തൊടുപുഴ പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം അത്രയൊന്നും സഞ്ചാരികൾ കണ്ടിട്ടില്ലാത്തൊരു സ്ഥലമാണ്. വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടുതന്നെ അധികം ആളുകളൊന്നും കണ്ടിട്ടില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. മൂലമറ്റം പവര്‍ഹൗസും തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദര്‍ശിക്കുന്നതിനിടയില്‍ ഇടത്താവളമായി കാണാവുന്നൊരു സ്ഥലമാണ് ഇടുക്കിയുടെ മനോഹരമായ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം.


പൂമാലക്ക് രണ്ട് ജംക്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംക്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. അവിടെനിന്നും ഇറക്കമിറങ്ങിപോകുന്ന റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ സിമന്റ് പടികളുമുണ്ട്. സഞ്ചാരികള്‍ അധികം ഇല്ലാത്ത സമയമാണെങ്കില്‍ ഈ പടികളിലേക്കു കാടുകയറി വളര്ന്നുമൂടും. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു താഴെയെത്താം. താഴെനിന്നുള്ള കയറ്റം ട്രെക്കിങ് ഗണത്തില്‍പെടുത്തുകയും ചെയ്യാം.

ഇത്രയും കയറ്റം കയറാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു വഴികൂടിയുണ്ട്. ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ കവലയില്‍ നിന്നും മേത്തൊട്ടി റോഡിലേക്ക് 250 മീറ്റര്‍കൂടി മുന്നോട്ടേക്ക് പോകുക. അവിടെ നിന്നും വലത്തേക്കുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ 300 മീറ്ററോളം നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ മധ്യത്തിലുള്ള വ്യൂപോയിന്റിലെത്താം. പൂമാലയില്‍ നിന്നും നാളിയാനിക്കുള്ള ടാറിട്ട റോഡിലൂടെ വാഹനം കൊണ്ടുവരാമെങ്കിലും ചെറിയ ഒന്നോ രണ്ടോ വാഹനങ്ങള്‍ക്കുമാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതക്ക് മുന്പില് പാര്‍ക്കുചെയ്യാനാകൂ. വാഹനങ്ങള്‍ പൂമാലയില്‍ത്തന്നെ നിറുത്തിയിട്ടുവരികയാകും നല്ലത്.
മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്നതുകാണാം. വ്യൂപോയിന്റില്‍ നിന്നാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളും ദൃശ്യമാണ്. വെള്ളച്ചാട്ടത്തിനു താഴെ കുളിക്കുകയുമാകാം. തൊടുപുഴയില്‍ നിന്നും പൂമാല സര്‍വീസ് നടത്തുന്ന സ്വകാര്യ-കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ ആശ്രയിക്കാം. ടാക്സി കാറുകളും തൊടുപുഴയില്‍ ഒട്ടേറെയുണ്ട്. 19 കിലോമീറ്റര്‍ ദൂരം തൊടുപുഴയില്‍ നിന്നും ഇവിടേക്കുണ്ട്.

മൂലമറ്റം പവര്‍ഹൗസ്, കുളമാവ് ഡാം, തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഒരുമണിക്കൂറില്‍ കുറവ് ദൂരം സ്വകാര്യ വാഹനങ്ങളിലാണെങ്കില്‍ യാത്രചെയ്താല്‍ മതിയാകും. ബസ് സര്‍വീസിനെയാണ് ആശ്രയിക്കുന്നതെങ്കില്‍ ഇതില്‍ക്കൂടുതല്‍ സമയം വേണ്ടിവരും. തൊടുപുഴയിലാണ് താമസ സൗകര്യമുള്ളത്. പൂമാലയില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും മറ്റുകടകളും ഉണ്ട്. കനത്ത വേനല്‍ക്കാലമൊഴികെ പകല്‍നേരങ്ങളില്‍ ഇവിടം ആകര്‍ഷകമാണ്. രാത്രി വെളിച്ചം സമീപത്തൊന്നും ഉണ്ടാകില്ല. മഴപെയ്താല്‍ കയറിനില്‍ക്കാനുള്ള ഇടവുമില്ല.
Photo: Josekutty Panackal.
Source – http://www.manoramaonline.com/environment/earth-n-colors/njandirukki-waterfalls.html .
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog