വർക്കല: ടൂറിസത്തിന് വൻ സാദ്ധ്യതകളുള്ള കാപ്പിൽ പ്രദേശത്തിന് കെ.എസ്.ആർ.ടി.സിയുടെ അവഗണന. കാപ്പിൽ പൊഴിയും ബീച്ചും കാണാനായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇവിടേക്ക് സർവീസുകൾ അനുവദിക്കുന്നതിൽ കെ.എസ്.ആർ.ടി.സി അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങൽ- കടയ്ക്കാവൂർ- വർക്കല- കാപ്പിൽ, ആറ്റിങ്ങൽ കവലയൂർ വഴി കാപ്പിൽ എന്നിങ്ങനെ രണ്ട് വീതം സർവീസുകളായിരുന്നു ആദ്യമുണ്ടായിരുന്നത്. തുടർന്ന് കൊല്ലം-പാരിപ്പള്ളി -വർക്കലക്ഷേത്രം- കാപ്പിൽ സർവീസും ആരംഭിച്ചു. 1979ൽ തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കാപ്പിൽ വഴി ആറ്റിങ്ങൽ – വർക്കല എറണാകുളം (ഫാസ്റ്റ്), വർക്കല- തെന്മല (രണ്ട് സർവീസുകൾ), കാപ്പിൽ- എഴിപ്പുറം- പാരിപ്പള്ളി- ആറ്റിങ്ങൽ, കാപ്പിൽ- പനയറ- ആറ്റിങ്ങൽ, കാപ്പിൽ- തെറ്റിക്കുളം മണമ്പൂർ- ആറ്റിങ്ങൽ, പൊഴിക്കര- തിരുവനന്തപുരം തുടങ്ങിയ സർവീസുകളും ആരംഭിച്ചു.
ലാഭകരമായി നടന്നുവന്ന സർവീസുകൾ ഓരോന്നായി നിറുത്തുകയായിരുന്നു. പകരം സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയെങ്കിലും സന്ധ്യ കഴിഞ്ഞാൽ കാപ്പിൽ ഭാഗത്തേക്ക് ബസുകളൊന്നും സർവീസ് നടത്താതെയായി. ഇതോടെ ജനങ്ങളുടെ ബുദ്ധിമുട്ടും വർദ്ധിച്ചു. പെർമിറ്റ് പ്രകാരം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല.
നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് കാപ്പിൽ പൗരസമിതി അടക്കമുള്ള സംഘടനകൾ അധികൃതർക്ക് നിരവധി പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
News : Kerala Kaumudi