വിവരണം – ഇര്ഷാദ് പേരൂര്.
ശനിയാഴ്ച്ച രാത്രി സുഹൃത്തിന്റെ വിളി , നാളെയെന്താ പരുപാടി , ഞാൻ പറഞ്ഞു പ്രത്യേകിച്ച് ഒന്നുമില്ല . എന്നാൽ വാ നമുക്കൊന്ന് കറങ്ങിത്തിരിഞ്ഞ് വരാം .എന്നാപ്പിന്നെ പോയകാമെന്നു ഞാനും കരുതി . അങ്ങനെ രാവിലെ 9 മണിക്കുള്ള ആനവണ്ടിയിൽ കോട്ടയത്തുനിന്നും യാത്ര തുടങ്ങി – മഴയാണെങ്കിൽ തിമിർത്തു പെയ്യുന്നു. കോട്ടയം കുമളി FAST PASSANGER . കണ്ടക്ടറോട് കുമളി ടിക്കറ്റ് ചോദിച്ചു, വണ്ടിപെരിയർവരെ പോകത്തുള്ളൂ , കുമിളി റോഡിൽ വെള്ളം കയറികിടക്കുകയാണ് . വണ്ടിപെരിയാരെങ്കിൽ വണ്ടിപ്പെരിയാർ ടിക്കറ്റ് എടുത്തു . മഴ തിമിർത്തു പെയ്യുന്നുണ്ട് , ഫ്രണ്ട് സീറ്റിൽ തന്നെ സ്ഥാനം പിടിച്ചതുകൊണ്ട് മഴ നന്നായി ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു.
മുണ്ടക്കയം കഴിഞ്ഞു വണ്ടി മഴയുടെ അകമ്പടിയോടെ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. മനോഹര കാഴ്ചകളായിരുന്നു വഴിയിലുടനീളം , മലകളിൽ കോട വന്നു തഴുകിക്കൊണ്ടിരിക്കുന്ന മനോഹരകാഴ്ച്ചക്കൊപ്പം മഴക്കാലമായതിനാൽ പുതുജന്മം കിട്ടിയ അനേകം വെള്ളച്ചാട്ടങ്ങൾ അഴിച്ചിട്ട വെള്ളിയരഞ്ഞാണം പോലെ മലമുകളിൽ നിന്നും താഴേക്ക് പതിക്കുന്ന കാഴ്ച , എത്രകണ്ടാലും മതിവരാത്ത മനോരഹ താഴ്വാരങ്ങളും പിന്നിട്ടു ആനവണ്ടി ഞങ്ങളെയും കൊണ്ട് മുന്നോട്ടു പാഞ്ഞു . വളഞ്ഞങ്ങാനം WATERFALLS അതിന്റെ സർവ്വ ശക്തിയുമെടുത്തു താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു . മലകയറിക്കഴിഞ്ഞു ഇനി ഇറക്കമാണ്. തേയിലത്തോട്ടങ്ങളെ നെടുകെ കീറിയെടുത്തുണ്ടാക്കിയ റോഡിലൂടെയുള്ള യാത്ര മനോഹരം തന്നെയാണ്.
വണ്ടിപ്പെരിയാറിൽ ഇറങ്ങി . ചെറിയ ചാറ്റൽ മഴയും ഞങ്ങൾ രണ്ടുപേർക്കു ഒരു കുടയുമുണ്ട്. ഒരു തട്ട് കടയിൽ നിന്നും മുട്ട ബജി കഴിച്ചു വിശപ്പടക്കി. തണുപ്പുള്ള സമയത്ത് ബജി കഴിക്കുന്നതൊരു സുഖമാണേ’ കുമളിയിലേക്കു രണ്ടു പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട് എന്നറിഞ്ഞു , അങ്ങനെ അതിൽ ഒരു ബസിൽ കയറിപ്പറ്റി. കൂടുതലും തമിഴ് വംശജർ അപ്പോൾ സുഹൃത്തിനു ഒരു സംശയം എടാ നമ്മൾ തമിഴ്നാട്ടിൽ എത്തിയോ… ഏതായാലും അതിലെ യാത്ര സംഭവബഹുലമായിരുന്നു .യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ ബസ് ഒന്ന് സ്ലോ ചെയ്തു ഡ്രൈവർ frist gear ഇട്ടു ,പിന്നെ ബോട്ട് യാത്രയെ അനുസ്മരിപ്പിക്കുന്ന പോലെയുള്ള യാത്രയായിരുന്നു , ആടിയും ഉലഞ്ഞും ബസിനെ ഡ്രൈവർ ഒരു വിധംഅക്കരെ എത്തിച്ചു , അവിടെന്നു ഒരു ജീപ്പിൽ കുമളി പിടിച്ചു. അപ്പോഴും മഴയുടെ ഒളിച്ചുകളി തുടർന്നുകൊണ്ടിരുന്നു.
മൂന്നാർ പോകാനായിരുന്നു പ്ലാൻ , ബസൊന്നും കിട്ടാത്തതിനാൽ കട്ടപ്പനക്കുള്ള പ്രൈവറ്റ് ബസ് പിടിച്ചു . കട്ടപ്പനയാത്രയിൽ കൂടുതൽ സമയം മഴയായിരുന്നു എങ്കിലും കുറച്ചു സമയം മഴ മാറിനിന്നു അതിനാൽ മലമുകളിൽ നിന്നും താഴേക്കുള്ള യാത്രയിൽ കട്ടപ്പനയെ കൺകുളിർക്കെ കണ്ടു. സ്റ്റാൻഡിൽ ഇറങ്ങി നല്ലൊരു കാപ്പിയും കുടിച്ചു കോട്ടയം ബസ് പരതി നടക്കുന്നതിനിടയിൽ ദാ കിടക്കുന്നു ഒരു ആനവണ്ടി – കട്ടപ്പന to തിരുവനന്തപുരം (കട്ടപ്പന ഏലപ്പാറ വാഗമൺ ഈരാറ്റുപേട്ട പാലാ, കോട്ടയം, തിരുവനന്തപുരം .) നമ്മുടെ യാത്രയിൽ ഒരു ബോണസ് പോയിന്റായി കിട്ടിയതാണ് ഈ ബസും ഇതിലെ യാത്രയും . അത്രയ്ക്ക് മനോഹരമായിരുന്നു ഏലപ്പാറ , വാഗമൺ റൂട്ടിലെ യാത്ര.
കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളും, ഇടയ്ക്കിടെ തലകാണിക്കുന്ന പേമാരിയും കരകവിഞ്ഞൊരുകുന്ന നദിയും കോടമഞ്ഞും നൂൽമഴയും ആസ്വദിച്ചുള്ള ബസ് യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല . ഈ യാത്രയുടെ പ്രത്യേകത ഒരുപാടു ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ കാണാൻ കഴിഞ്ഞു . മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണെങ്കിലും മനോഹരമാണ് . യാത്രയിലുടനീളം ധാരാളം വാഹനങ്ങൾ അപകടത്തിൽ പെട്ട് കിടക്കുന്നതുകണ്ടു. മഴക്കാലത്ത് ഇടുക്കിയിലൂടെ വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധയോടെ ഡ്രൈവ് ചെയുക . വൈകിട്ട് ഏഴരയോടെ ഞങ്ങൾ കോട്ടയത്തു എത്തിച്ചേർന്നു. മൊബൈലിൽ ചാർജ് ഇല്ലാതിരുന്നതിനാൽ കൂടുതൽ ഫോട്ടോസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല.