വിവരണം – അബു വി.കെ, ചിത്രങ്ങൾ – ബിനീഷ് ചാരത്ത്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്ത് വട്ടപ്പാറ എന്ന സ്ഥലത്ത് നിന്നും സുന്ദരിമുക്ക് കഴിഞ്ഞ് കുറച്ച് ഉള്ളിലൂടെ ഒഴുകുന്ന തോട്ടിലായാണ് കൊട്ടൻകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് രണ്ടോ മൂന്നോ മാസം തുടച്ചയായ് ഒഴുകിക്കൊണ്ടിരുക്കുന്ന കൊട്ടൻകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് കഞ്ഞിപ്പുരയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട്. കഞ്ഞിപ്പുരയിലെ പഴയകാല ലെജൻണ്ട് ഗ്രൗഡിന് അടുത്തുള്ള കരിപ്പാൻകുളം ( അരിപ്പാൻ ) കുളം എന്നൊക്കെ അറിയപ്പെടുന്ന കുളം ഒരുകാലത്തും വറ്റാതിരുന്ന നീരുറവയായിരുന്നു..
ഈ കുളത്തിൽ നിന്നും മഴക്കാലമായാൽ അരിപ്പാൻ കുളം നിലനിൽക്കുന്ന പരിസരപ്രദേശങ്ങളിലെ വയലുകളിൽ നിന്നും ഉത്ഭവിച്ചോഴുകുന്ന ജലം ചെറിയ തോടിലൂടെ ഒഴുകി വന്ന് കൊച്ചി പനവേൽ ഹൈവേയിൽ കഞ്ഞിപ്പുര നൈസറിക്ക് അടുത്തുള്ള ചെറിയ പാലത്തിനടിയിലൂടെ ചേലപ്പാറ പ്രദേശങ്ങളിൽ ഒഴുകിയെത്തി, ചേലപ്പാറയിലെ തോടിനോരം കിടക്കുന്ന നിറഞ്ഞൊഴുകുന്ന കിണറുകളിൽ നിന്നും വയലുകളിൽ നിന്നും വരുന്ന ജലവും കൂടെ സംഗമിച്ച് കഞ്ഞിപ്പുര തിരുനാവായ റോഡിലെ കഞ്ഞിപ്പുര ലക്ഷം വീടിന് അടുത്തുള്ള പാലത്തിലൂടെ ഒഴുകി ചോറ്റൂരിന്റെ പ്രദേശങ്ങളെ തഴുകി അവിടുത്തെ കുളങ്ങളിലും വയലുകളിൽ നിന്നും ഇണചേർന്ന ജലവുമായ് ചുള്ളിച്ചോല തോടിലൂടെ വട്ടപ്പാറയിലെ സുന്ദരിമുക്കിലൂടെ വീണ്ടുമൊഴുകി ഇന്ന് കാണുന്ന മൗണ്ട് ഹിറാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കഴിഞ് കൊട്ടൻകുണ്ടെന്ന സ്ഥലത്തെത്തുന്നത് .
അവിടെ ആനപ്പാറ എന്ന് പേരുള്ള ഒരു വലിയ പാറ ഉണ്ട്, ആനയുടെ രൂപത്തോട് ഏറെ സാദൃശ്യമുള്ള പാറ ആയതിനാലാവണം അന്നാട്ടുകാർ അതിനെ ആനപ്പാറ എന്ന് വിളിച്ചിരുന്നത്. അതിനോട് കുറച്ചകലെയായ് കസാല പാറയും ഉണ്ട്. വട്ടപ്പാറ എന്ന പേരിനെ അർത്ഥവത്താക്കുന്ന ഒരിടമാണ് കോട്ടക്കുണ്ടിലെ പാറകളും അതിനോടടുത്തു കിടക്കുന്ന കുന്നിൻ ചെരുവിലെ പാറകളുമെല്ലാം. ഇതിലൂടെയെല്ലാം തൊട്ട് തലോടി ഒഴുകുന്ന വെള്ളം ഭീമമായ പാറയ്ക്ക് മുകളിലൂടെ ചെന്നു പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് കൊട്ടൻകുണ്ട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.
18 പടികളുള്ള വലിയ പാറയിലൂടെ മുകളിലോട്ടു കയറി ഇറങ്ങുന്നത് തന്നെ ഇവിടെ വരുന്നവരുടെ സാഹസങ്ങളിൽ ഒന്നായിരുന്നു, മുൻ കാലങ്ങളിൽ കൊട്ടൻകുണ്ട് അറിയപ്പെട്ടിരുന്നത് തന്നെ പതിനെട്ടാംപടി വെള്ളച്ചാട്ടം എന്നായിരുന്നു. മുപ്പത് അടി ഉയരത്തിലുള്ള ഒരു വലിയ പാറക്ക് നടുവിലൂടെ ശക്തിയായി വന്നു പതിക്കുന്ന ജല ധാരകൾ കൂളം കുത്തിയൊഴുകുന്ന മനോഹരമായ കാഴ്ച്ച കണ്ടിരിക്കുവാൻ മടുപ്പ് തോന്നാറില്ല, വെള്ളച്ചാട്ടത്തിൽ നിന്നും ഇരുന്നൂർ മീറ്റർ മാറി തയോട്ട് ഒഴുകുന്നിടത്ത് ആ പരിസര പ്രദേശങ്ങളിലെ ആളുകൾക്ക് കുളിക്കാൻ പരുവത്തിൽ വീതിയും ആഴമേറിയതുമായ ഒരു കുളിക്കടവ് തന്നെ നിലനിന്നിരുന്നു.
ഒരു ചെറിയ കാട്ടാർ ഒഴുകുന്ന പ്രതീതിയിൽ തോട് അടുത്ത കാലങ്ങൾ വരെ സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്നു. വലിയ ഉരുളൻ പാറകൾക്കിടയിലൂടെ കുത്തിയൊലിച്ചൊഴുകുന്ന തോടിൻ ഇരുവശവും കാട് മൂടിക്കിടക്കുന്നതും ഈ കാടുകളിൽ മലമ്പാമ്പുകളും സജീവമായി കാണപ്പെട്ടിരുന്ന ഇടങ്ങളായിരുന്നു. കൊട്ടൻകുണ്ടിനു അടുത്തുള്ള ഭംഗിയുള്ള ഒരു ചെറിയ കുന്നിൽ ചെരിവുണ്ട്. ആ കുന്നിൻ ചെരുവിൽ കറുത്തുരുണ്ട കുറേ പാറകളും. അമ്പലപറമ്പിൽ നിന്നും ഈ കുന്നിൻ ചെരുവിന്റെ മനോഹാരിത വിദൂര കാഴ്ച്ചയായി കാണാൻ കഴിഞിരുന്നു. പച്ച പുതച്ച കുന്നിൻ ചെരുവ് ഏറക്കുറെ ഇന്നത് ചുവന്ന് തുടുത്തിരിക്കുന്നു.
കൊട്ടൻകുണ്ടിലൂടെ ഒഴുകുന്ന ജലം അടുത്ത സ്ഥലമായ കോതോൾ കുണ്ടും കടന്ന് അതിനടുത്ത പ്രദേശമായ കാവുമ്പുറം തോടിൽ വെച്ച് കല്യാണ ഒറുവിൽ നിന്നൊഴുകിവരുന്ന ജലവുമായി സംഗമിച്ച്
കല്യാണൊറുവിലെ വെള്ളവും കൊട്ടൻകുണ്ടിലെ വെള്ളവും ചേർന്ന് കാവുംപുറം തോടിലൂടെ വീണ്ടും കാട്ടിപ്പരുത്തി പ്രദേശങ്ങളിലൂടെയൊക്കെ ഒഴുക്കൊണ്ടിരിക്കുവാണ് നിളയെ ലക്ഷ്യമാക്കി…. ഓളങ്ങളിലൂടെയും ചുഴികളിലൂടെയും ഇരു കരയും മുട്ടെ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ കുറ്റിപ്പുറം പാലവും കടന്ന് അറബിക്കടലിന്റെ റാണിയെ കണ്ടുമുട്ടുവാനും അതിലൂടെ അലതല്ലി തീരങ്ങളിലേക്ക് ആഞ്ഞടിക്കുന്ന കടലിന്റെ രൗദ്ര മുഖങ്ങളിൽ ഒരു കണികയെന്നോണം കൊട്ടൻകുണ്ടിലെ ജലവുമുണ്ട്… ഓളങ്ങളിലൊരോളമായ് തിരമാലകൾ തൂത്ത് തുടയ്ക്കുന്ന അറബിക്കടലിന്റെ തീരങ്ങളിലേക്ക് ഒഴുകാൻ വിതുമ്പി നില്ക്കുകയാണ് കൊട്ടൻകുണ്ട് വെള്ളച്ചാട്ടം. വർണിക്കാൻ കുറേ ഏറെയുണ്ട് മഴക്കാലത്ത് മാത്രം നിലനിൽക്കുന്ന പ്രതിഭാസമായത് കൊണ്ട് ഒരൽപ്പം വിവരിച്ചെന്നു മാത്രം.
കൊട്ടൻകുണ്ടിലെ ജലത്തിൻ ഈ അടുത്ത കാലങ്ങളിലായി പ്രകൃതിയിൽ വന്ന ഭാവ മാറ്റങ്ങളാൽ കൊട്ടൻകുണ്ട് വെള്ളച്ചാട്ടത്തിന്റെ ഭംഗി അല്പ്പം കുറയാൻ കാരണമായിട്ടുണ്ട്. ഈ തോട് ഒഴുകുന്ന പ്രദേശങ്ങളിലെ ചെറു കുളങ്ങളുടെയും നീരുറവകളുടെയും അപ്രതീക്ഷിതമായ തിരോധാനവും വയലുകളുടെ നശീകരണവും നിമിത്തമായിട്ടുണ്ട് . വർദ്ധിച്ചു വരുന്ന പുതിയ കെട്ടിടങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തതിന്റെ തല്ഫലമെന്നോണം ഇപ്പോൾ കൊട്ടൻകുണ്ടിലേക്ക് വരുന്ന തോടിലൂടെയുള്ള വെള്ളത്തിൻ ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുവാണ് ..
ഇരുപത് വർഷങ്ങൾ മുൻപ് വരെ കഞ്ഞിപ്പുര ഹൈവെയിലെ പാലത്തിനടുത്ത് നിന്നും ഏകദേശം ഒരു കിലോമീറ്ററിന് അടുത്ത് വരെ നിര നിരയായ് ചെറുതും വലുതുമായ വാഹനങ്ങൾ നിർത്തി കഴുക്കിയിരുന്ന പതിവ് കാഴ്ചകൾ ഇന്നില്ല.. നിറ സമൃദ്ധമായ് ഒഴുകിയിരുന്ന തോടും വയലുകളും കുളങ്ങളും മീൻ പിടുത്തവുമെല്ലാം ഇന്നിൻ മനോഹരമായ കാഴ്ച്ചകളേകുന്നില്ല. ദൈവം ഒരിക്കലും ഋതുചക്രങ്ങളെ മാറ്റി ചലിപ്പിച്ചിട്ടിട്ടില്ല. എന്നിട്ടും പ്രകൃതിയിൽ മനുഷ്യൻ വരുത്തിയ മാറ്റങ്ങളുടെ തൽഫലമെന്നോണം ആ മനോഹരമായ കാഴ്ചയും അന്യമായി. കൊട്ടൻകുണ്ടും ഇനി ഓർമയാകുമോ ?.
Nb. 🤗ഈ പോസ്റ്റ് കണ്ട് ആരും ഇങ്ങോട്ടേക്ക് പുറപ്പെടെണ്ട.. മഴ നിന്നാൽ നിലക്കുന്ന വെള്ളച്ചാട്ടമാണിത്… ദൂര ദേശത്ത് നിന്നും ഇങ്ങോട്ട് വരുന്നതിനു മുൻപ് ഒന്നാലോചിക്കുക – ഇതിനേക്കാൾ മനോഹരമായത് നിങ്ങൾക്കരികിലുണ്ട്. അത് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.