നിൻ ബിൻ — പ്രകൃതിയുടെ ശില്പ ചാരുത; വിയറ്റ്നാം കാഴ്ചകള്‍…

ഹലോങ് ബേയിൽ കടലിൽ നിന്ന് ഉയർന്നു വരുന്ന പാറക്കൂട്ടങ്ങളാണെങ്കിൽ ‘ഹലോങ് ബേ ഓൺ ലാൻഡ്’ എന്ന് ടൂർ ഏജൻസികൾ വിളിക്കുന്ന Tam Cocൽ സമാനമായ ഭൂപ്രകൃതി, വെള്ളം നിറഞ്ഞ നെല്പാടങ്ങളുടെ നടുവിൽ കാണാം. വിയറ്റ്നാമിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു ടൂറിസ്റ്റുകൾ അധികം എത്തിപ്പെടാത്ത ഒരു പ്രദേശമാണിത്. വരുന്നവർ കൂടുതലും ഹാനോയിൽ നിന്ന് half Day ട്രിപ്പിൽ വലിയ ടൂറിസ്റ്റു ബസുകളിൽ വന്നു ചെറിയ തോണികളിൽ ഒന്നോ രണ്ടോ മണിക്കൂർ പ്രകൃതി ഭംഗി ആസ്വദിച്ച് വേഗം തന്നെ തിരിച്ചുപോകും. അതുകൊണ്ടു തന്നെ ഒരു ഗ്രാമീണ വശ്യത ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. സെപ്റ്റംബറോടെ കൊയ്ത്ത്തു കഴിയുന്നതിനാൽ പച്ചപ്പ്‌ മാറി നെല്പാടങ്ങളിൽ ഞാറ നട്ടിരിക്കുന്നു. പച്ചപ്പ്‌ പുതച്ചു നിൽകുമ്പോൾ ഇവിടം ആകെ ഒരു മാജിക്കൽ ലാന്റിന്റെ പ്രതീതി ഉളവാക്കും.

ഹാനോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുള്ള നിൻ ബിൻ പ്രവിശ്യയിലാണ് Tam Coc. വടക്കോട്ടു പോകുംതോറും തണുപ്പ് കൂടും വിയറ്റ്നാമിൽ. ഞങ്ങൾ Tam Coc ൽ ബസ് ഇറങ്ങുമ്പോൾ രാത്രി 9 മണിയായിരുന്നു. മരം കോച്ചുന്ന തണുപ്പും കാറ്റും. ബസ് ഇറക്കി വിട്ട സ്ഥലത്തുനിന്നും അടുത്തുതന്നെയാരുന്നു agoda വഴി ബുക്ചെയ്തിരുന്ന Tam Coc Bunglow. പക്ഷെ രാത്രി ഇടവഴികളിലൂടെ എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടു. പേരിൽ മാത്രമേ Bunglow ഒള്ളു കേട്ടോ, ശരിക്കും ഒരു Shack എന്നു വേണമെങ്കിൽ പറയാവുന്ന സെറ്റപ്പ് ആണ്. പ്ലൈവുഡ് വളച്ചു, മേളിൽ ഓല മെനഞ്ഞുണ്ടാക്കിയ കുറെ കോട്ടേജുകൾ. അധികം ആർഭാടങ്ങളൊന്നും തന്നെ പറയാനില്ല. പക്ഷെ മുന്നിൽ തന്നെ ഒരു അരുവി ഒഴുകുന്നുണ്ട് . രാത്രി ആയതിനാൽ അധികമൊന്നും നോക്കാതെ റെസ്റ്റോറന്റിൽ നിന്നും ഡിന്നർ കഴിച്ചു ഞങ്ങൾ ഉടനെ ഉറങ്ങി.

നേരം പുലർന്നപ്പോൾ അതിമനോഹരമായ കാഴ്ചകൾ. വാതിലിനു മുന്നിൽ തന്നെ ഒരു ചെറിയ പുഴ ഒഴുകുന്നുണ്ട്. പുഴയാണോ കണ്ടം നിറഞ്ഞപ്പോൾ ജലാശയമായതാണോന്നറിയില്ല. ചെറിയ തോണികളിൽ അതിരാവിലെ തന്നെ ടൂറിസ്റ്റുകൾ കാഴ്ചകൾ കാണാൻ ഇറങ്ങിയിട്ടുണ്ട്. തോണികൾ തുഴയുന്ന കൂടുതലും സ്ത്രീകൾ തന്നെ. തണുപ്പത്തു കൈകൾ ജാക്കറ്റിന്റെ ഉള്ളിൽ തിരുകി, വളരെ കൂളായി കാലുകൾ കൊണ്ടാണ് പങ്കായം തുഴയുന്നത്. വരുന്നവരിൽ ഏറിയപങ്കും വിയറ്റ്നാമിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരും, ചൈനീസ് സഞ്ചാരികളുമാണിവിടെ. Tam Coc-ൽ പൊതുവെ നല്ല തിരക്കും, ശരാശരി ടൂറിസ്റ്റു കേന്ദ്രത്തിന്റെ എല്ലാ മോശവശങ്ങളും ഉണ്ടെന്നു കേട്ടതുകൊണ്ടു ഞങ്ങൾ അടുത്ത് തന്നെയുള്ള, എന്നാലൊരുപക്ഷേ കുറേ കൂടി മനോഹരമായ Trang Ann Grottos പോകാൻ തീരുമാനിച്ചു. King Cong Skull Island എന്ന ഹോളിവുഡ് സിനിമയുടെ ലൊക്കേഷണരുന്നത്രെ. ഹോട്ടലിൽ നിന്നു തന്നെ സ്കൂട്ടർ വാടകക്കെടുത്തു ഞങ്ങൾ പുറപ്പെട്ടു.

ആദ്യം തന്നെ വണ്ടിയിൽ പെട്രോൾ അടിക്കണമാരുന്നു. ഹോട്ടലിൽ നിന്ന് തന്ന രേഖാചിത്രത്തിൽ കാണിച്ച ബങ്ക് തേടി പുറപ്പെട്ടു. കുറച്ചു ദൂരം പോയിട്ടും കാണുന്നില്ല. വഴിയിൽ കുപ്പിയിൽ പെട്രോൾ വിൽക്കുന്ന ഒരു കട കണ്ടെങ്കിലും അവിടെ നിർത്താത്തതിന് അർച്ചന മുറുമുറുക്കുന്നുണ്ട് . എങ്ങാനും പെട്രോൾ തീർന്നു ഉന്തേണ്ടി വന്നാൽ ഇന്നത്തെ എന്റെ ദിവസം തീർന്നു. പാടത്തു പണിയെടുത്തോണ്ടിരുന്ന ഒരു ചേച്ചീടെ അടുത്ത് പെട്രോൾ…പെട്രോൾ എന്ന് പറഞ്ഞിട്ട് അവർക്കു മനസ്സിലാകുന്നില്ല. ഞാൻ ഭയങ്കര സ്മാർട്ട് അല്ലെ! കൈയിലുള്ള ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിൽ ഫീഡ് ചെയ്തു വിറ്റ്‌നാമീസിൽ അതിനു എന്തെന്നു കേട്ട്, അതുപോലെ ചോദിച്ചു നോക്കി. ചേച്ചിക്ക് എന്തോ കത്തി. നേരെ പൊക്കോളാൻ കൈ ചൂണ്ടി. വിജയ ഭാവത്തോടെ അപ്പോഴും മുഖം ചുളിചിരുന്ന പെണ്ണുമ്പിള്ളയെ നോക്കി ഞാൻ വണ്ടിയെടുത്തു. പിന്നേം ഒന്ന് രണ്ടു കിലോമീറ്റർ പോയിട്ടും പെട്രോൾ ബങ്കൊന്നും കണ്ടില്ല. പക്ഷെ കുറച്ചു ടൂറിസ്റ്റു ബസുകളും, സ്കൂട്ടറുകളും പാർക്ക് ചെയ്തിരുന്ന ഒരു സ്ഥലത്തേക്കെത്തി. ഗൂഗിളിൽ നോക്കിയപ്പോ Bich Dong pagodaയുടെ മുമ്പിലാണെന്നു കാണിക്കുന്നു. പെട്രോളെന്നു ഞാൻ വിയറ്റ്നാമീസിൽ കാച്ചിയത് പുള്ളിക്കാരിക്ക് തിരിഞ്ഞത് പഗോഡന്നാണോ ആവോ. ഏതായാലും എൻട്രി ടിക്കറ്റ് ഒക്കെ എടുത്തു പഗോഡ കണ്ടിട്ട് പോകാമെന്നായി.

മൂന്നു ലെവലുകളിലായി പണിതീർത്ത പഗോഡകളാണിവിടെ. ഒരു താമരക്കുളത്തിനക്കരെ മനോഹരമായ കവാടത്തിലൂടെ അകത്തു ചെന്നാൽ ചന്ദനത്തിരികൾ കത്തിച്ചു വെച്ച ആദ്യത്തെ അംബലം കാണാം. നമ്മുടെ നാട്ടിലെ പോലെ ചെറിയ വാതിലിലുള്ള ഇടുങ്ങിയ ശ്രീകോവിലോന്നുമില്ല. മിക്കവാറും അമ്പലങ്ങൾ നല്ല വീതിയിലാണ്. മുൻ ഭാഗം ഏതാണ്ട് പൂർണ്ണമായും വാതിലുകളാണ്. നാട്ടിലെ പഴയ പീടികകൾ പോലെ. അകത്തു പ്രതിഷ്ഠിച്ചിരിക്കുന്ന രൂപങ്ങൾ കണ്ടാൽ ഏതോ ചൈനീസ് രാജാക്കന്മാരെ പോലെ തോന്നിക്കുന്നു.അധികം വായിച്ചു പഠിക്കാതെ വന്നത് മോശമായിപ്പോയി. എല്ലാം ഒരു ടൂറിസ്റ്റിനെ പോലെ ഒന്നിന്റെയും കമ്പാറിയാതെ കണ്ടു മടങ്ങേണ്ടിയത്തിൽ അല്പം ലജ്ജയില്ലാതെയില്ല. പാറക്കുന്നിന്റെ വശങ്ങൾ തുരന്നു അതിന്റെയുള്ളിൽ നിർമിച്ചിരിക്കുന്ന അമ്പലത്തിന്റെ പിന്നിലൂടെ, നൂറോളം പാടിക്കെട്ടുകൾ കയറി മറ്റു രണ്ടു ലെവലുകളിലും ഗുഹക്കുള്ളിൽ നിർമ്മിച്ച അമ്പലങ്ങൾ കണ്ടിട്ട് ഞങ്ങൾ താഴോട്ടിറങ്ങി. ചുറ്റിനും നോക്കുമ്പോൾ മനോഹരമായ Tam Coc വയലുകളും കുന്നുകളും കാണാം.

വന്ന വഴി തിരികെ പോയി, ഹോട്ടലിൽ നിന്ന് ഇടത്തോട്ട് കുറെ ദൂരം കൂടി പോയപ്പോൾ വഴിയരികിൽ തന്നെ പെട്രോൾ ബങ്ക് കണ്ടു. ഇവിടെ വാഹനങ്ങൾ വലതുവശത്തുകൂടെയാണ് ഡ്രൈവ് ചെയ്യുന്നത്. നമുക്ക് പരിചയമില്ലാത്ത രീതിയായതിനാൽ U ടേൺ എടുക്കുമ്പോഴും, നാല്കവലകളിൽ തിരിയുമ്പോഴും കുറച്ചൊക്കെ ശ്രദ്ധിക്കണം. ഒരു ലിറ്റർ പെട്രോളിന് 85രൂപയാണ് വില. രണ്ടു ലിറ്റർ അടിച്ചിട്ട് Trang Ann ലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്കൂട്ടർ തിരിച്ചു. അതിമനോഹരമായ റോഡുകൾ. ഇടക്കിടെ നിർത്തി ഫോട്ടോയൊക്കെ എടുത്തു കുറച്ചങ്ങു ചെന്നപ്പോഴേ Trang Ann വഴിയോരത്തു നിന്ന് തന്നെ കാണാൻ സാധിക്കും.

നൂറു കണക്കിന് കൊച്ചു തോണികൾ സന്ദർശകരെയും കയറ്റി നയനമനോഹരമായ പാറക്കൂട്ടങ്ങൾക്കിടയിലൂടെ വരിവരിയായി പോകുകയാണ്. ഉച്ചയ്ക്ക് ചെറിയ തിരക്കുണ്ട്. നല്ല വെയിലും. രണ്ടു മണിക്കൂറോളം തോണിയിൽ ഇരിക്കണം. വെയിലൊക്കെ മാറിയതിനു ശേഷം വരാം എന്ന് തീരുമാനിച്ചു ഞങ്ങൾ മുന്നോട്ട് യാത്ര തിരിച്ചു. വിറ്റ്നാമിന്റെ പഴയ തലസ്ഥാനമായിരുന്ന Hoa Lư ആണ് ലക്‌ഷ്യം. അടുത്തു തന്നെയാണ്. പക്ഷെ അവിടെ ചെന്നപ്പോൾ അതിലും വലിയ തിരക്ക്. ഹാനോയിൽ നിന്നുമുള്ള ടൂറിസ്റ്റുബസ്സുകൾ ആളുകളെ നിറച്ചു എത്തിയിട്ടുണ്ട്. അധികം നേരം കളയാതെ ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു.

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തെന്നെ ഏറ്റവും വലിയ budhist അമ്പലങ്ങളിലൊന്നായ Bai Din Pagoda ആയിരുന്നു അടുത്തത്. അഞ്ഞൂറോളം ഹെക്ടർ ചുറ്റളവിൽ പഴയതും, പുതിയതുമായ ഗാംഭീര്യമാർന്ന അനേകം buddist പഗോഡകൾ ചേരുന്ന സമുച്ചയമാണ് Bai din. എൻട്രി ഫ്രീ ആണെങ്കിലും, അങ്ങറ്റത്തുള്ള പഴയ ടെംപിൾ കവാടത്തിൽ വരെ കൊണ്ട്ചെന്നാക്കുന്ന ഇലക്ട്രിക്ക് കാറുകൾക്കായി പാസ് എടുക്കണം. 36 ടൺ ഭാരമുള്ള വെങ്കലത്തിൽ തീർത്ത മണിയും, പഴയ മറ്റു ചില അംബലങ്ങളും കണ്ടപ്പോഴേ ഞങ്ങൾക്ക് പഗോഡകളുടെ ഓവർഡോസു കാരണം മതിയായി. തിരിച്ചു ഒരു ചെറിയ ഹോട്ടലിൽ ഉച്ചഭക്ഷണവും കഴിച്ചു Trang Ann ൽ എത്തി ടിക്കറ്റെടുത്ത് ഞങ്ങളുടെ തോണിക്കായി കാത്തുനിന്നു.

നാലു പേരുണ്ടെങ്കിലേ ഒരു തോണി പോകൂ. 2 മണിക്കൂറിന്റെയും 2.30 മണിക്കൂറിന്റെയും റൂട്ടുകളുണ്ട്. ഞങ്ങൾ 2 മണിക്കൂറിന്റെയാണെടുത്തെങ്കിലും ആളില്ലാത്തതിനാൽ 2.30ന്റെ റൂട്ട് ബുക്ക് ചെയ്തിരുന്ന ചെറുപ്പക്കാരായ വിയറ്റ്നാമീസ് ദമ്പതികളുടെ കൂടെ യാത്രതിരിച്ചു. തോണി തുഴയുന്നതു വയസ്സായ ഒരമ്മച്ചിയാണ്. ഞങ്ങൾ രണ്ടു പേരുമാത്രം കേറിയ kayak തുഴയാൻ ഞാൻ പെട്ട പാടോർത്തപ്പോൾ തന്നെ ബോട്ടിലുണ്ടായിരുന്ന വേറൊരു പങ്കായമെടുത്തു ഞാനും തുഴഞ്ഞു. 30 മീറ്ററോളം നീളമുള്ള ആറേഴു ഗുഹകൾക്കടിയിൽ കൂടെയാണ് പാത. തല ഇടിക്കാതെ സൂക്ഷിക്കണം. കുറ്റാക്കൂരിരുട്ടാണ് ഗുഹകളിൽ. എങ്കിലും വഴി തെറ്റാതെ, ഒരിക്കൽ പോലും തോണി എങ്ങും തട്ടിക്കാതെ തുഴയുന്നുണ്ട് അമ്മച്ചി.

ഓരോ ഗുഹയും കടന്നു വരുമ്പോൾ കാണാൻ ചുറ്റിനും താമരപ്പൂക്കളും, പച്ചപ്പും പിന്നെ ആകാശത്തെ വെല്ലുവിളിച്ചു നിൽക്കുന്ന പാറക്കൂട്ടങ്ങളും. ഇതൊക്കെ കണ്ടപ്പോൾ കുറച്ചു കഴിഞ്ഞു ഞാൻ തുഴയുന്നതു നിർത്തി. അപ്പഴൊണ്ട് അമ്മച്ചി പിറകീന്നു പിറുപിറുത്തോണ്ടു തോണ്ടി എന്നോട് നിർത്താതെ തുഴയാൻ പറയുന്നു. ഭാഷ മനസ്സിലാകാത്ത എന്നോട് മാത്രമേ പറയുവൊള്ളോ… മുൻപിൽ കൊഞ്ചിയുരുമ്മിയിരിക്കണ ഇങ്ങടെ നാട്ടുകാരോട് ആവശ്യപ്പെടില്ലേന്നു ചോദിയ്ക്കാൻ തോന്നി. പാവം ഇവരോട് പറഞ്ഞിട്ടെന്തു കാര്യം.. ഞാൻ നേരിട്ട് മുൻപിലിരുന്ന ചെറുപ്പക്കാരോട് കളിക്കാണ്ടെ തുഴയാൻ പറഞ്ഞു. ഇക്കാര്യത്തിലൊന്നും മര്യാദ നോക്കീട്ടു കാര്യമില്ല.

ഇടക്കിടെ കാണുന്ന തുരുത്തുകളിൽ ചെറിയ അമ്പലങ്ങളുമുണ്ട്. തോണി കരയ്കടുപ്പിച്ചു പോയിക്കണ്ടിട്ടു വരാൻ പറയും അമ്മച്ചി. പെട്ടെന്ന് വന്നില്ലേൽ മുഖം ചുളിക്കുന്നുണ്ട്. അങ്ങനെ രണ്ടു മണിക്കൂറോളം പ്രകൃതിയുടെ ഈ മായിക ശില്പശാല തൃപ്തിയാവുവോളം കണ്ടു ഞങ്ങൾ മടങ്ങി. തിരിച്ചു Tam Coc ൽ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. ഭക്ഷണം കഴിക്കാനായി ബാംബൂ ബാർ എന്ന റെസ്റ്റോറന്റിൽ കേറി. ഇന്നാട്ടിലെ പ്രധാന വിഭവം ആട്ടിറച്ചി ആണെന് തോന്നിയിരുന്നു. പോകുന്ന വഴിയിലെല്ലാം വഴിയോരത്തു സ്റ്റാളുകളിൽ വിൽക്കുന്നത് കണ്ടിരുന്നു. ചുട്ട വെളുത്തുള്ളിയും, മല്ലിപ്പൊടിയും, എള്ളും, മുളകും മാത്രം ഇട്ടു പൊരിച്ച ആട്ടിറച്ചിയും, അരി വാറ്റിയുണ്ടാക്കിയ ലോക്കൽ വൈനും കഴിച്ചു പിറ്റേന്നത്തെ പരിപാടി പ്ലാൻ ചെയ്തു.

മറ്റന്നാൾ രാവിലെ തന്നെ മടങ്ങണം ഹാനോയിൽ നിന്ന്. പിറ്റേന്നുകൂടി നിൻ ബിന്നിൽ ചുറ്റിയടിച്ചു വൈകിട്ടത്തേക്കു വാൻ പിടിച്ചു ഹാനോയിൽ എത്താമെന്നാരുന്നു എന്റെ പ്ലാൻ. പക്ഷെ പെണ്ണുമ്പിള്ള വീറ്റോ ചെയ്തു. രണ്ടു ദിവസത്തിൽ അവളെക്കൊണ്ട് ഞാൻ കേറ്റിച്ച മലകളുടെ കണക്കു പറഞ്ഞു രാവിലെ തന്നെ ഹാനോയിൽ പോയി ബാക്കിയുള്ള ഷോപ്പിംഗ് നടത്തണം എന്നാണ് ഡിമാൻഡ്. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഒരു ടാക്സി പിടിച്ചു ഞങ്ങൾ നിൻ ബിൻ റെയിൽവേ സ്റ്റേഷനിൽ എത്തി. ഒൻപതരയ്ക്ക് ഹോചിമിൻ സിറ്റിയിൽ നിന്നും വരുന്ന ട്രെയിനിന് ടിക്കറ്റ് സ്റ്റേഷനിൽ നിന്ന് തന്നെ വാങ്ങി പിറ്റേന്ന് ഉച്ചയോടെ ഹാനോയിലെത്തി. ബാക്കിസമയം ഓൾഡ് ക്വാർട്ടറിലും, സന്ധ്യക്ക്‌ Hoan Kiem ലെയ്ക്കിന്റെ ചുറ്റിനും, ബിയർ തെരുവിലും അലഞ്ഞു തിരിഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ എയർപോർട്ടിൽ എത്തേണ്ടതിനാൽ റിസപ്ഷനിൽ പറഞ്ഞു ഒരു ടാക്സി ബുക്ക് ചെയ്തു. അതിരാവിലെ പുറപ്പെടുമ്പോൾ ചോദിയ്ക്കാണ്ട് തന്നെ ഹോട്ടലിലെ റിസെപ്ഷനിസ്റ് ഞങ്ങൾക്ക് വഴിക്കു കഴിക്കാനായി ലഘു ഭക്ഷണം പാക്ക് ചെയ്തു തന്നപ്പോൾ കോരിത്തരിച്ചു പോയി. ഇതാണ് customer service! ചുമ്മാതല്ല ഇവർക്ക് അഗോഡയുടെ recommended ഹോട്ടൽ അവാർഡ് കിട്ടിയത്. ഒന്നുകൂടി റിസെപ്റ്റനിസ്റ്റിനും, പിന്നെ കുറെയേറെ നല്ല ഓർമ്മകൾക്കും നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ വിടപറഞ്ഞു. cảm ơn വിയറ്റ്‌നാം!!! (എന്ന് വെച്ചാ താങ്ക്സോണ്ടെന്നു!).

വിവരണം – ആനന്ദ് എ. നായര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply