ലേഖനം തയ്യാറാക്കിയത് – ഷറഫുദ്ധീന്‍ മുല്ലപ്പള്ളി.
കെ എം നാനാവതിയും മഹാരാക്ഷ്ട്ര സര്‍ക്കാരും തമ്മില്‍ ബോംബെ ഹൈക്കോടതിയില്‍ ഏറ്റുമുട്ടിയ പ്രമാദമായ കേസായിരുന്നു നാനാവതി കേസ്. ഇന്ത്യന്‍ നാവികസേനയില്‍ കമാന്ററായിരുന്നു കവാസ് മാനിക്സോ നാനാവതി എന്ന കെ എം നാനാവതി.ജന്മം കൊണ്ടു പാഴ്സിയായിരുന്ന നാനാവതി വിവാഹം ചെയ്തത് ഇംഗ്ളീഷുകാരിയായ സില്‍വിയയെ ആയിരുന്നു.അതില്‍ രണ്ടു ആണ് മക്കളും ഒരു മകളുമായി ബോംബെയിലായിരുന്നു താമസിച്ചിരുന്നത്.സൈനിക കാര്യങ്ങളുമായി മിക്കവാറും ദൂരെ സ്ഥലങ്ങളിലായിരുന്നതിനാല്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെടുവാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.അതു സില്‍വയെ കടുത്ത വിരഹത്തിലേക്കെത്തിച്ചു.
നാനാവതിയുടെ അടുത്ത സുഹൃത്തും, വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു പ്രേം അഹൂജ. അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം സില്‍വയില്‍ അദ്ദേഹത്തിനോട് പ്രത്യേകതരത്തിലുള്ള ഒരു ഇഷ്ടം ജനിക്കാന്‍ കാരണമായി. വിരഹ ദുഖം അനുഭവിക്കുന്ന സില്‍വ അഹൂജയില്‍ ആശ്വാസം കണ്ടെത്തി. കൂടുതല്‍ നേരം അദ്ദേഹത്തോട് സംസാരിച്ചിരിക്കാനും, ദുഖങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും സില്‍വ പ്രത്യേക താത്പര്യം കാണിച്ചു. സില്‍വ നേരിട്ട കടുത്ത വിരഹ വേദനയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു രക്ഷന്റെ റോള്‍ പ്രേം അഹൂജയും ഏറ്റെടുത്തു.
അതിന്റെ ഫലമായി ഭര്‍ത്താവിന്റെ സുഹൃത്തായ പ്രേം അഹൂജയുമായി സില്‍വ പ്രണയത്തിലായി.തന്മൂലം നാനാവതിയുമായി സില്‍വ മാനസികമായി വളരെയേറെ അകന്നു. ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി കാമുകനുമായി ജീവിക്കാന്‍ സില്‍വ അതിയായി ആഗ്രഹിച്ചു.എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്കെത്തിക്കുന്നതിന് പ്രേമിന് തെല്ലും താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കാര്യമൊന്നും അറിയാതെ ഏറ്റെടുത്ത ഒരു ജോലി പൂര്‍ത്തിയാക്കി നാനാവതി വീട്ടില്‍ തിരിച്ചെത്തിയത് 1957 ഏപ്രില്‍ 27നായിരുന്നു.എന്നാല്‍ ഭാര്യയുടെ നീരസം കലര്‍ന്ന പെരുമാറ്റവും അകല്‍ച്ചയും നാനാവതിയെ ദുഖിതനാക്കി. ഒടുവില്‍ നാനാവതിയുടെ നിര്‍ബന്ധത്തിന് മുന്പില് സില്‍വ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.
കൂട്ടത്തില്‍ തന്നെയും മക്കളെയും സ്വീകരിക്കാന്‍ തക്ക ആഴത്തിലുള്ള സ്നേഹമുണ്ടോ എന്നതില്‍ സംശയിക്കുന്നതായും സില്‍വ നാനാവതിയോടു പറഞ്ഞു. എല്ലാം ശ്രദ്ധിച്ചു കേട്ട നാനാവതി കുടുംബത്തെയും കൊണ്ടു വീട്ടില്‍ നിന്നും ഇറങ്ങി. താനൊരു നല്ല കുടുംബനാഥനാണെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടു. തന്റെ കുടുംബം ഒരു ചീട്ടുകൊട്ടാരം പോലെ കണ്മുന്നില് തകര്‍ന്നു വീഴാന്‍ പോവുകയാണ്. തന്റെ ഭാര്യ, കുട്ടികള്‍ കുടുംബം, എല്ലാം നഷ്ടപ്പെടലിന്റെ വക്കിലാണ്. അഗാധ ദുഖത്താല്‍ തന്റെ ഹൃദയം ഭാരമുള്ളതായി നാനാവതിക്ക് തോന്നി. നിറഞ്ഞു തുളുമ്ബിയ കണ്ണുകള്‍ കുട്ടികള്‍ കാണാതിരിക്കാനായി തുടച്ചു. നാനാവതി മനസ്സില്‍ ചിലത് ഉറപ്പിച്ച് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ചിന്തകള്‍ക്ക് വിരാമമിട്ട് കൊണ്ട് ഭാര്യയെയും മക്കളെയും മെട്രോ സിനിമയില്‍ ഇറക്കിയ ശേഷം നാനാവതി നേരെ പോയത് നേവല്‍ ബേസിലേക്കായിരുന്നു.അവിടെ നിന്നും ആറു തിരകള്‍ ഉള്‍കൊള്ളുന്ന കാറ്റര്‍ഡ്ജുമായി പ്രേമിന്റെ ഓഫീസിലേക്ക് കേറി ചെന്നു.
എന്നാല്‍ നിരാശയായിരുന്നു ഫലം. കാരണം അവിടെ പ്രേം അഹൂജ ഉണ്ടായിരുന്നില്ല. അയാള്‍ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു.
അവിടെ നിന്നു നേരെ പ്രേമിന്റെ ഫ്ളാറ്റിലേക്കു ചെന്നു.അവിടെ വെച്ചു പ്രേമിനെ കണ്ടു. വളരെ ശാന്തനായി, പ്രകോപനത്തിന് മുതിരാതെ എന്നാല്‍ പതിഞ്ഞത്യം ഉറച്ചതുമായ ശബഭത്തില്, മുഖവുരയില്ലാതെ തന്നെ “സില്‍വയെയും മക്കളെയും ഏറ്റെടുക്കാന്‍ തയ്യാറാണോ” എന്നു ചോദിച്ചു. ഒരു തമാശ കേട്ട ലാഘവത്തില്‍ പ്രേം ചിരിക്കുകയാണ് ചെയ്തത്.അതോടെ നാനാവതിയുടെ സകല നിയന്ത്രണങ്ങളും നഷടപ്പെട്ടു. അവര്‍ തമ്മില്‍ ചെറുതല്ലാത്ത വാക്കേറ്റം തന്നെ അവിടെ നടന്നു.ഒടുവില്‍ ബാധ്യത ഏറ്റെടുക്കാന്‍ ഒട്ടും താല്പര്യമില്ലെന്ന അഹൂജയുടെ മറുപടി നാനാവതിയെന്ന പച്ച മനുഷ്യനെ തകര്‍ക്കാന്‍ പോന്നതായിരുന്നു.
തൊട്ടു പിന്നാലെ നാനാവതി പ്രേമിന്റെ നെഞ്ചിലേക്ക് ഉന്നം തെറ്റാതെ തുടര്‍ച്ചയായി മൂന്നു തവണ വെടിയുതിര്‍ത്തു.പ്രേം തല്‍ക്ഷണം മരിച്ചു.തുടര്‍ന്നു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിന് മുന്നില്‍ എത്തിയ നാനാവതി കുറ്റമെല്ലാം ഏറ്റു പറഞ്ഞു കീഴടങ്ങി.സംഭവത്തിനു ശേഷം പടിഞ്ഞാറന്‍ നേവല്‍ കമാന്റ് മാര്‍ഷലിനു മുന്‍പിലാണ് നാനാവതി ആദ്യം ഹാജരായത്. ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമായിരുന്നു പിന്നീടുള്ള കീഴടങ്ങല്‍. നല്ലൊരു രാജ്യസ്നേഹിയും,സത്യസന്ധനും,സദാചാരവാദിയും, ജോലിയില്‍ മിടുക്കനും,ഭൂതകാലത്തുപോലും ക്രിമിനല്‍ പശ്ചാത്തലം അന്യമായിരുന്ന നാനാവതി,സില്‍വയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് “കൂടെ കിടക്കുന്നവരെയെല്ലാം വിവാഹം കഴിക്കാന്‍ പറ്റുമോ” എന്ന പ്രേമിന്റെ മറുപടിയാണ് വെടിവെപ്പില്‍ കലാശിച്ചത്.
പ്രേമിന്റെ മറുപടിയില്‍ മുഴച്ചു നിന്നിരുന്ന പുച്ഛവും പരിഹാസവുമെല്ലാം നാനാവതിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല.വിചാരണ വേളയില്‍ ഭാര്യയുടെ രഹസ്യ ബന്ധമറിഞ്ഞപ്പോള്‍ നാനാവതിക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന വാദം പ്രേമിന്റെ സഹോദരി മാമി അഹൂജ തുടക്കത്തിലേ തള്ളി.മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരമാണ് കൊല ചെയ്തതെന്നും തീര്‍ത്തും നിര്‍വികാരമായ ഒരു കൊലയാണ് നടന്നതെന്നും മാമി അഹൂജ ശക്തമായി വാദിച്ചു.നേവല്‍ ബേസില്‍ കേറി തോക്ക് സംഘടിപ്പിച്ചത് ഈ വാദത്തിനു കൂടുതല്‍ ബലം നല്കി.
ഒടുവില്‍ കോടതി നാനാവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോയെങ്കിലും 1961ല്‍ ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്.അക്കാലമത്രയും ജനങ്ങളറിയാതെയിരുന്ന ഈ കാര്യം ബ്ലിറ്റ്സ് ടാബ്ലോയിലൂടെ പൊതുജനങ്ങളിലേക്കെത്തി.ഇതു പാഴ്സികളും സിന്ധികളും തമ്മിലുള്ള പ്രശ്നമാകാന്‍ അധിക സമയം വേണ്ടി വന്നില്ല.ഒരു വംശീയ കലാപത്തിന്റെ മുള്‍മുനയിലായി മുംബൈ നഗരം.നാനാവതി പാഴ്സി സമുദായക്കാരനും പ്രേം സിന്ധി സമുദായക്കാരനുമായതായിരുന്നു പ്രശ്നം ഉടലെടുക്കാനുള്ള ഹേതു.മഹാരാഷട്ര ഗവര്‍ണ്ണരായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ്, ഭായ് പ്രതാപ് എന്ന സിന്ധി ബിസ്സിനെസ്സുകാരന്റെ ദയാ ഹരജി സ്വീകരിക്കുന്നതും അക്കാലത്തായിരുന്നു.ഇതോടെ നാനാവതിക്ക് പുതിയ പ്രതീക്ഷയുണര്‍ന്നു.ഭായി പ്രതാപിനെ വിട്ടയച്ചാല്‍ നാനാവതിയെയും വിട്ടയക്കാമെന്ന നിലവന്നു.ചര്‍ച്ചകളും വീക്ഷണങ്ങളും ആ രീതിയിലേക്ക് ഉരുത്തിരിഞ്ഞു വന്നു.പലരുടെയും പലവിധത്തിലുള്ള നിരന്തര ഇടപെടലിന്റെ ഫലമായി നാനാവതിയെ വിട്ടയക്കാനുള്ള അപേക്ഷക്ക് മാമിയും സമ്മതം മൂളി. ഒടുവില്‍ നാനാവതിയെ മോചിപ്പിക്കാന്‍ തീരുമാനമായി.
കൂട്ടത്തില്‍ മുംബൈ നഗരത്തിന് മുകളില്‍ ഉരുണ്ടു കൂടിയ വംശീയ കലാപത്തിന്റെ ഇരുണ്ട മേഘങ്ങളും അപ്രത്യക്ഷമായി.അപ്പോഴേക്കും മൂന്ന് വര്‍ഷം അദ്ദേഹം ജയില്‍വാസം അനുഭവിച്ചിരുന്നു.ജയില്‍ മോചിതനായ ശേഷം അദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി കാനഡയിലേക്ക് പറന്നു.ഇത്രയൊക്കെ സംഭവിച്ചിട്ടും ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല.ഒടുവില്‍ 2003ല്‍ മരണത്തിന് കീഴടങ്ങുന്നത് വരെ സില്‍വയെയും കുട്ടികളെയും അദ്ദേഹം സംരക്ഷിക്കുകയും ചെയ്തു.ഈ വിഷയത്തെ ആസ്പദമാക്കി ഒട്ടനവധി സിനിമകളും കൃതികളും ജന്മം കൊണ്ടു. അക്ഷയ്കുമാര്‍ നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ “റുസ്തം” എന്ന സിനിമയുടെ ഇതിവൃത്തവും, ഈ സംഭവം തന്നെയാണ്.