വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
ജീവിത യാത്രകളിൽ സമ്മാനങ്ങൾ ഒരു പാട് കിട്ടിയിട്ടുണ്ട്. പക്ഷേ യാത്ര വിവരണത്തിന് അവാർഡ് അതും ക്യാഷ് പ്രൈസ്. ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന പേരിൽ Team Vowstay നടത്തിയ യാത്ര വിവരണത്തിൽ 2nd പ്രൈസ് കിട്ടയ സന്തോഷം ഞാൻ എന്റെ പ്രിയപ്പെട്ട സഞ്ചാരികളിലേക്ക് പങ്ക് വെയ്ക്കുന്നു. സമ്മാനം എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് മാത്രം സ്വന്തം. അമ്മ വലിയ ഒരു യാത്രയിലാണ് അതിനാൽ എന്നോടൊപ്പം ഇല്ല. പക്ഷേ ആ മനസ്സ് എന്നോടൊപ്പം ഉണ്ട് ഈ യാത്രയിൽ. അതിനാലല്ലിയോ ഞാൻ ഈ സമ്മാനം പോലും കിട്ടാൻ ഞാൻ അർഹനായത്. Team Vowstay ന് ഹൃദയത്തിൽ തൊട്ട നന്ദി. Special Thanks Rahim ഇക്ക.
നമ്മുടെ തലസ്ഥാന നഗരിയുടെ കിഴക്കേ അറ്റത്തെ ഗ്രാമമാണ് പൂവാർ. നെയ്യാറിന്റെ ഓളങ്ങളും കടലും കണ്ടൽ നിറഞ്ഞ ഇടത്തോടുകളും സുന്ദരിയാക്കുന്ന നാട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ മാറി നെയ്യാറിന്റെ കൈവഴികളിലൂടെ പൂവാർ ശാന്തമായി ഒഴുകുന്നു. ആരാണ് ബോട്ട് യാത്ര ഇഷ്ടപ്പെടാത്തവർ? ഞങ്ങൾ നാല് പേർ കൊതിയാർന്ന മനവുമായി പൂവാറിന്റെ ഓളങ്ങൾ തേടി B Moh’d Ashraf ഇക്ക , Sahir Shan , ആസിഫ് ഇക്ക പിന്നെ ഞാൻ. രണ്ട് മണിക്കൂർ ബോട്ട് യാത്ര ഇവിടെ ആരംഭിക്കുന്നു. നിങ്ങളും വരൂ ഈ ബോട്ട് യാത്ര ആസ്വദിച്ചിട്ട് വരാം. സ്വപ്ന വനികയിൽ വസന്തമാക്കാൻ ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു.
നെയ്യാറിന്റെ ഓളങ്ങളെ കീറി മുറിച്ച് ബോട്ട് കുതിച്ചു പാഞ്ഞു. ഇടത്തോടുകളും അഴിമുഖവും കടലും ഒറ്റയാത്രയിൽ ആസ്വദിക്കാം ഇവിടെ. കൊതിയാർന്ന മനവുമായി പൂവാറിന്റെ ഓളങ്ങളെ തഴുകാനും നിന്നോടൊപ്പം ഒഴുകിടുവാനും ഞാൻ ഇതാ വരുന്നു. ഏത് നിമിഷവും എൻ നിനവുകൾ വിലോലമായി നിനക്കായി ഒഴികിടുമാം സ്വരം നീ അറിയുമോ. പൂവാറിന്റെ പേരിനു പിന്നിൽ ഒരു കഥയുണ്ട്. അപ്പോൾ ഒരു കഥ സൊല്ലുട്ടുമാ. പണ്ട് ഇവിടെ പോക്കു മൂസാപുരം എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. എട്ടു വീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർഥം ഓടിയ മാർത്താണ്ഡവർമ ഇളയരാജാവിന്റെ പ്രയാണം അവസാനിച്ചത് ഇവിടെയായിരുന്നു. അന്ന് കല്ലറയ്ക്കൽ വീട്ടിലെ ഉമ്മച്ചിയമ്മ രാജാവിന് അഭയം നൽകി.
ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട രാജാവ് പിറ്റേന്ന് രാവിലെ കുളിക്കാനായി ആറിലെത്തി. ജലോപരിതലത്തിൽ നിറയെ കൂവളത്തിന്റെ പൂക്കൾ കണ്ട അദ്ദേഹം വിസ്മയഭരിതനായി പറഞ്ഞു, “പുഷ്പനദി”. ഒരുപാടു കാലം കഴിഞ്ഞപ്പോൾ ‘പൂക്കൾ നിറഞ്ഞ നദിയുള്ള നാട്’ പൂവാർ എന്ന് അറിയപ്പെട്ടു. കേട്ടറിഞ്ഞ കഥയാണ്. ആരും എന്നോട് ചോദ്യം ചോദിക്കരുത്, ചോദിച്ചാൽ ഞാൻ പറയും പൂവാർ ബോട്ട് യാത്ര ചെയ്യാൻ.
ഇടത്തോടുകളെ ഇക്കിളിപ്പെടുത്തി ബോട്ട് നീങ്ങി. പൂർണ്ണമായും കണ്ടൽ കാടുകളെ നമ്മുക്ക് ഇവിടെ കാണാൻ കഴിയില്ല. ചതുപ്പുകളിലും പുഴയോരങ്ങളിലും സാധാരണ വളരുന്ന കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞതാണ് കാട്. കൊക്കുകളും കൃഷ്ണപ്പരുന്തും പൊന്മാനും മരങ്ങൾക്കു മേൽ വസന്തം തീർത്തിട്ടുണ്ട്. പക്ഷികളുടെ ചെറിയ ഒരു ഈറ്റല്ലം എന്ന് വേണമെങ്കിൽ വിളിക്കാം. പെട്ടെന്നാണ് അനകോണ്ട സിനിമ ഓർമ്മപ്പെടത്തലുമായി അഷറഫ് ഇക്ക വന്നത്. സിനിമ ചിത്രീകരണവുമായി ബന്ധമുള്ള യാത്ര എന്ന് വേണെങ്കിൽ പറയാം. ബോട്ട് , കാടുകൾ പക്ഷേ ആ ഭീകരൻ പാമ്പ് ഇല്ല കേട്ടോ ഹ ഹ…. ഒരു നീർക്കോലി പാമ്പിനെ പോലും കണ്ടതുമില്ല.
തീരത്തോടു ചേർന്ന് അങ്ങു ദൂരെ മനോഹരമായ റിസോർട്ടുകളും വെള്ളത്തിനു മേൽ നിരന്നു നിൽക്കുന്ന ഫ്ലോട്ടിങ് റിസോട്ടുകളും കണ്ടു. വിദൂര ദൃശ്യത്തിൽ പൊഴിമുഖത്തിന് പ്രകൃതിയുടെ ക്യാൻവാസിൽ വരച്ചുവച്ചൊരു ചിത്രത്തിന്റെ സൗന്ദര്യം. ഇവിടുത്തെ കുതിര സവാരിയെ പറ്റിയാണ് എടുത്ത് പറയേണ്ടത്. മനുഷ്യ പറ്റില്ലാത്ത മനുഷ്യമൃഗങ്ങൾ ഈ പാവം കുതിരകൾക്ക് തീറ്റ പോലും കൊടുക്കുന്നില്ല. നമ്മൾ ഉള്ള സമയം പോലീസ് ഉദ്യോഗസ്ഥർ ഇവൻമാരെ കൈകാര്യം ചെയ്യുന്ന ദൃശ്യമാണ് കണ്ടത് . മിണ്ടാ പ്രാണികൾ കഷ്ടം. ഇവൻമാർക്ക് നല്ല വരുമാനം കുതിര സവാരിയിൽ നിന്ന് കിട്ടുന്നുണ്ട്. എന്നിട്ടാണ് ഈ ക്രൂരത. മനസ്സിനെ വേദനിപ്പിച്ച നിമിഷങ്ങൾ. അതിനാൽ ഞാൻ കുതിര സവാരി ഒഴുവാക്കി.
എലഫന്റ് റോക്ക് അഥവാ ആനപ്പാറയാണ് മറ്റൊരു കാഴ്ച. മണൽതിട്ടയ്ക്ക് തൊട്ടടുത്ത് വെള്ളത്തിൽ പാതി മുങ്ങി നിൽക്കുന്ന ആനയുടെ ആകൃതിയിലുള്ള പാറ. ശരിക്കും ആനയെ കൊത്തിവച്ച പോലെ. ഞങ്ങൾ ബീച്ചിലെ കാഴ്ചകൾ ആസ്വദിച്ച് മടങ്ങിയെത്തുമ്പോഴേക്കും ബോട്ട് റെഡി. യാത്ര വീണ്ടും തുടർന്നു. കടൽ കാറ്റ് ആഞ്ഞ് വീശി കൊണ്ടേ ഇരുന്നു. പട്ടണക്കാട് എന്നു വിളിക്കുന്ന കണ്ടൽ നിറഞ്ഞ ഇടത്തോടുകളാണ് അടുത്ത ലക്ഷ്യം. ഇവിടെ സഹനത്തിന്റെ സ്നേഹത്തിന്റെ പ്രതീകമായ മേരി മാതാ പ്രതിമ കാണാം. ഞാൻ മാതാവിനോട് “എന്റെ അമ്മയെ കണ്ടാൽ അന്വേഷണം പറയണം” എന്ന് പറഞ്ഞ് പ്രാർത്ഥിച്ചു.
ജലയാത്രയുടെ വഴിയേ പലയിടങ്ങളിലായി തോണിയിൽ ഇളനീര് വിൽക്കുന്ന കച്ചവടക്കാരെ കാണാം. ബോട്ട് മുന്നോട്ടു നീങ്ങുന്നതനുസരിച്ച് തെങ്ങിൻ തോപ്പുകൾ കടന്ന് പോകുമ്പോൾ വിദേശികളെ കാണാം റിസോട്ടുകള്ളിൽ. വള്ളങ്ങളിലും ബോട്ടുകളിലും സഞ്ചാരികൾ പൂവാറിൽ ഒഴുകി നടന്ന് ആഹ്ലാദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ഭാഗത്ത്.. എന്റെ കേരളം എത്ര സുന്ദരം.. യാത്രകൾക്ക് അവസാനമില്ല. പുഴയിലവസാനിക്കുന്ന സുന്ദരമായൊരു യാത്ര ഇവിടെ ശുഭം.
പൂവാർ ബോട്ട് യാത്ര ചെയ്യാൻ എത്തിച്ചേരണ്ട മാർഗ്ഗം- തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ. കോവളം– വിഴിഞ്ഞം വഴി 35 കിലോമീറ്ററുണ്ട് പൂവാറിലേക്ക്. കോവളം ബീച്ചില് നിന്ന് 17 കിലോമീറ്റർ അകലെയാണ് പൂവാർ. നെയ്യാറ്റിന്കര റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ.