വർക്കല സ്വദേശിയായ ശബരി പണ്ടുമുതലേ യാത്രകളെ ഇഷ്ടപ്പെടുന്നയാളും ഒരു മികച്ച ഫോട്ടോഗ്രാഫറും കൂടിയാണ്.ശബരി വർക്കല എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും പേജിലൂടെയും കൂടാതെ വിവിധ യാത്രാഗ്രൂപ്പുകളിലൂടെയും അദ്ദേഹം തൻ്റെ യാത്രാനുഭവങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നു. സഞ്ചാരികൾ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി സ്ഥലങ്ങൾ അദ്ദേഹം നമുക്ക് വേണ്ടി പരിചയപ്പെടുത്താറുണ്ട്. പരിസ്ഥിതി സ്നേഹി കൂടിയായ അദ്ദേഹം വനമേഖലകളും ആരും അധികം കടന്ന് ചെല്ലാത്തതുമായ പ്രദേശങ്ങളാണ് യാത്രയ്ക്കായി കൂടുതലും തെരഞ്ഞെടുക്കുന്നത്.
മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത സ്ഥലമാണ് തമിഴ്നാട്ടിലെ വാൽപ്പാറ. അവിടത്തെ പുലികളെക്കുറിച്ച് അദ്ദേഹം എഴുതിയത് നമുക്കൊന്നു വായിക്കാം..
“സമയം രാത്രി 7. നല്ല തണുപ്പ് ആയതിനാൽ വിശപ്പിന്റെ വിളിയും കൂടി കൂടി വന്നു ഒടുവിൽ വല്ലവിധവും കണ്ടുപിടിച്ചെടുത്ത ആ ഹോം സ്റ്റേ യിലെ പയ്യനോട് തന്നെ ചോദിച്ചു എവിടെയാണ് നല്ല ആഹാരം കിട്ടുന്നതെന്നു ഒറ്റ വക്കിൽ ഉത്തരം …ശ്രീ ലക്ഷ്മി ചെട്ടിനാട് മെസ് ( ഇന്നും അതെ ചോദ്യത്തിന് അതെ ഉത്തരം) ..ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് ഏകദേശം പതിനഞ്ചു മിനിട്ടു നടക്കാനുണ്ടാവും പോകുന്ന വഴിയിൽ കടകൾ ഒന്നും തന്നെ അടച്ചിട്ടില്ല എന്ന് മാത്രമല്ല റോഡിനിരുവശവും അതാവശ്യം ആളുകളെയും കാണാം .. 5 മസാല ദോശയും പറഞ്ഞു വന്ന വഴിയുടെ ഭീകരത പങ്കു വെച്ചു കാരണം അത്രയ്ക്ക് ഭയാനകമായിരുന്നു ആ യാത്ര ,ആനയും കാട്ടുപോത്തും ആദ്യമായി ഞങ്ങളുടെ വഴിമുടക്കികളായി വന്ന പാതയെ കുറിച്ച് എത്ര സംസാരിച്ചിട്ട് മതിവന്നിരുന്നില്ല ഒടുവിൽ 9 മണിയോടെ ജീവനക്കാരൻ ഹോട്ടൽ അടയ്ക്കണം എന്ന് പറഞ്ഞപ്പോഴാണ് ചുറ്റും നോക്കിയത് .. ആ ഹോട്ടലിൽ എല്ലാവരും പോയി കഴിഞ്ഞിട്ട് സമയം അധികം ആയിരിക്കുന്നു ഒടുവിൽ ബിൽ അടച്ചു പുറത്തേക്കു ഇറങ്ങിയതും ആകെ ഞെട്ടിത്തരിച്ചു വല്പാറൈ പൊള്ളാച്ചി മെയിൻ റോഡ് വിചനം … എല്ലാ കടകളും അടച്ചിരിക്കുന്നു റോഡിൽ ഒരു ഒറ്റ മനുഷ്യ കുഞ്ഞിനെ പോലും കാണാൻ ഇല്ല ..എന്തോ പന്തികേട് ഉണ്ടെന്നു മണത്ത ഞങ്ങൾ ഹോട്ടൽ ജീവനക്കാരനോട് തന്നെ ചോദിച്ചു ….
ഉത്തരം – ” സർ ഇവിടെ രണ്ടു ദിവസമായി പുലി ഇറങ്ങിട്ടുണ്ട് അതുകൊണ്ടു രാത്രിക്കു മുന്നേ എല്ലാവരും വീട്ടിൽ കയറും കടകളൊക്കെ നേരത്തെ അടയ്ക്കും ” മൃഗയ യും വാറുണ്ണിയും , പള്ളിയിലെ കൂട്ടമണിയും ഒക്കെ മനസ്സിൽ ഇടി മിന്നലായി കടന്നു വന്നു .. ഇന്നുവരെ സിനിമയിൽ മാത്രം കേട്ട് ശീലിച്ച ഡയലോഗുകൾ ജീവിതത്തിൽ ആദ്യമായി കേട്ടിരിക്കുന്നു .. ആ ഹോട്ടൽ ജീവനക്കാരനോട് ചോദിച്ചാലോ ഇന്ന് രാത്രി ഇവിടെ താങ്ങിക്കോട്ടേന് മനസ്സിൽ ചിന്തിച്ചതും അവരുടെ ഷട്ടർ വീണതും ഒരുമിച്ചായിരുന്നു .. എന്ത് ചെയ്യണമെന്നറിയാതെ നമ്മുടെ ഹൃദയമിടിപ്പ് ആ മലമടക്കുകളിൽ മുഴങ്ങി കേട്ടു തണുത്തിട്ടാണോ പേടിച്ചിട്ടാണോ പലരുടെയും കൈ കാലുകൾ വിറയ്ക്കുന്നതെന്നു അറിയാൻ കഴിയുന്നില്ല .. വഴികളെല്ലാം അടഞ്ഞ ഞങ്ങൾക്ക് മുന്നിൽ പിന്നെ ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളു ആ കൂരാ കൂരിരുട്ടിലൂടെ ഹോം സ്റ്റേ യിലേക്ക് ഓടുക …. ഇതായിരുന്നു വര്ഷങ്ങള്ക്കു മുന്നേ ഉള്ള ആദ്യ വാല്പാറ യാത്രയിലെ അനുഭവം ..വീണ്ടും കുറെ വലപ്പാറ യാത്രകൾ. ഒടുവിൽ 2018 മെയ് 15 അവസാനമായി ഫാമിലിയും ആയി വീണ്ടും വാല്പാറയിൽ അന്ന് രാത്രി ഞങ്ങൾ താമസിച്ചതിനു അടുത്ത് സിരി കുണ്ടറ എസ്റ്റേറ്റിൽ രാത്രി 9 മണിക്ക് വീട്ടുമുറ്റത്തു തുണി വിരിക്കുവായിരുന്ന സ്ത്രീയുടെ നേരെ വീണ്ടും പുലി ആക്രമണം …കഷിട്ടിച്ചു രക്ഷപെട്ട ആ സ്ത്രീ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു ..
വാല്പാറയിലെ തേയിലത്തോട്ടം മേഖലയിൽ 2010-12ൽ എസ്റ്റേറ്റുകളിൽ നിന്നായി ആറു കുട്ടികൾ പുലിക്കിരയായി. മുതിർന്നവരുടെ അസാന്നിധ്യത്തിൽ കളിസ്ഥലങ്ങളിലും തനിയെ കാൽനട യാത്രകൾക്കിടെയുമാണു കൂടുതൽ കുട്ടികൾ ആക്രമിക്കപ്പെടുന്നത്. എന്നും പുലിപ്പേടി നിറഞ്ഞ മലയോര ഗ്രാമങ്ങൾ ആണ് വാൽപ്പാറയും മലക്കപ്പാറയും .. മുറ്റത്തു കളിചോണ്ടിരിക്കവേ എന്തോ സാധനം എടുക്കാൻ അകത്തു കയറി തിരിച്ചിറങ്ങുമ്പോൾ കാണുന്നത് തന്റെ കുഞ്ഞുമായി പായുന്ന പുലിയെ ആണ് ആ അമ്മയുടെ കരച്ചിൽ ഇന്നും മായാതെ നില്കുന്ന ഓർമയാണ് മലക്കപ്പാറക്കുളത് ..അവിടെ കുഞ്ഞു തനിച്ചായിരുനെങ്കിൽ വാല്പാറയിലെ ഗജ മുടിയിൽ കഴിഞ്ഞ ഫെബ്രുവരി മാസം മാതാപിതാക്കളടക്കം ആറുപേർക്കൊപ്പം ബസ് ഇറങ്ങിയ മൂന്നര വയസുകാരിയെ ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് പുലി പിടി കൂടി കാട്ടിലേക്ക് മറഞ്ഞത് . നാം രാവിലെ കുടിക്കുന്ന ഓരോ കപ്പു ചായയും ഇവരുടെ ഒക്കെ കണ്ണുനീരിന്റെ വില ആണെന്നോർക്കുമ്പോൾ…
ഓർക്കുക – വനയാത്രകളിലോ വന അതിർത്തി പ്രദേശങ്ങളിലോ ഉള്ള യാത്രകളിൽ കഴിവതും കുട്ടികളെ വാഹനങ്ങളിൽ നിന്നും പുറത്തു ഇറക്കാതിരിക്കുക .. താമസിക്കുന്നത് വനാതിർത്തിയിൽ ആണെങ്കിൽ കുട്ടികളെ തനിച്ചു പുറത്തു ഇറങ്ങാൻ അനുവദിയ്ക്കരുത്. പല വനങ്ങളിലും വനാതിർത്തികളിലും ട്രെക്കിങ്ങിനു പോകുമ്പോൾ വനപാലകർ കുട്ടികൾ ഉണ്ടെങ്കിൽ ട്രെക്കിങ്ങ് അനുവദിക്കാറില്ല. അവരെ ധിക്കരിക്കാതെ കൈ മടക്കു കൊടുത്തു സ്വാധീനിക്കാൻ ശ്രമിക്കാതെ അനുസരിക്കുക. കാരണം അവർ നിങളുടെ കുട്ടിയുടെ ജീവന് വേണ്ടിയാണു ആ പറയുന്നത് എന്ന് ഓർക്കുക..”
Sabari Varkala facebook page : https://www.facebook.com/Sabari-The-Traveler-Trip-advisor-352327024943772/.