വിവരണം – റിയാസ് റഷീദ്.
ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളെ മനസ്സിൽ സങ്കല്പ്പിക്കാത്തവർ ആരുമില്ല എന്നു പറയാം, ചെറുപ്പം മുതലേ വീരപ്പന്റെയും സത്യമംഗലം കാടിന്റേയും ഒരുപാടു കഥകൾ കേട്ടുകൊണ്ടാണു വളർന്നു വന്നത്, വീട്ടിൽ നിന്നും ദൂര യാത്ര പോകുമ്പോൾ ഒക്കെയ് അത്തായും (ഉപ്പ) ഡ്രൈവർ ചേട്ടനും ഇത്തരം കഥകൾ പൊടിപ്പും തേങ്ങലും വെച്ചു പറയുന്നത് അന്നത്തെ ഓർമ്മകളാണു, രാത്രി യാത്രയിലെ ഉറക്കത്തെ കളയാനും വിരസത ഒഴിവാക്കാനുമാണു അവർ ഈ കഥകൾ ഒക്കെയ് പറഞ്ഞിരുന്നതെങ്കിലും അക്കഥകൾ കുട്ടിയായ എന്നെ ആഴത്തിൽ സ്വാദീനിച്ചിരുന്നു…
2004 ഇൽ വീരപ്പൻ വെടിയേറ്റു മരിച്ചപ്പോൾ ആ വാർത്തകൾ ഉള്ള പത്രം നോക്കാൻ പോലും ശക്തിയുണ്ടായിരുന്നില്ല, സ്കൂളിൽ പടിക്കുന്ന എനിക്കു വീരപ്പൻ ഒരു വീരപുരുഷൻ തന്നെയായിരുന്നു, നന്മയുള്ള മനുഷ്യൻ ആയിരുന്നു…
കാലങ്ങൾ കഴിഞ്ഞു ബാംഗ്ലൂരിലെ പടനകാലത്താണു വീണ്ടും ഞാൻ സത്യമംഗലവും വീരപ്പനേയും അന്വേഷിച്ചു ഇറങ്ങുന്നത്. കന്നടകാർക്കു രാജ്കുമാർ എന്ന നടൻ ദൈവമായിരിന്നു അതു പോലെ വീരപ്പൻ അവർ വെറുക്കുന്ന് ഒരു മനുഷ്യനും, കന്നടക്കാരനായ സന്തോഷ് എന്ന എന്റെ സഹപാടിയിലൂടെ വീരപ്പൻ വിളയാടിയ ആ കാലഘട്ടം ഞാൻ വരച്ചിടുക തന്നെ ചെയ്തു,ഇപ്പോൽ കില്ലിങ്ങ് വീരപ്പൻ എന്ന സിനിമ തകർത്തോടുംബോൾ എന്റെ ഓർമ്മകളും പുറകിലോട്ടു യാത്രയാവുകയാണു. മനസ്സിൽ കണ്ടു വളർന്ന സത്യമംഗലം കാടിനെ ഒന്നു വെറുതേ കാണുവാൻ വേണ്ടിയായിരുന്നു ഈ യാത്ര…സത്യമംഗലം വീണ്ടും മുള പൊട്ടിയത് വീരപ്പൻ വീണ്ടും ചർച്ചയായപ്പോളാണു .
അതിനു കാരണം അബൂക്കാന്റെ സത്യമംഗലം പൊസ്റ്റ് ആണു എന്നു ഞാൻ പറയും. അബുക്കാന്റെ പോസ്റ്റ് വായിച്ചു ഇരിപ്പുറക്കാതെയാണു ഈ യാത്രക്കിറങ്ങിയതും കൂട്ടിനു മനസ്സിൽ കാലങ്ങളായി ഉറങ്ങി കിടന്നിരുന്ന പഴയ ഓർമ്മകളും. ഞാനും എന്റെ എല്ലാമെല്ലാമായ സഹയ്യാത്രികൻ റിജോയും രൺ ദീപും ആണു യാത്രികർ.
കണ്ണുർ ഉള്ള വീട്ടിൽ നിന്നും എർണാകുളത്തേക്കു മടക്കയാത്രയാണു ഞങ്ങൾ സത്യമംഗലം- കോയംബത്തുർ വഴി ആക്കിയത് എന്നു മാത്രം, കൂട്ടിനു റിജോ അളിയന്റെ സ്വിഫ്റ്റ് കാരും, ഈ കാർ ഇപ്പോൾ ഞങ്ങളുടെ സ്ഥിരം സഹചാരിയാണു, എന്റെ മനസ്സു അറിയുന്ന കാർ കൂടിയാണിവൻ. അത്രയ്ക്കധികം യാത്രകളായി ഈ കാറിൽ ഞങ്ങൾ ഒരുമിച്ചു നടത്തുന്നത്.ഇനി യാത്രയിലേക്കു കടക്കാം..
സത്യമംഗലം കാട്ടിലൂടെയോ ധിംബം ചുരത്തിലൂടെയോ ഇതിനു മുൻപ് സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. വീരപ്പൻ മരിക്കുന്നതിന് മുൻപായിരുന്നെങ്കിൽ ഇങ്ങിനെയൊരു ചിന്ത മനസ്സിൽ പോലും വരില്ലായിരുന്നു എന്നത് മറ്റൊരു കാര്യം. ചാമരാജനഗറിൽ വച്ച് ബംഗളൂരു – ദിണ്ടിഗൽ ഹൈവേയിലേയ്ക്ക് കയറി. ചാമരാജനഗർ വിട്ട് ഏതാനും കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോൾ തന്നെ വനമേഖല ആരംഭിക്കുന്നു. നല്ല ചാറ്റൽ മഴയും ഇടയ്ക്കിടയ്ക്കു വരുന്ന മൂടല്‍മഞ്ഞും നല്ല തണുത്ത കാലാവസ്ഥയും യാത്രയ്ക്കു വല്ലാത്തൊരു മൂട് ഉണ്ടാക്കി എന്നു പറഞ്ഞാൽ മതിയല്ലോ?
നല്ല ചാറ്റൽ മഴയും ഇടയ്ക്കിടയ്ക്കു വരുന്ന മൂടല്‍മഞ്ഞും നല്ല തണുത്ത കാലാവസ്ഥയും യാത്രയ്ക്കു വല്ലാത്തൊരു മൂട് ഉണ്ടാക്കി എന്നു പറഞ്ഞാൽ മതിയല്ലോ?
വഴിയരികിൽ എതൊക്കെയോ ഡാമുകൾ, കൃഷിയിടങ്ങൾ, വന്യമൃഗങ്ങളെ ഓടിക്കുവാൻ ഉള്ള ഏറുമാടങ്ങൾ, വളരെ സുന്ദരമായ ദൃശങ്ങൾ മഴയിൽ കുതിർന്നു നില്ല്കുമ്പോൾ ഞാൻ എന്ന യാത്രികൻ വഴികളെ മറന്നു തുടങ്ങുകയായിരുന്നു. വണ്ടി നിർത്തുവാനോ ചിത്രങ്ങൾ എറ്റുക്കുവാനോ മഴ സമ്മതിച്ചില്ല എന്നു പറയാം. യാത്രയുടെ ലഹരി തലയിൽ കയറിയാൽ ഞാൻ ക്യാമറ എടുക്കില്ല, അതു എന്തുകൊണ്ടാണെന്നു എനിക്കറിഞ്ഞു കൂട… ചെക്പോസ്റ്റിലെ പരിശോധനകൾ കടന്നു യാത്ര കാട്ടിലേക്കു കടന്നു.. ഞാൻ കണ്ട സത്യമംഗലം, വിജനമായ പാതകൾ, വണ്ടി നിർത്തി പുറത്തിറങ്ങുംബോൾ പേടിപ്പെടുത്തുന്ന ഒരു നിശംബ്ദതയാണു വരവേല്‍ക്കുന്നത്, മഴയുടെ താളവും കാറ്റിന്റെ താളവും കൂടി ഒരു വല്ലാത്ത സംഗീതം,,,കാട്ടിൽ കാറ്റു പിടിക്കുന്നതിന്റെ,കുരങ്ങന്മാർ മരച്ചില്ലകളിലേക്കു ചാടുന്നതിന്റെ, കരിയിലകളുടെ അങ്ങനെ വിവരിക്കാൻ പറ്റാത്ത ഒരനുഭവം…
വിശാലമായി കണ്ണെത്താ ദൂരത്തോളം നിരന്നു കിടക്കുന്ന സത്യമംഗലം കാടുകൾ…കോടമഞ്ഞു വന്നും പോയി ഇരിക്കുന്നു, താഴെ വലിയ വളവുകളോടെ ചുരത്തിന്റെ ദൂരക്കാഴ്ചകൾ..കോടമഞ്ഞിൽ ഒളിച്ചു കളിക്കുന്ന സത്യമംഗലം മലനിരകൾ…ഇവിടെയാണല്ലോ വീരപ്പൻ അടക്കി വാണിരുന്നത്, വീരപ്പനും സത്യംഗലത്തിന്റെയും വാർത്തകൾ മനസ്സിലൂടെ കടന്നു പോയ നിമിഷങ്ങൾ…
മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്റെ ജീവിതം ആനക്കൊമ്പുവേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുകയായിരുന്നു. സേലം ജില്ലയിലെ മേട്ടൂര്സത്യമംഗലം കാടുകള്‍ പ്രധാന താവളമാക്കിയിരുന്ന വീരപ്പനും സംഘവും പലപ്പോഴും കേരള അതിര്‍ത്തിയായ വാളയാര്‍കാടുകള്‍വരെ തന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. ബില്ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം, ഗുണ്ടിയാല് വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളില്‍ വീരപ്പന് വിഹരിച്ചു.
1990ലാണ് കര്‍ണാടകതമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. അതിര്‍ത്തിഗ്രാമങ്ങളില്‍ ക്യാമ്പ്ഓഫിസുകള്‍ തുറന്നിട്ടും ഗ്രാമങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര്‍ തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയാറായില്ല. അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു എന്നും വീരപ്പന്റെ ശക്തി. ഗ്രാമീണര്‍ വീരപ്പനെയും പ്രത്യേക ദൗത്യസേനയെയും ഒരുപോലെ ഭയപ്പെട്ടു എന്നതാണ് വാസ്തവം. വാള്‍ട്ടര്‍ ദേവാരം, ടൈഗര്‍ അശോക്കുമാര്, ശങ്കര്‍ ബിദരി, എ.സി.പി ബാവ വരെയുള്ള കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സമര്‍ഥരായ പൊലീസ്ഓഫിസര്‍മാര്‍ രാപ്പകല്‍ അധ്വാനിച്ചിട്ടും വീരപ്പനെ പിടികൂടാനായില്ല. ഇന്ത്യകണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പനുവേണ്ടി ഭരണകൂടം നടത്തിയത്.
മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പന് കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതിനു പിന്നാലെ 200ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളര്‍ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടണ്‍ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളര്‍ വിലമതിക്കുന്നു) വീരപ്പന്റെ പേരില്‍ കേസുകള്‍ നിലനിന്നു. വീരപ്പനെ പിടികൂടാന്‍ പത്തുവര്‍ഷത്തെ കാലയളവില്‍ സര്‍ക്കാര്‍ ഏകദേശം 2,000,000,000 രൂപ (വര്‍ഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന വീരപ്പന് പോലീസ് വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടു.
പോകാം എന്നു പറഞ്ഞു റിജോ പുറകിൽ നിന്നും തട്ടി വിളിക്കുമ്പോളാണു ഞാൻ അവിടെ ലയിച്ചിരുന്നു പോയി എന്നു എനിക്കും മനസ്സിലായത്, ഇനി ചുരമിറക്കമാണു, നമ്മുടെ താമരശ്ശേരി ചുരമൊക്കെ മാറി നില്ക്കും ഈ ചുരത്തിന്റെ മുൻപിൽ, ദിംബം ചുരമെന്നാണു പേരെങ്കിലും സത്യമംഗലം എന്ന പേരിലാണു അറിയപ്പെടുന്നത് എന്നു മാത്രം… മടക്കയാത്രയാണു…ചുരം ശരിക്കു ഒന്നു കാണുവാനോ അറിവുകൾ സമ്പാദിക്കാനോ കാഴ്ചകൾ അറിയുവാനോ സാധിച്ചില്ല, കാടിന്റെ ഉള്ളിൽ തലൈമലൈ എന്നൊരു ഗ്രാമം ഉണ്ട്, ഇനി ഒരു ദിവസം അവിടേക്കു വരണം, അതും എന്റെ ബൈക്കിൽ..എന്റെ യാത്ര അതാണു…അന്നു എനിക്കു പഴയ കഥകൾ അറിയണം, വീരപ്പന്റെ കഥകൾ ..മാധ്യമപ്രവർത്തനത്തിനു വേണ്ടിയല്ലാത്ത സ്കൂളിൽ പടിക്കുന്ന ആ പഴയ കുട്ടിയായി കഥകൾ അറിയുവാനും പറ്റുമെങ്കിൽ 2 ദിവസം തങ്ങുവാനും ഞാൻ വരും..വന്നേ പറ്റു എനിക്ക്…
ഒരു വീരപ്പനെ കൊന്ന് സത്യമംഗലം കാടുകളിൽ അധികാരം വീണ്ടെടുക്കുവാൻ അനേകം മനുഷ്യ ജീവനുകൾ നാം ബലി കൊടുത്തു. കോടികണക്കിന് രൂപ കാട്ടിലെറിഞ്ഞു, എത്ര വർഷങ്ങൾ. അവസാനം നാം വിജയിച്ചു. അതെ നാം ശക്തർ തന്നെ നമ്മുടെ ശക്തിയിൽ നമുക്ക് അഭിമാനിക്കാം പക്ഷെ ഇവിടെ ആർക്കെതിരെ? അധികാരത്തിന്റെ ശക്തി കേന്ദ്രങ്ങൾ ഇല്ലാതെ എങ്ങനെയാണു ഇത്രയും കോടിയുടെ ഇടപാടുകൾ ഒരു കാട്ടുകള്ളനു നടത്താനാകുക? വിചാരണ പോലും ഇല്ലാതെ എന്തിനാണു ഒരു കൊല? തെറ്റും ശരിയും ഉണ്ടാകാം.. പക്ഷേ ഒന്നു പറയാം…ഇന്നത്തെ നാറിയ രാഷ്ട്രിയക്കാരേക്കാൽ എത്രയോ ഭേദമായിരുന്നു താങ്കൾ…