ലക്ഷ്വദ്വീപിൽ എങ്ങനെ പോകാം? അവിടെ എന്തൊക്കെ കാണാം?

സ്നേഹിക്കാൻ മാത്രം അറിയുന്ന ലക്ഷദ്വീപിൽ ഞങ്ങൾ കണ്ടതും അറിഞ്ഞതും…Aslam OM എഴുതുന്നു –

മേലെ ആകാശം താഴെ കടൽ കപ്പലിന് മുകളിൽ കാറ്റും കൊണ്ട് നക്ഷത്രവും നോക്കി അങ്ങനെ അങ്ങ് കിടക്കാൻ നിങ്ങൾ കൊതിക്കുന്നുണ്ടോ? ക്രിസ്റ്റൽ ക്ലിയർ കടല് കാണാൻ, വെളുത്ത നിറമുള്ള മണൽത്തരികളിൽ ചുമ്മാ അങ്ങ് നടക്കാൻ ആഗ്രഹം ആണോ… കടലിനു അടിയിലെ അത്ഭുത ലോകം കണ്ടു കണ്ണ് മഞ്ഞളിച്ചു പോകാൻ, പവിഴ പുറ്റുകളുടെ സൗന്ദര്യം നിങ്ങൾ ഇഷ്ടെപ്പുടുന്നോ? ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഐര്പോര്ട്ടുകളിൽ ഒന്നായ അഗത്തിയിൽ ഫ്ലൈറ്റ് ഇറങ്ങുന്നത് അനുഭവിക്കണോ? മലിനീകരണം ഇല്ലാത്ത, സ്വസ്ഥത ഉള്ള, ശബ്ദങ്ങൾ ഇല്ലാത്ത,അക്രമം ഇല്ലാത്ത, സമാധാനം ഉള്ള നാട്ടിൽ കുറച്ചു ദിവസം താമസിക്കണോ?

ജീവിതത്തിൽ ഒരിക്കൽ ലക്ഷദ്വീപ് പോയവർ രണ്ടാമതും ഇനി എങ്ങെനെ അവിടെ എത്തും എന്ന് ചിന്തിക്കും. അത്രമേൽ സുന്ദരം ആണ് നമ്മുടെ ലക്ഷദ്വീപ്. ഏപ്രിൽ 21 നായിരുന്നു എന്റെ കല്ല്യാണം. കല്ല്യാണം കഴിഞ്ഞാൽ ഹണിമൂൺ എല്ലാവരും പോകുന്ന സ്ഥലത്തു പോകാതെ ഒരുപാടു കാലം ആഗ്രഹിച്ചു പോകാൻ പറ്റാത്ത ലക്ഷദ്വീപിൽ ബീവിയെയും കൂട്ടി പോയാൽ പൊളിക്കും എന്ന ചിന്തയുടെ ഭാഗം ആയി ഞാൻ കല്യാണത്തിന് ഒന്നര മാസം മുമ്പേ കരുക്കൾ നീക്കി തുടങ്ങി.  ഉപ്പയുടെ കൂട്ടുകാരൻ ആയിരുന്നു സ്പോൺസർ. ലക്ഷദ്വീപിൽ ലക്ഷം ദ്വീപ് ഒന്നും ഇല്ലെങ്കിലും അവരുടെ മനസ്സിൽ ലക്ഷം ലക്ഷം സ്നേഹം മാത്രം ആണ്.ഒരുപാട് ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ്. അതിൽ ആൾ താമസം ഉള്ളതും ഇല്ലാത്തതും ഉണ്ട്. ആന്ത്രോത്ത്, അഗത്തി, കവരത്തി, അമിനി, കൽപേനി, കടമത്ത് കിൽത്താൻ, ചെത്ത്ലാത്, ബിത്ര മിനിക്കോയ്, എന്നിവ ആൾതാമസം ഉള്ളതും ചെറിയാം, ബംഗാരം മുതലായ ദ്വീപുകൾ ആൾതാമസം ഇല്ലാത്തതും ആണ് . ആന്ത്രോത്തിൽ ആണ് ഏറ്റവും കൂടുതൽ ആൾക്കാർ താമസിക്കുന്ന ദ്വീപ്. കവരത്തി ദ്വീപ് ആണ് ലക്ഷദ്വീപിന്റെ തലസ്ഥാനം.

ലക്ഷദ്വീപിൽ അഡിമിനിസ്ട്രേറ്റർക്ക് ആണ് ഏറ്റവും കൂടുതൽ പവർ. ലക്ഷദ്വീപിലെ പ്രതിനിധീകരിച്ചു ഒരു എംപി ഉണ്ടാകും ഒരു ജില്ലാ പഞ്ചായത്ത്‌(DP ) ഉണ്ടാകും ഓരോ ദ്വീപിലും ഓരോ VDP (വില്ലേജ് ദ്വീപ് പഞ്ചായത്ത്‌ )ഉണ്ടാകും. അത് പോലെ ഓരോ ദ്വീപിലെയും ദ്വീപ് VDP അംഗങ്ങൾ തിരഞ്ഞെടുത്ത ചെയർപേഴ്സൺ ഉണ്ടാകും. ടൂറിസം ഏറ്റവും കൂടുതൽ ഉള്ള ദ്വീപുകൾ കവരത്തി, അഗത്തി, കടമം, ബംഗാരം എന്നിവ ആണ്.ദ്വീപുകാർ നമ്മളെ കരക്കാർ എന്നാണ് വിളിക്കുക. മിനിക്കോയ് ഒഴികെ ബാക്കി ഉള്ള ദ്വീപുകാർ സംസാരിക്കുന്ന ഭാഷ ജസരി ആണ് എന്നാൽ ജസരി ഭാഷക്ക് ലിപി ഇല്ല എന്നതാണ് വാസ്തവം. മിനിക്കോയി ദ്വീപുകാർ മഹല്ല ഭാഷയാണ് സംസാരിക്കുന്നത് അവർക്ക് ലിപിയും ഉണ്ട്.ആകെ ഒരു എയർപോർട്ട് ആണ് ലക്ഷദ്വീപിൽ ഉള്ളത് അത് സ്ഥിതി ചെയ്യുന്നത് അഗത്തിയിൽ ആണ്.

മത്സ്യം ആണ് പ്രധാന വിഭവം ചൂരയാണ് അതിൽ ഏറ്റവും കൂടുതൽ സുലഭം. ഇവിടെ പെട്രോൾ പമ്പുകൾ ഒന്നും ഇല്ല അത് കൊണ്ട് തന്നെ പെട്രോളിന് തീ വിലയാണ് ഇപ്പോൾ 100 രൂപയാണ് ലിറ്ററിന് പ്രൈവറ്റ് ആയി 150 രൂപയ്ക്കു വരെ വിൽക്കുന്നുണ്ട് . വലിയ വാഹനം ഒന്നും ഇവിടെ കാണില്ല ദ്വീപിൽ അധികപേരും ഉപയോഗിക്കുന്നത് സൈക്കിൾ ആണ്.പോത്തർച്ചി തിന്നണം എങ്കിൽ ഇച്ചിരി വില കൂടും ഇപ്പോൾ 300-350 രൂപയാണ് കിലോയിന്,നോമ്പ് ആയാൽ അത് 500 വരെ പോകും പോലും.. മുസ്ലിംകൾ ആണ് ദ്വീപുകാർ, ഓരോ ദ്വീപിലും ഓരോ ഖാളിമാരുണ്ട്. തേങ്ങയാണ് പ്രധാനമായി കൃഷി ചെയ്യുന്നത് ബാക്കി ഉപ്പു മുതൽ കർപ്പൂരം ഉള്ള സാധങ്ങൾ ഇറക്കുമതി ചെയ്യുന്നതാണ് ഇവിടെ. ദ്വീപിലെ അധികപേരും ഗവർമെന്റ് ഉദ്യോഗസ്ഥർ ആണ് ആ ഉദ്യോഗസ്ഥർ മുഴുവനും തങ്കം പോലെ സ്വഭാവം ഉള്ളവർ ആണ് പോലീസുകാരുടെ സ്വഭാവം കണ്ടാൽ നമ്മൾ അങ്ങോട്ട്‌ സല്യൂട്ട് അടിച്ചു പോകും.മുമ്പ് ആരോ എഴുതിയത് കണ്ടു ലക്ഷദ്വീപിൽ കാക്ക ഇല്ല എന്നൊക്കെ എന്നാൽ ചില ദ്വീപുകളിൽ കാക്കകൾ ഉണ്ട് കുറ്റകൃത്യം വളരെ കുറവാണു കാരണം കള്ളും കഞ്ചാവും ഇവിടെ ഇല്ല. നായ്ക്കളുടെ ശല്യവും ഇല്ല. പാമ്പുകളും ഇല്ല എന്നാണ് പറയുന്നത്.,bsnl നു മാത്രമേ റേഞ്ച് ഉണ്ടാവുകയുള്ളു കവര്ത്തിയിൽ എയർടെൽ റേഞ്ച് ഉണ്ടാകും.. ദ്വീപിൽ കൂടി നിങ്ങൾ ചുമ്മാ നടന്നു പോകുന്നത് കണ്ടാൽ നിങ്ങളെ അവർ വീട്ടിൽ വിളിച്ചു കൊണ്ടുപോയി സൽകരിക്കും എങ്ങനെ നിങ്ങളെ സഹായിക്കാം എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ, കാണുമ്പോൾ മുഖത്ത് പാൽനിലാവിന്റെ പുഞ്ചിരി മാത്രം ഉള്ളവർ.

ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല അതായിരുന്നു ലക്ഷദ്വീപ് യാത്ര തന്ന പാഠം.. ആർക്കും എപ്പോഴും തോന്നിയത് പോലെ പോകാൻ പറ്റുന്നതല്ല ലക്ഷദ്വീപ്. ഒരുപാട് പേപ്പർ വർക്ക്‌ ചെയ്തു വേണം ലക്ഷദ്വീപ് എത്താൻ…. ലക്ഷദ്വീപ് ഒരു സ്വപ്നം ആയിരുന്നു. പലപ്പോഴും പോകണം എന്ന് കരുതിയിട്ടു പല കാരണങ്ങളാൽ പോകാൻ പറ്റാതെ നിൽക്കേണ്ടി വന്നിട്ടുണ്ട്. സ്പോൺസർമാരെ കണ്ടെത്തുക എന്നുള്ളത് വലിയ കടമ്പ ആണ് അങ്ങനെ ഒരുപാട് അന്വേഷിച്ചു അവസാനം ഉപ്പയുടെ സുഹൃത്ത് മുഖേന ഒരാളെ കിട്ടി. പിന്നീട് അദ്ദേഹം ആയിരുന്നു എന്റെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത്. നേരിട്ട് കണ്ടിട്ടില്ല പക്ഷെ ആ സ്വഭാവത്തിന്റെ മുമ്പിൽ നമ്മൾ തല കുനിക്കും. ഞാൻ എന്റെ കല്ല്യാണത്തിന് ക്ഷണിച്ചു അന്ന് അദ്ദേഹം കൊച്ചിയിൽ ഉണ്ടായിരുന്നു എന്റെ കല്ല്യാണം കൂടാൻ പുള്ളി അവിടെ നിന്നും ഇങ്ങോട്ട് വന്നു. ലക്ഷദ്വീപുകാർ സ്നേഹിച്ചു കൊല്ലും എന്ന് കേട്ടിട്ടുണ്ട് ഇത് അതുക്കും മേലെ..മറ്റൊരാൾ ലക്ഷദ്വീപ് ഓഫീസിൽ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ്‌ കോയ,അദ്ദേഹത്തോട് തീരാത്ത കടപ്പാട് ആണ്.

ലക്ഷദ്വീപിൽ എങ്ങെനെ പോകാം? മൂന്ന് വഴികൾ ആണ് നിങ്ങളുടെ മുന്നിൽ ഉള്ളത്. 1. ഗവണ്മെന്റിന്റെ പാക്കേജ് മുഖാന്തരം ഒരാൾക്ക് 25000 രൂപ (യാത്ര, ഫുഡ്‌, താമസം ഉൾപ്പെടും ) മറ്റു ആക്ടിവിറ്റികൾക്ക് പൈസ വേറെ കാണണം മുൻകൂട്ടി പൈസ അടച്ചു ബുക്ക്‌ ചെയ്തു നമുക്ക് യാത്ര പോകാം. രണ്ടു മൂന്നു മാസം മുമ്പ് ബുക്ക്‌ ചെയ്തു വേണം പോകാൻ.

2.പ്രൈവറ്റ് ടൂർ പാക്കേജ്-ഒരുപാട് ഏജൻസികൾ ഉണ്ട് ടൂർ നടത്തുന്നവർ. പലരും പല ഫീസുകൾ ആണ് ഈടാക്കുന്നത്. ആദ്യം അഡ്വാൻസ് പൈസ അടച്ചു കാത്തു നിൽക്കണം അതും ഒരു മാസത്തിൽ അധികം. മുകളിലെ രണ്ടു പാക്കേജിലും സ്പോൺസർമാരെ അവർ നോക്കി കൊള്ളും. ദ്വീപുകൾക്ക് അനുസരിച്ചു ഏകദേശം 15000 മുതൽ 30000 രൂപ വരെ ഈടാക്കുന്നവർ ആണ് പ്രൈവറ്റ് ഏജൻസികൾ.

3.സ്പോൺസർ മാരെ കണ്ടെത്തി ലക്ഷദ്വീപ് പോവുക. ഏറ്റവും ചെലവ് കുറഞ്ഞതും നല്ലതും ഇതാണ് എന്നാണ് എന്റെ അഭിപ്രായം. സ്പോൺസർമാർ നമ്മളെ അതിഥികളായി അങ്ങോട്ട്‌ ക്ഷണിക്കുന്നു.. ഇങ്ങനെ ആണ് ഞാൻ പോയത്. സ്പോൺസർ നിങ്ങളുടെ പക്കൽ ഉണ്ട് എങ്കിൽ, നിങ്ങൾക്ക് കിട്ടും എന്ന പ്രതീക്ഷ ഉണ്ട്. എങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. ദ്വീപിലെ ഒരുപാട് പേർ കേരളത്തിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട് അവർ ഒന്ന് മനസ്സ് വെച്ചാൽ നിങ്ങൾക്ക് അവിടെ എത്താം. അവർ മനസ്സ് വെക്കാതിരിക്കില്ല കാരണം അവർ നമ്മളെ പോലെ സ്വാർത്ഥത ഉള്ളവർ അല്ല. കഴിയുന്നതും അഗത്തി, കൽപേനി, കടമത്ത്,കവരത്തി എന്നീ ദ്വീപിലേക്ക് പോകാൻ ഉള്ള സ്പോൺസർമാരെ കണ്ടെത്തുക. ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു മനസിലാക്കുക.

എങ്ങനെ പെർമിറ്റ്‌ ലഭിക്കും.? 1.സ്‌പോൺസറുടെ ഡിക്ലറേഷൻ ഫോം (ഞാൻ ഇയാളെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു എന്നത് ) സ്‌പോൺസറുടെ കയ്യിൽ നിന്നും വാങ്ങുക.എല്ലാ ദിവസവും ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് ആൾക്കാർ വരും അവരുടെ കയ്യിൽ അത് കൊടുത്തു വിടും നിങ്ങൾ വാങ്ങിയാൽ മതി.

2.ഡിക്ലറേഷൻ ഫോമും ആയി PCC ക്ക് അപേക്ഷിക്കുക. ഡിക്ലെറേഷൻ ഇല്ലാതെയും അപേക്ഷിക്കാം.

PCC : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ്-തന്റെ പേരിൽ കേസുകൾ ഒന്നും ഇല്ല എന്ന് തെളിയിക്കുന്നത് ആണ് ഇത്.അപേക്ഷിക്കുമ്പോൾ ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി, അഡ്രസ്സ് ഒക്കെ വെച്ച് എനിക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു പോലീസിൽ അപേക്ഷിക്കുക. സ്വാധീനം ഉണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് PCC കിട്ടും. പ്രത്യേകം ശ്രദ്ധിക്കുക purpose ലക്ഷദ്വീപ് വിസിറ്റ് എന്ന് തന്നെ വേണം.എനിക്ക് കിട്ടിയ PCC യിൽ purpose :Tour എന്ന് ആയതു കൊണ്ട് അവസാന നിമിഷം തള്ളുകയാണ് ഉണ്ടായത്. പിന്നീട് രണ്ടാമത് മാറ്റി purpose visit എന്ന് അടിച്ചു അങ്ങനെ രണ്ടാമതും അപേക്ഷിച്ചപ്പോൾ ആണ് പെർമിറ്റ്‌ ലഭിച്ചത് .

3.ലക്ഷദ്വീപ് ഓഫീസിൽ പെർമിറ്റ്‌ നു അപേക്ഷിക്കുക. PCC, നമ്മുടെ അഡ്രസ്സ്, തിരിച്ചറിയൽ കാർഡ്, ഫോട്ടോ, രണ്ടു അയൽവാസിയുടെ അഡ്രസ്സ്,ഡിക്ലറേഷൻ ഫോം മുതലായവയുമായി കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ് പോയി പെർമിറ്റ്‌ അപേക്ഷിക്കുക…200 രൂപയുടെ ഹെറിറ്റേജ് ഫീസ് അടച്ചു വേണം അപേക്ഷ സമർപ്പിക്കാൻ. ഏകേദശം ഒരുമാസം എടുക്കും പെർമിറ്റ്‌ കിട്ടാൻ. ദ്വീപിൽ ഉള്ളവർ ഉണ്ടേൽ സീൻ ഇല്ല..എന്റെ സ്പോൺസർക്ക് കിടിലൻ ഹോൾഡ് ഉള്ളത് കൊണ്ട് എല്ലാം ഒന്ന് സ്പീഡ് ആയി. അവർക്ക് അപേക്ഷ കിട്ടിയാൽ പ്രിയോറിറ്റി അനുസരിച്ചു അവർ 15 ദിവസത്തെ പെർമിറ്റ്‌ തരും.അറിയുന്ന ആൾ ഉണ്ടെങ്കിൽ പെട്ടെന്ന് കിട്ടും കാരണം അവർ അപേക്ഷ ലഭിച്ചാൽ നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ ഒരു മെയിൽ അയക്കും ഇങ്ങനെ ഒരു അപേക്ഷ ലഭിച്ചിട്ടുണ്ട് ഓക്കേ ആണോ എന്ന് ചോദിച്ചു അതിനു പോലീസ് സ്റ്റേഷനിൽ നിന്നും റിപ്ലൈ തിരിച്ചു പോണം അങ്ങനെ റിപ്ലൈ പോയി കഴിഞ്ഞാൽ സൂപ്രണ്ട് ഒപ്പ് ഇട്ടു പെര്മിറ്റിന്റെ കാര്യങ്ങൾ ചെയ്യും. എന്റെ പെര്മിറ്റുമായി ബന്ധപ്പെട്ടു ഒരുപാട് തവണ ഞാൻ പോലീസ് സ്റ്റേഷനിലും ലക്ഷദ്വീപ് ഓഫീസിലും കയറിയിട്ടുണ്ട്. നിങ്ങൾക്ക് സമയം ഇല്ല എങ്കിൽ മറ്റൊരാളെ ഏല്പിക്കുക എന്റെ കൊച്ചിയിലെ കാര്യങ്ങൾ ചെയ്തത് സുഹൃത്ത് സലജാണ്. നാട്ടിലെ കാര്യങ്ങൾ ചെയ്തത് അനിയനും ഹരിസ്കയും ആണ്..

4.പെർമിറ്റ്‌ കിട്ടിയാൽ ടിക്കറ്റ് എടുക്കൽ ആണ് വലിയ കടമ്പ. ഇവിടെ നിന്നും അങ്ങോട്ട്‌ കപ്പൽ ടിക്കറ്റ് സീൻ ആണ്.. ഒരുപാട് കാത്തു നിൽക്കണം സീസൺ ആയാൽ ചിലപ്പോൾ ഒരുമാസം കാത്തു നിൽക്കേണ്ടി വരും up and down ടിക്കറ്റ് കിട്ടാൻ. ഇനി നിങ്ങൾക്ക് സമയം ഇല്ല എങ്കിൽ അഗത്തിലയിലേക്ക് ഫ്ലൈറ്റ് എടുത്തു പോവുക. അവിടെ നിന്നും തിരിച്ചു ഇങ്ങോട്ട് ദ്വീപുകാർക്ക്‌ പെട്ടെന്ന് കപ്പൽ ടിക്കറ്റ് കിട്ടും, ഇല്ലെങ്കിൽ എങ്ങനെയെങ്കിൽ തിരിച്ചു ഇങ്ങോട്ട് വരാം. ഞാൻ അഗത്തിയിൽ ഫ്ലൈറ്റ്ന് പോയി കപ്പലിൽ തിരിച്ചു വരികയാണ് ചെയ്തത് കാരണം ഫ്ലൈറ്റ് യാത്രയും കപ്പൽ യാത്രയും അനുഭവിക്കാൻ പറ്റും അല്ലോ.. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ എയർപോർട്ട് ആണ് അഗത്തി. അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് ഒന്ന് അനുഭവിക്കുക തന്നെ വേണം.

എല്ലാ ദിവസവും രാവിലെ അഗത്തിയിലേക്ക് ഫ്ലൈറ്റ് ഉണ്ട്. 1. 30 മണിക്കൂർ ആണ് യാത്രയുടെ ദൈർഗ്യം. കപ്പലിൽ ആണ് എങ്കിൽ ദ്വീപുകൾക്ക് അനുസരിച്ചു യാത്രയുടെ സമയം 12 മണിക്കൂർ മുതൽ 30 മണിക്കൂർ വരെ പോകാം കൊച്ചിയിൽ നിന്നും ഏറ്റവും അടുത്ത് ആന്ദ്രോത്ത് ആണ്, ഏറ്റവും ദൂരം മിനിക്കോയ്.

കപ്പലിൽ പോകാൻ ഉദ്ദേശിക്കുന്നവർ : പെർമിറ്റ്‌ കിട്ടിയാൽ കപ്പൽ ഷെഡ്യൂൾ നോക്കി കൊച്ചിയിൽ നിന്നോ, മംഗളൂരിൽ നിന്നോ, ബേപ്പൂരിൽ നിന്നോ കപ്പൽ ബുക്ക്‌ ചെയ്യുക കപ്പലിൽ ഫസ്റ്റ് ക്ലാസ് (ഒരു മുറിയിൽ രണ്ടു ബെഡ്, അറ്റാച്ഡ് ബാത്രൂം അങ്ങനെ എല്ലാ സജ്ജീകരണവും ഉണ്ട് ). സെക്കന്റ്‌ ക്ലാസ്സ്‌ ആണെങ്കിൽ ഒരു റൂമിൽ 4 ബെഡ്‌ ഉണ്ടാകും സജ്ജീകരണം വേറെയും. ഇനി അടുത്ത ക്ലാസ് ബങ്ക് ആണ് ഏറ്റവും പൈസ കുറഞ്ഞ ക്ലാസ് ആണ് ഇത്. നമ്മുടെ ട്രെയിനിലെ 3rd ടയർ AC പോലെത്ത നല്ല വൃത്തി ഉള്ളവ. ഞങ്ങൾ തിരിച്ചു വന്നത് ബങ്കിൽ ആയിരുന്നു. 20 മണിക്കൂർ എങ്ങനെ പോയി എന്ന് അറിഞ്ഞത് പോലും ഇല്ല എല്ലാം അടിപൊളി.. കപ്പലിൽ രാവിലെ 7. 30 മണി മുതൽ 8. 30 മണി വരെ ബ്രേക്ക്‌ ഫാസ്റ്റ് കൊടുക്കും ഉച്ചയ്ക്ക് 12. 30 മണി തൊട്ടു 1. 30 മണി വരെ ലഞ്ചും രാത്രി 7. 30 മുതൽ 8. 30 വരെ ഡിന്നറും അതും കഴിഞ്ഞു രാത്രി 9. 30 മണിക്ക് ഓംലറ്റ്, ചായയും കൊടുക്കും. നല്ല വൃത്തിയുള്ള റസ്റ്റോറന്റ് ആണ് കപ്പലിൽ. സ്‌പോൺസറുടെ കൂട്ടുകാരൻ കപ്പലിൽ ജോലി ചെയ്യുന്നത് കൊണ്ട് നമുക്ക് കപ്പലിന്റെ എൻജിൻ അടക്കം എല്ലാം കാണാൻ പറ്റി. വല്ലാത്ത അനുഭവം ആയിരുന്നു കപ്പൽ യാത്ര. രാത്രി കപ്പലിന്റെ ഏറ്റവും മുകളിൽ കാറ്റും കൊണ്ട് നക്ഷത്രവും നോക്കി ചുമ്മാ കിടന്നുറങ്ങാൻ നല്ല സുഖം ആണ്. ഞങ്ങൾ ഒരുമണി വരെ അവിടെ ആയിരുന്നു. ഞങ്ങൾ വന്ന കപ്പൽ mv lagoons ആയിരുന്നു. 500 പേരുടെ കപ്പാസിറ്റി ഉണ്ട് എന്നാണ് അറിവ്. ഏറ്റവും വലിയ കപ്പൽ mv kavaratthi ആണ്. 750 പേരാണ് കപ്പാസിറ്റി..

ഇനി ഫ്ലൈറ്റ് യാത്ര ചെയ്യുന്നവർക്കായി :  ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുക എന്നുള്ളത് സീൻ ഇല്ല കുറച്ചു പൈസ അധികം ആവും എന്ന് മാത്രം.. അഗത്തിയിലേക്ക് പെർമിറ്റ്‌ ഇല്ല എങ്കിൽ ഫ്ലൈറ്റ് യാത്ര കുറച്ചു സീൻ ആണ്. ആൾക്കാർ ഉണ്ടെങ്കിൽ പ്രശ്നം ഇല്ല. അല്ലെങ്കിൽ പെർമിറ്റ്‌ന് അപേക്ഷിക്കുമ്പോൾ അഗത്തി വഴി നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ദ്വീപിലേക്ക് എന്ന് പറഞ്ഞു പെർമിറ്റിന് അപേക്ഷിക്കുക. അഗത്തിയിൽ ഫ്ലൈറ്റ് ഇറങ്ങിയാൽ ഫ്ലൈറ്റ് യാത്രക്കാർക്ക് ജെട്ടിയിൽ നിന്നും ഓരോ ദ്വീപിലേക്ക് ഉള്ള വെസൽ ടിക്കറ്റ് കിട്ടും. അതിനു നിങ്ങളുടെ ബോർഡിങ് പാസ്സ് കാണിച്ചു വേണം ടിക്കറ്റ് എടുക്കാൻ. ഞങ്ങൾ കവരത്തി അങ്ങനെ ആയിരുന്നു പോയത്. കവർത്തിയിലേക്ക് 3 മണിക്കൂർ വെസൽ മാർഗം ആണ് പോയത്. വെസൽ എന്ന് പറഞ്ഞാൽ കപ്പലിന്റെ ചെറിയ ഒരു പതിപ്പ് ഏറ്റവും സ്പീഡിൽ പോകും എന്നാണ് ഇതിന്റെ പ്രത്യേകത.. ലാഞ്ചുന്നത് കൊണ്ട് ഛർദിക്കു സാധ്യത കൂടുതൽ ആണ് പ്രത്യേകിച്ച് ആദ്യമായി യാത്ര ചെയ്യുന്നവർ ആണെങ്കിൽ പറയുകയും വേണ്ട. എന്തോ ഭാഗ്യത്തിന് എനിക്കും അവൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. വെസൽ ഇരുന്നു വേണം യാത്ര ചെയ്യാൻ കുറച്ചു പേരുടെ കപ്പാസിറ്റി മാത്രമേ ഇതിനുള്ളൂ. വെസൽ ജെട്ടിയിൽ അടുപ്പിച്ചില്ല എങ്കിൽ ബോട്ടിൽ പോയി വേണം കേറാൻ. കടൽ റഫ് ആയാൽ വെസൽ യാത്ര മുടങ്ങും..

ദ്വീപിൽ എത്തിയാൽ : ഇനി നിങ്ങൾ ദ്വീപിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ തിരിച്ചറിയൽ കാർഡിന്റ കോപ്പിയും പെർമിറ്റും ആയി ദ്വീപിലെ പോലീസ് സ്റ്റേഷനിൽ പോയി എൻട്രി സീൽ വെപ്പിക്കണം അവിടെ SI സീൽ വെച്ച് എന്നു ഉറപ്പ് വരുത്തിയ ശേഷം പെർമിറ്റ്‌ തിരികെ വാങ്ങി കയ്യിൽ സൂക്ഷിക്കുക. ഇനി തിരിച്ചു ആ ദ്വീപ് വിട്ടു വരുമ്പോൾ വീണ്ടും പെർമിറ്റ് റിട്ടേൺ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവയുമായി എക്സിറ്റ് സീൽ വെപ്പിക്കുക.ഏത് ദ്വീപിൽ പോയാലും സന്തോഷത്തോടെ സുഖവിവരം ഒക്കെ ചോദിച്ചു പോലീസുകാർ സീൽ വെച്ച് തരും.

താമസം, ഭക്ഷണം എല്ലാം നമ്മുടെ നാടിനെ അപേക്ഷിച്ചു ചെലവുകൾ കുറവാണ്.മത്സ്യം കൊണ്ടുള്ള വിഭവം ആണ് കൂടുതൽ,അത് പോലെ തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലതും ഉണ്ട്. ദ്വീപിലെ ബിരിയാണി വേറെ തന്നെ രസം ആണ്.. സ്പോൺസർമാരുടെ പരിചയത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും, ചിലപ്പോൾ അവരുടെ വീട്ടിൽ നമ്മളോട് ഉറങ്ങാൻ വരെ പറയും അത്രയ്ക്ക് നല്ലവരാണ് ദ്വീപുകാർ.

ഏകദേശ ചെലവുകൾ : 1.വെസൽ -500 , 2.കപ്പൽ : സെക്കന്റ്‌ ക്ലാസ് :1220, ബങ്ക് ക്ലാസ് : 480, 3.റൂം A/C-900, Non A/C-450.
4.ഭക്ഷണം -200-300, 5.ഫ്ലൈറ്റ് ടിക്കറ്റ് :5500.

സന്ദർശിക്കാൻ പറ്റിയ സമയം നവംബർ മുതൽ മെയ്‌ പകുതി വരെ ആണ്. ബാക്കി സമയങ്ങളിൽ കടൽ പ്രക്ഷുബ്ദം ആകും…

കാഴ്ചകളുടെ ലോകം ആണ് ലക്ഷദ്വീപ്… ലക്ഷദ്വീപ് അതൊരു ബല്ലാത്ത ഒരു ലോകം ആണ്.ബോട്ടിലും, വെസലിലും, കപ്പലിലും ഒക്കെ ആയി യാത്ര ചെയ്യുക എന്നുള്ളത് ഏതൊരു സഞ്ചാരിയും ആഗ്രഹിച്ചു പോകും, അത് കാഴ്ചകളുടെ വിസ്മയ ലോകത്തേക്കാണ് എന്ന് കൂടി ആണെങ്കിൽ പറയുകയും വേണ്ട. വെളുത്ത നിറത്തിൽ ഉള്ള കടൽ തീരം, ക്രിസ്റ്റൽ ക്ലിയർ ഉള്ള ഉള്ള് കാണുന്ന കടൽ ഹോ വല്ലാത്ത ഒരു മൊഞ്ചു തന്നെ. ദ്വീപ് മുഴുവനും തെങ്ങുകളാൽ മൂടപ്പെട്ടത് കൊണ്ട് കാറ്റിനു ഒരു പഞ്ഞവും ഇല്ല. ദ്വീപിൽ കളവുകൾ ഇല്ലാത്തത്ത് കൊണ്ട് രാവിലെ ഒക്കെ പുറത്തു പോകുമ്പോൾ റൂം പൂട്ടി പോകാറില്ല. ഞങ്ങൾ പോയത് അഗത്തി, കവരത്തി, അമിനി എന്ന ദ്വീപിൽ ആണ്. അമിനി ഒരു ടൂറിസ്റ്റു കേന്ദ്രം അല്ല പക്ഷെ എല്ലാ ദ്വീപു പോലെ സുന്ദരം ആണ് അമിനിയും.ഡൈവിംഗ്, കയാക്കിങ്, ഗ്ലാസ്സ് ബോട്ടിങ് പോലെയുള്ള വാട്ടർ ടൂറിസം ആണ് ഏറ്റവും വലിയ അട്ട്രാക്ഷൻ. കടലിനു അടിയിൽ ഒരു ലോകം ആണ് പലതരം മത്സ്യം, പല ജീവികൾ എല്ലാം കാണേണ്ട കാഴ്ചകൾ തന്നെ. രാത്രി 11 മണിക്ക് കുളിക്കാൻ കടലിൽ ഇറങ്ങുന്നത് ഒക്കെ ഓർക്കാൻ കഴിയുന്നില്ല.

ഡൈവിംഗ് : കടലിനു അടിയിൽ മുങ്ങാൻ കുഴി ഇട്ടു കടലിന്റെ അകത്തട്ടിലോട്ട് ഓക്സിജൻ സിലിണ്ടർ ഒക്കെ പിടിപ്പിച്ചു അത്ഭുതം ലോകം കണ്ടു ഇമ വെട്ടാതെ നോക്കി നിൽക്കാൻ ഒരു പോക്കാണ്.. ഡൈവിങ് നടത്തുന്നതിന് മുമ്പ് നമുക്ക് ആദ്യം ഒരു പരിശീലനം തരും. നീന്തൽ അറിയേണ്ടതില്ല, ശ്വാസം എടുക്കാനും വിടാനും പഠിപ്പിക്കൽ ആണ് പരിശീലനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാൾക്ക് 2000 രൂപയാണ് ഡൈവിംഗ് ന് ചാർജ് ആക്കുന്നത്. ഒരു 20000 കൊടുത്താലും നഷ്ടം ആവില്ല എന്നാണ് എന്റെ അഭിപ്രായം..

ഗ്ലാസ്സ് ബോട്ടിങ് : ബോട്ടിന്റെ പ്രതലം ഗ്ലാസ്സിനാൽ മൂടിയത് കൊണ്ട് ബോട്ടിൽ ഇരുന്നു കൊണ്ട് കടലിനു അടിയിൽ എന്തൊക്കെയാണ് ഉള്ളത് എന്ന് കൃത്യമായി കാണാൻ കഴിയും.വല്ലാത്ത സൗന്ദര്യം ആണ് കെട്ടാ കടലിനു ഉള്ള് കാണാൻ.. ഒന്നും പറയാൻ ഇല്ല..ജീവൻ ഉള്ള ഇത്രയ്ക്കും ഭംഗി ഉള്ള ജീവികളെ പടച്ചോൻ എങ്ങനെ സൃഷ്ടിച്ചു അല്ലെ.കടൽ തീരത്ത് കൂടി ചുമ്മാ നടക്കുമ്പോൾ ശംഖ് മുതൽ അങ്ങോട്ട്‌ നമ്മൾ കാണാത്ത പല ജീവികളും നടക്കുന്നത് കാണാം..1500 രൂപയാണ് ചാർജ് ഒരു ബോട്ടിൽ 10 പേർ വരെ പോകാം എന്നാണ് തോന്നുന്നത്.

ലക്ഷദ്വീപ് കല്ല്യാണം : കല്ല്യാണം അടിപൊളി ആണ്. ഒപ്പനയും മൈലാഞ്ചി ഇടലും ഒക്കെ ആയി നല്ല കളർ പോലെത്തെ കല്ല്യാണം. കണ്ണൂരിലെ കല്ല്യാണം പോലെ ഭാര്യ വീട്ടിൽ ആണ് ചെക്കൻ താമസിക്കുക പക്ഷെ അവിടെ തീരില്ല ചെലവിന് കൊടുക്കുക എന്ന പരിപാടി കൂടിയും ഉണ്ട്. പെണ്ണിന് വേണ്ട സ്വർണ്ണം, അവളുടെ വീട്ടിലെ മണിയറയിൽ വേണ്ട ഫർണിച്ചർ കൂടാതെ 3 മുതൽ 10 ലക്ഷം വരെ പെണ്ണിന് കൊടുക്കുന്ന പരിപാടി ആണ് ചെലവിന് കൊടുക്കൽ. സത്യം പറഞ്ഞാൽ കല്ല്യാണം കഴിയലോടു കൂടി ചെക്കൻ ഒരു വഴിക്ക് ആകും അല്ലെ. പെണ്ണിന് പൗസാക്ക് തന്നെ..

ഞാൻ gopro യുടെ ഒരു ക്യാമറ കൊണ്ട് പോയി അത് പോലെ canon ന്റെ dslr ക്യാമറയും. നിർബന്ധമായും ഒരു ആക്ഷൻ ക്യാമറ കൊണ്ട് പോവുക കടലിന്റെ അടിയിലെ ലോകം പകർത്താൻ അത് ഉപകരിക്കും..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply