കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശരണ്യ മോട്ടോര്‍സ് ബസ് ഗ്രൂപ്പ് വീണ്ടും അനധികൃത സര്‍വ്വീസുമായി രംഗത്തെത്തിയതിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. കെഎസ്ആര്‍ടിസിയിലെ സിപിഎം അനുകൂല സംഘടനയാണ് ഇക്കാര്യത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
കല്ലറ-അമൃത ആശുപത്രി റൂട്ടില്‍ അനധികൃത സര്‍വ്വീസ് നടത്താനെത്തിയ കോണ്‍ട്രാക്ട് കാര്യേജ് സര്‍വ്വീസ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു.

തുടര്‍ച്ചയായി കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് എടുത്ത ശേഷം അനധികൃത സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന നടപടി ഈ സ്വകാര്യ ബസ്സുടമ തുടര്‍ന്നു വരുന്നതിനാല്‍ ഇതിനെതിരെ നിരന്തര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കെഎസ്ആര്‍ടിസിയിലെ സിഐടിയു സംഘടന അറിയിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തില്‍വെച്ച് ഇത്തരത്തില്‍ അനധികൃത സര്‍വ്വീസിനെത്തിയ ഇതേ ഗ്രൂപ്പിന്റെ രണ്ട് ബസുകള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞിരുന്നു.
കഴിഞ്ഞദിവസം അതിരാവിലെ കല്ലറ മുതല്‍ കെഎസ്ആര്‍ടിസിയുടെ അമൃത ആശുപത്രി സര്‍വ്വീസിനു മുന്നില്‍ പാരലല്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് കിളിമാനൂരില്‍നിന്ന് യാത്രക്കാരെ വിളിച്ചുകയറ്റുമ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്.
കോണ്‍ട്രാക്ട് കാര്യേജ് സര്‍വ്വീസുകളുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ സ്ഥലനാമങ്ങളടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ച്, യാത്രക്കാരുടെ ലിസ്റ്റോ, കരാറോ ഇല്ലാതെ എല്ലായിടത്തു നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ വിളിച്ച് കയറ്റിയാണ് ഈ സര്‍വ്വീസ് നടത്തുന്നത്. തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് എത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.

പ്രസ്തുത ബസില്‍ ടിക്കറ്റ് നല്‍കാതെ പണം വാങ്ങി യാത്ര അനുവദിക്കുന്നതായി യാത്രക്കാരില്‍ ഒരാള്‍ മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ആറ്റിങ്ങല്‍ ആര്‍ടിഒയില്‍ നിന്നും പരിശോധനയ്ക്കായി എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിസാര വകുപ്പുകള്‍ ചുമത്തി ചെക് റിപ്പോര്‍ട്ടുകള്‍ നല്കി കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബസ് വിട്ടയച്ചു. ആറ്റിങ്ങല്‍ ആര്‍ടിഒയ്ക്ക് ഉന്നതതല നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് 100 രൂപ പെറ്റിയടിച്ചാണ് ബസ് വിട്ടയച്ചത്.
കൊട്ടാരക്കരയിലെ പ്രമുഖ നേതാവിന്റെ പേരുപറഞ്ഞ് ആറ്റിങ്ങല്‍ ആര്‍ടിഒ ഓഫീസിലെത്തിയ സംഘം കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി തിരുവനന്തപുരം സോണല്‍ ഓഫീസര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തി നിയമ നടപടികള്‍ക്ക് നേതൃത്വം നല്കി.
Source -http://www.asianetnews.tv/news/ksrtc-employees-against-illeagal-bus-service
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog