ഈ യാത്രാവിവരണം നമുക്കായി എഴുതിയത് – രാകേഷ് പയ്യംവളപ്പിൽ.
സോഫ്റ് ഹൈക്കിങ് കൊറച്ചുചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഹാർഡ് ഹൈക്കിങ്ന് ഒരുങ്ങിപ്പുറപ്പെടുന്നത്, അതും ഒരു നൈറ്റ് ട്രെക്കിങ്ങ്. സഞ്ചാരി ഗ്രൂപ്പിലെ രിഫാസ് അഹ്മദ് ന്ടെ പോസ്റ്റ് വഴിയാണ് ഞാൻ ‘ദക്ഷിണ കൈലാസം’ എന്നറിയപ്പെടുന്ന വെള്ളിയാൻഗിരി ഹിൽസിനെപ്പറ്റി കേൾക്കുന്നത്. നമ്മുടെ മച്ചാനും എല്ലാ സഞ്ചാരപ്രേമികല്കും ഒരുപാടു നന്ദിയറിയിച്ചുകൊണ്ട് തുടങ്ങട്ടെ…
ഓഫീസിൽനിന്നും 12.30 ന് തന്നെ ഇറങ്ങി നേരെപോയത് അച്ചായന്റെ കടയിലേക്ക് 30 രൂപയുടെ ഊണ് കഴിക്കാനാണ്.(30 രൂപയ്ക്ക് മീൻകറിയടക്കാം നല്ല ഫുഡ്, എറണാകുളം ലിസിയുടെ അടുത്ത്). ഒരു പ്രിൽഗ്രിമേജ് ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര ആയതോണ്ട് മനസില്ലാമനസോടെ മീൻകറി ഒഴിവാക്കി ഊണ്
കഴിച്ചു നേരെ നോർത്ത് സ്റ്റേഷനിലേക്ക്. 1. 20 ന്ടെ കൊച്ചുവേളിക്ക് പോവാനായിരുന്നു പ്ലാൻ, പക്ഷെ 12.10 ന് വരേണ്ട ശബരി എക്സ്പ്രസ്സ് വന്നത് 1.10ന്. ഒന്നുംനോക്കിയില്ല 75 രൂപേടെ ടിക്കറ്റും എടുത്ത് ചാടിക്കേറി, അപ്പോഴേക്കും ട്രെയിൻ വിസിലടിച്ചു. 5 മണിക്കൂറത്തെ യാത്രയ്ക്കു ശേഷം ട്രെയിൻ കോയമ്പത്തൂർ ജംഗ്ഷനിൽ എത്തി.
കോയമ്പത്തൂർ എന്നെ വരവേറ്റത് നല്ല അടിപൊളി സണ്സെറ് വ്യൂയോടെയായിരുന്നു. ട്രെയിൻ ഇറങ്ങിയഉടനെ ഗാന്ധിപുരം ബസ്സ്റ്റാണ്ടിലേക്ക് വച്ചുപിടിച്ചു. എനിക്കാണേൽ തമിഴ് വായിക്കാനറിയില്ലലോ, പറയാൻ മാത്രല്ലേ അറിയു…ഈ സമയത്താണ് നമ്മുടെ KSRTC തൃശൂർ FP ആവഴി പാസ് ചെയ്തത്, ഉള്ളത് പറയാലോ തമിഴ്നാട്ടിലെ പാട്ടവണ്ടികൾക്കിടയിൽ അതൊരു ക്ലാസ്സ് വരവായിരുന്നു. ഒന്നുരണ്ടുപേരോട് ചോതിച്ചു പൂണ്ടി ബസിൽ കേറിപ്പറ്റി. ബസിൽ നല്ല തിരക്കുണ്ട്, ഭാഗ്യത്തിന് കൊറച്ചുസമയത്തിനുശേഷം സീറ്റ് കിട്ടി. ആകെ 30 km ഓട്ടം മാത്രേ ഉള്ളു പൂണ്ടിയിലേക്ക്. വൈകുന്നേരത്തെ ബ്ലോക്ക് അതൊരു രണ്ടുമണിക്കൂർ യാത്രയാക്കിത്തന്നു.
ബസിലുണ്ടായിരുന്ന ഒട്ടുമിക്ക ആൾക്കാരും ഇഷ യോഗ സെന്ററിലും പൂണ്ടിയിലും ഇറങ്ങേണ്ടവരായിരുന്നു.ബസ് പൂണ്ടിയിലെത്തി, വയറുവല്ലാതങ് ചീത്തവിളിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്തുണ്ടായിരുന്ന തട്ടുകടയിൽ കേറി നാലുചപ്പാത്തി കയറ്റി, സുഖം. ബില്ലുവന്നു.. 4 ചപ്പാത്തി, ഒരു ചായ, ഒരു ബോട്ടിൽ വെള്ളം, ആകെ 140/-., ചപ്പാത്തി ഒന്നിന് 25 രൂപ, എറണാകുളത്തു 30 രൂപയ്ക്ക് 4ചപ്പാത്തിയും കറിയും വാങ്ങിക്കുന്ന എന്നെ അത് ചെറുതായി ഒന്ന് വിഷമിപ്പിച്ചു. പിന്നെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയത്തൊണ്ടും, മൂന്നുമാസം മാത്രം കച്ചവടം ഉള്ളതൊണ്ടും ഒന്നും പറയാൻ പോയില്ല. ബില്ലും കൊടുത്തു നേരെ അമ്പലത്തിലേക്ക് നടന്നു.
പൗർണമി ആയതോണ്ട് നല്ല തിരക്കുണ്ട്. രിഫാസ് എടുത്തുപറഞ്ഞ കാര്യായിരുന്നു മുളവടിയുടേത്(വോക്കിങ് സ്റ്റിക്ക്). അവിടെയും നല്ലതിരക്കുണ്ട്,… മുപ്പതുരൂപകൊടുത്തു ഒരെണ്ണം ഞാനും വാങ്ങി ചെക്കിങ് പോയേന്റിൽ എത്തി.. ബാഗും ശരീരവും നന്നായിട്ടു ചെക്ക് ചെയ്യുന്നുണ്ട്. എന്റെ ചെക്കിങ് കഴിഞ്ഞുനടത്തം തുടങ്ങി. കുറച്ചു കയറ്റം കയറിയതുമുതൽ മനസ്സിൽ ഒരു തോന്നൽ,…വേണ്ടായിരുന്നു,… പക്ഷെ എൺപതുവയസിനു മേലെ പ്രായമുള്ളവർ നല്ല പയറുപോലെ കേറുന്നതുകാണുബോള് തിരിച്ചുനടക്കാനും തോന്നിയില്ല. “കരിമലകയറ്റം കഠിനം പൊന്നയ്യപ്പാ” എന്നുമനസിൽ പറഞ്ഞുകൊണ്ട് മെല്ലെ മുന്നോട്ടുനടന്നു…
ഒന്നാംമല കയറിപകുതിയാകുമ്പോൾ തന്നെ ഒരുത്തനെ കമ്പനിക്ക് കിട്ടി, ആള് പൊള്ളാച്ചിയിൽനിന്നും വരുവാ… എന്നെപോലെതന്നെ ഒറ്റയ്ക്കാണ്…അരമണിക്കൂർ നടന്നും പത്തുമിനിറ്റ് ഇരുന്നും കയറ്റം തുടർന്നു. മൂന്നാമത്തെ ഹിൽവരെ സ്റ്റെപ്പുകളാണ്… അതിൽ ഏറ്റവും കടുപ്പം ഒന്നാമത്തെ മലതന്നെ… കുത്തനെയുള്ള കയറ്റവും മുഴുവൻ പടികളും. പക്ഷെ ആ നിലാവത്തുള്ള നടത്തമുണ്ടല്ലോ, അതുപറഞ്ഞറിയിക്കാൻപറ്റാതാണ്… നാലാം മലയിൽ എത്തിയപ്പഴാണ് ഒന്നുതിരിഞ്ഞു നോക്കിയത്… വൈദ്യുതിവിളക്കുകള്കൊണ്ടുനിറഞ്ഞ കോയമ്പത്തൂർ സിറ്റിമുഴുവൻ അവിടെനിന്നും കാണാമായിരുന്നു.. ചെറിയതണുപ്പടിക്കാൻ തുടങ്ങി, കോട മലകളെയും നഗരത്തെയും മറയ്ക്കാൻ തുടങ്ങിയിരിക്കുന്നു….
അഞ്ചാംമലയെത്തിയപ്പോഴാണ് കാലാവസ്ഥ പെട്ടെന്നുമാറുന്നത് ശ്രദ്ധയിൽ പെട്ടത്. നിലാവ് പൂർണമായി മേഘത്തിനുള്ളിലായി, നല്ല മിന്നലും ഇടിയും തുടങ്ങി… കാര്യം പേടിപ്പിക്കുന്നതാണെങ്കിലും മലമുകളിലെമിന്നൽ അതൊരു കാഴ്ച തന്നെയാണ്… കൊറേനേരം തൃശ്ശൂപൂരത്തിലെ കുഴിമിന്നൽ ഓര്മിപ്പിച്ചുകൊണ്ടുള്ള ഇടിയായിരുന്നു… പൊടിക്കാറ്റും ഇരുട്ടും മുന്നിലുള്ള കാഴ്ചകൾ പൂർണമായി തടഞ്ഞു… താഴെനിന്നും ഇരുപതുരൂപയ്ക് ഒരു ചെറിയ ടോർച്ചുവാങ്ങിയത് നന്നായെന്നോർത്തു… അതുവരെ ചന്ദ്രൻ ഉണ്ടാട്ടിരുന്നതുകൊണ്ട് അതിന്ടെ ആവശ്യം വന്നില്ല. രണ്ടുമിനുട്ട് ഞാനും രണ്ടുമിനുട്ട് നമ്മുടെ തമിഴ്പയ്യനും മാറി മാറി ടോർച് തെളിച്ചു. പവർ കീപ് ചെയ്യണല്ലോ.. മഴപൊടിയാൻ തുടങ്ങി, ആറാം മലയിലേക്കു കാലെടുത്തുവച്ചതാണ്, എന്തോ മനസ്സുപറഞ്ഞു വേണ്ടാന്ന്…ചെറിയൊരുപാറയിടുക്കുകിട്ടി, അതിനകത്തു നൂണുകയറി…12.45ന് തുടങ്ങിയ ഇരുത്തം പുലർച്ചെ അഞ്ചുവരെ നീണ്ടു… സ്വന്തം ഫ്രണ്ട്പോലും തരാത്തത്ര വല്യപോസ്റ്റായിരുന്നു മഴ എനിക്കുതന്നത്.
കാറ്റും മഴയും നമ്മടെ കയ്യിലല്ലലോ എന്നു വിചാരിച്ചുകൊണ്ട് വീണ്ടും നടന്നു… മഴപെയ്തതുകൊണ്ട് നല്ല വഴുക്കലുണ്ട്.. കൊറേപ്പേരു തെന്നിവീഴുന്നതും കാണാം. ഓരോ സ്റ്റെപ്പും വളരെ ശ്രദ്ധയോടെ എടുത്തുവച്ചു… ആറാംമലയിലെത്തി തിരിച്ചുവരാനുള്ള പ്ലാനായിരിന്നു എനിക്ക്. ആറാംമലയിൽ നിന്നും ടോപ് ഹില്ലിലേക്കു നോക്കുമ്പോൾ വളരെ ചെറുതും സിംപിളും, ഇത്രേം കേറിയ എനിക്ക് ഇതുകേറാനാണ് പണിയെന്നും വിചാരിച്ചു മുന്നോട്ടുതന്നെ കാലുവച്ചു… എന്റെ വിചാരം കാറ്റിൽ പറത്തിക്കൊണ്ട് ഞാനാസത്യം മനസിലാക്കിയത്, കയറാൻ ഏറ്റവും കടുപ്പമുള്ളത് ഏഴാം മലയാണെന്ന്… പക്ഷെ ഓരോ സ്റ്റെപ്പും മുകളിലോട്ടുവയ്ക്കുബോഴും നമുക്ക് തരുന്നകാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. പ്രത്യേകിച്ചും കേരളാ-തമിഴ്നാട്ബോർഡറിലുള്ള സിരുവാണി റിസെർവോയർ.. നമ്മുടെ ആനയിറങ്കൽ ഡാമിന്റെ ആകാശകാഴ്ചപോലെ…
അങ്ങനെ ഇരുന്നും നടന്നും ഒടുവിൽ ടോപ്പിൽ എത്തി… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം… കുറച്ചുസമയത്തെ വിശ്രമത്തിനുശേഷം തിരിച്ചുനടന്നു… അതിനിടെയാണ് നമ്മുടെ തമിഴ്പയ്യനെ കാണാതായത്, കൊറച്ചുനേരം നോക്കിയിരുന്നു, കാണാതായപ്പോൾ ഞാൻ മെല്ലെ നടന്നു.. ആറാം മലയിറങ്ങാൻതുടങ്ങുമ്പോൾത്തന്നെ വേറെ രണ്ടു തമിഴ്സുഹൃത്തുക്കളെ കിട്ടി. അവരുടെ കൂടെ കൂടി. കയറ്റത്തിനെക്കാളും ഏറ്റവും വിഷമം ഇറക്കമായിരുന്നു. വെപ്രാളപ്പെട്ട് മുന്നോട്ടുപോയാൽ വീട്ടിലെത്തില്ലെന്നതുകൊണ്ട് വളരെ മെല്ലെ നടന്നു…. രണ്ടു കാലും തന്തയ്ക്കുവിളിക്കാൻ തുടങ്ങി, ഞാൻ മൈൻഡ് ആക്കിയില്ല… ചീത്തവിളിസഹിക്കാതാവുമ്പോൾ ഒരു രണ്ടുമിനുട്ട് ഇരിക്കും.. കൂടെയുള്ളവരോട് മിണ്ടിയും പറഞ്ഞും പിന്നെയും നടന്നു. രാവിലെ പതിനൊന്നോടെ ബേസ് ക്യാമ്പിൽ എത്തി അരമണിക്കൂറയിലധികം ഇരുന്നു… അവരുടെ കൂടെ അമ്പലത്തിൽനിന്നും അന്നദാനം കഴിച്ചു… വൈറ്റ് റൈസും സാമ്പാറും… നല്ല വിശപ്പുള്ളോണ്ടാണോ എന്നറിയില്ല… അടിപൊളി… അവരോട് യാത്രപറഞ്ഞുനേരെ റയില്വേസ്റ്റേഷനിലേക്ക്… സാധാരണ എറണാകുളത്തെറങ്ങി റൂമിലേക്ക് നടക്കാരാണ് പതിവ്… മനസു സമ്മതിച്ചില്ലേലും കാല് സമ്മതിക്കാത്തതുകൊണ്ട് ഓട്ടോ വിളിച്ചു, റൂമിലെത്തി കുളിച്ചുകിടന്നതുമാത്രം ഓർമ്മയിലുണ്ട്…….. ശുഭം…..