ശിശിരകാലത്തിന്റെ വരവറിയിച്ചുകൊണ്ട് വഴിയിലുടനീളം മരങ്ങള്‍ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരുന്നു. പച്ചപ്പിനു പകരം ചുവന്ന നിറമാണ് മണ്ണിനും ചുറ്റുപാടുകള്ക്കുമിപ്പോള് . ഞങ്ങള്‍ തെപ്പക്കാട് മാസനഗുഡി വനപാതയിലൂടെയാണ് ഞാനും പ്രിയ സുഹൃത്ത് സാബിബും മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. യാത്രകളെ ജീവനുതുല്ല്യം സ്നേഹിക്കുന്നൊരാളെ സഹയാത്രികനായി ലഭിക്കുന്നതുതന്നെ പുണ്യമാണ്.
ഗൂഡല്ലൂരില്‍ നിന്ന് മൈസൂര്‍ റോഡില്‍ 17 കിലോമീറ്റര്‍ മുന്‍പോട്ടു പോയാല്‍ തെപ്പക്കാട് എത്തിച്ചേരാം. ഇവിടെ നിന്ന് നേരെ മൈസൂര്‍ റോഡും വലത്തോട്ട് തിരിഞ്ഞാല്‍ മസിനഗുഡി – ഊട്ടി റോഡുമായി പിരിയുന്നു. തെപ്പക്കാട് നിന്ന് 7 കിലോമീറ്റര്‍ മുന്‍പോട്ടു പോയാല്‍ മസിനഗുഡിയെത്താം ഇവടെ നിന്ന് ഇടത്തോട്ടുള്ള വഴിയാണ് മോയാറിലേക്ക് നയിക്കുന്നത്.

സമയം ഉച്ചയോടടുത്തിരുന്നു, റോഡില്‍ സഫാരി ജീപ്പുകളൊഴിച്ചാല്‍ ഏറെകുറെ വിജനം . റോഡിനു സമാന്തരമായി വനത്തിലൂടെ പുഴ ഒഴുകുന്നുണ്ട്. കുറ്റിച്ചെടികള്‍ പോലുള്ള മരങ്ങളാണധികവും. പാതയോരത്ത് മാനുകള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. റോഡരികില്‍ പലയിടത്തായി മരച്ചുവട്ടില്‍ ചെറിയ പ്രതിഷ്ടകളും നിലവിളക്കും . സമീപവാസികളുടെ ആരാധനാ കേന്ദ്രങ്ങളായിരിക്കുമെന്ന് തോന്നി . പോകുംവഴി ആനകളും കാട്ടുപോത്തും മയിലുകളും ദര്‍ശനം നല്കി .

കാനനകാഴ്ചകളില്‍ മയങ്ങി ഏകേശം 8 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തേടിയിറങ്ങിയ സുന്ദരി മോയാര്‍ ഡാം ഇതാ കണ്മുന്നില്. ഒരു മതിലിന്റെ തടസ്സംപോലുമില്ലാതെ റോഡിന്റെ തൊട്ടരികില്‍. ഹൃദ്യമാണാ കാഴ്ച. തെളിഞ്ഞ വെള്ളവും ജലാശയത്തിനു നടുക്കായി അങ്ങിങ്ങായി ചെറിയ തുരുത്തുകളും. തുരുത്തുകളില്‍ ഇലകള്‍ കൊഴിഞ്ഞ മരങ്ങളും. തീരത്ത് തണല്‍വിരിച്ച് പൂക്കാന്‍ കൊതിച്ചു നില്ക്കുന്ന വാകകളും.
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ഡാം വലിപ്പത്തില്‍ വളരെ ചെറുതാണ്. നീലഗിരി കുന്നുകളില്‍നിന്നെത്തുന്ന കുളിര്‍ക്കാറ്റേറ്റു ആ കാഴ്കളില്‍ മതിമറന്നു നില്ക്കുമ്പോള് ചെമ്മരിയാടിന് കൂട്ടങ്ങള്‍ നമ്മെ തൊട്ടുരുമ്മി കടന്നുപോകും. ഡാമിനെചുറ്റിപ്പറ്റി ആധുനികത തൊട്ടുതീണ്ടാത്ത ഒരു ഗ്രാമവുമുണ്ട്. കൊച്ചു കൊച്ചു വീടുകളും എന്തോ കാരണങ്ങളാല്‍ ഇവിടം വിട്ടു പോയവരുടെ വീടുകളുടെ അവശിഷ്ടങ്ങളും കാണാം.

ഡാമിനഭിമുഖമായി മുക്കാല്‍ഭാഗവും നശിച്ച ഒരു ക്രിസ്ത്യന്‍ പള്ളി പ്രേത ഭവനം കണക്കെ നിലകൊള്ളുന്നുണ്ട്. വാകമരങ്ങള്‍ പൂക്കള്‍ കൊണ്ടലങ്കരിക്കുന്ന സമയത്ത് ഒരിക്കല്‍ക്കൂടി ഈ സുന്ദരതീരത്ത് അണയാമെന്ന് മനസ്സിലുറപ്പിച്ചു തിരികെ മസിനഗുഡിയിലേക്ക് . മടക്കയാത്രയിലും മാനുകളും മയിലുകളും ആനയും കാട്ടുപോത്തുകളും മുന്നില്‍ വന്നു. ഇത്രയേറെ മൃഗങ്ങളെ ഒന്നിച്ചു കണ്ടുകൊണ്ടുള്ള വനയാത്ര ഇതാദ്യമാണ് .
മസിനഗുഡിയെത്തി വിശ്രമം കഴിഞ്ഞു , ഇനി മുതുമലൈ വന്യജീവി സങ്കേതത്തിലൂടെ 40 ഹെയര്‍പിന്‍ വളവുകളുള്ള കല്ലട്ടി ചുരം കയറി ഊട്ടിയിലേക്കാണ്. ഈ പാത എത്രതവണ പോയാലും മടുപ്പ് തോന്നാറില്ല . അത്രകണ്ട് മനോഹരിയാണ് ഈ പാത . കാടിന് നടുവിലൂടെ നീണ്ടുകിടക്കുന്ന വഴിയിലൂടെ മുന്നോട്ട് പോവുമ്പോള്‍ ദൂരെ മലനിരകള്‍ നമ്മെ സ്വാഗതം ചെയ്തുകൊണ്ടേയിരിക്കും. ചുരം കയറി ഊട്ടി നഗരത്തിലെത്തി ചേര്‍ന്നു.
പൂക്കളുടെ നഗരമിപ്പോള്‍ പൂക്കളുടെ നിറത്തിലുള്ള കെട്ടിടങ്ങളുടെ മാത്രം നഗരമായി മാറിയിട്ടുണ്ടോ എന്ന് സംശയം തോന്നിയേക്കാം. ഊട്ടിയുടെ പതിവു കാഴ്ചകള്‍ക്ക് സമയം ചിലവഴിക്കാതെ മാഞ്ഞൂര്‍ ലക്ഷ്യമാക്കി നീങ്ങി. യൂക്കാലി ഗന്ധമുള്ള വഴിയിലൂടെ ഊട്ടി പൈതൃക തീവണ്ടി പാതയ്ക്ക് സമാന്തരമായി മുന്പോട്ട്.
മാഞ്ഞൂര്‍ ചെറിയൊരു ടൌണ്‍, തിരക്കും വളരെ കുറവ് . എന്നാല്‍ ഊട്ടിയെ അപേക്ഷിച്ച് വൃത്തിയുള്ള ചുറ്റുപാടുകള്‍. അല്പസമയത്തിനകം മുള്ളി ലക്ഷ്യമാക്കി നീങ്ങി. മാഞ്ഞൂരില്‍ നിന്ന് ഗെഥ ചുരം ഇറങ്ങുന്നത് ആദ്യതവണയാണ് ഇതിനു മുന്‍പ് 3 തവണയും ചുരം കയറിയിട്ടുള്ളത് ഊട്ടിയിലേക്കായിരുന്നു.

പോക്കുവെയിലില്‍ തിളങ്ങുന്ന കുന്നുകള്‍ക്ക് പ്രത്യേക ഭംഗിതോന്നി . മുന്‍പ് ഈ വഴി പോയിരുന്നപ്പോള്‍ കണ്ടിരുന്ന പച്ചവിരിച്ച കുന്നുകള്ക്കിപ്പോ സ്വര്‍ണ്ണനിറമാണ്. കാട്ടുപോത്തുകളെയും മലായണ്ണാനെയും അടുത്ത് കണ്ടു. ആദ്യമായി വനയാത്രയില്‍ ഉടുമ്പിനെയും കാണാന്‍ കഴിഞ്ഞത്.
വൈകുന്നെരമായപ്പോഴോക്കും ഞങ്ങള്‍ മുള്ളി പിന്നിട്ടിരുന്നു. സൂര്യന് മലനിരകള്‍ക്കു ചെഞ്ചായം പകരുന്ന കാഴ്ച ആരുടേയും മനം മയക്കാന്‍ പോന്നതാണ്. ദൂരെ മലമുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ കറങ്ങികൊണ്ടേയിരിന്നു.
ഇരുട്ടിനു കനംവെച്ചപ്പോഴേക്കും താവളം കഴിഞ്ഞിരുന്നു. ചുരമിറങ്ങി മണ്ണാര്‍ക്കാട് നഗരത്തിലെത്തി ഭക്ഷണശേഷം നിറമുള്ള ഒരുപാട് കാഴ്ചകള്‍ വീണ്ടും മനസ്സില്‍ ഓര്‍ത്തെടുത്തുകൊണ്ട് മടക്കയാത്ര..
വിവരണം – ജസീര്‍ മലയില്‍ (http://trip2nature.com/masinagudi-moyar-dam/).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog