മീനുളിയൻപാറയിലെ ഹരിതവനം കാണുവാൻ..

വിവരണം – Kizheppadan.

സമയം പാലിക്കാതെ ഓടുന്ന ആനവണ്ടിക്ക് വേണ്ടി സമയത്ത് പോയി നിന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ. അതിനാൽ ഒരു മണിക്കൂർ പോസ്റ്റ്‌ ആണ് കട്ടപ്പന വണ്ടി ഞങ്ങൾക്ക് സമ്മാനിച്ചത്. എല്ലാ വർഷാവസാനവും എവിടേക്കെങ്കിലും പോകുന്ന പതിവ് വിവാഹ ശേഷം മാറ്റണ്ട എന്നുകരുതിയാണ് രാത്രി തന്നെ ഹൈറേഞ്ച് ലക്ഷ്യമാക്കി യാത്ര തുടർന്നത്. വൈകി വന്ന ബസ് ഇത്തവണത്തെ ന്യൂയെർ വണ്ടിയിൽ തന്നെ ആക്കുമോ എന്ന സംശയം ആദ്യമേ ഉണ്ടായി.

തൊടുപുഴ എത്തിയപ്പോഴേക്കും വണ്ടിയിൽ ആളുകൾ കുറഞ്ഞു. ഇനി വണ്ണപ്പുറം വഴിയാണ് പോകുന്നത്. വെണ്മണി ആണ് ഇറങ്ങേണ്ട സ്ഥലം. നഗരം വിട്ടപ്പോഴേക്കും തുളച്ചു കയറുന്ന തണുപ്പ് വന്നു തുടങ്ങി. പോകുന്ന വഴിയിൽ എല്ലാം ആശംസകൾ നൽകി റോഡരികുകളിൽ യുവാക്കളുടെ നിരയുണ്ടായിരുന്നു. എല്ലാവരും ആഘോഷരാവിൽ. 12 മണിയാകാൻ 10 മിനിറ്റ് മാത്രമുള്ളപ്പോ ആണ് ഞങൾ വെണ്മണി എത്തുന്നത്. അവിടെ നിന്ന് ബൈക്കിൽ ബന്ധുവീട്ടിലേക്ക്.

ഒരു രക്ഷയും ഇല്ലാത്ത തണുപ്പ്. രാത്രിയിലെ തണുപ്പിലെ ഈ ബൈക്ക് യാത്രയിൽ ആണ് ഞങളുടെ പുതുവർഷം പിറന്നത്. വൈകി എത്തിയതിനാൽ കാലത്തുള്ള മീനുളിയൻപാറ യാത്ര നടക്കില്ല എന്ന് ബോധ്യമായി. അങ്ങനെ ആ യാത്ര വൈകുന്നേരത്തേക്ക് മാറ്റിയിട്ട് അല്പം സമയം കൂടുതൽ ഉറങ്ങാൻ വേണ്ടി മാറ്റിവെച്ചു. BSNL ഒഴിച്ച് മറ്റൊന്നിനും കാര്യമായി റേഞ്ച് ഇല്ലാത്തതിനാൽ മൊബൈലിനും കാര്യമായ റസ്റ്റ്‌ കിട്ടി.

ഒന്നാം തിയ്യതി ഉച്ചയോടെ ആണ് മീനുളിയൻപാറ ലക്ഷ്യമാക്കി യാത്ര തുടരുന്നത്. കൂടുതൽ ആളുകൾ ഉള്ളതിനാൽ ഒരു ജീപ്പ് എടുത്താണ് യാത്ര തുടങ്ങിയത്. വെണ്മണി നിന്ന് 3 Km ദൂരമേ അങ്ങോട്ടൊള്ളു. പട്ടയക്കുടി വഴിയാണ് പോകേണ്ടത്. പോകുന്ന വഴിയിൽ സൂചന ബോർഡുകൾ ഉണ്ട്. പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം അല്ലാത്തതിനാൽ വികസനം ഒന്നും അവിടെയില്ല. വലതും കഴിക്കണം എന്നുള്ളവർ പട്ടയക്കുടി നിന്ന് വാങ്ങിവേണം പോകാൻ.

പാറയുടെ താഴെ വരെ വണ്ടി ചെല്ലും. തൊട്ടടുത്തുള്ള പറമ്പ് വഴിയാണ് മുകളിലേക്ക് കയറുന്നത്. വ്യക്തമായ റോഡ് ഒന്നും ഇല്ല. ആളുകൾ നടന്നു ഉണ്ടാക്കിയ ഒരു വഴി എന്ന് മാത്രമേ പറയാൻ കഴിയു. ആ വഴി അല്പം നടന്നാൽ ചെന്നെത്തുന്നത് ഒരു പാറയിൽ ആണ്. അവിടെ നിന്നാണ് പാറയിലൂടെ ഉളള നടത്തം തുടങ്ങുന്നത്. തലേദിവസം ഉണ്ടായ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ കുപ്പിച്ചില്ലുകളായും ചിക്കൻ വേസ്റ്റ് ആയും പാറയിൽ ചിതറികിടക്കുന്നത് കാണാം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥലം എന്ന് അതിൽ നിന്ന് വ്യക്തമായി.

ഉയരങ്ങളിലേക്ക് കയറുമ്പോഴും വീശുന്ന കാറ്റിന്റെ തണുപ്പ് ക്ഷീണമെല്ലാം മാറ്റുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ ആണ് 500 ഏക്കർ പരന്നു കിടക്കുന്ന ഈ പാറ സ്ഥിതി ചെയ്യുന്നത്. അത്ര ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ലോവർ പെരിയാർ ഭൂതത്താൻകെട്ട് ചില സമയങ്ങളിൽ എറണാകുളം വരെ ഇവിടെ നിന്ന് നോക്കിയാൽ കാണാം എന്നാണ് പറയുന്നത്. അതിനു കാലാവസ്ഥ കൂടെ അനുകൂലമാകണം എന്ന് മാത്രം. കാഴ്ചകൾ കണ്ടുള്ള നടത്തത്തിനിടയിൽ മുകളിൽ എത്തിയത് അറിഞ്ഞില്ല..

ഒരു വശത്തു താഴെ വറ്റി വരണ്ട പെരിയാർ നമ്മുക്ക് കാണാം. കേരളത്തെ മുക്കിയ പ്രധാനികളിൽ ഒന്നായ പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥ ശോകം തന്നെയാണ്. പാറയുടെ മുകളിലെ മറ്റൊരു കാഴ്ച രണ്ടു ഏക്കറിൽ പരന്നു കിടക്കുന്ന വനമാണ്. ഇത്ര ഉയരത്തിൽ പച്ചപ്പ്‌ നിറഞ്ഞു കിടക്കുന്ന വനം ഒരു അത്ഭുതവും പ്രത്യേക ഭംഗിയും തന്നെയാണ്. വനത്തിൽ പണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വനത്തിലൂടെ നടന്നാൽ വീണ്ടും പാറയുടെ മറുവശത്തു എത്താം. ഏറ്റവും അരികിൽ നിന്നുള്ള കാഴ്ച മനോഹരവും അപകടവും നിറഞ്ഞ ഒന്നാണ്.

അസ്തമയ സൂര്യൻ കൂടെ അവിടെ വരുമ്പോൾ സഞ്ചാരികൾക്കു കാഴ്ചകളുടെ മറ്റൊരു തലമാണ് മീനുളിയൻപാറ നൽകുക. കാലത്തുള്ള യാത്ര വൈകീട്ട് ആക്കിയത് എന്തുകൊണ്ടും നന്നായി എന്ന് തോന്നിയ നിമിഷം. അല്പം നടന്നു ബുദ്ധിമുട്ടാൻ നിങ്ങൾ തയ്യാറാണെങ്കിൽ മീനുളിയപ്പാറ നിങ്ങളെ കാഴ്ചകളുടെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. നല്ലൊരു പുതുവർഷ ആരംഭം മീനുളിയൻപാറ നൽകിയ സന്തോഷത്തിൽ ആണ് അവിടെ നിന്ന് ഇറങ്ങിയത്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply