ഒരു ജിപ്സിക്കു വേണ്ടിയുള്ള നോര്‍ത്ത് ഇന്ത്യന്‍ യാത്ര!!

യാത്രാവിവരണം – Seyad Abdul Gaffur Zeya.

ഹായ് ഫ്രണ്ട്‌സ്! വളരെ ആകസ്മികമായി 2018 ജനുവരിയിൽ ഞാനും സുഹൃത്ത് ഷഹീറും കൂടി നടത്തിയ ഒരാഴ്ച നീണ്ട കേരളം-ന്യൂഡൽഹി-കേരളം യാത്രയെ കുറിച്ചാണ് ഞാൻ ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്! യാത്രയുടെ ആദ്യ പാദമായ കേരളം മുതൽ ഡൽഹി വരെ തീവണ്ടി യാത്രയും രണ്ടാം പാദം തിരികെ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് മാരുതി ജിപ്സി വാഹനത്തിലെ ഓൺ റോഡ് യാത്രയും ആയിരുന്നു! ഇതിൽ ആദ്യ പാദത്തിന്റെ വിവരണമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്. രണ്ടാം പാദത്തിന്റെ വിവരണം മറ്റൊരു പോസ്റ്റിൽ ഉൾപ്പെടുത്താം കാരണം രണ്ടും കൂടി ഒരു പോസ്റ്റിൽ ഉൾപ്പെടുത്തിയാൽ വളരെ നീണ്ടു പോകും. ആദ്യ പാദത്തിലെ തീവണ്ടി യാത്രയിൽ ഉണ്ടായ കുറച്ച് അനുഭവങ്ങളും ഡൽഹി നഗരത്തിൽ എത്തിച്ചേർന്ന ശേഷം ചെയ്ത ചെറിയ ഒരു നഗര പ്രദക്ഷിണത്തിലെ അനുഭവങ്ങളും ആദ്യമായി പങ്കു വക്കാം. നീണ്ടു പോയാൽ ക്ഷമിക്കണം. എഴുതുമ്പോൾ എനിക്ക് ഒന്നും തന്നെ വിട്ടുകളയാൻ മനസ്സുവരുന്നില്ല അതാ…. തുടർന്ന് വായിക്കൂ…….

എന്റെ സുഹൃത്തിനു വേണ്ടിയായിരുന്നു ഈ യാത്ര. ഷഹീറിന് ഒരു മിലിട്ടറി ജിപ്സി വേണമെന്ന് വലിയ ആഗ്രഹം ( റാണി പദ്മിനി സിനിമ കണ്ടതിന് ശേഷം!! ). ഒരു ജിപ്സി മേടിച്ചു ഡൽഹിയിൽ നിന്നും റോഡിൽ ഓടിച്ചു വരണമെന്ന തീരാമോഹം. ഏകദേശം 3 വര്ഷങ്ങള്ക്കു മുൻപ് ഇത് പോലെ ഒരു യാത്രയെ പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നു. പക്ഷെ അന്ന് എന്റെ ജോലി സംബന്ധമായി വിദേശത്തു പോകേണ്ടി വന്നതിനാൽ പിന്നെ വേണ്ടെന്നു വച്ചു. ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ യാത്രകളെ സ്നേഹിക്കുന്ന നമ്മൾ ഒരിക്കലും വേണ്ടെന്നു വയ്ക്കില്ലല്ലോ! പോകുന്നതിന് ഏകദേശം ഒരു മാസം മുൻപ് സുഹൃത്ത് ഡൽഹിക്കു പോയി വണ്ടി മേടിച്ചു അറ്റകുറ്റപണികൾ തീർക്കുവാൻ വേണ്ടി വർക്ഷോപ്പിൽ കയറ്റി, കാരണം മൂവായിരത്തോളം കിലോമീറ്ററുകൾ താണ്ടുവാനുള്ള ശേഷി 14 വർഷം മിലിട്ടറി സേവനം ചെയ്ത ജിപ്സിക്ക് വേണമല്ലോ! അങ്ങനെ പണികളൊക്കെ തീർത്തു വണ്ടിയുടെ പ്രമാണങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

അവിടെനിന്നും എല്ലാം ശരിയായി എന്ന അറിയിപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവിൽ പ്രതീക്ഷിച്ചതിലും നേരത്തെ ജനുവരി 22ആം തീയതി അറിയിപ്പ് കിട്ടി. പക്ഷെ ഉടൻ പുറപ്പെടുവാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല ഞങ്ങൾ. അറിയിപ്പു വന്നപ്പോൾ മുതൽ എങ്ങനെയും പോയാൽ മതി എന്ന വ്യഗ്രത! മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ തീവണ്ടി കൂടാതെ വിമാനത്തിലും വളരെ വേഗം നമുക്ക് അവിടെ എത്തി പെടാം പക്ഷെ സാമ്പത്തികമായി ചെലവ് കൂടുമെന്നതിനാൽ യാത്ര തീവണ്ടിയിൽ തന്നെ ആക്കി ( തിരിച്ചു വരുമ്പോൾ വലിയ ഒരു ചെലവ് ഉണ്ടല്ലോ! അതോർത്തപ്പോൾ….) അങ്ങനെ പിറ്റേ ദിവസം 23ആം തീയതി പോകാമെന്ന് തീരുമാനിച്ചു തീവണ്ടിയെ പറ്റി അന്വേഷിച്ചു. എന്തോ ഭാഗ്യത്തിന് അന്ന് ചൊവ്വാഴ്ച്ചയായിരുന്നു. അന്നേദിവസം 5 വണ്ടികൾ ഉണ്ടായിരുന്നതിനാൽ തിരക്ക് കുറവായിരുന്നു. റിസർവേഷൻ കിട്ടുമോ എന്ന് തലേദിവസം നോക്കിയിരുന്നു പക്ഷെ 24 മണിക്കൂർ മുൻപ് തത്ക്കാൽ നിർത്തലാക്കിയിരുന്നു. എന്നാലും പോകണമെന്നുള്ള തീവ്രമായ ആഗ്രത്തിൽ പിന്നെ ഒന്നും ഒരു തടസ്സമായിരുന്നില്ല, ലോക്കൽ തന്നെ ശരണം. സുഹൃത്തിന്റെ ഷോപ് അടച്ചു പകൽ ഉള്ള വണ്ടിക്കു പോകുവാൻ താല്പര്യമില്ലായിരുന്നു എന്നതുകൊണ്ട് രാത്രി വണ്ടി നോക്കി. വളരെ വേഗത്തിൽ ബാഗിൽ രണ്ടു മൂന്നു ജോഡി ഉടുപ്പുകളും അവശ്യ സാധനങ്ങളും പിന്നെ ജാക്കറ്റും മറ്റുമൊക്കെ പായ്ക്ക് ചെയ്‌തു.

ജനുവരി സമയമായതു കൊണ്ട് ഡൽഹിയിൽ നല്ല തണുപ്പാണെന്നു പേപ്പറിൽ വായിച്ചിരുന്നു. അങ്ങനെ വൈകിട്ട് 7.30നുള്ള നിസാമുദിൻ എക്സ്പ്രെസ്സിനു പോകാമെന്നു വച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇനി അഥവാ ആ വണ്ടിയിൽ തിരക്കാണെങ്കിൽ രാത്രി 11 മണിക്കുള്ള മറ്റൊരു വണ്ടി പിടിക്കാമെന്ന ഒരു വഴി കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അടുത്ത് കണ്ട ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ചു, വഴിക്കു വച്ച് കഴിക്കാൻ വേണ്ട ബിസ്ക്കറ്റും കപ്പവറുത്തതും വെള്ളവുമൊക്കെ വാങ്ങി പ്ലാറ്റ്‌ഫോമിൽ നിൽപ്പായി. ഒടുവിൽ കൂകിവിളിച്ചു 7.30ന് വന്ന വണ്ടിയുടെ കൂടെ ഓടി മുൻഭാഗത്തുള്ള ഒരു ലോക്കൽ കംപാർട്മെന്റിൽ കയറി. ഭാഗ്യം! വലിയ തിരക്കില്ലായിരുന്നു, കാരണം 5 വണ്ടികളായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷെ സീറ്റ് കിട്ടിയില്ല, പിന്നെ മുകളിൽ ലഗേജ് കാരൃറിൽ കയറി ഒരു ഉറക്കം പാസ്സാക്കി കാരണം ഫുഡ് അടിച്ചല്ലോ!

കുറെ സമയം ഉറങ്ങി പാതിരാത്രി എപ്പോഴോ എഴുന്നേൽക്കുമ്പോൾ തമിഴ്‌നാട്ടിൽ എവിടെയോ എത്തിയെന്നറിഞ്ഞു. പിന്നെയുള്ള 2 ദിവസങ്ങൾ ശരിക്കുള്ള ഉറക്കം എന്താണെന്ന് പോലും അറിയില്ലായിരുന്നു കാരണം ലോക്കൽ കംപാർട്മെന്റിലെ ഇത്രയും ദൂരമുള്ള യാത്ര അത്ര സുഖമുള്ളതല്ല. എന്നാലും ഒരു സഞ്ചാരിയെ അപേക്ഷിച്ചു അതൊന്നും ഒരു വെല്ലുവിളിയേ ആയിരുന്നില്ല. പിന്നെ യാത്രയിലെ ഏക ബുദ്ധിമുട്ട് ഉണ്ടായ കാര്യം മൊബൈൽ ചാർജിങ് ആയിരുന്നു. കയ്യിൽ ഒരു പവർ ബാങ്ക് കരുതിയിരുന്നതിനാൽ ആദ്യ ദിവസം കുഴപ്പമില്ലായിരുന്നു പക്ഷെ അതും തീർന്നപ്പോ ചാർജിങ് പോയിന്റ് തപ്പി കണ്ടുപിടിച്ചു. നിർഭാഗ്യവശാൽ അത് പ്രവർത്തിച്ചില്ല.

പകൽ സമയം കടുക് പാടങ്ങളും അതിലെ ഉദയവും അസ്തമയവുമൊക്കെ കണ്ടും ഓരോ നാടുകളിലെ വിവിധ തരം ഭക്ഷണവുമൊക്കെ ആസ്വദിച്ചും സൊറ പറഞ്ഞും അല്പം ഉറങ്ങിയുമൊക്കെ സമയത്തെ കൊന്നു. രണ്ടാമത്തെ രാത്രിയായപ്പോ ഞങ്ങളുടെ രണ്ടു മൊബൈലിന്റെയും പിന്നെ പവർ ബാങ്കിന്റെയും കാര്യത്തിൽ തീരുമാനമായി. ചാർജിങ്ങിന് മറ്റെന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് നോക്കി. ഒടുവിൽ തൊട്ടടുത്തുള്ള കംപാർട്‌മെന്റിൽ നോക്കാമെന്നു തീരുമാനിച്ചു പക്ഷെ അതിലെ മുറി വികലാംഗർക്കായി ഉള്ളതായിരുന്നു. പരിശോധന നടന്നാൽ പണി കിട്ടുമോ എന്ന് ഭയന്നെങ്കിലും രണ്ടും കല്പിച്ചു തെലുങ്കാന സംസ്ഥാനത്തെ ഏതോ സ്റ്റേഷനിൽ നിറുത്തിയപ്പോ ബാഗെല്ലാം എടുത്തു അടുത്ത മുറിയിൽ കയറി. ഒരാൾ അതിന്റെ മുകൾ തട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ബാക്കി 3 ബെഡുകൾ കാലി. അതിലുണ്ടായിരുന്ന പോയിന്റിൽ 2 ചാർജറും കുത്തി ഉറങ്ങാൻ കിടന്നു.

പക്ഷെ ഉറക്കം കാര്യമായി ഒന്നും നടന്നില്ല. മൊബൈൽ ഫുൾ ആയപ്പോ ബാങ്ക് കുത്തി ചാർജ് ആക്കി. നേരം വെളുക്കുന്നതിന് മുൻപുതന്നെ ഒരു സ്റ്റേഷനിൽ നിറുത്തിയപ്പോ പഴയ ലോക്കലിലേക്കു തന്നെ മാറി കയറി. ഭോപ്പാൽ എത്തുമ്പോൾ ചിലപ്പോ പരിശോധന ഉണ്ടാകുമെന്നു ഒരാൾ പറഞ്ഞറിഞ്ഞു. അല്പം തിരക്കിരക്കുണ്ടായിരുന്നു ലോക്കലിൽ, കാരണം തമിഴ്‌നാട് കഴിഞ്ഞതിനു ശേഷം ഓരോ സ്ഥലത്തു നിറുത്തുമ്പോഴും ആളുകൾ കയറി ഇറങ്ങി പോയ്കൊണ്ടേയിരുന്നു. അവിടൊക്കെ ആളുകൾ അല്പം കൂടുതൽ ദൂരം യാത്ര ചെയ്യാൻ തീവണ്ടിയെ ആണ് ആശ്രയിക്കുന്നത് കാരണം കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളാണല്ലോ അതൊക്കെ. അതിനു ശേഷം ഉറക്കമൊന്നും വന്നില്ല പക്ഷെ രാത്രി മുതൽ നല്ല തണുപ്പ് തുടങ്ങിയിരുന്നു. ജാക്കറ്റ് ഇല്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. നല്ല വേഗത്തിൽ പോകുമ്പോൾ കഠിനമായ തണുത്ത കാറ്റ് അടിച്ചു കയറി വിറയ്ക്കാൻ തുടങ്ങും! പ്രതീക്ഷിച്ചതിലും ഒരു മണിക്കൂറിൽ കൂടുതൽ താമസിച്ചാണ് വണ്ടി ഭോപ്പാൽ എത്തിച്ചേർന്നത് കാരണം വളരെ അധികം സ്ഥലങ്ങളിൽ മറ്റു വണ്ടികൾ കടന്നു പോകാൻ വേണ്ടി പിടിച്ചിട്ടിരുന്നു. അപ്പോഴേക്കും നേരം നല്ലപോലെ പുലർന്നു. പ്രഭാത കർമ്മങ്ങളൊക്കെ തീർത്തു പതിവ് ചായ കുടിച്ചപ്പോൾ ഒരു ഉന്മേഷം!

ഇതുവരെ വണ്ടിയിൽ കയറിയിട്ട് 2 രാത്രികളും ഒരു പകലും കടന്നു പോയിരുന്നു. വൈകിട്ട് ഏകദേശം അഞ്ചു മണിയോടെ എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ സമയങ്ങൾ എണ്ണി കാഴ്ചകൾ കണ്ടങ്ങിനെ ഇരുന്നു. പക്ഷെ അവസാന പകൽ അല്പം നിരാശാജനകമായിരുന്നു. തലേദിവസത്തേക്കാളും കൂടുതൽ സ്ഥലങ്ങളിൽ വണ്ടി പിടിച്ചിട്ടു. വണ്ടി നിര്ത്തുമ്പോഴെല്ലാം ഞങ്ങൾ ഇറങ്ങി ഫോട്ടോ എടുത്തും മറ്റും ആസ്വദിച്ചു. ഒന്ന് രണ്ടു ഇടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കവചിത വാഹനങ്ങളും (ടാങ്കുകൾ), പീരങ്കികളും വലിയ ട്രക്കുകളൊക്കെ തീവണ്ടിയിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു. അതിൽ സൈന്യത്തിന്റെ ജിപ്സി കണ്ടപ്പോൾ മനസ്സിൽ ഒരു വല്ലാത്ത സന്തോഷം!

ഭക്ഷണം കഴിക്കലായിരുന്നു മറ്റൊരു വെല്ലുവിളി. നമ്മുടെ നാട്ടിലെ സ്റ്റേഷനുകളിലൊക്കെ കിട്ടുന്ന അത്രയും വൃത്തിയുള്ള അധികം സാധനങ്ങൾ ഒന്നും തന്നെ കിട്ടില്ല. അതുകൊണ്ട് തന്നെ പഴങ്ങളും ബിസ്ക്കറ്റും റൊട്ടിയുമൊക്കെ ആയിരുന്നു പ്രധാന ഭക്ഷണം, ഇല്ലേൽ വയറിനു പണികിട്ടി ബാക്കിയുള്ള ത്രില്ലിംഗ് യാത്ര മുടങ്ങും. ഏകദേശം ഒരു ഇരുപതു ലിറ്റർ വെള്ളമെങ്കിലും ഇതിനിടക്ക് ഞങ്ങൾ അകത്താക്കി കാരണം തലേദിവസം തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ഒക്കെ വളരെ ചൂടേറിയ കാലാവസ്ഥയായിരുന്നു. അങ്ങനെ ഝാൻസിയും ഗ്വാളിയോറും ആഗ്രയുമൊക്കെ കടന്നു ഏകദേശം വൈകിട്ട് 7 മണിയോടുകൂടി നിസാമുദ്ദിൻ സ്റ്റേഷന്റെ അടുത്തെത്തി. നിർഭാഗ്യവശാൽ മറ്റേതോ വണ്ടികൾ കടന്നു പോകുവാൻ നിറുത്തിയിട്ടു ഒരു മണിക്കൂറോളം. ഒടുവിൽ ജനുവരി 25ആം തീയതി 8 മണിയോടെ നിസാമുദ്ദിൻ സ്റ്റേഷനിൽ ഞങ്ങളുടെ നീണ്ട യാത്ര അവസാനിച്ചു.

പുറത്തിറങ്ങിയപ്പോൾ തന്നെ പലതരം ഭക്ഷണസാധനങ്ങളുടെ ഗന്ധമാണ് ഞങ്ങളെ സ്വീകരിച്ചത്. നല്ലരീതിയിൽ ഭക്ഷണം കഴിച്ചിട്ട് 2 ദിവസമായതിനാൽ ഞങ്ങളുടെ വയറിനെ ഞങ്ങൾക്ക് തന്നെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു എങ്കിലും മാംസാഹാരം ഒഴിവാക്കി മാർവാഡികളുടെ ദേശിയ ഭക്ഷണമായ തന്തൂരി റൊട്ടിയും ദാലും ആലു സബ്ജിയുമൊക്കെയായി കുംഭ നിറച്ചു. പക്ഷെ അതിനു ശേഷം വടക്കേ ഇന്ത്യ വിടുന്നത് വരെ ഞങ്ങളുടെ മെനു റൊട്ടിയും ദാലും മാത്രമായിരുന്നു കാരണം വയറിനു നല്ലത് അതുതന്നെ! ഭക്ഷണശേഷം രാത്രി ഒൻപതു മണിയോടെ ഞങ്ങൾ ജിപ്സി വർക്ഷോപ്പിൽ പോവാനായി ഒരു ഊബർ ടാക്സി ഗൂഗിൾ മാപ്പിലൂടെ ബുക്ക് ചെയ്തു. അതിഭയങ്കരമായ വാഹനത്തിരക്കായിരുന്നു വഴിയിൽ. അൽപ്പ സമയം കാത്തു നിന്നപ്പോൾ ടാക്സിക്കാരൻ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള വഴിയെല്ലാം അടച്ചു എന്നും അയാൾക്ക് പോകാൻ പറ്റില്ല എന്നും. കാരണം പിറ്റേ ദിവസം ജനുവരി 26 റിപ്പബ്ലിക് ദിനമാണ്.

എന്ത് ചെയ്യണമെന്നറിയാതെ ബാക്ക്പാക്കും തൂക്കി നിൽക്കുമ്പോൾ അതുവഴി വന്ന ഒരു ഓട്ടോക്കാരൻ എവിടെ പോകണമെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ കൊണ്ടുപോകാമെന്ന് പറഞ്ഞു പക്ഷെ അല്പം ചുറ്റി വളഞ്ഞു പോകണമെന്നും പറഞ്ഞു. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ എനിക്ക് മോശമില്ലാത്ത പരിചയം ഉണ്ടായിരുന്നു! എന്തായാലും എത്രയും വേഗം സ്ഥലത്തെത്തണമെന്ന അതിയായ മോഹത്താൽ ചെറിയ പേശൽ നടത്തി കൂലി ഉറപ്പിച്ചു യാത്ര തുടങ്ങി. മരംകോച്ചുന്ന തണുപ്പായിരുന്നു ഡൽഹിയിൽ! ആകെ മൊത്തം പുകമയം. വണ്ടിക്ക് വേഗം കൂടുമ്പോൾ അതിശക്തിയായി കൊടും തണുത്ത കാറ്റടിച്ചുകയറി. ജാക്കറ്റിനൊന്നും ആ തണുപ്പിനെ പ്രതിരോധിക്കാനാവുമായിരുന്നില്ല. അങ്ങനെ വിറച്ചു വിറച്ചു ഞങ്ങൾ ഒരു മണിക്കൂർ കൊണ്ട് സ്ഥലത്തെത്തി. വഴിയിലൂടെ നടക്കുമ്പോൾ ആളുകൾ വഴിവക്കിൽ തീകായുന്നതു കണ്ട് അതിന്റെ കൂടെ കുറച്ചു നേരം ഇരുന്നു ശരീരം ഒന്ന് ചൂടാക്കി. ശേഷം വർക്ഷോപ്പിൽ എത്തിയപ്പോ അവർ അടച്ചിരുന്നു. ഭാഗ്യത്തിന് രണ്ടു പണിക്കാർ പോകാതെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരോടു സംസാരിച്ചപ്പോ വണ്ടി അവിടെ ഇല്ലായെന്നും 27ആം തീയതിയെ ഇനി ഷോപ്പ് തുറക്കൂ എന്നും അറിയാൻ കഴിഞ്ഞു.

ഞങ്ങളുടെ പ്രതീക്ഷകളൊക്കെ ആകെ തകിടം മറിഞ്ഞു. ഏത്തിയ പിറ്റേദിവസം വണ്ടിയുമായി തിരികെ പോരാമെന്ന മോഹം അതോടെ അവസാനിച്ചു. അവർ പറഞ്ഞു ആഗസ്ത് 15 നും ജനുവരി 26 നു അവിടെ മുഴുവനും അവധിയായിരിക്കും എന്ന്. ഒരു ഈച്ച പോലും അനങ്ങില്ലായെന്നും. പക്ഷെ ഇത്രയും വലിയ അവധി ആണെന്ന് പിറ്റേ ദിവസമാണ് ഞങ്ങൾക്ക് മനസ്സിലായത്. എന്തായാലും അവിടെ നിന്നിറങ്ങി ഒരു ലോഡ്ജ് തപ്പി നടപ്പായി. എത്രയും വേഗം തണുപ്പിൽ നിന്നും രക്ഷപെടണം! മറ്റൊരു കാര്യമെന്താണെന്നു വച്ചാൽ ഞങ്ങൾ ഇട്ട ബജറ്റ് ഡൽഹിയിൽ ഒരു ദിവസം താങ്ങാനായിരുന്നു. അപ്രതീക്ഷിത അവധി മൂലം കൂടുതൽ ദിവസത്തെ താമസം വേണ്ടി വന്നേക്കുമെന്നതിനാൽ വളരെ ചെലവ് കുറക്കാൻ വാടക കുറഞ്ഞ ഒരു ലോഡ്ജ് ആണ് നോക്കിയത്. അപ്പോൾ ഏകദേശം അർദ്ധ രാത്രി കഴിഞ്ഞിരുന്നു. നടന്നു നടന്നു ഒടുവിൽ ഒരെണ്ണം കണ്ടു പിടിച്ചു. എല്ലാവരും നല്ല ഉറക്കമായിരുന്നു അവിടെ. അവരെ വിളിച്ചെഴുന്നേല്പിച് കാര്യം പറഞ്ഞു ഒരു ചെറിയ വിലപേശലും നടത്തി ദിവസത്തേക്ക് 500 രൂപയ്ക്കു ഉറപ്പിച്ചു താക്കോലും മേടിച്ചു വേഗം മുറിയിൽ കയറി. മൊബൈലെല്ലാം ചാർജിങ്ങിനു വച്ച് കമ്പിളിയുടെ അടിയിലേക്ക് ചുരുണ്ടു.

പിറ്റേദിവസം വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം! അതിരാവിലെ തന്നെ എഴുന്നേറ്റ് ചൂടുവെള്ളം തിരക്കലായിരുന്നു ആദ്യ പണി. സഹിക്കാൻ വയ്യാത്ത തണുപ്പ്. റിസെപ്ഷനിൽ ചോദിച്ചപ്പോ അവർ ചൂടുവെള്ളം ശരിയാക്കി തന്നു. പുക മഞ്ഞിലെ കുറച്ചു ഫോട്ടോ എടുത്തു ശേഷം പ്രഭാത കർമ്മങ്ങൾ തീർത്തു. തലേ ദിവസം ഞങ്ങളെ കൊണ്ടുവിട്ട ഓട്ടോക്കാരനോട് റിപ്പബ്ലിക് ദിന പരേഡ് കാണാൻ പറ്റുമോ എന്ന് അന്വേഷിച്ചിരുന്നു, അദ്ദേഹം പറഞ്ഞത് റെഡ്‌ഫോർട്ടിൽ വെളുപ്പാൻകാലത് എത്തിച്ചേരാൻ പറ്റിയാൽ കാണാമെന്ന്. പരേഡ് നടക്കുന്നതിനാൽ ഇന്ത്യ ഗേറ്ററിന്റെ പരിസരത്തുള്ള റോഡുകൾ എല്ലാം തന്നെ ബ്ലോക്ക് ചെയ്തിരുന്നു. പിന്നെ മെട്രോ തന്നെ ശരണം. വഴിയിൽ ഇറങ്ങിയപ്പോ ഒരു ഹർത്താൽ പ്രതീതി. തലേദിവസം വർക്ഷോപ്പിൽ പറഞ്ഞത് ഓർത്തു. അടുത്തുള്ള മെട്രോ സ്റ്റേഷൻ കണ്ടുപിടിക്കാൻ ഗൂഗിൾ ചേച്ചി സഹായിച്ചു.

എന്തായാലും മെട്രോയിലൊന്നു കറങ്ങാമെന്നു വച്ചു ഞങ്ങൾ താമസിച്ചതിന്റെ അടുത്തുള്ള സുഭാഷ് നഗർ മെട്രോ സ്റ്റേഷനിലേക്ക് പോകാൻ ഒരു ചെറിയ റിക്ഷാ എടുത്തു. വണ്ടിയിൽ കയറിയപ്പോഴാണ് ശ്രദ്ധിക്കുന്നത്, ആ റിക്ഷാ വണ്ടിക്കു ശബ്ദമില്ല. ചോദിച്ചപ്പോൾ പറഞ്ഞു അത് വൈദ്യുതിയിൽ ഓടുന്ന വേണ്ടിയാണെന്ന്. ആദ്യമായിട്ടാണ് അങ്ങനെ ഒരു വാഹനത്തിലെ യാത്ര. എന്തായാലും നല്ല ഒരു ആശയം. നമ്മുടെ നാട്ടിലൊക്കെ ഇങ്ങനെ ഒരു ആശയം വളരെ നല്ലതായിരിക്കും! അവിടെ എല്ലാ റിക്ഷകളും ബാറ്ററി ആണ്. സ്റ്റേഷനിലെത്തിയ ശേഷം അടുത്തുള്ള ഹോട്ടലിൽ കയറി ബട്ടൂരയും വെള്ളക്കടല കറിയും കഴിച്ചു. അവിടെയെല്ലാം ഭക്ഷണത്തിന്റെ കൂടെ ഒന്ന് രണ്ടു പച്ച മുളക് വച്ചിട്ടുണ്ടാകും. വായിൽ ഭക്ഷണം വച്ച് മുളകിൽ ഒരു കടിയും കടിച്ചാൽ കഴിക്കാൻ നല്ല രസമാണ്! അടുത്തുള്ള ഒരു ജ്യൂസ് കടയിൽ പഴങ്ങൾ അടുക്കി വച്ചിരിക്കുന്നത് കണ്ടു. വളരെ മനോഹരമായിട്ട് ചെയ്തിരിക്കുന്നു!

അങ്ങിനെ ഫുഡുമടിച്ചു നേരെ റെഡ്ഫോർട് മെട്രോസ്റ്റേഷനിലേക്കു പോകാൻ സ്റ്റേഷനിലെ റൂട്ട് മാപ് നോക്കി പക്ഷെ ഒന്നും മനസ്സിലായില്ല!! (മെട്രോ ലൈൻ സര്ക്യൂട് ഫോട്ടോ ഞാൻ ഈ പോസ്റ്റിൽ ഉൾപെടുത്തുന്നുണ്ട്) ആകെ മെട്രോയിൽ കയറിയ അനുഭവം ദുബായ് മെട്രോയിലാണ്, അതാണെങ്കിൽ ആകെ രണ്ടു ലൈൻ മാത്രമേ ഉള്ളു റെഡും ഗ്രീനും പിന്നെ ഇപ്പൊ കൊച്ചിയിലും. ഡൽഹി മെട്രോയിൽ ആറു ലൈനാണ് ഉള്ളത്! ആകെ മൊത്തം കൺഫ്യൂഷൻ. പിന്നെ മെട്രോ ആപ്പും ഗൂഗിൾ ചേച്ചിയും സഹായിച്ചു. ടിക്കറ്റ് എടുത്ത് സെക്യൂരിറ്റി ചെക്കിന് എന്റെ ബാഗ് സ്കാൻ ചെയ്തപ്പോൾ പോലീസുകാർക്ക് ഒരു സംശയം, ബാഗിൽ എന്തോ ഉള്ളത് പോലെ. എന്നോട് ചോദിച്ചു എന്താണെന്ന്. സ്കാനർ നോക്കിയപ്പോ എനിക്കൊന്നും മനസ്സിലായില്ല. അവർ ചോദിച്ചു ഹോട്ടൽ റൂം കീ ആണോ എന്ന്, അപ്പോളെനിക് കത്തി, കാരണം കീ ചെയിൻ ഒരു വലിയ ലോഹ പ്ലേറ്റ് ആണ്. എന്തായാലും പ്രശനമൊന്നും ആയില്ല.

സ്റ്റേഷനുള്ളിലെ ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ പ്ലാറ്റ് ഫോമിലേക്ക് നടന്നു. അവധിയായിട്ടും നല്ല തിരക്കുണ്ടായിരുന്നു. പിന്നെ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു പെൺകുട്ടിയോട് കുറച്ചു സംശയ നിവാരണം നടത്തി, കാരണം ഒരേ ലൈനുകൾ തന്നെ ഒന്നിൽ കൂടുതൽ സ്റ്റേഷനുകളിൽ യോജിക്കുന്നുണ്ട്. അതിനാൽ എവിടെ ഇറങ്ങണമെന്നു ഒരു ആശയ കുഴപ്പം. റെഡ് ഫോർട്ടിൽ പോകാൻ ഒന്നിൽ കൂടുതൽ ട്രെയിനിൽ കയറണമായിരുന്നു. ലാൽ ക്വിലാ എത്തിച്ചേർന്നപ്പോൾ സുരക്ഷാ പെരിശോധന വളരെ ശക്തമായിരുന്നു. എല്ലാം തീർത്തു പുറത്തിറങ്ങിയപ്പോൾ ഒരു ജനസാഗരമായിരുന്നു ഞങ്ങളെ സ്വീകരിച്ചത്. പരേഡ് ഗ്രൗണ്ടിൽ കയറാനായി വീണ്ടുമൊരു സുരക്ഷാ പരിശോധന കടക്കണമായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങളെ അകത്തേക്ക് കടത്തി വിട്ടില്ല കാരണം എന്റെ കയ്യിൽ ബാഗ് ഉണ്ടായിരുന്നു. ബാഗ് അകത്ത്‌ അനുവദനീയമല്ല മൊബൈൽ മാത്രമേ പറ്റൂ. ആകെ നിരാശയായി. അവിടെ വരെ എത്തിയിട്ട് പരേഡ് കാണാൻ പറ്റാത്തതിലുള്ള അതിയായ നിരാശ. എങ്കിലും പുറത്തുള്ള വലിയ സ്‌ക്രീനിൽ പരേഡ് കണ്ടു നിരാശ തീർത്തു.

ഇടക്ക് യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും പരേഡിനായി ആകാശത്തു പറക്കുന്ന ശബ്ദം! കനത്ത മൂടൽ മഞ്ഞിൽ അതൊക്കെ കാണുവാൻ ബുദ്ധിമുട്ടായിരുന്നു. ശേഷം കശ്‌മീരി ഗേറ്റ് സ്റ്റേഷനിലേക്ക് പോയി കാശ്മീരി ഗേറ്റ് എന്ന ചരിത്ര സ്മാരകം കണ്ടു. എന്നിട്ട് അടുത്തുള്ള ബസാറിൽ ചെറിയ ഷോപ്പിംഗ് നടത്താമെന്നു കരുതി നടന്നു പക്ഷെ നിരാശയായിരുന്നു ഫലം. ഹർത്താൽ പോലെ കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു. അപ്പോഴേക്കും ജുമുഅഃ നമസ്‌കാരത്തിനായി സമയമായി. നേരെ മെട്രോയിൽ ജമാ മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങി മീനാ ബസാറിലെ ഗലികളിലൂടെ നടന്നു. പള്ളിയുടെ കവാടത്തിലെ തിരക്കിലൂടെ അകത്തു കയറി. അപ്പോഴാണ് മസ്ജിദ് ശരിക്കു കാണുന്നത് തന്നെ! മുന്ഭാഗത്തു വലിയ ഒരു മൈതാനം പോലെ വിശാലമായ മുറ്റം. അവിടെയാണ് ജുമുഅഃ നമസ്കാരത്തിനായി ആളുകൾ ഒത്തുകൂടുന്നത്. നിലത്തു മുഴുവൻ ചുവന്ന ഓട് പാകിയിരിക്കുന്നു. മുഗൾ കരവിരുത് വിളിച്ചോതുന്ന ഒരു മസ്ജിദ്. ആകെ ചുവപ്പു മയം!! കാരണം ചുവന്ന ഭിത്തിയിൽ പതിച്ച വെള്ള മാർബിളിൽ നിറയെ കൊത്തു പണികൾ ചെയ്തിരിക്കുന്നു. അകത്തു കയറിയപ്പോൾ അതിയായ ആശ്ചര്യം! കുറച്ചു ഫോട്ടോയൊക്കെ എടുത്തു നമസ്കാരത്തിലേക്ക് കടന്നു.

ശേഷം തൊട്ടടുത്തുള്ള മീനാ ബസാറിലൊന്നു കറങ്ങി. അടുത്ത ലക്‌ഷ്യം കുത്തബ് മിനാറായിരുന്നു അതിനായി വേഗം തന്നെ മെട്രോയിലേക്ക് നടക്കുമ്പോൾ വർക്ഷോപ്പിൽ നിന്ന് വിളിച്ചു ജിപ്സി എത്തിയെന്നു പറഞ്ഞു. അതിനാൽ കുത്തബ്മിനാർ കാണുവാനുള്ള ആഗ്രഹം മാറ്റി വെക്കേണ്ടി വന്നു. എന്തു കാര്യത്തിന് വന്നോ അതാണല്ലോ പ്രധാനം! വാഹനം കാണുവാനുള്ള അതിയായ ആഗ്രഹത്താൽ ഭക്ഷണത്തെ പറ്റി പോലും ചിന്തിച്ചു സമയം കളയാതെ വർക്ഷോപ്പിലെത്തി. അതാ… സ്വപ്ന വാഹനമായ മിലിട്ടറി ജിപ്സി പുതിയ തൂവെള്ള ചായം പൂശി കിടക്കുന്നു!!! വണ്ടി മുഴുവനായി ഒന്ന് ചുറ്റി കണ്ടു. അകത്തു കയറി സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിച്ചു പക്ഷെ നിരാശയായിരുന്നു ഫലം. ഫ്യൂവൽ പമ്പിന് എന്തോ പ്രശനം ഉണ്ടെന്നു മെക്കാനിക് പറഞ്ഞു. അത് ശരിയാക്കുവാൻ പറഞ്ഞു. പിന്നെ പുതിയ ഡാഷ് ബോർഡും അതിൽ ചാർജിങ് പോയിന്റ് ഘടിപ്പിക്കുവാനും മോശം ടയർ മാറ്റുവാനും പറഞ്ഞു, എന്നിട്ട് ഭക്ഷണത്തിനായി അടുത്തുള്ള തട്ടുകടയിൽ കയറി. റൊട്ടിയും ദാലും അകത്താക്കി. അപ്പോഴേക്കും നേരം ഇരുട്ടി. പിറ്റേ ദിവസം ശനിയാഴ്ച തിരികെയുള്ള ഓൺറോഡ് യാത്ര തുടങ്ങാമെന്ന പ്രതീക്ഷയോടെ തിരികെ വർക്ഷോപ്പിലെത്തി. വാഹനം വീണ്ടും പരിശോധിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ബോണറ്റിൽ സാമാന്യം നല്ല ഒരു ചളുക്ക്. ചോദിച്ചപ്പോൾ അവർ പറഞ്ഞു മുകളിൽ നിന്നും ആരോ കല്ലോ മറ്റോ ഇട്ടതാണെന്നു. പണി തീർക്കാതെ പോകാനും പറ്റില്ലല്ലോ! അങ്ങനെ വീണ്ടും ഒരുദിവസം കൂടി നീണ്ടു.

എന്തായാലും പിറ്റേ ദിവസം രാവിലെ തന്നെ മുറി വെക്കേറ്റ് ചെയ്തു വർക്ഷോപ്പിലെത്തി. പണി തീർത്തു തരുവാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഇതിനിടക്ക് അവിടെ ആരോ കൊണ്ടുവന്ന ഒരു റാലി ജിപ്സി മതി വരുവോളം ചുറ്റും നടന്നു കണ്ടു. അടക്കാനാവാത്ത ആവേശം!!!! ഇതിനിടയിൽ മടക്കയാത്രക്കുള്ള വഴികളെ പറ്റി ഒരു ചർച്ച നടത്തി. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് രണ്ടു റൂട്ടുകളുണ്ട്, ജയ്‌പൂർ-ഇൻഡോർ-പൂനെ-ഗോവ വഴിയും പിന്നെ ആഗ്ര-നാഗ്പൂർ-ഹൈദരാബാദ്-ബാംഗ്ലൂർ വഴിയും. പക്ഷെ താജ്മഹൽ കാണണമെന്ന ആഗ്രഹത്താൽ രണ്ടാമത്തെ വഴി പോകാമെന്നു തീരുമാനിച്ചു. ഇതിനിടക്ക് സുഹൃത്തിന് മണാലി പോകണമെന്ന് ഒരു ആഗ്രഹം. ഏകദേശം 300 കിലോമീറ്റർ മാത്രമാണ് ഡൽഹി മുതൽ മണാലി വരെ ദൂരം. പക്ഷെ മടക്ക യാത്ര വീണ്ടും രണ്ടു ദിവസം വൈകുമെന്നതിനാലും സുഹൃത്തിൻറെ ഷോപ്പ് അടച്ചിടേണമെന്നതിനാലും (ബജറ്റ് കൂടുമെന്നതിനാലും) മണാലി യാത്ര ഉപേക്ഷിക്കേണ്ടി വന്നു.

ഒടുവിൽ വൈകിട്ടോടു കൂടി പണിയെല്ലാം തീർത്തു ടെസ്റ്റ് ഡ്രൈവ് ചെയ്ത് 2000 രൂപക്ക് പെട്രോളുമടിച്ചു മടക്കയാത്രക്ക് ജിപ്സിയെ തയ്യാറാക്കി! ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്തിനോട് യാത്രക്കുവേണ്ടിയുള്ള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. അപ്പോൾ തന്നെ പുറപ്പെടാമെന്നു ആദ്യം കരുതി പക്ഷെ പോകുന്ന വഴി താജ്മഹൽ കയറി കാണണമെന്നതിനാൽ പിറ്റേ ദിവസം ഞായറാഴ്ച വെളുപ്പിനത്തേക്കു മാറ്റി കാരണം അപ്പോൾ പുറപ്പെട്ടാൽ 200 കിലോമീറ്റർ താണ്ടി താജ്മഹൽ എത്തുമ്പോഴേക്കും അർദ്ധ രാത്രി ആവും, ആയതിനാൽ കയറി കാണുവാൻ സാധിക്കില്ലല്ലോ. പിന്നെ കഠിനമായ മൂടൽ മഞ്ഞിലെ ഡ്രൈവ് മിസ്സാവുകയും ചെയ്യും. എന്തായാലും ജിപ്സിയെ സെക്യൂരിറ്റിക്ക് ഏല്പിച്ചു പഴയ ലോഡ്ജിൽ തിരികെ എത്തി ഒരു രാത്രി കൂടി 400 രൂപയ്ക്കു പറഞ്ഞുറപ്പിച്ചു മുറിയെടുത്തു. അങ്ങനെ പിറ്റേ ദിവസം തുടങ്ങേണ്ട ത്രില്ലിംഗ് യാത്ര സ്വപ്നം കണ്ടു പുതപ്പിനടിയിലേയ്ക്കൂളിയിട്ടു!! (തുടരും..)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply