ജോലിയോട് കൂറുള്ള ഒരു മാതൃകാ കെഎസ്ആർടിസി കണ്ടക്ടറുടെ വാക്കുകൾ..

ലേഖനം എഴുതിയത് – ഷെഫീക്ക് ഇബ്രാഹീം, കണ്ടക്ടര്‍ ,എടത്വ ഡിപ്പോ .#Love KSRTC #Love Public.

ഷെഫീഖ്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന് മാത്രം നാം മുന്‍തൂക്കം നല്‍കുക.മറ്റൊന്നിനുമല്ല. എന്നെ സംബന്ധിച്ചിടത്തോളം KSRTC യില്‍ ജോലി ചെയ്യുന്നതിന് മുമ്പ് ജോലി ചെയ്തിരുന്നത് അക്ഷയ എന്ന കേരള-കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പൊതുജനസേവന കേന്ദ്രമാണ്. ആത്മാര്‍ത്ഥമായി പൊതുജനങ്ങള്‍ക്കായി , വളര്‍ന്ന് വരുന്ന പുതുതലമുറക്കായി ലഹരിക്കെതിരെ ഒരു പാഠം നല്‍കി, സ്വന്തം പഞ്ചായത്തില്‍ പൊതുജന സേവനത്തിനായി ഒരിടം കണ്ടെത്തിയിരുന്നു. ഇന്നലെയും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷ്ന്‍ എപ്രകാരം എടുക്കുമെന്ന് പറഞ്ഞു ഒരു ഫോണ്‍ കോള്‍. ആവശ്യമായ സഹായത്തിനായി വാട്ടര്‍ അതോറിറ്റി എഞ്ചിനീയറായ സുഹൃത്തന്‍റെ നമ്പര്‍ നല്‍കി സഹായിച്ചു. ഞാന്‍ ഡ്യൂട്ടിയിലായിരുന്നു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വളഞ്ഞവഴി എസ്സ്‌.എന്‍ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം ഒരു ബിസിനസ്സ് സ്ഥാപനമായല്ല നടത്തിയിരുന്നതും, സാധാരണക്കാര്‍ക്ക് ഏതു സമയത്തും രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ സേവനം നല്‍കിയിരുന്നു. പൊതുജനസേവനം എന്താണ് ,എപ്രകാരം ആണ് എന്ന പരിശീലനം ലഭിച്ചത് അക്ഷയയില്‍ നിന്നാണ് എന്ന് അഭിമാനത്തോടെ പറയാം. ഇടക്ക് അക്ഷയ സംസ്ഥാന ഓഫീസ് വെബ്സൈറ്റില്‍ തിരയാറുണ്ട്. അന്നത്തെ പ്രവര്‍ത്തനങ്ങളുടെ ചില കൈയൊപ്പുകള്‍ അവശേഷിച്ചിരിക്കുന്നു. അക്ഷയ ഡയറക്ടര്‍ , സോണല്‍ ഓഫീസര്‍മ്മാര്‍, അക്ഷയ ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍,ഇന്‍റല്‍ ലേണ്‍ സ്റ്റേറ്റ് ടീം അക്ഷയ കേന്ദ്രം സുഹൃത്തുക്കളും, ഉദ്യോഗസ്ഥരുമായി ഇപ്പോഴും നല്ലൊരു സുഹൃത്ബന്ധം ഇപ്പോഴും തുടരുന്നു.

അക്ഷയ എന്ന പ്രസ്ഥാനത്തിന് മാത്രമേ ഞാന്‍ പ്രാധാന്യം കൊടുത്തു പ്രവര്‍ത്തിച്ചത് മറ്റൊന്നിനും ആയിരുന്നില്ല.
ഇത്തരത്തിലുളള ആത്മാര്‍ത്ഥതയോടുളള ഇടപെടല്‍ എനിക്ക് പലപ്പോഴും ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. KSRTC എന്ന പ്രസ്ഥാനത്തിനായി ഓരോ നിമിഷവുമുളള ഇടപെടല്‍ അക്ഷയയില്‍ അന്ന് എനിക്കുണ്ടായ അനുഭവങ്ങള്‍ ആണ് ഓര്‍മ്മിപ്പിക്കുന്നത്. KSRTC യുടെ സി.എം.ഡിയായി തെരെഞ്ഞെടുക്കുന്ന വ്യക്തി ആരാണ് എന്ന് തീരുമാനിക്കുന്നത് ഗവണ്‍മെന്‍റ് ആണ്. കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്തും,തുടര്‍ന്ന് നിലവിലെ ഗവണ്‍മെന്‍റിന്‍റെ കാലത്തും തുടര്‍ന്ന മുന്‍ എംഡി നിലവില്‍ നമ്മളോടൊപ്പം ഇല്ലാത്ത ശ്രീ.ആന്‍റണി ചാക്കോ, ശ്രീ.രാജമാണിക്യം ,നിലവിലെ സി.എം.ഡി ശ്രീ. ടോമിന്‍ ജെ തച്ചങ്കരി എന്നിവരുടെ ജീവനക്കാരുമായുളള ഇടപെടല്‍ വളരെ പ്രധാന്യമുണ്ട്.മുന്‍ കാലഘട്ടത്തിലുളള സി.എംഡിമ്മാരില്‍ നിന്നും ഇവർ വ്യത്യസ്തനായിരുന്നു.  ജീവനക്കാര്‍ക്ക് ഒരു എംഡി ഉണ്ടെന്ന തോന്നല്‍ ഉണ്ടായത് ഇവരുടെ കാലഘട്ടത്തില്‍ ആണ്.

2009 മാര്‍ച്ച് 19-ന് സര്‍വ്വീസില്‍ കയറിയ അന്നുമുതല്‍ ഇന്നലെ വരെയുളള അനുഭവത്തില്‍ നിന്നാണ് എംഡിമാരെ കുറിച്ച് പറഞ്ഞത്. KSRTC യില്‍ ജീവനക്കാരായി ചെല്ലുമ്പോള്‍ ഏതെങ്കിലും ഒരു യൂണിയന്‍റെ ഭാഗമാകണം എന്നാണ് നാട്ടുനടപ്പ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാറി മാറി വരും. ജീവനക്കാരന്‍ എന്ന നിലയില്‍ KSRTC യെയാണ് ഞാന്‍ സ്നേഹിക്കുന്നത്. അതില്‍ മാറി മാറി വരുന്ന ഉദ്യോഗസ്ഥരെയോ,യൂണിയനുകളേയോ അല്ല. ആരായാലും KSRTC ദോഷകരമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ വിമര്‍ശിക്കപ്പെടേണം എന്നാണ് അഭിപ്രായം. വിമര്‍ശനങ്ങള്‍ മാത്രമാകരുത്. ഏതൊരു ഉദ്യോഗസ്ഥനായാലും ജീവനക്കാരെ KSRTC യിലെ തൊഴിലാളികളെ ഒരേ മനസ്സോടെ സ്നേഹിക്കുന്നവരാകണം. യൂണിയനുകളുടെ കാര്യവും അപ്രകാരം തന്നെയാണ്. തൊഴിലാളികളെ ഒരുപോലെ കാണുവാന്‍ മറ്റൊരു മാനദണ്ഡത്തിന്‍റെയും അകമ്പടി ഇല്ലാതെ എപ്പോള്‍ പ്രവര്‍ത്തിക്കുന്നു അപ്പോള്‍ മാത്രമേ വിജയകരമായ ഒരു യൂണിയന്‍ സംവിധാനം എന്ന് പറയുവാന്‍ കഴിയുകയുളളു.

KSRTC യിലെ നല്ലൊരു ജീവനക്കാരനായി തീരുക എന്നതാണ് ലക്ഷ്യം. വരും തലമുറ എനിക്കൊരു KSRTC ജീവനക്കാരനാകണം എന്ന് പറയുന്നതാണ് സ്വപ്നം കാണുന്നത്. അത്തരത്തില്‍ ഈ സ്ഥാപനം മാറണം. അതിനായി കുറെയേറെ മാറ്റങ്ങള്‍ ആവശ്യമാണ്. അതിനായാണ് ഈ ഒറ്റയാള്‍ പോരാട്ടം.ലഹരിക്കെതിരെ ,യാത്രികരുടെ നന്മകള്‍ക്കായി, ഡിപ്പോയിലെ ജീവനക്കാരുടെ നന്മകള്‍ ആയി ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരു കുടുംബം പോലെ മാറുക എന്നതാണ് ലക്‌ഷ്യം. അതിനിടയില്‍ മറ്റൊന്നിനും സ്ഥാനമില്ല. യൂണിയനുകള്‍ പോലും അതിന് ശേഷമാണ് സ്ഥാനം. സ്വന്തം സ്ഥാപനത്തെ സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുവാന്‍ കഴിയുക അതാണ് KSRTC പോലുളള പ്രസ്ഥാനം രക്ഷപ്പെടാനുളള മാര്‍ഗ്ഗം. ഓരോ ജീവനക്കാരനും മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കണം.

KSRTC എന്ന സ്ഥാപനത്തില്‍ മറ്റേതിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് നാം എടുക്കുന്ന തീരുമാനങ്ങള്‍ സ്ഥാപനത്തിന് ഗുണകരമോ, ദോഷകരമോ എന്നാണ്. ജീവനക്കാരെ KSRTC യുടെ ബ്രാന്‍ഡ് അംബാസിഡര്‍മ്മാര്‍ ആയാണ് ഞാന്‍ കരുതുന്നത്. പൊതുജനങ്ങളിലേക്ക് KSRTC എന്ന പ്രസ്ഥാനത്തെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ ഇവരാണ്. ഇവരുടെ പ്രവൃത്തി നല്ലതായാല്‍ മാത്രമേ പൊതുജനങ്ങള്‍ ഇഷ്ടപ്പെടുകയുളളു. പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും അവരുടെ പിന്തുണ കിട്ടുകയില്ല. നാം ആഗ്രഹിക്കുന്ന തരത്തില്‍ KSRTC മാറണമെങ്കില്‍ നാം ഓരോരുത്തരും സ്വയം മാറണം..മാറിയേ തീരു…. മനോഭാവങ്ങളും…. പ്രവൃത്തികളും… തൊഴിലാളികളോടുളള ഇടപെടലുകളും…അത് തൊഴിലാളി യൂണിയനുകളായാലും,ഉദ്യോഗസ്ഥരായാലും….

ഞാന്‍ ഒരു കണ്ടക്ടര്‍ എന്ന നിലയില്‍ KSRTC എന്ന പ്രസ്ഥാനത്തെ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്നും ,കളക്ഷന്‍ വര്‍ദ്ധനവ്, KSRTC എന്ന പ്രസ്ഥാനത്തിനായി സാമൂഹിക ഇടപെടല്‍ നടത്തുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നും, ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനുമായി ഒരു മനസ്സോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, സോഷ്യല്‍ മീഡിയായിലുടെ അതിരുകള്‍ ഇല്ലാത്ത ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലേക്കും പരമാവധി KSRTC എന്ന സ്വന്തം പ്രസ്ഥാനത്തിന്‍റെ നന്മകള്‍ എത്തിക്കുവാന്‍ കഴിയുന്നുണ്ട് എന്നും എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.ഇതുപോലെ സ്വയം പറയാന്‍ ഓരോ ജീവനക്കാരനെയും പ്രാപ്തനാക്കുവാനുളള ശ്രമം തുടങ്ങുകയാണ്.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply