ബന്ദിപ്പൂര്‍ – മുതുമല വനത്തിൽ രാത്രിയില്‍ ബൈക്ക് പഞ്ചര്‍ ആയപ്പോൾ…

ഇത് ഒരു അനുഭവകുറിപ്പാണ്, മറ്റുള്ളവർക്ക് ഉപകാരപ്പെടുമോ എന്ന് അറിയില്ല. എന്നാലും ഈ സാഹചര്യം നേരിടേണ്ടി വരുന്നവർക്ക് എന്റെ വരികളിൽ നിന്ന് എന്തെങ്കിലും ആവശ്യമായ അറിവ് അല്ലങ്കിൽ മുൻകരുതലുകൾ എടുക്കാൻ പറ്റിയാൽ നല്ലതല്ലേ?

ബിസിനസ് ആവശ്യത്തിനായ് മൈസൂർ പോയി തിരിച്ച് വരുമ്പോൾ നടന്ന സംഭവം ആണിത്. മൈസൂരിൽ നിന്ന് എന്റെ നാടായ തൃശൂരിലേക്ക് വരാൻ പല റൂട്ടുകളിൽ എത്തിപ്പെടാം. പ്രധാന റൂട്ടുകൾ ഞാൻ ഇവിടെ പരിചയപ്പെടുത്താം.

* മൈസൂർ – ഗുഡൽപേട്ട് – ബന്തിപ്പൂർ – ഗൂഡല്ലൂർ – നാടുകാണിചുരം വഴി – വഴിക്കടവ് – നിലമ്പൂർ – പെരിന്തൽമണ്ണ – പട്ടാമ്പി – തൃശ്ശൂർ. മൈസൂരിൽ നിന്ന് തൃശ്ശൂർ എത്താൻ ഏറ്റവും ദൂരം കുറവും അടിപോളിറോഡും ഈ വഴിയാണ് നല്ലത്. പിന്നെ 2 റിസർവ് ഫോറസ്റ്റും ഈ റൂട്ടിൽ കവർ ചെയ്യുന്നുണ്ട്. രാത്രി 9.30 pm മുതൽ രാവിലെ 6.00 Am വരെ ഈ റൂട്ടിലെ ഫോറസ്റ്റിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

* മൈസൂർ – ഗുഡൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി – താമരശ്ശേരി – കോഴിക്കോട് – ചങ്കുവെട്ടി – വളാഞ്ചേരി – കുറ്റിപ്പുറം – ഇടപ്പാൾ – കുന്നംകുളം – തൃശ്ശൂർ. ഈ റൂട്ട് ദുരം കുറച്ച് കുടുതലാണെങ്കിലും വയനാടിന്റെ കുളിരും സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം. ഈ റൂട്ടിലും മുത്തങ്ങ ഫോറസ്റ്റിലൂടെ രാത്രി 9.30 pm നും രാവിലെ 6.00 Am നും ഇടയിൽ യാത്ര നിരോധിച്ചിട്ടുണ്ട്.

* മൈസൂർ – ഹുൻസൂർ – ഗോണികോപ്പൽ – കുട്ട – തോൽപ്പെട്ടി – മാനന്തവാടി – കൽപ്പറ്റ – താമരശ്ശേരി – കോഴിക്കോട് – ചങ്കുവെട്ടി – വളാഞ്ചേരി – കുറ്റിപ്പുറം – ഇടപ്പാൾ – കുന്നംകുളം – തൃശ്ശൂർ. ഈ റൂട്ട് മറ്റു രണ്ടു റൂട്ടുകളെക്കാൾ ദൂരം വളരെ കൂടുതലാണെങ്കിലും രാത്രി സമയങ്ങളിലും ഈ റൂട്ടിലൂടെ യാത്ര ചെയ്യാം. രാത്രി മൈസൂരിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന റൂട്ടാണിത്. രാത്രിയിൽ ഈ വഴി സഞ്ചരിക്കുന്നവർ ശ്രദ്ധിച്ച് പോകണം, തോൽപ്പെട്ടി ഫോറസ്റ്റിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡിൽ എവിടെ വേണമെങ്കിലും ആന ഉണ്ടാകാൻ സാധ്യത ഉണ്ട്. സ്വന്തം റിസ്കിൽ ഈ റൂട്ടിൽ യാത്ര ചെയ്യണം എന്നത് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്.

*മൈസൂർ -Nanjanguda -Chamarajanagar – സത്യമംഗലം – കോയമ്പത്തൂർ – പാലക്കാട് – തൃശ്ശൂർ. ദൂരം കൂടുതലാണെങ്കിലും രാത്രി മൈസൂരിലേക്ക് ഈ റൂട്ടിലൂടെയും എത്തിപ്പെടാം. പകൽ സമയത്ത് കോയമ്പത്തൂർ ടൗൺ cross ചെയ്ത് പോകണം എന്നതിനാൽ പകൽ സമയത്ത് ഈ റൂട്ടിൽ പോകുന്നത് നല്ലതല്ല.

ഞാൻ തിരഞ്ഞെടുത്തത് എളുപ്പകരമായ ആദ്യ റൂട്ട് തന്നെയാണ്. രാത്രി 7.30 pm യോട് കൂടിയാണ് മൈസൂരിൽ നിന്ന് തിരിക്കുന്നത്. മൈസൂരിലെ ട്രാഫിക്ക് ബ്ലോക്ക് എനിക്കും എന്റെ Angel (RE Desert strom) നും ഒരു പ്രശ്നമായിരുന്നില്ല. എത്രയുംപ്പെട്ടെന്ന് ഹൈവേയിൽ കയറി ഒരുപകാ റൈഡ് തന്നെയായിരുന്നു. വല്ലാത്തൊരു ഫീൽ തന്നെയാണ് രാത്രി ഒറ്റക്കുള്ള ബൈക്ക് Ride ചെയ്ത് ഇങ്ങനെ വരാൻ. നമ്മൾ അറിയാതെ ദുൽഖർ സൽമാൻ ആയിപോകും.

മനസ് പറയുന്നുണ്ട്. ” ഡാ മണ്ടാ അനക്ക് രാത്രി 9.30 മുന്നേ ബന്തിപ്പൂർ കടക്കാൻ പറ്റൂലാന്ന് ” എന്നാലും രണ്ടും കൽപിച്ച് ഗിയർ ചെയ്ഞ്ച് ചെയ്തു. അല്ലെങ്കിലും ഞാൻ അങ്ങനെയാ മനസു പറയുന്നത് കേൾക്കാറില്ല. യാന്ത്രികമായി അങ്ങ് ചെയ്യും. ചില സമയങ്ങളിൽ എന്റെ ജീവിതത്തിൽ വിജയവും തോൽവിയും ആ യാന്ത്രീക ശക്തിയാണ് നിയന്ത്രിച്ചിരുന്നത്.

ഗുണ്ടൽപേട്ട് എത്തി Time നോക്കുമ്പോൾ 9.05 pm ഒന്നും നോക്കിയില്ല കത്തിച്ച് വിട്ടു. കൃത്യം 9.30 ന് ചേക്ക് പോസ്റ്റ് കടക്കുമ്പോൾ കർണാടക പോലീസുകാർ ഒരു നോട്ടം നോക്കീട്ടുണ്ട്. ഞാൻ മൈഡ് ചെയ്തതേ ഇല്ല. ഇനിയങ്ങോട്ട് ബന്തിപ്പൂർ വനത്തിലൂടെയുള്ള യാത്രയാണ്. കടുവയും പുലികളും ആനയും കാട്ടുപോത്തുകളും ഏതു നിമിഷവും മുൻപിൽ പ്രത്യക്ഷപ്പെടാവുന്ന വനപാതയിലൂടെയുള്ള യാത്ര. ഇടക്കിടക്കുള്ള ഹമ്പുകൾ Ride ന്റെ സുഖം കളയുന്നുണ്ടെങ്കിലും നിരന്തരം ഈ റൂട്ടിൽ യാത്ര ചെയ്യാറുള്ളതിനാൽ ആ ഹമ്പുകൾ എങ്ങനെ കൈകാര്യം ചെയ്ത് Ride ചെയ്യണം എന്നത് അറിയാമായിരുന്നു.

അങ്ങനെ ബന്ദിപ്പൂർ വനത്തിലേക്കുള്ള സഫാരി നടക്കുന്ന സ്ഥലം തൊട്ട് ബൈക്കിലുള്ള Ride ൽ എന്തോ ഒരു അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. തമിഴ്നാട് ചേക്ക്പ്പോസ്റ്റ് കഴിഞ്ഞ് കുറച്ച് മുൻപ്പോട്ട് പോയപ്പോൾ വണ്ടി മുന്നേട്ട് നീങ്ങാത്ത ഒരു ഫീൽ. വനത്തിൽ വാഹനം നിർത്തുന്നത് ബുദ്ധിപരമല്ലാത്തതിനാൽ മുൻപോട്ട് തന്നെ. ഒരു വളവ് തിരിഞ്ഞതും അതാ വാഹനം എന്റെ കൺട്രോളിൽ നിന്ന് പോയിരുന്നു. ഒരു വിധം സ്പീഡ് ഉണ്ടായിരുന്നതിനാൽ നൈസ് ആയി ഒന്നു വീണു. വണ്ടിക്കും എനിക്കും കാര്യമായി ഒന്നും പറ്റീല്ല. വിജനമായ വനത്തിൽ ഞാനും എന്റെ വണ്ടിയും. ഒരു വിധത്തിൽ എഴുന്നേറ്റ് വണ്ടി നേരെ വെച്ച് നോക്കുമ്പോൾ ഫ്രണ്ട് ടയർ പൂർണമായി പഞ്ചറായിരിക്കുന്നു. എന്ത് ചെയ്യാനാ……. പെട്ടു

വല്ല പുലിയോ കടുവയോ പിടിച്ച് തീരാനാവിധി എന്ന് തോന്നിപ്പോയ നിമിഷം. മറ്റു വണ്ടികൾ എന്നെ കാണുമ്പോൾ കുറച്ച് സ്പീഡ് കൂട്ടി പോകുന്നു അല്ലാതെ തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല. ഈ മുട്ടയേറോക്കെ നടക്കണ കാലം അല്ലേ. ഒരു വിധത്തിൽ വണ്ടി എടുത്ത് പതിയെ കഷ്ടപ്പെട്ട് യാത്ര തുടർന്നു.
അല്ലാതെ ഈ കാട്ടിൽ നിന്നിട്ട് എന്ത് കാര്യം.

ഒരു കാര്യം പറയാം സഞ്ചാരികളെ.  പഞ്ചറായ ബുള്ളറ്റ് ഓടിക്കുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. മുതുമലൈ Elephant Camp കഴിഞ്ഞ് വീണ്ടും ഘോരവനത്തിലൂടെ ഞാനും എന്റെ Angel ലും യാത്ര തുടർന്നു. അതാ അടുത്ത വീഴ്ച്ചക്കുള്ള സമയമായി. വീണ്ടും കൺട്രോൾ പോയി. പതിയെ ആയതിനാൽ അധികം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആ വീഴ്ച്ചയുടെ ആഘാദത്തിൽ നിന്ന് എഴുന്നേറ്റ് നിൽക്കുമ്പോൾ അതാ റോഡ്സൈഡിൽ ഒരു ചെറീയ അനക്കം.

സകല ധൈര്യവും സംഭരിച്ച് ഹെഡ് ലൈറ്റ് 100 മീറ്റർ മുൻപിൽ റോഡ് സൈഡിലേക്ക് അടിച്ചു. പടച്ചോനെ ആന……… ലൈറ്റ് അടിച്ചതും 3 ആനകൾ റോഡിലേക്ക്. എന്റെ കഥ ഇവിടെ കഴിഞ്ഞു എന്ന് ചിന്തിച്ച നിമിഷം. എവിടെയോ വായിച്ച അറിവ് ഉള്ളതിനാൽ ഹെഡ് ലൈറ്റ് off ചെയ്തു. അപ്പോഴത്തേ എന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ദൈവദൂതനേപ്പോലെ ഒരു ലോറി വന്നു. അത് വരുമ്പോഴും നമ്മുടെ ആനകൾക്ക് ഒരു അനക്കവും ഇല്ല ഒറ്റനിൽപ്പാണ്. എന്റെ അടുത്ത് കൊടുന്നു നിറുത്തിയതും ലോറി ഡ്രൈവർ ലൈറ്റ് ഓഫ് ചെയ്തു. എന്തു പറയാനാ ആനകളതാ എന്റെ നേരെ ലക്ഷ്യം വെച്ച് വരുന്നു. ഏതോ നിമിഷത്തിൽ കിട്ടിയ ബോധത്തിൽ ജീവനും കൊണ്ട് ലോറിയിൽ കൊത്തി പിടിച്ച് കയറി.

ലോറി ഡ്രൈവറുടെ ഡോർ വഴിയാ കയറിയത്. ആന്ധ്രക്കാരൻ ഡ്രൈവർ എന്തോക്കെയോ പറയുന്നു. ഈ നിമിഷം പറഞ്ഞറിയിക്കാൻ പറ്റില്ല സുഹൃത്തുക്കളെ. ആ നിമിഷം എനിക്ക് മുന്നിലേക്ക് നോക്കാൻ ഭയം ആയിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ലോറി ഡ്രൈവറും ക്ലീനറും എന്നെ വിളിച്ചപ്പോഴാണ് ബോധം തിരിച്ച് കിട്ടിയത്. ആനകൾ വഴി മാറി……

ആദ്യം തിരക്കിയത് എന്‍റെ വണ്ടിയെ തന്നെ. ദൈവദൂതനേ പോലെ ആ വഴി വന്ന ലോറി ഡ്രൈവർക്കും ലോറിക്കും ദൈവത്തിനും നന്ദി പറഞ്ഞ്. വീണ്ടും ഞാനും Angel ലും (വണ്ടി) യാത്ര തുടർന്നു. രാത്രി 12.00 pm ന് മുതുമലൈ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ പോലീസ് തടഞ്ഞു. അവർ ഞാൻ ഇത്ര വൈകി ഇതുവഴി വന്നത് അവർ തിരക്കി. നടന്ന സംഭവങ്ങൾ അവരോടു പറഞ്ഞു. അങ്ങനെ മുതുമലൈ ചെക്ക് പോസ്റ്റിനടുത്തുള്ള പഞ്ചറുകടയിൽ നിന്ന് പഞ്ചറടച്ച്. നാടുകാണി ചുരത്തിലെ അതിശക്തമായ കോടമഞ്ഞിനെ ആസ്വദിച്ച് വീട്ടിലേക്ക്.

NB :- വാഹനത്തിന്റെ കണ്ടീഷൻ നോക്കി യാത്രക്ക് പുറപ്പെടുക. രാത്രി ഇരുട്ടിയാൽ ബന്ദിപ്പൂർ വനത്തിലൂടെ ബൈക്കിലുള്ള യാത്രകഴിയുന്നതും ഒഴിവാക്കുക.

വിവരണം – ‎Mohammed Akheel A Mayan‎.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply