ആഫ്രിക്കയുടെ ചെ ഗുവേര – ക്യാപ്റ്റൻ തോമസ് സങ്കാര

വിവരണം – വിനോദ് പദ്മനാഭന്‍.

ദാരിദ്രത്തിൽ അകപ്പെട്ടിരുന്ന ഒരു പറ്റം ജനതയെ വികസനത്തിന്റെ പാതയിലേയ്ക്ക് കൈ പിടിച്ചുയർത്തിയ വിപ്ലവ നായകനായിരുന്നു ആഫ്രിക്കയുടെ ചെ ഗുവേര എന്നറിയപ്പെട്ടിരുന്ന തോമസ് സങ്കാര. പട്ടിണിപാവങ്ങളായ രണ്ട് കോടിയോളം വരുന്ന “ബുർക്കിനാ ഫാസോ” എന്ന ആഫ്രിക്കൻ രാജ്യത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ഫ്രഞ്ച് കോളനി ആയിരുന്ന “റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ട” (ബുർക്കിനാ ഫാസോയുടെ പഴയ പേര് ) സ്വതന്ത്രയായത് 1960 ഇൽ ആയിരുന്നു. സ്വാതന്ത്ര്യ ലബ്ദിയ്ക്ക് ശേഷം നിരവധി പട്ടാള അട്ടിമറികൾക്ക് ആ രാജ്യം സാക്ഷ്യം വഹിച്ചു. 1982 ഇൽ ജോൺ ബാപ്ടിസ് പട്ടാള അട്ടിമറിയിലൂടെ അപ്പർ വോൾട്ട യുടെ പ്രസിഡന്റായി. ഇതിനു ചുക്കാൻ പിടിച്ചത് തോമസ് സങ്കാര എന്ന യുവ മിലിറ്ററി ഓഫീസർ ആയിരുന്നു. ആ കാലയളവിൽ സങ്കാര അപ്പർ വോൾട്ടയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു.

പത്തൊൻപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന സങ്കാര, പരിശീലനത്തിന്റെ ഭാഗമായി മഡഗാസ്കറിൽ എത്തുകയും , അവിടെ നടന്ന ഭരണകൂട വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾ ; മാര്ക്സിനെയും , ലെനിനെയും കുറിച്ച് കൂടുതൽ വായിക്കാൻ ഇടയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം കമ്യൂണിസ്റ് ആശയങ്ങളെ പിന്തുടർന്നു.

പ്രധാനമന്ത്രി പദത്തിൽ ഇരിക്കെ , വീട്ടുതടങ്കലിൽ ആക്കപ്പെട്ട സങ്കാരയ്ക്കു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങി.. തന്റെ വിശ്വസ്തരുടെയും , ആയിരക്കണക്കിന് വരുന്ന അനുയായികളുടെയും സഹായത്തോടെ 1983 ഓഗസ്റ്റ് നാലാം തിയതി 33 ആം വയസ്സിൽ മറ്റൊരു അട്ടിമറിയിലൂടെ സങ്കാര ആ രാജ്യത്തിന്റെ പ്രസിഡന്റായി.

തന്റെ ജനതയുടെ സിരകളിൽ ഊർജം നിറച്ചു കൊണ്ട് അപ്പർ വോൾട്ടയെന്ന ഫ്രഞ്ച് കൊളോണിയൽ നാമം ഒഴിവാക്കി “ധീരന്മാരുടെ നാട്” എന്നർത്ഥമുള്ള “ബുർക്കിനാ ഫാസോ ” എന്ന് രാജ്യത്തിന് നാമകരണം നൽകിക്കൊണ്ട് അദ്ദേഹം പുതിയൊരു അദ്ധ്യായം തുറന്നു. രാഷ്ട്രീയ അസ്ഥിരതകളും , പട്ടാള അട്ടിമറികളും , ആഭ്യന്തര യുദ്ധങ്ങളും, കൊളോണിയൽ വാഴ്ചയും ദാരിദ്രത്തിലേയ്ക്ക് നയിച്ച ഒരു രാജ്യത്തിന് അടിസ്ഥാന വികസന കാഴ്ചപ്പാടുള്ള ഒരു നേതാവിനെ കിട്ടി.

സങ്കാര അധികാരത്തിലേറിയതിനു ശേഷം കൈക്കൊണ്ട പുരോഗമനാത്മക നിലപാടുകൾ രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റി. ആദ്യ ഘട്ടത്തിൽ, മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ചു കൊണ്ട് ഖജനാവിലെ പണം വികസനോന്മുഖ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. വിദേശി വസ്ത്രങ്ങളോടുള്ള ബഹിഷ്കരണം സ്വദേശി നിർമ്മിത വസ്ത്രങ്ങൾ ധരിക്കാൻ ജനങ്ങളെ നിര്ബന്ധിതരാക്കുകയും , തുണി വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു.

ആഫ്രിക്കയിൽ നിലനിന്നിരുന്ന ബഹുഭാര്യാത്വം, നിർബന്ധിത വിവാഹം, സ്ത്രീകളിലെ ചേലാകർമ്മം എന്നിവ നിരോധിച്ചു കൊണ്ട് സ്ത്രീ ഉന്നമനത്തിനു വേണ്ടി പുതിയ വാതായനങ്ങൾ തുറന്നിട്ടു. സർക്കാർ ജോലികളിലേയ്ക്ക് കൂടുതൽ സ്ത്രീകളെ നിയമിയ്ക്കുക വഴി ബുർക്കിനാ ഫാസോയിലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി.

കുട്ടികളെ കുറിച്ചുള്ള അദ്ധേഹത്തിന്റെ കരുതൽ , രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകൾ തുറന്നുകൊണ്ട് , വിദ്യാഭ്യാസ മേഖലയ്ക്ക്‌ ശക്തി പകർന്നു.അക്കാലത്ത്‌ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നു പിടിച്ചിരുന്ന മെനഞ്ചൈറ്റിസ് , യെല്ലോ ഫീവർ , അഞ്ചാം പനി തുടങ്ങിയ പകർച്ച വ്യാധികൾ തടയാൻ വേണ്ടി രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് വാക്സിനേഷൻ നൽകിക്കൊണ്ട് ലോകാരോഗ്യ സംഘടനയുടെ പ്രശംസക്ക് പാത്രമായി. ആരോഗ്യ മേഖലയിലെ ഉന്നമനത്തിനു വേണ്ടി ഓരോ ഗ്രാമങ്ങളിലും ഡിസ്പെൻസറികൾ സ്ഥാപിക്കുകയും ചെയ്തു.

മനുഷ്യന് ജീവൻ പകർന്നതുപോലെ തന്നെ പ്രകൃതിയ്ക്ക് ജീവൻ നൽകാനും അദ്ദേഹം മറന്നില്ല. ഒരു കോടിയോളം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് പ്രകൃതിയെ പരിപോഷിപ്പിച്ചു. സാമൂഹ്യ പരിഷ്കരണത്തിന്റെ ഭാഗമായി ധനികരായ ഭൂവുടമകളിൽ നിന്നും ഭൂമി പിടിച്ചെടുത്ത്‌, പാവപ്പെട്ട കർഷകർക്ക് കൊടുത്തുകൊണ്ട് നവോത്ഥാനത്തിന്റെ ഭാഗമായി.

നാല് വര്ഷം കൊണ്ട് പട്ടിണിയിൽ കിടന്നിരുന്ന ബുർക്കിനാ ഫാസോ സ്വയം പര്യാപ്തമായി. എന്നാൽ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി സങ്കാര കൈക്കൊണ്ട നടപടികൾ ഒരേ സമയം ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കി. വിപ്ലവകരമായ ആശയങ്ങൾ പിന്തുടരുന്ന ഈ കമ്യൂണിസ്റ് ഭരണാധികാരിയെ ജനങ്ങൾ സ്നേഹപൂർവ്വം” ആഫ്രിക്കൻ ചെ ഗുവേര” എന്ന് വിളിച്ചു

സ്വന്തം കോളനി ആയിരുന്ന ബുർക്കിനാ ഫാസോയിൽ തങ്ങളുടെ ഇടപെടലുകളെ പൂർണ്ണമായും തടയിട്ട സങ്കാര ഫ്രാൻസിന്റെ കണ്ണിലെ കരടായി. ഫിദൽ കാസ്‌ട്രോയുടെയും , ചെഗുവേരയുടെയും ആരാധകനായ ഈ കമ്യൂണിസ്റ് പോരാളി 1987 ഇൽ ഫ്രാൻസും ഐവറി കോസ്റ്റും ആസൂത്രണം ചെയ്ത ഒരു പട്ടാള അട്ടിമറിയിൽ കൊല്ലപ്പെട്ടു.

ബുർക്കിനാ ഫാസോയുടെ ചരിത്രത്തിലെ വസന്ത കാലമായിരുന്നു ആഫ്രിക്കൻ ചെ ഗുവേര എന്ന തോമസ് സങ്കാരയുടെ ഭരണകാലം. വേറിട്ട വഴികളിലൂടെ ഒരു രാജ്യത്തെ മുഴുവൻ പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയർത്തിയ ഒരു വിപ്ലവകാരി.സങ്കാര എന്ന അദ്ധ്യായം ഇന്നും ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു . അദ്ദേഹം പറഞ്ഞതു പോലെ തന്നെ, ” വിപ്ലവകാരികൾ കൊല്ലപ്പെട്ടേക്കാം , പക്ഷെ അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാവില്ല.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply