സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഫാന്സുകള് ഉള്ള നാടാണ് നമ്മുടേത്. താരം ഏതുമായിക്കൊള്ളട്ടെ ഫാന്‍സ് അസോസിയേഷന് ഉറപ്പ്. ഇതേ പോലെ താരമായിരിക്കുകയാണ് ഒരു കെ.എസ്.ആര്.ടി.സി ബസ്. തിരുവല്ല – റാന്നി റൂട്ടിലോടുന്ന ആര്.എസ്.കെ 440 നമ്പര്‍ ബസാണ് യാത്രക്കാര്‍ക്കിടയിലെ ഇഷ്ടതാരം. അവര്‍ അതിനൊരു പേരുമിട്ടു-സുന്ദരി. ആനവണ്ടിയുടെ ചന്തം കണ്ട് നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച പേരാണിത്.
സാധാരണ കെഎസ്ആർടിസി സർവീസുകളെ വെല്ലുന്ന ബസിന്റെചന്തം കണ്ട് നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച പേരാണ് സുന്ദരിവണ്ടിയെന്ന്. നഷ്ടങ്ങളും പ്രതിസന്ധികളും മാത്രം കേട്ടുപോന്നിട്ടുള്ള കെഎസ്ആര്‍ടിസി മേഖലയില്‍ നിന്ന് ആരും കേട്ടാല്‍ അത്ഭുതപ്പെടുന്ന പ്രവർത്തന മികവിന്റെ നേട്ടമാണ് (ആര്‍എസ്കെ 440) കെഎല്‍ -15 9913 നമ്പരിലുള്ള ഈ സുന്ദരിക്കുള്ളത്. ഒരു ദിവസം 20,021 രൂപ റിക്കാര്‍ഡ് വരുമാനം നേടി കെഎസ്ആര്‍ടിസി സിഎംഡിയില്‍ നിന്ന് അവാര്‍ഡ് നേടിയ വണ്ടിയാണിത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ സുന്ദരിയുടെ വിശേഷങ്ങള്‍. റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിങ്ങനെ നാല് റൂട്ടുകളിലാണ് വണ്ടിയോടുന്നത്. മ്യൂസിക് സിസ്റ്റവും യാത്രക്കാര്‍ക്ക് കുടിവെള്ളവും എന്ന് വേണ്ട ആനവണ്ടിയുടെ സ്ഥിരം ചിത്രം മനസില്‍ നിന്ന് മായ്ക്കും വിധമാണ് ഈ സുന്ദരിയുടെ യാത്ര.
എന്നും രാവിലെ ബസ് കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന് പോകൂ. വിശേഷ ദിവസങ്ങളിലാകട്ടെ അതിന് ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന് യാത്രക്കാരും സ്നേഹത്തോടെ പിരിവ് നല്‍കാറുണ്ട്. കഴിഞ്ഞ വിഷുവിനു ബസ്സിൽ വിഷുക്കണിയൊക്കെ ഒരുക്കിയായിരുന്നു സർവ്വീസ് നടത്തിയത്. ബസില്‍ ഏറെയും സ്ഥിരം യാത്രക്കാരാണ്. ബാക്കി പൈസയ്ക്ക് ബഹളമോ വഴക്കോ ഒന്നും ഒരിക്കല്‍ പോലും ഈ ബസില്‍ ഉണ്ടായിട്ടില്ല. ടിക്കറ്റ് തുകയുടെ ബാക്കി കൃത്യമായി തിരിച്ച് കൊടുക്കാന്‍ കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. അതു കൊണ്ടു തന്നെ നാട്ടുകാര്‍ക്കും ഈ സുന്ദരിയെക്കുറിച്ച് നൂറുനാവാണ്.
ശരാശരി 12000-13000 രൂപയാണ് ദിവസ വരുമാനം. പ്രൈവറ്റ് ബസുകള്‍ മത്സരിച്ചോടുന്ന റൂട്ടിലാണ് ഈ കെ.എസ്.ആര്.ടി.സി ബസ് വിജയഗാഥ രചിക്കുന്നത്. പ്രൈവറ്റ് ബസില്‍ കയറാതെ യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി ബസിനായി കാത്ത് നില്‍ക്കുമെന്ന് പറയുമ്പോള്‍ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്. വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്ടം കൂടി നിരവധി സ്വീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കെ.പി.പ്രസാദ്, കെ. രാകേഷ്, വി.ആര്. അഭിലാഷ്, പ്രിൻസ് എന്നീ കണ്ടക്ടര്‍മാരുടേയും ടി.ജി.അനന്തകൃഷ്ണന്, ജി. പ്രശാന്തന് എന്നീ രണ്ട് ഡ്രൈവര്‍മാരുടേയും ആത്മാര്‍ത്ഥമായ സേവനമാണ് ഈ നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്ക്കുമൊക്കെ പിന്നില്‍. കെ.എസ്.ആര്.ടി.സി തിരുവല്ല ഡിപ്പോ, മെക്കാനിക്കല്‍ വിഭാഗം, ഡി.ടി.ഒ , സ്റ്റേഷന് മാസ്റ്റര്‍, ഡി.ഇ എന്നിങ്ങനെ ഇവര്‍ക്ക് പിന്തുണ നല്കുന്നവര് ഏറെയാണ്. നഷ്ടങ്ങള്‍ മാത്രമല്ല, ശ്രമിച്ചാല്‍ ആനവണ്ടിയെ കരകയറ്റാന്‍ സാധിക്കുമെന്ന വലിയ പാഠമാണ് ഇവര്‍ ഇതിലൂടെ പകര്‍ന്ന് നല്‍കുന്നത്.
ഇതിനു മുൻപ് ഓടിയിരുന്ന RNA 70 എന്ന ബസും യാത്രക്കാർക്കിടയിൽ സൂപ്പർ സ്റ്റാർ പദവി വഹിച്ചിരുന്നതാണ്.
കടപ്പാട് – മംഗളം, ദീപിക.