ധനുഷ്കോടി യാത്രക്ക് ശേഷം യാത്രയോടുള്ള ഇഷ്ടം കൂടിയിട്ട് അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി . ഫേസ്ബുക്കിലും വാട്സാപ്പിലും ഇൻസ്റാഗ്രാമിലും എല്ലാം മാറി മാറി കേറി ബോറടിക്കുമ്പോൾ ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്തു ഓരോ സ്ഥലങ്ങളും തപ്പി എടുക്കും. അങ്ങനെയിരിക്കെ ഞാൻ താത്കാലിക താമസത്തിനായി വന്ന വെള്ളറടയ്ക്കു അടുത്തുള്ള സ്ഥലങ്ങൾ നോക്കി നോക്കി പശ്ചിമഘട്ടത്തിലേക്ക് ഒരു ചിലവും ഇല്ലാതെ ഗൂഗിൾ മാപ്പിലൂടെ മാഞ്ചോലയിൽ മനസ്സ് എത്തി.
വളരെ സൂം ചെയ്താൽ മാത്രമേ മാഞ്ചോല എന്ന സ്ഥലം കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളു. ഇതിലേക്ക് എത്താൻ മറ്റൊരു കാരണം, അഗസ്ത്യാര്കൂടത്തിൽ സ്ത്രീകൾക്ക് പോകാൻ പറ്റില്ലെങ്കിലും അടുത്തുള്ള സ്ഥലങ്ങൾ പോകാമല്ലോ എന്നു സന്തോഷമാണ്. മഞ്ഞോലയെപ്പറ്റി പല തമിൾനാട് സുഹൃത്തുക്കളോടും അന്വഷിച്ചെങ്കിലും എല്ലാവരും ആദ്യമായി കേൾക്കുന്നു എന്നാണ് പറഞ്ഞത്. ക്യൂരിയോസിറ്റി അല്പം കൂടുതൽ ഉള്ള കൂട്ടത്തിൽ ആയതിനാൽ പിന്നെ ഫേസ്ബുക്കിലും ഗൂഗിളിലും എല്ലാം ഓരോ അരിമണികളും അരിച്ചുപെറുക്കി.
ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോൾ മാഞ്ചോലയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ കണ്ടു പിടിച്ചു. പോസ്റ്റ് മുതലാളിയായ Ashna Sudhakar SPK Studios പേജ് അഡ്മിനനോടും പോകാനുള്ള ബസ് സമയവിവരങ്ങൾ മറ്റു വിവരങ്ങളും ശേഖരിച്ചു. അങ്ങനെ പല കൂട്ടുകാരോടും ഒരുമിച്ചു പോകാൻ വിളിച്ചപ്പോൾ ഓരോരുത്തരും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു എങ്കിലും യാത്രയെ സ്നേഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ (Ajith J Balan Akhil Ganesh, Jaya Prasad VJ, Anaz Khan, Sreehari) നമുക്ക് പോകാം എന്നു പറഞ്ഞു സപ്പോർട്ട് ചെയ്തു. അപ്പോഴാണ് സ്വകാര്യ വാഹനങ്ങൾക് മാഞ്ചോല സന്ദർശിക്കണമെങ്കിൽ ഫോറെസ്റ്റ് ഓഫീസിൽ നിന്നും അനുമതി മുൻകൂട്ടി അനുമതി വാങ്ങണമെന്നു. മാഞ്ചോല യാത്ര വീണ്ടും ശോകം ആയപ്പോൾ പിന്നെ എപ്പോളെങ്കിലും പോകാം എന്നു കരുതി.
അങ്ങനെ 26/01/2018 റിപ്പബ്ലിക്ക് എന്റെ പിറന്നാൾ കൂടി ആയതിനാൽ പതിവുപോലെ പോലെ നാട്ടിൽ പോയി കേക്ക് മുറിച്ചു ആഘോഷിക്കാൻ തോന്നിയില്ല. 25നു വൈകിട്ടു മാഞ്ചോല പോകാൻ വീണ്ടും ആരോ ഓര്മിപ്പിക്കുന്ന പോലെ മനസ്സിൽ വന്നു. കോളേജിൽ പോയ അനിയനെ Nidhin Alexander Nooranadu വിളിച്ചു കാര്യം പറഞ്ഞു അവനു യാത്രയോട് അങ്ങനെ കട്ട പ്രേമം ഇല്ലെങ്കിലും ഒറ്റക്ക് വിടാൻ വയ്യാത്തോണ്ട് പോകാമെന്നു പറഞ്ഞു അങ്ങനെ 6:30നു അനിയൻ വന്നു അത്യാവശ്യം വേണ്ടതൊക്കെ ഒരു ബാഗിൽ ആക്കി മഞ്ഞോലയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങി. അപ്പോളാണ് ” നീ ഇനി എവടെയെങ്കിലും യാത്ര പോകുവാണേൽ എന്നെയും കൂട്ടാമോ” എന്നു ചോദിച്ച Jichu Justinനെ ഓർത്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജിച്ചുനെ വിളിച്ചപ്പോൾ അവൻ സ്റ്റേഷനിലേക് വരാമെന്നു പറഞ്ഞു വെച്ചു. അങ്ങനെ ഞങ്ങൾ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ എത്തി.
ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത് പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. മധുര പാസ്സന്ജറിനു തിരുനെൽവേലിക്ക് 3 ടിക്കറ്റ് എടുത്തു ;ഒരാൾക്ക് 25/-രൂപ. ട്രെയിൻ വന്നപ്പോൾ 10:00മണി കഴിഞ്ഞു. ട്രെയിനിൽ എനിക്ക് ഒരു സീറ്റ് കിട്ടി. ജിച്ചുവും മോനുവും ബെർത്തിൽ കയറി ഇരുന്നു. ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് തിരുനെൽവേലിയിൽ എത്തിയത് സമയം 1:30am. മാഞ്ചോലയിലേക്കുള്ള ബസ് കിട്ടണമെങ്കിൽ തിരുനെൽവേലി റെയിൽവേ സ്റ്റേഷന് അടുത്തുള്ള പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതു ബസ് സ്റ്റാൻഡിലേക്ക് പോകണം. ഞങ്ങൾ ചെന്നപ്പോൾ ഒരു ബസ് കിടക്കുന്നു അവിടെ നിന്ന പോലീസുകാരോട് തിരുനെൽവേലി ഹൽവ കിട്ടുന്ന സ്ഥലം ചോദിച്ചു അവർ പറഞ്ഞത് santhi sweets എന്ന ഒത്തിരി കടകൾ ഉണ്ട്. എങ്കിലും യഥാർത്ഥ തിരുനെൽവേലി ഹൽവ കിട്ടണമെങ്കിൽ st.Mary’s മെഡിക്കല്സിന്റെ അടുതുള്ള കടയിൽ ആണ് എന്ന് പറഞ്ഞു.
ബസ് ഡ്രൈവറിനോട് ചോദിച്ചപ്പോൾ ബസ് ഉടനെ എടുക്കും എന്നു പറഞ്ഞു. കടയിൽ ഒന്നു പോയി വരാൻ സമയ ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഓടി പോയിട്ട് വരാൻ പറഞ്ഞു. കേട്ട താമസം st. Mary’s medicals കണ്ടു പിടിച്ചു. അടുത്തുള്ള കടയിൽ ആളുകൾ ഇപ്പോളും ഹൽവ വാങ്ങാൻ വന്നു നില്കുന്നത് അത്ഭുതം തോന്നിപ്പിച്ചു. 1കിലോ തിരുനെൽവേലി ഹൽവക്ക് 200/-രൂപ. 1കിലോ ഹൽവ വാങ്ങിയിട്ട് വാങ്ങാൻ നിൽക്കുന്നവർ ഒന്ന് ഒഴിഞ്ഞപ്പോൾ ഒരു ഫോട്ടോ എടുത്തിട്ടു വേഗം ബസിൽ കേറി. ബസ് ഉടനെ തന്നെ എടുത്തു. പുതു ബസ് സ്റ്റാൻഡ് വരേയൊരാൾക് 20/-രൂപ. തിരുനെൽവേലി പുതു ബസ് സ്റ്റാൻഡിൽ നിന്നും 2:00-2:30am ആകുമ്പോൾ ആണ് മഞ്ഞോലയ്ക്ക് ബസ് സമയം 2:00am. കാത്തിരുന്നു ബസ് വന്നപ്പോൾ 2:35am. ബസിൽ കഷ്ടിച്ച് 3സീറ്റുകൾ ഒപ്പിച്ചു. ബസ് ടിക്കറ്റ് ഒരാൾക്ക് 90/-രൂപ . ബസ് തിരുനെൽവേലിയിൽ നിന്നും അംബാസമുദ്രം പിന്നിട്ടപ്പോളേക്കും ഒരുവിധം എല്ലാരും ഇറങ്ങിയിരുന്നു.
ബസ് മണിമുത്താർ എത്തിയപ്പോൾ ഇരുട്ടിൽ മണിമുത്താർ ഡാം കണ്ടു. ഇവിടെ വരെ വരുന്നതിനു പെർമിറ്റ് ആവശ്യമില്ല. ഇവിടുന്നങ്ങോട്ട് കാട്ടിലൂടെയാണ് യാത്ര. ഒരു മൃഗത്തെയെങ്കിലും കാണണേയെന്നു പ്രാർത്ഥിച്ചിരുന്നു. റോഡ് വളരെ മോശം. ബസിൽ ഇരുന്നു പറക്കുവാരുന്നു പിന്നെ. ബസിൽ ഒരാൾ പറഞ്ഞു സൂചികൊണ്ട വളവു (hair pin curve) ഉള്ളത് കൊണ്ടും ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. 6:00am ആകുമ്പോൾ മാഞ്ചോല എത്തുമെന്ന് കണ്ടക്ടർ പറഞ്ഞു. അങ്ങനെ മാഞ്ചോല കാണാൻ വന്ന 6-7സഞ്ചാരികളും ഉണ്ടായിരുന്നു ബസിൽ.
മാഞ്ചോല പോസ്റ്റ് ഓഫീസ് പോലെ ഒന്നു മഞ്ഞിൽ കണ്ടത് പോലെ മാഞ്ചോല ആകുമ്പോൾ പറയാം എന്നു പറഞ്ഞു കണ്ടക്ടർ മാഞ്ചോല കഴിഞ്ഞു ഊത് എസ്റ്റേറ്റ് എന്ന അവസാന സ്റ്റോപ്പ് എത്തിയപ്പോൾ ആണ് പണി കിട്ടി എന്നു മനസ്സിലായത്.. ചോദിച്ചപ്പോൾ ഊതിൽ ആണ് കാണാൻ കൂടുതൽ ഉള്ളതെന്നും ഇവിടുന്നു കുതിരവെട്ടിയിലേക്ക് പോകാൻ ഒരു വശം 5 കിലോമീറ്റർ നടക്കണം എന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഊതിൽ ഒരു വീടിന്റെ വലിയ മുറി ചായക്കടയാക്കി മാറ്റിയിരിക്കുന്നു; അവിടെ കേറി ഒരു ചായ കുടിച്ചു(8/-രൂപ ഒരാൾക്ക് ). ഉയരം കൂടുമ്പോൾ ചായക്ക് മധുരം കൂടും എന്നു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൊടും തണുപ്പിൽ ചായ കുടിച്ചപ്പോൾ ഒരു വല്ലാത്ത ഉന്മേഷം തോന്നി.
മാഞ്ചോലയിലേക്ക് തന്നെ പോകണം എന്നു ഉള്ളതിനാൽ അതെ ബസ് തിരിച്ചുള്ള യാത്രയിൽ മാഞ്ചോലക്കു (24/-രൂപ ഒരാൾക്ക്) ടിക്കറ്റ് എടുത്തു. ഡ്രൈവർ ഞങ്ങളോട് മാഞ്ചോലയെപറ്റിയും കുതിരവെട്ടിയെപ്പറ്റിയും പറഞ്ഞു കൊണ്ടിരുന്നു. പോകുന്ന വഴിക്ക് ഒരു ഗ്രൗണ്ട് കണ്ടു, ഏകദേശം 15 വർഷങ്ങൾക്കു മുൻപ് ടീ എസ്റ്റേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗോൾഫ് കളിക്കുന്ന ഗ്രൗണ്ട് ആയിരുന്നു അത് ഇപ്പോൾ ഉപയോഗിക്കാത്തത് എന്നാ എന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഉള്ളവർക്ക് അത് കളിക്കാൻ അറിയില്ലായിരിക്കും എന്നു പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ബസ് ഉള്ളിലേക്കുള്ള സ്റ്റോപ്പിലേക് പോയി വരുന്നത് വരെ പോയി ഫോട്ടോ ഒക്കെ എടുത്തിട്ട് നിൽക്കാൻ പറഞ്ഞു . സന്തോഷം കൊണ്ട് ചാടി ഇറങ്ങി പുൽത്തകിടി കൊണ്ട് നിറഞ്ഞ മിനി ഗോൾഫ് കോഴ്സിൽ (പ്ലേ ഗ്രൗണ്ടിൽ) ഫോട്ടോ എടുത്തു തിമിർത്തു. ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു ബസിൽ നിറയെ ആളുകളെകൊണ്ട് നിറഞ്ഞു. ബാഗ് ബസിൽ തന്നെ വെച്ചിരുന്നതിനാൽ ഞങ്ങൾക്ക് ഇരിക്കാൻ കഴിഞ്ഞു. അധികം താമസിക്കാതെ തന്നെ മാഞ്ചോലയിൽ എത്തി.
ഊതിൽ നിന്നും മാഞ്ചോല വരെ ഏകദേശം 13കിലോമീറ്റർ ഉണ്ട്. മാഞ്ചോലയിൽ എല്ലാവരും ചായ കുടിക്കാൻ ഇറങ്ങി. ഒരു ചായക്കട ഉണ്ട് ഇവിടെ. ചായ, പരിപ്പുവട, ഉഴുന്നുവട, ആണ് ഇപ്പോൾ ഉള്ളത് സമയം 7:30am ആകുന്നു . 3ചായയും 3പരിപ്പുവടയും വാങ്ങി(രണ്ടും കൂടി ഒരാൾക്ക് 11രൂപ ). ചായ കുടിച്ചതിനു ശേഷം നേരെ തൊട്ടടുത്തുള്ള മാഞ്ചോല CSI ചർച്ചയിലേക്ക് നടന്നു ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത്. പ്രാർത്ഥനാസമയം അല്ലാത്തതിനാൽ പള്ളി അടച്ചിരിക്കുകയാണ്.
ഞങ്ങളെ കണ്ടതും അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ഇവിടേക്ക് വരാനുള്ള കാര്യം ചോദിച്ചു. ഗൂഗിൾ മാപ്പിൽ നിന്നും കണ്ടു വരികയാണെന്ന് പറഞ്ഞപ്പോൾ പുള്ളി പൊട്ടിച്ചിരിച്ചു. പാന്റ്സും ഷെർട്ടും ആണ് വേഷം. ഞങ്ങളോട് എവിടെ നിന്നാണെന്നും എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു എല്ലാത്തിനും മറുപടി പറഞ്ഞ ശേഷം അദ്ദേഹം സ്വയം പരിചയപ്പെടുത്തി “ഞാൻ ഈ പള്ളിയുടെ വികാരിയച്ചൻ ആണ് ഫാ. അഗസ്റ്റിൻ “!! ഞങ്ങൾ ഒന്നു ഞെട്ടി കാരണം സഭാ വസ്ത്രം ധരിക്കാതെ പള്ളിമുറ്റത്ത് നിൽക്കുന്ന അച്ഛനെ കണ്ടത് കൊണ്ടാണ്. ഒരു കാർ പള്ളിമുറ്റത്തേക്ക് വന്നു നിന്നു. അതിൽ 3 പേർ ഉണ്ട്, അച്ഛനെ എവിടെയോ പോകാനായി വിളിക്കുന്നു. ഞങ്ങളോട് യാത്ര ചോദിക്കുന്നതിനു മുൻപ് ” ഭക്ഷണം എന്തെങ്കിലും വേണോ ഉച്ചക്ക് കഴിക്കാൻ” എന്ന് ചോദിച്ചു, “വേണ്ട ” എന്ന് പറഞ്ഞെങ്കിലും ഉച്ചഭക്ഷണത്തിനു വേറെ വഴിയില്ല.
അച്ഛൻ തിരിഞ്ഞു നടന്നിട്ട് വീണ്ടും വന്നു “പ്രാതൽ കഴിച്ചിട്ടു പോകൂ” എന്നു നിർബന്ധിച്ചു. ഇത്തവണ ഒന്നും നോക്കാതെ ഞങ്ങൾ വേണമെന്ന് പറഞ്ഞു. അച്ഛൻ ഉടനെ ആരെയോ വിളിച്ചു ഭക്ഷണം ഏർപ്പാടാക്കി. പോരാത്തതിന് അവിടെ ഉണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ചാവിയും തന്നിട്ട് ഭക്ഷണം വരുന്നത് വരെ വിശ്രമിക്കാനും പറഞ്ഞു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് എന്നു പറഞ്ഞിട്ട് അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും തന്നിട്ട് റിപ്ലബ്ലിക് ഡേ ആയതിനാൽ ഒരു മീറ്റിംഗ് ഉള്ളതിനാൽ ഞങ്ങളോട് വിട പറഞ്ഞു കാറിൽ യാത്രയായി. അവിടെ കണ്ട ഒരു പൈപ്പിൽ നിന്നും രാവിലത്തെ പല്ലു തേപ്പ് നടന്നു.
ഒരു 30 മിനിറ്റിനു ഉള്ളിൽ തന്നെ ഒരു 50വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഭക്ഷണവുമായി വന്നു. വിൻസെന്റ് എന്നാണ് അദ്ദേഹത്തിന്റെ പേര് ഭാര്യക്ക് സുഖമില്ല എന്നു പറഞ്ഞു. മാഞ്ചോല ജംഗ്ഷനിൽ ഒരു പെട്ടിക്കട ഉണ്ട്. രണ്ടു ആൺമക്കൾ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുന്നു.
മാഞ്ചോല ഒരു സ്വകാര്യ മേഖല ആണ്. അതിനാൽ മാഞ്ചോലയിൽ സ്വന്തമായി ഒരു വ്യവസായമോ കന്നുകാലി വളർത്തലോ അനുവദിക്കില്ല.ഇവിടെ ഉള്ളവരെല്ലാം തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ് ഇവരുടെ ദിവസേന ശമ്പളം 300രൂപ അതും ജോലിക്ക് വരുന്ന ദിവസം മാത്രം. മറ്റു വരുമാനം ഉണ്ടായാൽ ഇവർ മക്കളെ ഉയർന്ന രീതിയിൽ പഠിപ്പിക്കുകയും പല കാരണങ്ങളാൽ തൊഴിലാളി ക്ഷാമം ഉണ്ടാകുകയും ചെയ്യും എന്ന ഭയം മൂലമാണ് ഉടമകൾ ഇങ്ങനെ ഒരു വ്യവസ്ഥ വെച്ചിരിക്കുന്നത്… ഭക്ഷണം കഴിച്ചിട്ടു അതിന്റെ പാത്രങ്ങൾ അവിടെ തന്നെ വെച്ചാൽ മതി എന്നു പറഞ്ഞപ്പോൾ എത്ര രൂപയാണ് എന്നു ചോദിച്ചു കാശൊന്നും ഇല്ല എന്നു പറഞ്ഞത് കേട്ടു ഞങ്ങൾ നിർബന്ധിച്ചെങ്കിലും അദ്ദേഹം വാങ്ങാൻ കൂട്ടാക്കാതെ തിരിഞ്ഞു നടന്നു.
വെയിൽ പതിയെ വന്നു തുടങ്ങുന്നതേയുള്ളൂ. തണുപ്പിന് മാത്രം ഒരു കുറവും ഇല്ല. വെള്ളത്തിനു നല്ല തണുപ്പ്. പാലപ്പവും തേങ്ങാചട്നിയും ആയിരുന്നു ഒരു പത്തു -പന്ത്രണ്ടെണ്ണം കാണും. ഞങ്ങൾ കഴിച്ചിട്ടും അധികം വന്നതിനാൽ ഭക്ഷണം കൊണ്ട് വന്ന പാത്രങ്ങൾ അദ്ദേഹത്തിന്റെ കടയിൽ കൊണ്ട് കൊടുത്തു. അവിടെ നിന്നു അടുത്തുള്ള സ്കൂളിൽ നിന്നും റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചുള്ള പാട്ടുകളും മറ്റും ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേട്ടിരുന്നു. പിന്നീട് അങ്ങോട്ടേക്ക് നടന്നു ഇരു വശങ്ങളിലും ഉയരത്തിൽ നിർമിച്ചിരിക്കുന്ന ചെറു വീടുകൾ. തെഴിലാളികക്ക് വേണ്ടി തേയില കമ്പനിയിൽ നിന്നും നിർമിച്ചു കൊടുത്തിരിക്കുന്നതാണ് അതു. വീടുകളെല്ലാം കുമ്മായം പൂശി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ജനാലകൾക്കും കതകുകൾക്കും പച്ച നിറവും ആണ് എല്ലാ വീടുകൾക്കും, എങ്കിലും ഘടനയിൽ എല്ലാം വ്യത്യസ്തം തന്നെ..
അല്പം നടന്നപ്പോൾ തന്നെ സ്കൂൾ എത്തി വിശാലമായ മൈതാനം പുൽത്തകിടി കൊണ്ട് നിറഞ്ഞിരിക്കുന്നു. തണുപ്പ് കൊണ്ട് പല്ലു കൂട്ടിയിടിക്കുന്നു. ഇവിടെയുള്ളവർ എല്ലാം തന്നെ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്ക് ഡേ ആയതിനാൽ ആർക്കും ഇന്ന് തേയില തോട്ടത്തിൽ പണിക്കു പോകണ്ട അതിനാൽ തന്നെ മിക്ക മാതാപിതാക്കളും സ്കൂളിൽ കുട്ടികളുടെ പരിപാടികളിൽ പങ്കു ചേരാൻ വന്നിരിക്കുന്നു. നൃത്തവും ഗാനങ്ങളും എല്ലാം തന്നെ നടക്കുന്നു. ഞങ്ങൾ സ്കൂളും പിന്നിട്ടു മുൻപോട്ടു പോയപ്പോൾ ഒരു ചെറിയ കാട്ടു ചോലയിൽ കുറച്ചുപേർ വസ്ത്രങ്ങൾ അലക്കുകയും ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നു.
എല്ലായിടവും തേയില ചെടികളെകൊണ്ട് നിറഞ്ഞിരുന്നു. ചെടികൾക്കിടയിൽ ഒരു അനക്കം കേട്ടു നോക്കിയപ്പോൾ കാട്ടു പന്നി. പിന്നെ അതിന്റെ ഫോട്ടോ ഒക്കെ എടുത്തിട്ട് മുൻപോട്ടു നടന്നു. നടക്കുന്ന വഴിയിൽ അനിയനു ഒരു മയിൽപീലി കിട്ടി അത് എനിക്ക് തന്നെങ്കിലും പിന്നെ മയിൽപീലി നോക്കിയായി നടത്തം കുറച്ചു നടന്നപ്പോൾ ഒരു ചെറിയ അരുവിയുടെ അടുത്തായി ഒരു മുളംകാട് അവിടെ രണ്ടു മയിലുകൾ അതിന്റെ പിറകെ ഫോട്ടോ എടുക്കാനായി പോയപ്പോൾ 7-8 മയിലുകൾ കൂടി നില്കുന്നു.
സന്തോഷം കൊണ്ട് അവിടെ മയിൽപീലി കാണും എന്നു കരുതി ചാടി പോയപ്പോൾ ഒരു പാമ്പ് വെള്ളത്തിൽ നിന്നും ഇഴഞ്ഞു പോകുന്നത് കണ്ടു. പാമ്പ് പാമ്പെന്നു പറഞ്ഞു പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു ചാടി. നോക്കിയപ്പോൾ എന്നേക്കാൾ മുൻപേ വന്ന ജിച്ചു മൂർഖൻ ആണെന്നും പറഞ്ഞു ഓടുന്നു. മോനു ആണേൽ ഒന്നും നടക്കാത്തതു പോലെ അവിടെ തന്നെ നില്കുന്നു അവനു ഇത്ര ധൈര്യം എന്നു ചോദിച്ചപ്പോൾ പറയുവാ പറ്റിച്ചതല്ലേ എന്നു ! അന്തിച്ചു നിന്ന മോനൂനെ കണ്ടു ഞങ്ങൾക്ക് ചിരി വന്നു.. പിന്നെയും നടന്നപ്പോൾ ചെറിയ ഒരു അരുവിയിൽ ഇറങ്ങി കാല് നനച്ചു കട്ട തണുപ്പിലുള്ള വെള്ളം കാലിൽ കൊണ്ടപ്പോളാണ് കാല് മുറിഞ്ഞത് കണ്ടത് ഓടുന്നതിനിടയിൽ പറ്റിയതാണ് അല്ല എന്റെ ഭാഗത്തും തെറ്റുണ്ട് അമ്മാതിരി ഓട്ടം ആയിരുന്നു !
എവിടെയും തേയില ചെടികളുടെ പച്ചഗന്ധം മുന്നോട്ടു നടത്തം തുടർന്നപ്പോൾ ഒരു പള്ളി കണ്ടു പള്ളിയുടെ മുകളിലായി കുറച്ചു സിംഹവാലൻകുരങ്ങുകൾ. ഭാവം കണ്ടാൽ ഞങ്ങൾ അവരുടെ സാംബ്രാജ്യത്തിൽ ചെന്നു എന്ന പോലെ ശബ്ദം ഉണ്ടാക്കാതെ രണ്ടു മൂന്നു പടം പിടിച്ചു. ഫ്ലാഷ് മിന്നിയപ്പോൾ ഉയരമുള്ള മരങ്ങളിലേക്ക് ചാടി പോയി. പിന്നെ മുകളിൽ നിന്നും ആകെ ബഹളം. നടത്തം മുന്നോട്ടു നടന്നപ്പോൾ രണ്ടു തേയില തൊഴിലാളികളായ സ്ത്രീകളെ കണ്ടു, മയിൽപീലി തിരഞ്ഞുള്ള എന്റെ നടത്തം കണ്ടപ്പോൾ അവർ : “ഏതാവത് കാണാമെ പോയിടിച്ചാ ?” എന്നു ചോദിച്ചത് കേട്ടു ചമ്മലോടെ കാര്യം പറഞ്ഞു. അവരൊന്നു ചിരിച്ച ശേഷം കാട്ടിലേക്ക് കേറിയാൽ ഇഷ്ടം പോലെ കിട്ടും ഇതൊന്നും ഇവടെ ആരും എടുക്കാറ് പോലുമില്ലെന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ കാട്ടുചോലയിലൂടെയും തേയില ചെടികൾക്കിടയിലൂടെയും ലക്ഷ്യമില്ലാതെ കാഴ്ചകൾ തേടി നടന്നു നടന്നു ഒരു വ്യൂ പോയിന്റിൽ എത്തി. ഇവിടെ നിന്നു നോക്കുമ്പോൾ പേച്ചിപ്പാറ ഡാമും മണിമുത്താർ ഡാമും കാണാൻ സാധിക്കും. പേച്ചിപ്പാറ ഡാം മാർത്താണ്ഡത്തിനു അടുത്താണ്. കാട്ടിലൂടെ ഒരു വഴി നേരെ ഉണ്ടായിരുന്നെങ്കിൽ ഒരു 30കിലോമീറ്ററിനുള്ളിൽ വീട്ടിൽ എത്താമായിരുന്നു. വിനോദ സഞ്ചാരത്തിന് വളരെ അധികം സാധ്യത ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് മാഞ്ചോല. ഇത്രയും നല്ല ശുദ്ധവായുവും നിഷ്കളങ്കരായ മനുഷ്യരും ഒരു പക്ഷെ ഇന്നും ഇവിടെ ഉള്ളത് പുറം ലോകവുമായുള്ള അകലം കാരണമാണ്.
തിരിച്ചു പോകാൻ മനസ്സു തോന്നുന്നില്ല. താമസ സൗകര്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഇവിടെ തങ്ങുമായിരുന്നു. 12:00pm ന് ബസ് ഈ ബസ് പാപനാശം എന്ന സ്ഥലത്തേക്കുള്ളതാണ്. രണ്ടു ബസ് സർവീസ് മാത്രമാണ് മാഞ്ചോലയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. ഇനിയും വരും എന്ന ഉറപ്പോടെ തിരികെ നടന്നു. മാഞ്ചോല ബസ് സ്റ്റോപ്പിൽ വന്നപ്പോൾ ബസ് വരുന്നത് വരെ നടക്കാമെന്നു തീരുമാനിച്ചു മുന്നോട്ടു നടന്നു. ഭൂരിഭാഗവും ബോംബൈ ബർമ ട്രേഡിങ്ങ് കോർപോർഷന്റെ തേയിലത്തോട്ടങ്ങൾ ആണ്.
മാഞ്ചോല സന്ദർശിക്കാൻ നല്ല സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ് (സമയം വൈകിയിട്ടില്ല വീണ്ടും പോകാൻ). തിരുനെൽവേലിയിൽ നിന്നും ഏകദേശം 70കിലോമീറ്റർ ഉണ്ട് മാഞ്ചോലയിലേക്ക്. തെങ്കാശിയിൽ നിന്നും 36 കിലോമീറ്ററും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200മീറ്റർ ഉയരത്തിലാണ് മാഞ്ചോല മലനിരകൾ സ്ഥിതി ചെയ്യുന്നത്. ശരാശരി കാലാവസ്ഥ കുറഞ്ഞ താപനില 10°C മുതൽ 20° C വരെയാണ്.
തിരികെയുള്ള നടത്തത്തിൽ ഇറക്കം ആയിരുന്നെങ്കിലും അല്പം കാഠിന്യം ഏറിയതായിരുന്നു. ധാരാളം ഔഷധ സമ്പത്ത് നിറഞ്ഞ സ്ഥലമാണ് മാഞ്ചോല. വഴിയുടെ ഇരു വശങ്ങളിലും വിവിധയിനം കാട്ടുപൂക്കൾ ആരോ നട്ടു വളർത്തിയിരുന്നത് പോലെ. കുറച്ചു നടന്നപ്പോൾ എസ്റ്റേറ്റിന്റെ ചെക്ക്പോസ്റ്റ് അവിടെ മാഞ്ചോല ടീ വാങ്ങാൻ കിട്ടും ഊദ് ഓർഗാനിക് ടീ, മാഞ്ചോല ടീ ഇങ്ങനെ വിവിധയിനം. പിന്നീട് ഒരു വളവു കഴിഞ്ഞപ്പോൾ ഇടതു വശത്തായിട്ട് ഒരു കൂറ്റൻ ചതുരാകൃതിയിൽ ഉള്ള ഒരു പാറയുടെ മുകളിലായി ഒരു വൃക്ഷം വളർന്നു നില്കുന്നു. അല്പം കൂടി നടന്നപ്പോൾ വലതുഭാഗത്തായി ചെറിയൊരു വെള്ളച്ചാട്ടം. കണ്ട പാടെ ചാടിയിറങ്ങി ഫോട്ടോ ഒക്കെ എടുത്തപ്പോളാണ് മുൻപ് കണ്ട പാമ്പിനെ ഓർമ വന്നപ്പോളാണ് റോഡിലേക്ക് തിരിച്ചു കയറിയത് . വളരെ നടന്നിട്ടും ബസ് കാണാതിരുന്നപ്പോൾ ഒരു ഉൾഭയം ഇപ്പോൾ കാട്ടിലൂടെയാണ് നടക്കുന്നത് കൂറ്റൻ മരങ്ങളുടെ മുകളിൽ നിന്നും ചില അവശബ്ദങ്ങൾ തെല്ലൊന്നു ഭയപ്പെടുത്തിരുന്നില്ല.
അല്പം കഴിഞ്ഞപ്പോൾ ബസ് വന്നു കൈ കാണിച്ചിട്ടും വേഗതയിൽ മാറ്റമില്ലാതെ പോകുന്ന ബസ് കണ്ടു എല്ലാം നഷ്ടപെട്ടവനെപോലെ തലയിൽ കൈ വച്ചപ്പോൾ ബസ് നിർത്തി . സന്തോഷം കൊണ്ട് ചാടി കേറിയപ്പോൾ മുന്നിലത്തെ സീറ്റിലിരിക്കുന്നു മാഞ്ചോല CSI ചർച്ചിലെ വികാരിയച്ചൻ. ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ വണ്ടി നിർത്താത്തതു ഒന്നു പേടിപ്പിക്കാൻ അദ്ദേഹം പറഞ്ഞിട്ടാണെന്ന് അച്ചൻ പറഞ്ഞത്. കേട്ടപ്പോൾ ബസിലെ ഡ്രൈവർ ഉൾപ്പടെ എല്ലാവരും ചിരിച്ചു.
ബസ് ടിക്കറ്റ് 36രൂപ ഒരാൾക്ക് . ബസിൽ എല്ലാവരുമായും ജാതി ഭേതമന്യേ കുശലം പറഞ്ഞും തമാശ പറഞ്ഞും എല്ലാവരും ഇരികുമ്പോളാണ് ബസ് സ്ലോ ചെയ്തത്. റോഡിന്റെ നടുക്ക് രണ്ടു ഉടുമ്പുകൾ ബസ് വന്നു നിന്നിട്ടും അവയ്ക്ക് ഒരു കുലുക്കവും ഇല്ല. ഡ്രൈവർ ഹോൺ അടിച്ചപ്പോൾ അവ കാട്ടിലേക്ക് മറഞ്ഞു. ഇപ്പോൾ റോഡിന്റെ ഇരുവശവും ഒരു പ്രത്യേക ഇനം വെളുത്ത പൂക്കളുള്ള കാട്ടുചെടി വരി വരിയായി നില്കുന്നു. ഏകദേശം 100സെന്റിമീറ്റർ ഉയരവും എന്നാൽ വലിയ പുഷ്ടിയില്ലാത്ത ഇലകളും ഉള്ള ഭംഗിയുള്ള ചെടി. യാത്രയ്ക്കിടയിൽ കാട്ടുകോഴികളും മൈലുകളും കാട്ടുകുരങ്ങന്മാരും ഉയർന്ന പാറ കെട്ടുകളും ചെറു ചോലകളും കടന്നു പോയി. അങ്ങനെ മണിമുത്താർ ഡാമിന് അടുത്തെത്തിയപ്പോൾ ധാരാളം വിനോദസഞ്ചാരികളെയും വെള്ളച്ചാട്ടവും കുട്ടിക്കുരങ്ങന്മാരെയും കണ്ടു ഇവിടെ കുട്ടവഞ്ചി സവാരി ഉണ്ടെന്നു തോന്നുന്നു. ഇടക്ക് ഡാമിന്റെ ഒരു വശത്തായി കുട്ടവഞ്ചികൾ കിടക്കുന്നത് കണ്ടു. ഇപ്പോൾ മാഞ്ചോലഎന്ന മഞ്ഞിൽ പൊതിഞ്ഞ മലയോര സ്വപ്നം വളരെ അകലെയായിരിക്കുന്നു.
മാഞ്ചോലയുടെ അടുത്തുള്ള വിനോദസഞ്ചാരത്തിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമായ സ്ഥലങ്ങളാണ് ഊദ് എസ്റ്റേറ്റ്, കുതിരവെട്ടി, കാക്കച്ചി, നാലുമുക്ക്, അപ്പർ കോതയാർ,മിനി ഗോൾഫ് കോഴ്സ്,കാക്കച്ചി ലേക്ക്, പാപനാശം വെള്ളച്ചാട്ടം (അഗസ്ത്യർ വെള്ളച്ചാട്ടം ), മാഞ്ചോല CSI ചർച്ച്, മാഞ്ചോല ടീ എസ്റ്റേറ്റ്… എന്തായാലും മാഞ്ചോല മാത്രം പോയാലും ഒരു നഷ്ടമല്ല.യാത്രയും ട്രെക്കിങ്ങും ഫോട്ടോഗ്രഫിയും ഇനി നഗരജീവിതത്തിന്റെയും ജോലിഭാരത്തിൽ നിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവർക്കും മാഞ്ചോല വളരെ ഇഷ്ടപ്പെടും. ബസ് കല്ലിടയികുറിച്ചി റെയിൽവേ സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ ട്രെയ്നിനാണ് പോകുന്നതെങ്കിൽ ഇതാണ് എളുപ്പം ഇവിടെ ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. അച്ചനോടും ഡ്രൈവറിനോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
അതികഠിനമായ ചൂട് കാറ്റും വിശപ്പും. നല്ല ഹോട്ടൽ ഒന്നുമില്ല. അടുത്തു കണ്ട കടയിൽ കുടിക്കാനായി എന്നാ ഉണ്ടെന്നു ചോദിച്ചപ്പോൾ പള സര്ബത്തുണ്ടെന്നു. മോനുനു വേണ്ടാന്ന് പറഞ്ഞതിനാൽ ഞാനും ജിച്ചുവും പഴസര്ബത്തു വാങ്ങി കുടിച്ചു. ആപ്പിളും പപ്പായയും അനാറും ക്യാരറ്റും എല്ലാം ചേർത്തിട്ടുണ്ട്. ഒരെണ്ണം കുടിച്ചപ്പോൾ ഒന്നുകൂടി വേണമെന്ന് രണ്ടു പേർക്കും തോന്നിയതിനാൽ വീണ്ടും വാങ്ങി കുടിച്ചു ഒരു പഴസര്ബത്തിനു 10/-രൂപ. അത് കഴിഞ്ഞു നേരെ സ്റ്റേഷനിലേക്ക് സമയം 3:00pm. ട്രെയിൻ സമയം 4:20 pm ന് ആണ്. ഇനിയും ഒന്നര മണിക്കൂറോളം ടിക്കറ്റ് 4:00 മണിക്കേ കൊടുക്കുള്ളുന്നു പറഞ്ഞതിനാൽ അവിടെ കണ്ട സീറ്റിൽ ഇരുന്നു.
അങ്ങനെ എടുത്ത ഫോട്ടോയെല്ലാം കണ്ടു കണ്ടു 4:00 ആയപ്പോൾ കുഴിത്തുറയ്ക്ക് ടിക്കറ്റ് എടുത്തു (തിരുനെൽവേലിയിൽ നിന്നും കണക്ഷൻ ട്രെയിൻ ) ഒരാൾക്ക് 60/-രൂപ .ഇതിന്റെ ഇടയ്ക്കു മോനൂനെ കൊണ്ട് 2പഴസര്ബത്തു കൂടി വാങ്ങിപ്പിച്ചു. ഇത്തവണ അത് 3ഗ്ലാസ്സോളം ഉണ്ടാർന്നു 😋 മോനൂനെ നിർബന്ധിച്ചു കുടിച്ചപ്പോൾ മോനുനു ശരിക്കും ഇഷ്ടമായി.
അങ്ങനെ 4:40പിഎം ആയപ്പോൾ ട്രെയിൻ വന്നു. ട്രെയിനിൽ സാമാന്യം നല്ല തിരക്കുണ്ടെങ്കിലും ഇരിക്കാൻ സീറ്റ് കിട്ടി. ട്രെയിൻ യാത്രയിൽ ഇരു വശങ്ങളിലായി മലനിരകൾക്ക് താഴെയായി പച്ച വിരിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ ഏകദേശം 5:15 ആയപ്പോൾ തിരുനെൽവേലിയിൽ എത്തി. ഞങ്ങൾക്കുള്ള ട്രെയിൻ 7:30പിഎം ന് ആണ്. അങ്ങനെ ട്രെയിൻ വരുന്നത് വരെ ചായ കുടിച്ചും കഥ പറഞ്ഞും ഒക്കെ സ്റ്റേഷനിൽ ഇരുന്നു. ട്രെയിൻ വന്നപ്പോൾ 8:00 കഴിഞ്ഞു. ഗുരുവായൂർ വരെ പോകുന്ന ട്രെയിൻ ആയതിനാൽ സീറ്റ് ഇല്ല എങ്ങനെയും അകത്തു കയറിയിട്ട് ബെർത്തിൽ കയറി ഇരുന്നു. ക്ഷീണം തോന്നി തുടങ്ങിയിരുന്നെങ്കിലും ഒരു സ്വപ്നയാത്ര പൂർത്തിയാക്കിയതിൽ എനിക്ക് സന്തോഷം തോന്നി.
10:30 pm ആയപ്പോൾ കുഴിത്തുറയിൽ ട്രെയിൻ എത്തി. അവിടുന്ന് ജംഗ്ഷനിലേക്ക് നടന്നു. ഓട്ടോ ചാർജ് അന്വഷിച്ചപ്പോൾ 300രൂപ ആകുമെന്ന് കേട്ടപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു. അധിക നേരം നില്കേണ്ടി വന്നില്ല. നാഗർകോവിലിൽ നിന്നും തിരുവനന്തപുരതേക്ക് പോകുന്ന ആനവണ്ടിയിൽ കേറി 3 കളിയിക്കാവിള ടിക്കറ്റ് എടുത്തു. (ഒരാൾക്ക് 13/-രൂപ ) റൂമിലേക്ക് പോകുമ്പോൾ ഇനിയും മാഞ്ചോലയിലേക്ക് വീട്ടുകാരുമൊത്തു പോകുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു… തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് മാഞ്ചോല സന്ദർശിക്കാൻ എളുപ്പമാണ്. (വിവരണം – നീതു അലക്സാണ്ടര്).