By Noufal Karat.
ഒരു പൾസർ 220 , എന്റെ ചങ്ക് Dio, എന്നെക്കാളും പ്രായം കൂടിയ ഒരു ചേതക് പിന്നെ ഞങ്ങൾ 6 പേര്…തലേന്ന് രാത്രി ഉണ്ടായ ഒരു ആവശ്യത്തിന് വേണ്ടി കക്കാടംപോയിൽ കയറേണ്ടി വന്നപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഇത് ഇങ്ങനെ ഒരു ട്രിപ്പ് ആയി മാറുമെന്ന്…
കക്കാടംപോയിൽ… എന്റെ യാത്രകളുടെ തുടക്കം ഇവിടുന്നായിരുന്നു… ആദ്യ ട്രെക്കിങ്ങിന്റെ കൂടെ എന്നോടൊപ്പം കൂടിയ സൗഹൃദങ്ങളും ഇവിടന്നായിരുന്നു… അതുകൊണ്ട് തന്നെ ആയിരിക്കണം അഞ്ചാമത്തെ പ്രാവിശ്യം ഇവിടേക്ക് വന്നപ്പോഴും എന്റെ ആദ്യ കാമുകി മനം കുളിർക്കുന്ന കാഴ്ചകൾ സമ്മാനിച്ചത്… കോഴിപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞ് മുകളിലേക്ക് കുറച്ച് കൂടി പോയാൽ റോഡ് അവസാനിക്കുകയായി.. പിന്നീട് ചെളിയും , കല്ലും , വെള്ളവും നിറഞ്ഞ ഒരു അഡാർ ഓഫ് റോഡ് ട്രാക്ക് തന്നെയാണ്… മഴ കനത്തത് കൊണ്ട് റോട്ടിൽ വെള്ളവും ചളിയും കൂടുതലാണ്.. മാത്രമല്ല , കല്ലുകൾ ഇളകിയും വെള്ളം കുത്തിയൊലിച്ചും വളരെ അപകടകരമായ റോഡ് ആയി മാറിയിരുന്നു…

തുടക്കം വലിയ പ്രയാസം തോന്നിയില്ല എങ്കിലും വൈകാതെ തന്നെ കൈ കാലുകൾക്ക് വേദന അനുഭവപ്പെട്ടെങ്കിലും ആരും പിന്തിരിഞ്ഞ് പോരാൻ തയ്യാറല്ലായിരുന്നു… ” ഞങ്ങൾക്ക് തന്നെ പോകാൻ വയ്യ.. അപ്പോഴാണ് നിങ്ങളെ വരവ്.. എങ്ങോട്ടാടാ കുറ്റിയും പറിച്ച് ഈ വഴിക്ക് ” എന്ന് 4×4 ജീപ്പിൽ പഴക്കുലയും വെച്ച് പോകുന്ന ജീപ്പ് ഡ്രൈവറുടെ ചോദ്യത്തിന് മറിയ പാരഡൈസ് എന്ന് മറുപടി കൊടുത്തപ്പോൾ ” അതുവരെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ” എന്ന് പറഞ്ഞ് കല്ലിൽ നിന്ന് കല്ലുകളിലെക്ക് ജീപ്പിനെ എടുത്തിട്ട് മൂപ്പര് താഴേക്ക് പോയി…
കാട്ടു കന്യകമാരുടെ ചിലങ്കയടി കാതുകളിലേക്ക് അലയടിച്ചുകൊണ്ടിരിക്കുന്നു… ചെറുതും വലുതുമായ ഒരുപാട് അരുവികളെ മുറിച്ച് കടന്ന് യാത്ര തുടരുമ്പോഴും ഞങ്ങളുടെ പടക്കുതിരകൾ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു… ” ഇനി എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ… ” ഏതാണ്ട് ഈ അവസ്ഥ ആയിരുന്നു കുറച്ച് ദൂരം കൂടി പോയപ്പോൾ.. മുന്നിൽ കാണുന്ന ഓഫ് റോഡിന് മുന്നിൽ ഞങ്ങൾക്ക് മുട്ട് മടക്കേണ്ടി വന്നു… വണ്ടി സൈഡിൽ ഒതുക്കി ബാക്കി ദൂരം നടന്നു കയറാൻ തുടങ്ങിയപ്പോയാണ് അട്ട ശല്യം ശരിക്കും മനസ്സിലായത്.. ഒരുപാട് ദൂരം നടന്നും കാട്ടു ചോലകളിൽ ഇറങ്ങിയും ഫോട്ടോ എടുത്തും പോകുന്നതിനിടയിൽ എപ്പോയോ വഴി തെറ്റി അവസാനം ഒരു കുന്നിന്റ മണ്ടയിൽ എത്തിയപ്പോഴാണ് നടത്തം അവസാനിച്ചത്…
മരിയ പാരഡൈസ് കാണാൻ പോയ ഞങ്ങൾക്ക് ഇവൾ കാണിച്ച് തന്നത് അതിലും എത്രയോ വലിയ കാഴ്ചയാണ്… കോട മൂടിയ സഹ്യന്റെ കീഴെ മതിവരുവോളം അവളുടെ സൗന്ദര്യവും ആസ്വദിച്ച് താഴേക്ക്……
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog