ലഡാക്കിലേക്ക് ബുള്ളറ്റുമായി ഞങ്ങളുടെ സ്വപ്നയാത്ര തുടരുന്നു…

യാത്രാവിവരണം – അനില നിക്‌സൺ (ആദ്യ ഭാഗം വായിക്കുവാൻ CLICK HERE)

SHYOK RIVER കണ്ടുതുടങ്ങുന്നതു മുതൽ ഇടയ്ക്കു മണലിലൂടെ ആണ് യാത്ര, മുറിഞ്ഞു വരുന്ന നദിയുടെ ഭാഗങ്ങൾ റോഡിനു നാടുവിലൂടെയും കയറി ഒഴുകുന്നു. കലങ്ങി ചെളി നിറത്തിൽ ഒഴുക്കുന്നത് കൊണ്ടാണി ഇതിനെ SHYOK റിവർ എന്ന് വിളിക്കുന്നതെന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. LUKUNG എത്തുന്നത് മുതൽ പാങ്കോങ് തടാകം കണ്ടു തുടങ്ങും.വിവരിക്കാനാവാത്ത അനുഭവമാണ് ഈ നിമിഷം. സിനിമയിലും ഗൂഗിളിലും മാത്രം കണ്ടിട്ടുള്ള പാങ്കോങ്. കണ്ണിനുമുന്നിൽ. ഒരു നിമിഷം വിശ്വസിക്കനാവാതെ നിന്ന് പോകും.ലോകത്തിലെ ഏറ്റവും വലിയതും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഉപ്പുതടാകം (134 കിലോമീറ്റര് നീളവും 5 കിലോമീറ്റര് വീതിയും. ഒരുഭാഗം ചൈനയിലും ഒരുഭാഗം ടിബറ്റിലും പിന്നെ ഇന്ത്യയിലുമായി സ്ഥിതി ചെയുന്നു) കാണുവാൻ മറ്റൊരു കാഴ്ചയും അവിടില്ല, പക്ഷെ കാണുന്തോറും കണ്മുന്നിൽ നിറഞ്ഞു വരുന്ന നദിയിൽ നിന്നും കണ്ണെടുത്തു മറ്റെന്തെങ്കിലും ചുറ്റും ഉണ്ടോ എന്ന് നോക്കുവാൻ പോലും മനസ്സനുവദിക്കാത്ത മനോഹരമായ കാഴ്ച്ചയാണത് . പാങ്കോങ് തടാകത്തിന്റെ അറ്റം വരെ പോകാൻ നമുക്ക് കഴിയില്ല SPANGMIK എത്തിയപ്പോൾ യാത്രക്കാർക്ക് തടാകത്തിന്റെ കരയിൽ വണ്ടി ഇറക്കാൻ പറ്റുന്നൊരു സ്ഥലമുണ്ട് ഞങ്ങൾ അവിടെ നിന്നു ധരാളം ഫോട്ടോസ് എടുത്തു അധികം തിരക്കില്ലാത്ത ഭാഗത്തേക്ക് ചെന്നിട്ട് തടാകത്തിന്റെ ഭംഗി ശരിക്കും ആസ്വദിച്ചു.

സൂര്യപ്രകാശത്തിൽ ആകാശത്തിന്റെ തെളിഞ്ഞ നീലനിറം നദിയിൽ വ്യക്തമായി പ്രതിഭലിക്കുമ്പോൾ ഒരു നീലത്തടാകമായി തോന്നും. പറഞ്ഞറിയിക്കാനാവാത്ത ഭംഗിയാണ് പാങ്കോങ് തടാകത്തിനു. ഒരുപാട് ചിത്രങ്ങൾ പകർത്തി, കൈയിലെ ഗ്ലോവ്സ് ഊരി കാലിലെ സോക്സും ഊരി വെള്ളത്തിലേക്ക് ചാടിയിറങ്ങിയെങ്കിലും അതിലും വേഗത്തിൽ തിരിഞ്ഞോടി. തണുപ്പ് കാരണം ഒരു മിനിറ്റു പോലും തികച്ചു വെള്ളത്തിൽ നില്ക്കാൻ കഴിയില്ല!! എങ്കിലും ആഗ്രഹപ്രകാരം ഫോട്ടോസ് കുറേയെടുത്തു .വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ അടിയിൽ കിടക്കുന്ന ഓരോ കല്ലുകളും വ്യക്തമായി കാണാം. ആകാശത്തിന്റെ നീല നിറമില്ലെങ്കിൽ കണ്ണാടി പോലെ തെളിഞ്ഞു കിടക്കും പാങ്കോങ് ലെയ്ക്. നദിയുടെ അങ്ങേ അറ്റം വരെ പ്രവേശനമില്ല (ചെറിയൊരു വഴിയുണ്ടെങ്കിലും യാത്ര കുറച്ചു അപകടകരമാണ്). എങ്കിലും വഴി തീരുന്നിടത്താണ് എല്ലാ സ്റ്റേ സംവിധാനങ്ങളും ഉള്ളത്, വൈകിട്ട് 4 മണിയോടെ ഞങ്ങൾ സ്റ്റേ യിലെത്തി..അവിടെ നിന്നും കിട്ടിയ ചായയും കുടിച്ചു നന്നായൊന്നുറങ്ങി.ഉറക്കം കഴിഞ്ഞു 6 മണിക്ക് എഴുന്നേറ്റു ടെന്റിന്റെ വാതിൽ മാറ്റി നോക്കിയപ്പോൾ വെറും 10 മീറ്റർ അകലെ തടാകം വ്യക്തമായി കാണാം…ശരിക്കും തൊട്ടു മുന്നിലാണെന്ന് തോന്നും ഇവിടെയും കാറ്റാണ് വില്ലൻ. തടാകത്തിൽ നിന്നും തണുത്ത കാറ്റ് വന്നു കൊണ്ടിരിക്കും, നേരം ഇരുട്ടുന്തോറും കാറ്റിന്റെ ശക്തിയും തണുപ്പും കൂടി വരും .എങ്കിലും ചെറിയൊരു സവാരിക്കിറങ്ങി ഞങ്ങൾ ബൈക്കിൽ കുറച്ചു ദൂരം നദിയെ തൊട്ടു പോകുന്ന കൈവഴിയിൽ കൂടി. പിന്നെ വണ്ടി നിർത്തി ദൂരെ നദിയിലേക്കു നോക്കിനിന്നു കുറേനേരം.

8 മണിയോടെ ഞങ്ങൾ തിരിച്ചു ടെന്റിൽ എത്തി. ഭക്ഷണവും കഴിച്ചു കിടന്നു. മനസ്സിൽ സന്തോഷത്തിനൊപ്പം ഒരു ചെറിയ സങ്കടം. പിറ്റേദിവസം മടക്കയാത്ര തുടങ്ങുകയാണ്! രാവിലെ ഏഴുമണിയോടെ എഴുന്നേറ്റു യാത്രയ്ക്ക് തയാറായി പ്രഭാത ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഒരുപാട് സന്തോഷത്തോടെയും സംതൃപ്തിയോടെയും ഞങ്ങൾ യാത്ര തുടർന്നു. CHANGLA വഴിയായിരുന്നു LEH യിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് (17586 FEET), അവിടെ അപ്പോൾ മൈനസ് ആയിരുന്നു തണുപ്പ്. പോകുന്ന വഴിക്ക് ഞങ്ങളെ കാത്തിരുന്ന അത്ഭുതം FROZEN RIVER ആയിരുന്നു. ഒരുപാട് ആളുകൾ അവിടെ ഉണ്ടായിരുന്നു, എല്ലാവരും പരസ്പരം മഞ്ഞു വാരി കളിച്ചും ചിത്രങ്ങൾ എടുത്തും ഓരോ നിമിഷവും ആഘോഷിക്കുകയാണ്. എത്തിപ്പെട്ട സ്വർഗഭൂമിയിൽ ഞങ്ങളും മതി വരുവോളം ഓരോ നിമിഷവും ആസ്വദിച്ചു.

CHANGLA യിൽ നിന്നും KARU വിലേക്കുള്ള വഴി വളരെ മോശവും അപകടം നിറഞ്ഞതുമാണ്. മുന്നിൽ പ്രതീക്ഷിക്കാതെ രണ്ടു വഴികൾ വന്നപ്പോൾ റോഡിൽ കണ്ട സായിപ്പിനോട്(റൈഡർ ആണ്)ഞങ്ങൾ വഴി ചോദിച്ചു. അയാൾ പറഞ്ഞ പ്രകാരം ദൂരം കുറവുള്ളതും മോശമായതുമായ റോഡ് ഞങ്ങൾ തിരഞ്ഞെടുത്തു. കല്ലും പൊടിയും നിറഞ്ഞ കുത്തനെ യുള്ള ഇറക്കം പിടിച്ചു ഇറങ്ങിയപ്പോൾ എപ്പോഴോ പിടുത്തം വിട്ട് ഞങ്ങൾ രണ്ടു പേരും വണ്ടിയും മറിഞ്ഞു വീണു. ഹെൽമറ്റ് KNEEPAD ,ജാക്കറ്റ് ,എല്ലാം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾക്കൊന്നും പറ്റിയില്ല. ബൈക്കിന്റെ ഇടതു വശത്തെ MIRROR പൊട്ടിപ്പോയി CRASH GUARD അഴിഞ്ഞു പോയി. ഒരു നിമിഷം ഞങ്ങൾ ഒന്ന് പതറിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് വണ്ടി പൊക്കി സൈഡിലേക്ക് തള്ളിമാറ്റി സ്റ്റാൻഡ് ഇട്ടു ഒരു മിനിട്ടു relax ചെയ്തു. വണ്ടിക്കു പറ്റിയ ചില പരിക്കുകൾ പുള്ളി വേഗം തന്നെ ശരിയാക്കി ഞങ്ങൾ യാത്ര തുടർന്ന് ഈ യാത്രയിൽ ഒന്നല്ല അതിൽ കൂടുതൽ വീഴ്ചകൾ പ്രതീക്ഷിച്ചു പോയതുകൊണ്ട് അധികം വിഷമം എനിക്ക് തോന്നിയില്ല.

KAARU കഴിഞ്ഞു LEH കയറുന്നതു വരെ റോഡ് വളരെ ദുര്ഘടമാണ് വീതി കൂട്ടൽ ജോലികൾ നടക്കുന്നുണ്ട്. നാലുമണിയോടെ ഞങ്ങൾ ലേഹ് യിൽ എത്തി. ചെറിയൊരുറക്കവും കഴിഞ്ഞു. ഞങ്ങൾ ബൈക്ക് തിരികെ നൽകാൻ പോയി. ബൈക്കിന് നഷ്ടപരിഹാരമായി 350 രൂപയാണ് ഞങ്ങൾ അവിടെ കൊടുത്തത്. അവിടെ നിന്ന് ഞങ്ങളുടെ ബൈക്കും എടുത്തു റൂമിലെത്തി.

പിറ്റേന്ന് രാവിലെ 7 മണിയോടെ ഞങ്ങൾ ലെഹയിൽ നിന്നും ഇറങ്ങി. തിരിച്ചുള്ള യാത്രയി ആണ് കൂടുതൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞത്, ആദ്യം വീഡിയോ പിടിക്കുവാനും ചിത്രങ്ങൾ പകർത്താനുമുള്ള തിടുക്കമായിരുന്നു. കണ്മുന്നിൽ തെളിഞ്ഞ ഓരോ നിമിഷങ്ങളും ഞങ്ങൾ ഹ്രദയത്തിലേക്കു പകർത്തി. pang എത്തിയപ്പോൾ വണ്ടി നിർത്തി പുള്ളി എന്നോട് അവിടെ കടയിൽ നിന്നും രണ്ടു കുപ്പി വെള്ളം വാങ്ങുവാൻ ആവശ്യപ്പെട്ടു, കൈയിൽ വെള്ളം ഉണ്ടായിരുന്നതിനാൽ എന്തിനാണ് ഇനിയും വാങ്ങുന്നത് എന്ന് ഞാൻ ചിന്തിച്ചു. അത് പൊട്ടിക്കരുതെന്നും ഒരു കാര്യമുണ്ടെന്നും പറഞ്ഞു യാത്രതുടങ്ങുമ്പോൾ അദ്ദേഹം നമ്മൾ വീണതിന്റെ കാരണം ഇപ്പോഴാണ് മനസിലാകുന്നത് എന്നും ഞാൻ പിന്നെ പറഞ്ഞു തരാം എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചെങ്കിലും ഉത്തരമൊന്നും കിട്ടിയില്ല. കാഴ്ചകൾ കാണുന്ന തിടുക്കത്തിൽ ഞാൻ അത് പിന്നെ മറന്നു പോയി.

PANG കഴിഞ്ഞുള്ള ഒരു 35 കിലോമീറ്റർ വളരെ മോശമായതും അപകടം നിറഞ്ഞതും ആണ്. മലമടക്കുകൾ പല ഡിസൈനിൽ പല സൈസ് ഈ വഴിയിൽ കാണാൻ കഴിയും. Nakkeela pass ഇറങ്ങി വരുമ്പോളുള്ള ഒരു വളവിൽ കുറെ വെള്ള കുപ്പികൾ കൂട്ടിയിട്ടേക്കുന്നത് കണ്ടു. ഒരു കല്ലിനു ചുവട്ടിലായി ആണ് എല്ലാം കൂട്ടിയിട്ടിരിക്കുന്നത്. എന്നോട് വണ്ടിയിൽ നിന്നും ഇറങ്ങി പൊട്ടിക്കാത്ത ഒരു കുപ്പി അവിടെ കൊണ്ടുപോയി വെക്കുവാൻ പറഞ്ഞു. അവിടെ കുപ്പിയും കൊണ്ട് എത്തിയപ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത്,ആ കുപ്പികൾ ഒന്നും തന്നെ തുറന്നിട്ടില്ല. പകുതിയിലേറെ കുപ്പികളിലും വെള്ളം ഉണ്ട്. എനിക്ക് ഒന്നും മനസിലായില്ല. നിശബ്ദമായൊരു ചോദ്യം മനസ്സിൽ ഒളിപ്പിച്ചു ഞാൻ തീരികെ വന്നു വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടർന്നു .

പിന്നീടാണ് എന്നോട് ആ സംഭവം പറഞ്ഞത് ആ വളവിൽ വർഷങ്ങൾക്കു മുൻപ് മണാലിൽ നിന്നും ചരക്കുമായി വന്ന ആ സീസണിലെ അവസാനത്തെ ഒരു ലോറി അവിടെ ബ്രേക്ക് ഡൌൺ ആയി തണുപ്പും ഓക്സിജന്റെ കുറവ് മൂലവും അതിലെ ക്‌ളീനർ അവശനായി അയാൾ വെള്ളം ചോദിച്ചപ്പോൾ ലോറിയിലെ വെള്ളം തീർന്നിരുന്നു. വെള്ളം വാങ്ങാനും സഹായത്തിനുമായി ഡ്രൈവർക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു അടുത്ത ഗ്രാമത്തിലേക്ക് എത്താൻ . മോശം കാലാവസ്ഥ കാരണം ആ ഡ്രൈവർ തിരിച്ചെത്തിയപ്പോഴേക്കും ഒരാഴ്ച കഴിഞ്ഞിരുന്നു. ക്ളീനർ ലോറിയിൽ മരിച്ചിട്ടുണ്ടായിരുന്നു. അയാളെ അവിടെ തന്നെ അടക്കം ചെയ്തു . വർഷങ്ങൾക്കിപ്പുറം പല സഞ്ചാരികളും വെള്ളം ചോദിച്ചലയുന്ന ഒരു മനുഷ്യനെ ഈ വഴിയിൽ കാണാറുണ്ടായിരുനെന്നാണ് പറയപ്പെടുന്നത്. വെള്ളം കൊടുക്കുന്ന സമയത്തു അത് കൈകൾക്കിടയിലൂടെ താഴേക്കു വീഴും അവിടെ ആരെയും കാണില്ല .. യഥാർത്ഥത്തിൽ അതൊരു ആത്മാവ് ആണെന്നാണ് പറയപ്പെടുന്നത്. ഇനി ഇങ്ങനെ വെള്ളം കൊടുക്കാത്തവർ എന്തേലും അപകടത്തിൽ പെടുന്നുണ്ടായിരുന്നത്രെ . ഞങ്ങൾ അങ്ങോട്ട് പോയപ്പോൾ ഈ സ്ഥലത്തിന് വലിയ പ്രാധന്യം കൊടുത്തില്ല പക്ഷെ ഒരു വീഴ്ച വീണ കാര്യമോർത്തപ്പോൾ എന്തോ എവിടെയൊക്കെയോ ഒരു തകരാറു പോലെ …. എന്തായാലും പിന്നീട് ഞങ്ങൾക്ക് ഒരു അപകടങ്ങളും പറ്റിയില്ലാട്ടോ … ഒരു വിശ്വാസം …..അല്ലാതെന്ത്

സർച്ചു എത്താറായപ്പോഴേക്കും (ഏകദേശം 40 കിലോമീറ്റര് കൂടിയുണ്ട്) ഭയകര തണുത്ത കാറ്റും ബംപി വഴികളും. കാഴ്ചകൾ എല്ലാം ആസ്വദിക്കുന്നുവെങ്കിലും തണുപ്പും പിന്നെ കാറ്റും ഒരു ശത്രുവായി തുടങ്ങി. ഞങ്ങൾ രണ്ടു പേരും വിറച്ചു തുടങ്ങി. മുൻപോട്ടു പോകാൻ പറ്റില്ല എന്നൊരു അവസ്ഥയിൽ. ഒന്ന് ചിന്തിച്ചു ,വഴിയിൽ തന്നെ കിടക്കേണ്ടി വരുമോ എന്ന്, അദ്ദേഹം വണ്ടി നിർത്തി എൻജിന്റെ മുകളിൽ കൈ വച്ച് ചൂടാക്കി വീണ്ടും യാത്ര തുടങ്ങി, സർച്ചുവിലേക്കു ആദ്യം എത്തിയപ്പോൾ ഉണ്ടായ അതെ അനുഭവം വീണ്ടും. ഈ വഴികളിലെല്ലാം പണികൾ ഓരോ ഭാഗങ്ങളിലായി നടക്കുന്നതേയുള്ളു. അത്രയും മോശമായ വഴികൾ ആണ്. ഓട്ടത്തിനൊടുവിൽ 4 മണിയോടെ ഞങ്ങൾ സരിച്ചുവിൽ എത്തി. സച്ചിൻ ഭായിയുടെ HIMALAYAM ROOTS STAY റെഡിയായിരുന്നു. അവിടെയെത്തി ഒരു ചൂട് ചായയും കുടിച്ചു ഡ്രസ്സ് ഒന്നും ചേഞ്ച് ചെയ്യാൻ നിൽക്കാതെ പുതപ്പിനുള്ളിലേക്കു കയറി ഒളിച്ചു സമയം 5 ആയതേ ഉള്ളു എന്നോർക്കണം. സർച്ചുവിൽ തണുപ്പ് കൂടി വരുകയാണ്. നിർത്താതെ വീശുന്ന കാറ്റും കൂടിയായപ്പോൾ തണുപ്പ് ഇരട്ടിയായി . രാത്രി 9 മണിക്ക് അവർ ഭക്ഷണത്തിനായി വിളിക്കുമ്പോഴാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്, ഭക്ഷണം കഴിച്ചു അപ്പൊത്തന്നെ കിടന്ന ഞങ്ങൾ രാവിലെ എണീറ്റ് ബ്രേക്ഫാസ്റ് കഴിഞ്ഞു 9 മണിക്ക് തന്നെ യാത്ര തുടങ്ങി, നേരത്തെ ഇറങ്ങുവാൻ കാരണം BARALACHA LA PASS ൽ വാട്ടർ ക്രോസിങ് കടക്കുവാൻ സമയം വേണ്ടി വരും, അതിനുള്ള തയ്യാറെടുപ്പുകളും ആയാണ് ഞങ്ങൾ ഇറങ്ങിയത്, ഞാൻ അറിയാതെ മനസ്സിൽ പ്രാർഥിച്ചുപോയി, ദൈവമേ കുഴപ്പമൊന്നും കൂടാതെ അപ്പുറത്തെത്തിയേക്കണേ! വണ്ടിയെങ്ങാനും മറിഞ്ഞാൽ ഡ്രസ്സ് മുഴുവൻ നനയും പിന്നെ ഈ തണുപ്പത്തു പറയണ്ടല്ലോ.

10 മണിയോടെ വാട്ടർ ക്രോസിങ് എത്തിയ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി, അവിടെ പണിതുകൊണ്ടിരുന്ന ഉരുക്കു പാലം പണി തീർത്തു തുറന്നു കൊടുത്തിരിക്കുന്നു. ആ സന്തോഷം വാക്കുകൾ കൊണ്ട് എഴുതിയാൽ മനസിലാകില്ല. ആ വാട്ടർ ക്രോസ്സിങ്ങിൽ പെട്ടുപോയ ആൾക്ക് മാത്രമേ ആ സന്തോഷം മനസിലാകൂ.

അങ്ങനെ വിജയകരമായി BARALACHA LA കയറുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ആകാശം മൊത്തം മാറിയിരിക്കുന്നു. കോടമഞ്ഞു മൂടിയപോലെ മലനിരകൾക്കു മുകളിൽ ,ഞാൻ പുള്ളിക്കാരനോട് പറഞ്ഞു, നല്ലൊരു മഴ വരുന്ന ലക്ഷണം, നാട്ടിൽ ബൈക്കിൽ പോകുമ്പോൾ മഴ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്നത് പോലെ അവിടെയും തോന്നി ഒരു ആഗ്രഹം. പക്ഷെ യാത്രക്ക് ഒരുങ്ങുന്ന സമയം അദ്ദേഹം പറഞ്ഞത് എന്റെ ഓർമയിൽ വന്നു, മഴ കിട്ടിയാൽ പ്രശ്നമാണ്. പക്ഷെ കാലാവസ്ഥ കണ്ടാൽ അറിയാം നല്ലൊരു മഴയ്ക്ക് ചാൻസ് ഉണ്ടെന്നു. എങ്കിലും ഞങ്ങൾ മുന്നോട്ടു യാത്ര തുടർന്നു. വഴി നിറയെ മഞ്ഞു നിറഞ്ഞു കിടക്കുകയാണ്, നല്ല തണുപ്പും ഉണ്ട്, ചില ടൂറിസ്റ്റ് വണ്ടികൾ ഇടയ്ക്കു നിർത്തിയിട്ടിരിക്കുന്ന കണ്ടു,കോളേജിൽ നിന്ന് വന്ന കുട്ടികൾ ആണെന്ന് തോന്നുന്നു.

താഴേക്കിറങ്ങുന്തോറും മഞ്ഞ് നിറഞ്ഞ കാഴ്ച്ചകൾ ദൂരെ മറഞ്ഞു വന്നപ്പോൾ ഞങ്ങൾ കണ്ട മഞ്ഞുറഞ്ഞ തടാകം മഞ്ഞൊക്കെ ഉരുകി വെള്ളം മാത്രമായിരിക്കുന്നു . ജിസ്പ എത്തുന്നത് വരെ മഴ ഉണ്ടായില്ല , ഉണങ്ങി വരണ്ട നിലങ്ങൾക്കു അവിടിവിടെയായി ചെറിയ കൈതോടുകൾ നല്ല വെയിൽ ആയിരുന്നു. കൂടെ തണുത്ത ചെറിയ കാറ്റും. KEYLONG എത്തിയപ്പോൾ വീണ്ടും തുടങ്ങി ആകാശത്തിന്റെ മാറ്റം. അപ്പോഴാണ് ചെറിയ തരികൾ പോലെ എന്തോ ഒന്ന് ജാക്കറ്റിലേക്കു വീഴുന്നത് ശ്രദ്ധയിൽ പെട്ടത്, ഹെല്മറ്റി ഗ്ലാസ് മാറ്റി കൈ നിവർത്തി പിടിച്ചപ്പോൾ ആണ് കാണുന്നത് ചെറിയ മഞ്ഞു കട്ടകൾ. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. കുറെ ദൂരം ആ ഐസ് മഴ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എങ്കിലും ഞങ്ങളെ അധികം നനയിച്ചില്ല. TANDI യിൽ നിന്നും ഭക്ഷണം കഴിച്ചു മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് മഴ തുടങ്ങി. വണ്ടി നിർത്തി റൈൻ കോട്ട് ധരിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. മഴയുടെ ശക്തി കൂടുന്നുണ്ടായിരുന്നു. ഞങ്ങൾ വേഗത കുറച്ചാണ് മുന്നോട്ടുപോയത്, KHOKSAR എത്താറായപ്പോൾ മഴ കുറഞ്ഞെങ്കിലും റോഡ് കാണാനാകാത്ത വിധം വെള്ളം കുത്തിയൊഴുകുന്നു. വെള്ളത്തിൽ പെട്ട് പോയ ഒരു കാറ് തിരിച്ചു റോഡിലേക്കെത്തിക്കുവാൻ ആളുകൾ ശ്രമിക്കുന്നുണ്ട്, കുറേ വാഹനങ്ങൾ നിരയായി കിടക്കുന്നു, കൂട്ടത്തിൽ റൈഡേഴ്സും ഉണ്ട്.

ഞങ്ങൾ ബൈക്ക് നിർത്തി ഇറങ്ങി, വണ്ടി ഒതുക്കി വയ്ച്ചു കാത്തിരിപ്പായി. കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു ആർമി വാഹനത്തിൽ കയറു കെട്ടി അവർ കാറിനെ കയറ്റി. വാഹനങ്ങൾ ഓരോന്നായി നീങ്ങി തുടങ്ങിയെങ്കിലും ചിലവണ്ടികൾ വീണ്ടും കല്ലുകളിൽ തട്ടി നിന്ന് പോകുന്നു,നിർത്തിപ്പോയിട്ടിരിക്കുന്ന വലിയ വാഹനങ്ങൾ ക്കിടയിലൂടെ ഞങ്ങൾ കുറെ റൈഡേഴ്സ് നീങ്ങി തുടങ്ങി. ഏകദേശം 15 കിലോമീറ്ററോളം വെള്ളത്തിന്റെ ഒഴുക്കിൽ പെട്ട് ചെളിയും കല്ലുമൊക്കെയുള്ള മോശം റോഡ് ആണ് ഞങ്ങളെ കാത്തിരുന്നത്. മുന്നിലും കുറെ വാഹനങ്ങൾ ബ്ലോക്കായി കിടക്കുകയായിരുന്നു. വെള്ളം കൂടിഉയപ്പോൾ കാലും മണ്ണും ചെളിയും കൂടിച്ചേർന്നു ആകെ മൊത്തം റോഡ് ഇല്ലാത്ത ഒരു അവസ്ഥ,ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി വാഹനങ്ങൾക്കിടയിലൂടെ നടന്നു. അദ്ദേഹം പതിയെ ബൈക്കുമായി വന്നു. ഒരു തരത്തിൽ ഞങ്ങൾ ബൈക്കേഴ്സ് മാത്രം ബ്ലോക്കിൽ നിന്നും പുറത്തെത്തി. ROTHANG PASS കയറുന്നതു നനഞ്ഞു കുതിര്ന്നാണ്(ഷൂ ഉം സോക്‌സും മാത്രം). കയറുന്നവഴികളിൽ റോഡിനു കുറുകെ വെള്ളം ഒഴുകുന്നുണ്ട്. അതൊന്നും കൂട്ടാക്കാതെ ഞങ്ങൾ റോത്താങ്ങിലേക്ക് എത്തി ചേർന്നു. മഴയാണെങ്കിലും അവിടെ ആളുകൾ ഉണ്ട്. ഞങ്ങൾ ഒരു മിനിറ്റു നിർത്തി ഒരു ഫോട്ടോയും എടുത്തു വീണ്ടും യാത്ര തുടർന്നു.

അവസാനത്തെ 80 കിലോമീറ്റര് ഓടാൻ നാലര മണിക്കൂറിലേറെ എടുത്തു. ഒരു മഴ വന്നതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ്. അപ്പോൾ എല്ലാ ദിവസവും മഴ കിട്ടിയാലുള്ള ഒരു അവസ്ഥ അറിയാമല്ലോ. അത് കൊണ്ട് ലഡാക്കിൽ പോകാൻ പ്ലാൻ ഉള്ളവർ മെയ് അവസാനത്തെ ആഴ്ചയോ ജൂൺ ആദ്യത്തെ ആഴ്ചയോ പോകേണ്ടതാണ്. മണാലി എത്തിയപ്പോൾ മഴ പൂര്ണമായിട്ടും മാറി..അന്ന് രാത്രി 8 മണിക്കാണ് ഞങ്ങൾക്ക് തിരികെ ഡൽഹിയിലേക്കുള്ള ബസ്. ഞങ്ങൾ വഴിയിൽ നിർത്തി വസ്ത്രമെല്ല മാറി വീണ്ടും യാത്രയായി. മണാലി സിറ്റി എപ്പോഴും തിരക്കാണ്. വാഹനങ്ങളും ആളുകളും ആകെ മുഴുവൻ ഒരു ബഹളം. എല്ലാ തിരക്കുകളും കടന്നു 7 .30 നു ഞങ്ങൾ മണലിൽ എത്തി ബൈക്ക് തിരികെ ഏൽപ്പിച്ചു അനിൽ ഭായിയോട് നന്ദിയും പറഞ്ഞു ബസിൽ കയറി.

ബസ് യാത്രയിൽ ഒരു വിഷമം ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും. കാരണം കഴിഞ കുറെ ദിവസങ്ങളിൽ കണ്ണ് തുറന്നാൽ കാണുന്നത് കാഴ്ചയുടെ അത്ഭുതങ്ങൾ ആയിരുന്നു. ഇനി ഇല്ല. തിരികെ പോകുവാണ്.

പിറ്റേന്ന് ഉച്ചയോടെയാണ് ഞങ്ങൾ ഡൽഹി എത്തിയത്. കൊടും തണുപ്പിൽ നിന്നും കൊടും ചൂടിലേക്ക്. അവിടെ നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നും ആണ് ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ. ഈ ലോങ്ങ് ട്രെയിൻ യാത്രയും ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. RAJADHANI EXPRESS ൽ ഞങ്ങൾ കയറി. വിന്ഡോ സീറ്റ് ആകാത്തത് കാരണം രണ്ടു ദിവസമുണ്ടായിരുന്ന യാത്രയിലെ ആദ്യ ദിവസം ഞങ്ങൾ ഉറങ്ങി ആശ്വസിച്ചു. യാത്ര ചെയ്യുംമ്പോൾ ഉറങ്ങാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമില്ല. ഓടി മറയുന്ന കാഴ്ചകൾ എല്ലാം കണ്ടാസ്വദിക്കണം. ഞങ്ങളുടെ പ്രാർഥന കേട്ടത് പോലെ SIDE സീറ്റ് ലെ രണ്ടുപേർ RATNAGIRI യിൽ ഇറങ്ങി. ഞങ്ങൾ ആ സീറ്റിൽ ഇടം പിടിച്ചു. ജനലിനരികെയിരുന്നു കാഴ്കൾ ആസ്വദിച്ചു കൊണ്ടിരുന്നു. MADAGON തുടങ്ങുന്നത് മുതൽ കേരളത്തിന്റെ പ്രതീതിയാണ് തെങ്ങിൻ തോപ്പുകളും, പച്ച നിറഞ്ഞു നിൽക്കുന്ന കൃഷി ഭൂമികളും, ഇടയ്ക്കു പെയ്യുന്ന മഴയിൽ നിറഞ്ഞൊഴുകുന്ന പുഴകളും,ശരിക്കും കേരളം മാത്രമല്ല സൗത്ത് ഇന്ത്യയിലെ ഭൂരിഭാഗം എല്ലാ സ്ഥലങ്ങളും GODS OWN COUNTRY ആണ്. ഡൽഹിയും രാജസ്ഥാനും ഉത്തർപ്രദേശും മധ്യപ്രദേശും ഗുജറാത്തുമൊക്കെ ട്രയിനിലെ ജനലിലൂടെ കണ്ടപ്പോൾ ആണ് ഈ സത്യം ഒന്നുകൂടി ഞങ്ങൾ അറിഞ്ഞതും.

രണ്ടു ദിവസം നീണ്ടു നിന്ന ട്രെയിൻ യാത്രക്കൊടുവിൽ ഞങ്ങൾ 14 നു രാവിലെ 5 മണിക്ക് വീട്ടിലെത്തി ഒന്നുറങ്ങാൻ കിടന്നപ്പോൾ ഞങ്ങൾ ഒന്ന് കൂടി പറഞ്ഞു.”””.നമുക്കിനിയും പോകണം നമ്മുടെ സ്വപ്ന ഭൂമിയിലേക്ക്.””

ലഡാക്കിലേക്ക് പോകാൻ സ്വപ്നം കണ്ടിരിക്കുന്ന COUPLES ആരെങ്കിലും ഉണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്:

1 . മെയ് അവസാനം ആണ് സാധാരണ റോത്താങ് പാസ് തുറക്കുന്നത്. മെയ് അവസാനമോ ജൂൺ ആദ്യ ആഴ്ചയോ പോകുന്നതാണ് ഏറ്റവും ഉത്തമം . മഞ്ഞു മലകളും മഞ്ഞുറഞ്ഞ തടാകങ്ങളും കാണണമെങ്കിൽ ഈ ദിവസങ്ങളിൽ പോകണം അത് ക ഴിഞ്ഞാൽ ഇവ പതിയെ ഉരുകാൻ തുടങ്ങും. മഴ വന്നാൽ ഉള്ള അവസ്ഥ വളരെ ഭീകരമാണ്. ഞങ്ങളുടെ യാത്രയുടെ അവസാന ദിവസം ഒരു 5 മണിക്കൂർ മഴ പെയ്തപ്പോൾ ഞങ്ങൾ മറ്റ് ദിവസത്തേക്കാളും കഷ്ടപ്പെട്ടാണ് യാത്ര അവസാനിപ്പിച്ചത്. 2. ഒരു ദിവസം മാക്സിമം 250 കിലോമീറ്റർ വരേ യാത്ര ചെയ്യാൻ പാടുള്ളു.

3. വൃത്തിയുള്ള ബാത്റൂമോ സ്റ്റേ യോ പ്രതീക്ഷിച്ചു പോകരുത്. കിട്ടിയാ കിട്ടി. 4. ടോയ്ലറ്റ് നാപ്കിൻ കൈയിൽ കരുതുക. ഇത് ഊട്ടിയോ കൊടൈക്കനാലോ അല്ല മനുഷ്യനും മഞ്ചാടിയും ഇല്ലാത്ത സ്ഥലമാണ്. 5. ലക്‌ഷ്യം ഒന്ന് മാത്രം ആയിരിക്കണം ” ലഡാക്. ” 6. തണുപ്പിനെ പ്രധിരോധിക്കുന്ന എല്ലാ സംഭവങ്ങളും എടുത്തിരിക്കണം. മഴയും വെയിലും ചൂടും സഹിക്കാം പക്ഷെ തണുപ്പ് അത് മാത്രം സഹിക്കാൻ പറ്റില്ല. ഞങ്ങൾ ഡെക്കാത്‌ലോൺ ൽ നിന്നാണ് എല്ലാം വാങ്ങിയത്. നല്ല ക്വാളിറ്റി ഉള്ള സാധനങ്ങളാണ് അവിടെ.

7. പല ദിവസങ്ങളും കുളിക്കാൻ പോലും പറ്റില്ല. 8. വീഴ്‌ച ഒരെണ്ണമോ രണ്ടെണ്ണമോ പ്രതീക്ഷിച്ചു വേണം പോകാൻ. ഇനി അഥവാ വീണാൽ അത് ഇതിന്റെ ഭാഗമാണ് അങ്ങ് കരുതേയെക്കുക. അത്യാവശ്യം ടൂൾസ് ഒക്കെ വണ്ടിയിൽ ഉണ്ടായിരിക്കും. പിന്നെ റൈഡേഴ്‌സ് ഒക്കെ അത്യാവശ്യം സഹായ മനസ്ഥിതി ഉള്ളവരാണ്. അടുത്തുള്ള ടൗണിൽ എത്താൻ നോക്കുക. അത്യാവശ്യം ഒരു പ്രയോഗത്തിനുള്ള ടാബ്ലെറ്റും മറ്റു മരുന്നുകളും കൈയിൽ കരുതുക.

9. അവസാനമായി ഒരു കാര്യം കൂടി .. ഒരു ലഡാക് യാത്രക്ക് അത്യാവശ്യമായി വേണ്ടത് പണമോ സമയമോ പുതിയ ബൈക്കോ ആരോഗ്യമോ നല്ല ജാക്കറ്റോ റൈൻ കോട്ടോ ഒന്നുമല്ല ….” ആഗ്രഹം “, മുടിഞ്ഞ ആഗ്രഹം .. ബാക്കി എല്ലാം തനിയെ അനുകൂലമായി വരും. ബാങ്കിൽ ഡെപ്പോസിറ്റ് കൂട്ടുന്നതനുസരിച്ചു നമ്മുടെ മനസിലും ഇതുപോലുള്ള നല്ല കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഡെപ്പോസിറ്റ് കൂട്ടിക്കൊണ്ടിരിക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply