നിലമ്പൂർ ∙ കെഎസ്ആർടിസി ബസിനുനേരെ കാട്ടാനയുടെ ആക്രമണം. കുത്തേറ്റ് മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവറുടെ മനോധൈര്യംമൂലം അപകടം ഒഴിവായി. കെഎസ്ആർടിസിയുടെ ബെംഗളൂരു – നിലമ്പൂർ സൂപ്പർ ഡീലക്സ് ബസിനുനേരെ ബന്ദിപുർ വനമേഖലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
പുലർച്ചെ 2.30ന് ചെക് പോസ്റ്റ് കടന്ന് 50 മീറ്റർ ദൂരം പിന്നിട്ടപ്പോഴാണു സംഭവം. ഡ്രൈവർ കെ.സി.പ്രകാശൻ, കണ്ടക്ടർ പി.കെ.കൈരളിദാസ് എന്നിവരും സ്ത്രീകൾ ഉൾപ്പെടെ 18 യാത്രക്കാരും ബസിൽ ഉണ്ടായിരുന്നു. അൽപം അകലെ റോഡിനുനടുവിൽ കൊമ്പനെ കണ്ട് ഡ്രൈവർ ബസ് നിർത്തി.

ഉടൻ പാഞ്ഞടുത്ത കൊമ്പൻ ഡ്രൈവർക്കു മുന്നിലായി ബസിൽ കുത്തി. ചില്ലിന്റെ താഴെവശത്താണ് കൊമ്പുകൊണ്ടത്. രണ്ടാമത്തെ കുത്തിൽ ചില്ലുതകർന്നു. കലിയടങ്ങാതെ ബസിന്റെ ഇടതുവശത്തേക്ക് നീങ്ങി മധ്യഭാഗത്തും കുത്തി. തുടർന്ന് ബസ് തള്ളിമറിച്ചിടാൻ ശ്രമിച്ചതോടെ യാത്രക്കാർ കൂട്ടനിലവിളിയായി. ഡ്രൈവർ വേഗത്തിൽ ബസ് മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. പകരം ബസ് എത്തിച്ചാണ് സർവീസ് നടത്തിയത്.
ബസിന്റെ ഫോറസ്റ്റ് പാസ് കാലാവധി തീർന്നു
ബെംഗളൂരു – നിലമ്പൂർ ബസിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത് ഫോറസ്റ്റ് പാസിന്റെ കലാവധി തീർന്നതിന്റെ തലേന്ന്. പാല ഡിപ്പോയ്ക്ക് കൈമാറിയതിനാൽ ബന്ദിപുർ വനത്തിലൂടെ രാത്രിയാത്രയ്ക്ക് ഇന്നലെ മുതൽ നിലമ്പൂർ –ബെംഗളൂരു ബസിന് പാസില്ല.
ഇനിമുതൽ ബെംഗളൂരുവിൽ നിന്ന് രാത്രി 11.45നാണ് നിലമ്പൂരിലേക്കു മടങ്ങുക. ബന്ദിപുർ ചെക് പോസ്റ്റിൽ രാവിലെ ആറുവരെ (മൂന്നര മണിക്കൂർ) കാത്തുകിടക്കേണ്ടിവരും. ഒൻപതിന് നിലമ്പൂരെത്തും. ഒക്ടോബർ ഒന്നുമുതൽ ബെംഗളൂരുവിലേക്കുള്ള റിസർവേഷൻ നിർത്തിയിരുന്നു.
Source- http://localnews.manoramaonline.com/malappuram/local-news/2017/11/01/malappuram-ksrtc-driver.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog