ഇരിട്ടി ടൗണിൽ സ്വകാര്യ – കെ എസ് ആർ ടി സി ബസ്സ് തൊഴിലാളികൾ തമ്മിൽ തർക്കവും വാക് പോരും ; സ്വകാര്യ ബസ്സിനെ കെ എസ് ആർ ടി സി ബസ് കുറുകെ ഇട്ട് തടഞ്ഞു..
++++++++++++++++++++++++++++++++
ഇരിട്ടി : സമയക്രമം പാലിക്കാതെ ഓടുന്നു എന്ന പ്രശ്നമുയർത്തി സ്വകാര്യ ബസ്സിനെ കെ എസ് ആർ ടി സി ബസ് കുറുകേ ഇട്ടു തടഞ്ഞത് ഇരു ബസ്സിലെയും തൊഴിലാളികൾ തമ്മിൽ ഒരു മണിക്കൂറോളം നേരം രൂക്ഷമായ തർക്കത്തിനും വാക്പോരിനും ഇടയാക്കി.
ബുധനാഴ്ച രാത്രി 8 .15 മുതൽ 9 മണിവരെ ഇരിട്ടി പഴയ ബസ് സ്റ്റാന്റിൽ ആയിരുന്നു സംഭവം.
8 മണിക്ക് ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്കു പോകേണ്ട ധനലക്ഷ്മി ബസിലേയും 8 .35 ന് ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോകേണ്ട വീരാജ്പേട്ട – കണ്ണൂർ കേരളാ ആർ ടി സി ബസ്സിലെ തൊഴിലാളികളും തമ്മിലായിരുന്നു തർക്കവും രൂക്ഷമായ വാക് പോരും.
8.35 ന് കണ്ണൂരിലേക്കു പോകേണ്ട കെ എസ് ആർ ടി സി ബസ് 8 .15 ന് ഇരിട്ടിയിലെത്തുമ്പോൾ 8 മണിക്ക് സ്റ്റാന്റ് വിട്ടു പോകേണ്ടിയിരുന്ന ധനലക്ഷ്മി ബസ് ഇവിടെ തന്നെ ഉണ്ടായിരുന്നു. കെ എസ് ആർ ടി സി ബസ്സിലെ തൊഴിലാളികൾ ഇതിനെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.
ഇതിനിടയിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർ ബസ്സ് മുന്നോട്ടെടുത്ത് സ്വകാര്യ ബസ്സിന് കുറുകെ ഇട്ടു ബസ് തടഞ്ഞു. സ്വകാര്യ ബസ്സിലെ തൊഴിലാളികൾ കേൾക്കാൻ അറക്കുന്ന രീതിയിൽ തെറിവിളിച്ചതും സമയക്രമം പാലിക്കാതെ നിത്യവും ഓടുന്നതുമാണ് ഇങ്ങിനെ പ്രതിരോധം തീർക്കാൻ പ്രേരിപ്പിച്ചതെന്ന് കെ എസ് ആർ ടി സി ബസ്സിലെ തൊഴിലാളികൾ പറഞ്ഞു.

നിരവധി തവണ ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ഇവർ തയ്യാറായിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
ഇവർ തമ്മിലുള്ള തർക്കം രണ്ടു ബസ്സിലും ഉണ്ടായിരുന്ന യാത്രക്കാരും ടൗണിലെ ജനങ്ങളും മറ്റും ഏറ്റെടുത്തതോടെ രൂക്ഷമായി. ഒടുവിൽ വിവരമറിഞ്ഞു ഇരിട്ടി പോലീസ് സ്ഥലത്തെത്തുമ്പോൾ സമയം 8 .45 ആയിരുന്നു.
നിറയെ യാത്രക്കാരും കണ്ണൂരിലേക്കുള്ള അവസാനത്തെ ബസ്സുകളും ആയിരുന്നതിനാൽ ഇരു ബസ്സിലെ തൊഴിലാളികളോടും വ്യാഴാഴ്ച സ്റ്റേഷനിൽ എത്തണമെന്ന നിർദ്ദേശത്തോടെ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog