ഫ്ളൈ ബസ്സുകൾ, ചിൽ ബസ്സുകൾ എന്നിവയ്ക്ക് ശേഷം പുതിയ പേരുള്ള ബസ് സർവ്വീസുകളുമായി കെഎസ്ആർടിസി വീണ്ടും രംഗത്ത്. ഇത്തവണ മറുനാടൻ മലയാളികൾക്കായി ‘മാവേലി ബസ്’ എന്ന പേരിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകൾ നടത്തും…
ഈ വരുന്ന പൊന്നോണക്കാലത്ത് മറുനാടൻ മലയാളികൾക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കുവാനായി ഇതാദ്യമായി കെഎസ്ആർടിസി “മാവേലി ബസ്സ്” -കൾ യാത്രക്കാർക്കായി അവതരിപ്പിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിലെത്താൻ വളരെയധികം ചാർജ്ജുകൾ നൽകി ഇനി സ്വകാര്യ കോൺട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്വകാര്യ കോൺട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആർടിസി ഇത്തവണ ‘മാവേലി സീസണൽ’ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു.
കെഎസ്ആർടിസിയുടെ നിലവിൽ ഓടുന്നതിൽ നിന്നും കൂടുതലായി100 ബസ്സുകൾ ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെർമിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സർവീസുകൾ നടത്തും.
മൾട്ടി ആക്സിൽ സ്കാനിയ AC, മൾട്ടി ആക്സിൽ വോൾവോ എ.സി. ബസ്സുകൾ എന്നിവ കൂടാതെ സൂപ്പർ ഡീലക്സ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടൻ മലയാളികളുടെ സൗകര്യാർത്ഥം ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയിൽ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ഇപ്രകാരം മറുനാടൻ മലയാളികൾക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന് KSRTC ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി IPS അറിയിച്ചു. ഈ സർവീസുകൾക്കെല്ലാം തന്നെ ഓൺലൈനായി സീറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയുടെ ഓൺലൈൻ വെബ്സൈറ്റ് ആയ www.keralartc.in വഴിയും redbus മുഖാന്തിരവും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
നിലവിൽ അന്യ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കൂടാതെ 100 ബസ്സുകൾ കൂടി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ സർവീസ് നടത്തും. ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കുമാകും കൂടുതത്സർവീസുകൾ നടത്തുക. പെർമിറ്റ് ലഭ്യമാകുന്നതിനനുസരിച്ചു മാത്രമേ ചെന്നൈയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ തീരുമനമാകൂ.