഒരു മലയുടെ താഴ്വാരത്തു എത്തിച്ചു, ഹിമവാനോട് ചേർന്നു നിന്നു കഥകൾ പറയുന്ന മാമലകള്‍ ഞങ്ങളെ അങ്ങോട്ട് മാടിവിളിക്കും പോലെ തോന്നി നടത്തം തുടര്‍ന്നു, ഒരു പരിധി കഴിഞ്ഞാല്‍ ഗ്രാമീണരുടെ വീടുകള്‍ പോലും ഇല്ലാത്ത ആ വഴിയില്‍ വല്ലപ്പോഴും വിറകു ശേഖരിച്ചു വരുന്നവരോട് മലമുകള്‍ ചൂണ്ടി കാണിച്ചു വഴി ചോദിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്ക് വഴി ഒന്നും ഇല്ലാതെ ഇരിക്കവേ ഞങ്ങൾ തന്നെ വഴികൾ ഉണ്ടാക്കി കയറുവാന്‍ തീരുമാനിച്ചു, കയറും തോറും അടുത്ത മലയിലേക്കും അവിടെ നിന്നും അടുത്ത മലയിലേക്കും ഏതോ അദൃശ്യ ശക്തി കൈപിടിച്ചു കൊണ്ടു പോകും പോലെ ഞങ്ങൾ യാത്ര തുടർന്നു കൊണ്ടിരുന്നു. കുറെ നേരം എന്റെ ശ്രദ്ധ അതിൽ മാത്രം ആയതു കൊണ്ടായിരിക്കാം ഞാൻ അവനെ കണ്ടതെ ഇല്ല, പക്ഷെ എന്നെ തനിച്ചാക്കി മറ്റു രണ്ടുപേരും കൂടുതൽ ഉയരത്തിലേക്ക് കയറി പോയപ്പോൾ ആ മല മുകളിലേക്ക് അവൻ കയറി വരുന്ന കാഴ്ച്ച ഒരല്പം ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നു.
ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കാൻ ആവുന്നു, ഇരുൾ വീണാൽ നല്ല വഴികൾ പോലും ഇല്ലാത്ത സ്ഥലത്തു നമ്മൾ പെട്ടു പോകും എന്ന് ഞാൻ അവരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു, കയ്യിൽ ഒരു ടോർച്ചുള്ളതാണ് ഏക ആശ്വാസം. നായ എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് , ഇവന്മാർ ആരേം വന്നാലെ എനിക്ക് രക്ഷഉള്ളൂ എന്ന ചിന്തയും എന്നെ അലട്ടി കൊണ്ടിരുന്നു, വൈകാതെ അവർ എത്തി, കുറച്ചു നേരം ഞങ്ങൾ എല്ലാം ആ മലഞ്ചരിവിൽ മഞ്ഞു മലകളെയും നോക്കി ഇരുന്നു.
നായ ഹാഷിമിനോടും വലീദിനോടും നല്ലപോലെ അടുത്തിരിക്കുന്നു, എന്നോട് അടുക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല എന്നത് മറ്റൊരു സത്യവും. എന്നാലും ആ മലഞ്ചരിവിൽ ഇരിക്കവെ ആദ്യം ആയി ഞാൻ സ്നേഹത്തോടെ ഒരു പട്ടിക്ക് ബിസ്കറ്റുകൾ എറിഞ്ഞു കൊടുത്തു. ഏറെ നേരത്തെ നടത്തം കാരണം അവനും അതു കഴിച്ചു വിശ്രമത്തിൽ ആണ്ടു. ഹിമവാന്റെ അദൃശ്യ ശക്തികള്‍ ഞങ്ങളെ എത്തിച്ച മലമുകളില്‍ നിന്നും അതിമനോഹര ദ്രിശ്യങ്ങള്‍ ആസ്വദിച്ചു സ്വപ്ന യാത്രകളും കഥകളും അയവിറക്കി സമയം നീങ്ങി. 14 കിലോമീറ്റർ എന്നു പറഞ്ഞു തുടങ്ങിയ യാത്ര 20 നു മുകളിൽ ആയിട്ടുണ്ട് എന്നു ഗൂഗിൾ അമ്മായി പറഞ്ഞു. വരും പോലെ അല്ല തിരികെ ഉള്ള നടത്തം; അതാണ് ഏറെ ശ്രമകരം. രാവിലെ കഴിച്ച മാഗി അല്ലാതെ ഇതുവരെ ബർബോണ് ബിസ്കറ്റും ഇച്ചിരി ലൈസും മാത്രം ആണ് ഞങ്ങൾ കഴിച്ചിരുന്നത്, അതിൽ നല്ലൊരു പങ്ക് നായകൾക്കും നൽകി. മലകൾ കേറി കീഴടക്കാൻ ഉള്ള ഉത്സാഹത്തിൽ ആരും വിശപ്പിനെ ഓർത്തില്ല എന്നു തന്നെ പറയാം..! പക്ഷെ വിശ്രമിച്ചപ്പോൾ വിശപ്പിന്റെ ഓർമ്മകൾ എല്ലാവരെയും തേടി വരുന്നുണ്ട്.
ഇരുൾ മൂടുന്നു ഞങ്ങൾ തിരികെ ഇറക്കം ആരംഭിച്ചു, വഴി കൺഫയൂഷൻ ആവുമ്പോൾ ഞങ്ങള്‍ അവൻ പോകുന്ന വഴികൾ നോക്കി നടന്നു താഴ്വരയിലെ റോഡിൽ എത്തി, അപ്പോഴേക്കും സൂര്യൻ മലഞ്ചരിവിൽ ഒളിച്ചിരുന്നു, ഗ്രാമത്തിലെ റോഡിൽ തെരുവുവിളക്കുകൾ ഒന്നും ഇല്ല, ഇവൻ ആണെങ്കിൽ ഓട്ടത്തിനു സ്പീഡ് കൂട്ടിയിരിക്കുന്നു, പക്ഷെ ഞങ്ങളെ ഏറെ നേരം കാണാതാവുമ്പോൾ അവൻ തിരികെ വന്നു നോക്കി പോകുന്ന കാഴ്ച്ച എന്റെ മനസ്സിനെ അവനോടു അടുപ്പിക്കുകയായിരുന്നു. പിന്നീട് എന്റെ ഓരോ ചുവടും അവനെ മാത്രം നിരീക്ഷിച്ചുകൊണ്ടായി. ചില തെരുവിൽ അവിടത്തെ ഗുണ്ടകൾ ഇവനെ വിരട്ടി ഓടിക്കാനും ചിലപ്പോൾ ഇവൻ അവരെ ഓടിക്കാൻ ശ്രമിക്കുന്നതും ഞാൻ കൗതുകത്തോടെ നോക്കി നടന്നു. ഒരു ഘട്ടത്തിൽ ഇവനെ ഓടിച്ച ഗുണ്ടകളെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു എറിഞ്ഞോടിച്ച നിമിഷങ്ങൾ വരെ ഉണ്ടായി.
ഇവൻ മുന്നേ ഓടിപ്പോയി ഞങ്ങളെ ആക്രമിച്ചേക്കാവുന്ന തെരുവ് ഗുണ്ടകളോട് അടിപിടി ഉണ്ടാക്കുക ആണോ എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഒരോ ബൗ ബൗ ശബ്ദത്തിനു ശേഷവും ശാന്തനായി പിറകെ നടന്നു വരുന്ന ഞങ്ങളുടെ അടുത്തേക്ക് അവൻ ഓടി വന്നിരുന്നു. പുസ്തകങ്ങളിൽ മാത്രം വായിച്ച നായ എന്ന വിശ്വസ്ഥനായ ഭൃത്യന്റെ കഥ ഒരു പ്രേക്ഷകൻ എന്ന പോലെ എന്റെ മുന്നിൽ സംഭവിച്ചുകൊണ്ടിരുന്നു. എന്റെ ഓരോ കണ്ണും റോഡിനേക്കാൾ കൂടുതൽ അവന്റെ ചലനങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. നടത്തിനിടയിൽ ഞാൻ അവനു പല പേരുകളും നൽകി വിളിക്കുവാൻ തുടങ്ങിയിരുന്നു. ചിലപ്പോൾ ഗബ്രിയേല്‍, ചിലപ്പോൾ കൈസർ, അങ്ങിനെ എന്തൊക്കെയോ…!!!
അന്തം ഇല്ലാത്ത വഴികൾ പോലെ റോഡ് നീണ്ടു കിടക്കുന്നു എത്ര നടന്നിട്ടും കാട് അവസാനിച്ച വഴി എത്തുന്നും ഇല്ല, വിശപ്പ് ഞങ്ങളെ മൂവരെയും കടന്നാക്രമിക്കുവാൻ തുടങ്ങിയിരിക്കുന്നു, വഴിയിൽ എവിടെയും ഒരു കട പോലും ഇല്ല എന്നത് വരുമ്പോഴേ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ടൌൺ എത്താതെ വേറെ വഴി ഇല്ല എന്നു ഉറപ്പാണ്. ഞങ്ങളുടെ നടത്തം മെല്ലെ ആയെങ്കിലും അവൻ ഉഷാറോടെ വന്ന വഴി പരിശോധിച്ചു മുന്നോട്ടു പോകുന്നുണ്ട്. ഇടക്ക് ഏറെ നേരം അവനെ കാണാതായപ്പോൾ ഹാഷിം പറഞ്ഞു അവൻ പോയി കാണും ഇനി ഭക്ഷണം ഒന്നും ഇല്ലല്ലോ നമ്മളെ കയ്യിൽ. ഇരുൾ മൂടിയ ആ വഴികളിൽ എങ്ങോ അവൻ മാഞ്ഞുപോയി എന്നു എനിക്കും തോന്നി. ടൗണിൽ എത്തിയാൽ അവനു ഒരു പേക്ക് ബിസ്കറ്റു വേടിച്ചു കൊടുക്കണം എന്നു ഞാൻ ഹാഷിമിനോട് നേരത്തെ പറഞ്ഞിരുന്നു. അതു അവനു മിസ്സ് ആയല്ലോടാ എന്നു പറഞ്ഞു ഒരു ചുവടു മുന്നോട്ടു വെക്കവേ ആ വളവില്‍ അവൻ ശാന്തനായി ഞങ്ങൾ വരുന്നതും നോക്കി ഇരിക്കുന്ന കാഴ്ച കണ്ടു.
കാടുവഴി ആരംഭിക്കുന്നിടതാണ് അവന് ഞങ്ങളെ കാത്തിരുന്നത്, ഇനി കാടുവഴി പിടിക്കണോ വേണ്ടയോ എന്നു ശങ്കിച്ചു ഞങ്ങള്‍ നില്ക്കുമ്പോഴേക്കും അവന് ഞങ്ങള്‍ക്ക് ഉത്തരം നല്കികഴിഞ്ഞിരുന്നു, അവന് റോഡു വഴിയിലൂടെ നടത്തം തുടര്‍ന്നു അവനു പിന്നാലെ ഞങ്ങളും, ഇടക്കൊക്കെ വഴിയില്‍ കാണുന്ന പല നായകളും ആയി അവന് കയര്‍ക്കുകയും ചിലരെ ഒക്കെ സുഹൃത്തുക്കള്‍ തോളില്‍ കൈ ഇട്ടു നടക്കും പോലെ ചേര്‍ത്തു പിടിച്ചു നടന്നും വരുന്നത് കാണുമ്പോള്‍ മനസ്സില്‍ നായകളോടുള്ള വിദ്വേഷത്തിന്റെ മഞ്ഞുമല മെല്ലെ ഉരുകുകയായിരുന്നു.
ആ ഇരുൾ അടഞ്ഞ പാതയിലൂടെ നേർത്ത ടോർച്ച് വെളിച്ചത്തിൽ നടക്കവേ എന്റെ മനസ്സു മറ്റു പല ചിന്തകളിലും കാടുകയറുക ആയിരുന്നു. അവന് ജനിച്ചുവളര്‍ന്ന നാട്ടില്‍ നാടും ഭാഷയും നാട്ടുകാരെയും അറിയാതെ വന്നുപെടുന്ന രണ്ടുകാലില്‍ നടക്കുന്ന മനുഷ്യവര്‍ഗത്തിന് അവര്‍ അവര്‍ക്ക് തന്നെ കല്‍പ്പിച്ചിട്ടുള്ള വേര്‍തിരിവുകള്‍ എന്താണ് എന്നു പോലും ചിന്തിക്കാതെയും അറിയാതെയും എല്ലാവരെയും തുല്യരായി കണ്ടുകൊണ്ടു അവന് എത്രയോപേര്‍ക്ക് വഴികാട്ടി ആയിട്ടുണ്ടാവും..??? അവനും ഒരു ജീവിതം ഉണ്ട് അതില്‍ സുഖവും ദുഖവും വേദനകളും ഉണ്ടായിട്ടുണ്ടാവും, അതില്‍ എല്ലാം ഉപരിയായി നിസ്വാര്‍ത്ഥമായ വിശപ്പിനാല്‍ പലര്‍ക്കും വഴികാട്ടി ആവുവാന് ഉള്ള നിയോഗവും അവനുണ്ട്.ഒരു തരത്തില്‍ അവന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലും, അവന്റെതു മാത്രമായ നിയമങ്ങളുടെയും, ലോകത്ത് നീന്തിതുടിക്കുന്ന ഭാഗ്യവാന് ആണ്. അവന്റെ കണ്ണില്‍ നമ്മള് ആരായിരിക്കും…?? അന്ന് അവനു അന്നം നല്കുന്ന അന്നദാതാവോ..? സുഹൃത്തോ..?? വഴിപോക്കാരോ..?? അറിയില്ല എന്തായാലും ഇവനു ടൌണില്‍ എത്തിയ ഉടനെ ഒരു പാക് ബിസ്കറ്റ് വേടിച്ചു നല്കിയിട്ടേ റൂമില്‍ പോകൂ എന്നുറപ്പ്. പക്ഷെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു പ്രവചിക്കാന്‍ മനുഷ്യന് കണ്ടുപിടിച്ച ഒരു ടെക്നോളജിക്കും ഇതുവരെ സാധിക്കാത്തത് കഷ്ടം തന്നെ ഡിങ്കാ…!!!
ഇരുളടഞ്ഞ പാതകള്‍ പിന്നിട്ടു ഞങ്ങള്‍ നഗര ഹൃദയത്തോട് അടുത്തു തുടങ്ങിയിരുന്നു, പാതകള്‍ക്ക് ഇരുവശവും സീസന് അല്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും കാണാം, ചിലതില്‍ ഒക്കെ ആളുണ്ട്, താഴെ ബീസ് നദി രോഷാകുലമായി ഒഴുകുന്ന ശബ്ദം കേൾക്കാം. പക്ഷെ ആ വഴിയില്‍ ഒന്നും തന്നെ ബിസ്കറ്റ് പാക്കെങ്കിലും വേടിക്കുവാന് ഒരു ചെറു കടപോലും കാണുവാനില്ല, രാവിലെ തുടങ്ങിയ നടത്തം കാലുകളില്‍ ക്ഷീണമായി രൂപാന്തരം പ്രാപിക്കുന്നുണ്ട്, നടത്തം വീണ്ടും മെല്ലെ ആവുന്നു, പക്ഷെ എന്റെ സുഹൃത്തുക്കള്‍ ഒരേ താളത്തില്‍ തന്നെ നടന്നു നീങ്ങുന്നുണ്ട്, പതിയെ ഞാനും അവനും പിന്നില്‍ ആയി, ഒരു വളവു തിരിയവേ മുകളില്‍ കണ്ട ഒരു ഹോമ്സ്റെയിലേക്ക് അവന് കയറി പോയി, അവിടെ മറ്റേതോ നായയെ അവ്യക്തമായി കാണാം. അവര്‍ അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ ആ സംസാരം എന്റെ മനസ്സില്‍ മാഞ്ഞുതുടങ്ങിയ ഭീതിയെ വീണ്ടും വിളിച്ചുണര്തുന്നതായി എനിക്ക് തോന്നി.
കൂട്ടുകാര്‍ എന്തൊക്കെയോ സീരിയസ് സംസാരത്തില്‍ മുന്നില്‍ നടന്നു പോകുന്നുണ്ട്, അവരുടെ ശ്രദ്ധയെ എന്നിലേക്ക് ക്ഷണിക്കാന്‍ ഉള്ള അകലം കൂടി പോയിരിക്കുന്നതായി എനിക്കു മനസ്സിലായി, ആ റോഡില്‍ ഞാനും കുരച്ചുകൊണ്ടു മുകളിലെ വീട്ടില്‍ നിന്നും പാഞ്ഞു വരുന്ന അന്യനായ ആ നായയും മാത്രം, ഞങ്ങളുടെ വഴികാട്ടി ആയി ഇത്രനേരം വന്ന കൈസര്നെ എവിടെയും കാണുന്നും ഇല്ല, എന്റെ ഉള്ളിലെ ഹോര്‍മോണുകള്‍ ജാഗ്രതാ സന്തേശം കൈകളിലേക്ക് അയച്ച നിമിഷത്തില്‍ തന്നെ ഞാന്‍ ഒരു കല്ല് കര്സ്ഥമാക്കി കഴിഞ്ഞിരുന്നു, പക്ഷേ അതു ആ നായക്ക് നേരെ എറിയാന്‍ എന്റെ ഹൃദയം കൈകളെ അനുവദിച്ചില്ല. അതു വെറും ഒരു ആങ്ങ്യമായി കൈകള്‍ താഴേക്കു പതിക്കുന്ന വേളയില്‍ ഇരുളില്‍ ഇന്നും കൈസര്‍ വെളിച്ചത്തിലേയ്ക്കു ഓടി വന്നു, എന്റെ ആ ആക്ഷന്‍ എന്താണ് എന്നു കൃത്യമായി അറിയുന്ന അവന് ഒന്നു തിരിഞ്ഞുപോലും നോക്കാതെ ഓടി അകലുമ്പോള്‍ എന്റെ ഹൃദയത്തിന്റെ ഒരു ജാലകം അവിടെ വീണുടഞ്ഞു. കല്ല് ദൂരേക്ക് എറിഞ്ഞ ശേഷം അവനെ തിരികെ വിളിക്കാന്‍ ഞാന്‍ എന്തൊക്കെയോ ആങ്ങ്യങ്ങളും ശബ്ദങ്ങളും ഉണ്ടാക്കി എങ്കിലും അതൊന്നും ചെവികൊള്ളാതെ അവര്‍ രണ്ടും ഇരുളില്‍ മാഞ്ഞു പോയി.
അവനു മുന്നില്‍ ആ വീഥിയില്‍ ഞാന്‍ ഹൃദയം ഇല്ലാത്ത ഒരു നികൃഷ്ഠ ജീവിക്കു തുല്യന്‍ ആയി, ഇത്രനേരം ഞങ്ങളെ സുരക്ഷിതരായി നഗരത്തില്‍ എത്തിക്കുവാന്‍ പലതും ചെയ്ത അവനെ ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ ഒരു ആങ്ങ്യം കൊണ്ട് ആട്ടി ഓടിച്ച ക്രൂരന് ആയി. എന്റെ മനസ്സു പിടഞ്ഞു ഇനി എങ്ങിനെ ഞാന്‍ അവനോടുള്ള കടം വീട്ടും..??
എന്റെ നടത്തം വീണ്ടും മെല്ലെ ആയി, ദൂരെ നിന്നും കൂട്ടുകാര്‍ വിളിക്കുന്നുണ്ട്, പക്ഷെ തകര്‍ന്ന മനസ്സും കുഴഞ്ഞ കാലുകളും എന്നെ അവരിലേക്ക് എത്തിക്കുവാന്‍ നന്നേ പാടുപെട്ടു. റൂമില്‍ തിരികെ എത്തി ബാഗിലെ സാധങ്ങള്‍ ഒക്കെ ഒഴിവാക്കുമ്പോള്‍ അടിയില്‍ ആയി അന്ന് ഞങ്ങള്‍ വാങ്ങിയ ബര്ബോന് ബിസ്കറ്റിന്റെ ഒരു പൊതി എന്റെ കയ്യില്‍ തടഞ്ഞു, ആ ദിവസം നല്കിയ എല്ലാ മനോഹര കാഴ്ച്ചകളും അറിവുകളും നിമിഷങ്ങളും ആ ബിസ്കറ്റ് പൊതി കണ്ട മാത്രയില്‍ ഇരുള് മൂടി, എന്റെ മനസ്സു കണ്ണുകളും ആയി സംസാരിക്കുന്നതു മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഞാന്‍ പുറത്തേക്കിറങ്ങി, തണുത്തു വിറക്കുന്ന കാലവസ്ഥയിലും ഞാന്‍ ഒരു നിര്‍വികാര ജീവിയെ പോലെ അകലെ കാണുന്ന മഞ്ഞുമലകളിലേക്ക് നോക്കി നിന്നു ആ നിമിഷം ഞാന്‍ സ്വയം പറഞ്ഞു അതെ ഞാന്‍… ഞാന്‍ ആണ് ആ നന്ദി ഇല്ലാത്ത നായ.
ഇനി എന്നെകിലും അവിടെ പോകുമ്പോള്‍ അവനെ കാണുമോ എന്നറിയില്ല , ഇനി നിങ്ങള്‍ ആരെങ്കിലും അവനെ കണ്ടാല്‍ എനിക്കു വേണ്ടി, അല്ലെങ്കില്‍ മനുഷ്യ കുലത്തിന്റെ വറ്റാത്ത നന്മക്കു വേണ്ടി ഒരു ബര്ബോന് അവനു വാങ്ങി നല്‍കണം എന്നു അപേക്ഷ.