ടോള്‍ ബൂത്തുകളില്‍ കാത്തുകിടക്കാതെ എങ്ങനെ എളുപ്പം പോകാം?

ആധുനിക കാലത്ത് എന്തും എളുപ്പമാക്കാനുള്ള സംവിധാനങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ പാത ടോള്‍ പിരിവും ഇനി എളുപ്പത്തില്‍ സാധ്യമാക്കാം. ദേശീയ പാതയിലെ ടോള്‍ പിരിവ് സുഗമമാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ദേശീയ പാതാ അതോറിറ്റി പുറത്തിറക്കിയിട്ടു ഒരു വര്‍ഷത്തോളം ആയി. മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളാണ് ഇലക്‌ട്രോണിക് ടോള്‍ പിരിവിനായി ദേശീയ പാത അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്. ദേശീയപാതകളിൽ ടോൾ നൽകാൻ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാനുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്.

ഫാസ്ടാഗ് സംവിധാനം അഖിലേന്ത്യാ തലത്തിലുള്ളതാണ്. അത് എല്ലാ ടോൾ ബൂത്തുകൾക്കും ബാധകവുമാണ്. വാഹനത്തിന്റെ മുൻപിലെ ചില്ലിൽ ഫാസ്‌ടാഗ് പതിപ്പിക്കും. ഫാസ്ടാഗ് വാഹനങ്ങൾ ടോൾ നൽകാൻ നിർത്തേണ്ടതില്ല. ഇത്തരം വാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാത എല്ലാ ടോള്‍ ബൂത്തുകളിലും സജ്ജമാക്കിയിട്ടുണ്ട്. കടന്നുപോകുമ്പോൾ ഇലക്ട്രോണിക് റീഡർ വഴി തുക ഈടാക്കും. ഫാസ്ടാഗ് സംവിധാനം സ്വീകരിക്കുന്ന വാഹനം ടോൾ ബൂത്ത് വഴി കടന്നു പോകുമ്പോൾ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ടോൾ ചാർജ് ടോൾ കമ്പനിക്ക് ലഭ്യമാകും. ടോൾ നിരക്കിൽ ചെറിയൊരു ശതമാനം ഇളവും ലഭിക്കുമെന്നതാണ് ഫാസ്ടാഗിന്റെ മറ്റൊരു സവിശേഷത. കാര്‍ഡിലെ തുക തീരുമ്പോൾ റീചാർജ് ചെയ്യണം.

മൈഫാസ്ടാഗ് എന്ന ഉപഭോക്തൃ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്ടാഗ് ആപ്പില്‍, ഇടപാടുകളുടെ ബന്ധപ്പെട്ട രേഖകളും ലഭിക്കും.അതേസമയം, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നത് മെര്‍ച്ചന്റ് ആപ്പാണ്. വാഹന ഡീലര്‍മാര്‍ക്കും കോമണ്‍ സര്‍വ്വീസസ് സെന്ററുകള്‍ക്കും ബാങ്കുകള്‍ക്കും വേണ്ടിയുള്ളതാണ് ഫാസ്ടാഗ് പാര്‍ട്ണര്‍ ആപ്പ്.

ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫാസ്ടാഗുകളെ ദേശീയ പാതാ അതോറിറ്റി ലഭ്യമാക്കുന്നുണ്ട്. ടോള്‍ പ്ലാസകള്‍ക്ക് സമീപമുള്ള കോമണ്‍ സര്‍വ്വീസസ് സെന്ററുകളിലൂടെയാണ് ഫാസ്ടാഗുകളുടെ ഓഫ്‌ലൈന്‍ വില്‍പന. അതത് ബാങ്ക് വെബ്‌സൈറ്റുകള്‍, ദേശീയ പാതാ അതോറിറ്റി വെബ്‌സൈറ്റ്, IHMCL വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗുകള്‍ വാങ്ങാം.

ഫാസ്ടാഗ് ലഭിക്കാൻ എന്തു ചെയ്യണം എന്നോര്‍ത്ത് വിഷമിക്കേണ്ട. ഇതാ ഈ കാര്യങ്ങള്‍ ചെയ്‌താല്‍ മാത്രം മതി. ഐസിഐസിഐ സെയിൽസ് ഓഫിസിലോ ടോൾബൂത്തുകളിലോ ഫാസ്ടാഗിന് അപേക്ഷ സമർപ്പിക്കാം. വാഹന ഉടമയുടെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വാഹനത്തിന്റെ ആർസി ബുക്ക്, പാൻ അല്ലെങ്കിൽ മറ്റെന്തെങ്കിലും കെവൈസി രേഖകൾ എന്നിവയും ഇവയുടെ പകർപ്പുകളും കൈവശം വേണം. ഫാസ്ടാഗിന് അപേക്ഷിക്കുമ്പോൾ വാഹന ഉടമ അടുത്തില്ലെങ്കിൽ, ഉടമയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. സേവന നികുതി ഉൾപ്പെടെ 200 രൂപ‌യാണ് ഫാസ്ടാഗിനുള്ള അപേക്ഷാ ഫീസ്. വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ടാകും. ഫാസ്ടാഗിന് അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. ഇത് ആവശ്യാനുസരണം ഓൺലൈൻ വഴി റിചാർജ് ചെയ്തുപയോഗിക്കാം. ഒരു വാഹനത്തിന്റെ ഫാസ്ടാഗ് മറ്റൊന്നിൽ ഉപയോഗിക്കാനാകില്ല. വിശദ വിവരങ്ങൾക്കു കസ്റ്റമർ കെയർ നമ്പർ: 1860 267 0104.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply