ഫാമിലിയുമായി കാറിൽ ഒരു ചെറിയ ഭാരത യാത്ര..!!

യാത്രാവിവരണം – സുജേഷ് ഹരി.

“മാഡം, ഇവൾക്ക് ചിക്കൻ പോക്സാണോ?” അതെയെന്ന അർത്ഥത്തിൽ ഡോക്ടർ തലകുലുക്കിയത് കണ്ട് ഞാൻ ഞെട്ടി.
ഇനി വെറും രണ്ടാഴ്ച. സ്വപ്നം ആകാശത്ത് നിന്നും ഭൂമിയിലേക്കിറങ്ങി വരുന്ന ആ യാത്രയ്ക്ക്. “How long it remains contagious” എന്ന ചോദ്യത്തിന് 7 days എന്ന മറുപടി കേട്ടതും രണ്ട് വലിയ ‘ഹാവൂ’ ഞങ്ങൾ ഡോക്ടറുടെ മുമ്പിലേക്കിട്ടു. “But ഇളയകുഞ്ഞിനെ feed ചെയ്യുന്നതല്ലേ, So 90% അവൾക്കും വരാൻ സാദ്ധ്യതയുണ്ട്” എന്ന് ഡോക്ടർ പറഞ്ഞതും രണ്ട് ‘അയ്യോ’ കൂടി മുന്നിലേക്കിട്ടു കൊടുക്കേണ്ടി വന്നു. വരുന്നിടത്ത് വച്ച് കാണാമെന്ന് വിചാരിച്ച് മെഡിസിനും വാങ്ങി വീട്ടിലേക്ക്.

കുഞ്ഞിന് അസുഖം വരുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വരണേയെന്നുള്ള പ്രാർത്ഥനകൾ. പക്ഷെ ആ സമയത്ത് ഗുരുവായൂരപ്പന് ജലദോഷമായതിനാൽ പ്രാർത്ഥനകൾ കേട്ടില്ല. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ കുരിപ്പിന്റെ ദേഹത്തും കുരുപ്പുകൾ കണ്ടു തുടങ്ങി. വീണ്ടുമതേ ഡോക്ടർ. കണക്ക് കൂട്ടലുകൾ.യാത്രയ്ക്കിനി ഏഴ് ദിവസം കൂടിയുണ്ട്. തന്നെയുമല്ല കുഞ്ഞുങ്ങൾക്ക് ഇത് കടുക്കില്ല എന്നും പറഞ്ഞു. വീണ്ടുമതേ ഹാവൂ.

കുഞ്ഞിന്റെ കുരുപ്പ് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മയ്ക്കും ദർശനം നൽകാതെ ഉടുപ്പിൽ തന്നെ കഴിഞ്ഞു. ചിക്കൻപോക്സുള്ള പല സാഹചര്യങ്ങളിലും അടുത്തിടപെട്ടിട്ടും പിടിപെടാത്ത എനിക്ക് ഈ പ്രാവശ്യവും ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായിരുന്നു. മൂത്തവൾക്ക് വരല്ലേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന. എന്റെ ഉറപ്പിനെ പുറംകാല് കൊണ്ട് തൊഴിച്ചെറിഞ്ഞ് യാത്രയ്ക്ക് നാല് ദിവസം മുമ്പ് ചിക്കൻപോക്സ് എന്നെയും അലങ്കരിച്ചു. നല്ല കളറായിത്തന്നെ.

യാത്ര സ്വപ്നത്തിലേക്ക് വീണ്ടും തിരിച്ച് കയറാൻ തുടങ്ങി. വീണ്ടും ആശുപത്രി. “ഒരു കാര്യമുണ്ട്. മൂന്നാം ദിവസമാണ് ദേഹത്ത് കുരുപ്പുകൾ കാണുന്നത്” എന്ന് നിരാശനായിരിക്കുന്ന എന്റെ മുഖത്ത് നോക്കി ഡോക്ടറുടെ ഡയലോഗ്.
വീണ്ടും ലഡു പൊട്ടി, കാരണം പോകുന്നതിന്റെയെന്ന് 7 ദിവസമാകും. തിരിച്ച് അമ്മവീട് വഴി വീട്ടിലേക്കുള്ള യാത്രയിൽ ഡ്രൈവ് ചെയ്യാൻ പോലും പറ്റാത്ത രീതിയിൽ ഞാൻ വീണു പോയി. കടുത്ത പനി. എങ്ങനെയോ ഉരുട്ടി പെരട്ടി വീട്ടിലെത്തി. വീട്ടിലാരോടും ചിക്കൻ പോക്സിന്റെ കാര്യം പറഞ്ഞില്ല. കാരണം ഫാമിലിയുമൊത്തുള്ള ഈ യാത്ര തന്നെ അവർക്ക് ടെൻഷനാണ്. അതിന്റെ കൂടെ അസുഖമാണ് എന്ന വാർത്ത കൂടി അവർ താങ്ങില്ല.

പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ദേഹത്ത് മുഴുവൻ കുരുപ്പുകൾ. എന്താ തീരുമാനമെന്ന് ഭാര്യയുടെ ചോദ്യം.
യാത്ര ഉപേക്ഷിക്കാൻ മനസ്സില്ലെന്ന് എന്റെ മറുപടി. ഇവിടെ നിന്നാൽ പിടിക്കപ്പെടും. നമുക്കെന്റെ വീട്ടിൽ പോയാലോ എന്ന് ഐൻസ്റ്റീന് കിട്ടിയതിനേക്കാൾ വലിയൊരു ബൾബ് അവൾക്ക് കിട്ടി. ഭാര്യയുടെ അമ്മയും ആങ്ങളയും കൂടി വരുന്നതിനാൽ യാത്ര ഭാര്യവീട്ടിൽ നിന്നാണ് plan ചെയ്തിരുന്നത്. അതിനാൽ ഞങ്ങളിത്തിരി നേരത്തേ പോകുവാ എന്ന് വീട്ടിൽ പറഞ്ഞ് ഭാര്യാ ഗൃഹത്തിലേക്ക് യാത്ര. പനി കുറഞ്ഞിട്ട് യാത്രയ്ക്കിറങ്ങിയാൽ മതിയെന്ന് അമ്മയുടേയും അമ്മൂമ്മയുടേയും ഉപദേശം.

അവിടെച്ചെന്നു. രണ്ട് ദിവസം കുഴപ്പമില്ലാതെ കടന്നു പോയി. യാത്രയുടെ രണ്ട് ദിവസം മുൻപിലത്തെ രാത്രിയിൽ എനിക്ക് അസഹ്യമായ ചൊറിച്ചിൽ തുടങ്ങി. തീരെ സഹിക്കാൻ വയ്യ. വേപ്പില വെള്ളം, ചൂട് വെള്ളം, തണുത്ത വെള്ളം, Lacto calamine, Histo Calamine എന്നിങ്ങനെ മാറി മാറി പരീക്ഷണങ്ങൾ. ഒരു രക്ഷയുമില്ല. ഒരു വിധത്തിൽ നേരം വെളുപ്പിച്ച് അടൂരുള്ള ആശുപത്രിയിലേക്ക്. മരുന്ന് വാങ്ങി. ജീവിതത്തിലാദ്യമായി ആർത്തിയോടെ മരുന്ന് കഴിച്ചു. സന്ധ്യ വരെ അടങ്ങിയിരുന്നെങ്കിലും രാത്രിയിൽ മരുന്നിനെയെല്ലാം വകഞ്ഞു മാറ്റി അവർ വീണ്ടും വന്നു. കരഞ്ഞു പോകുന്ന അവസ്ഥ.നാളെയാണ് യാത്ര. അളിയന്റെ ലീവ് അളന്നു കുറിച്ച് വച്ചിരിക്കുന്നതിനാൽ ഒരു ദിവസം പോലും നീട്ടാൻ പറ്റില്ല. നിരാശയായി നിൽക്കുന്ന ഭാര്യയുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു “മനസ്സുണ്ടെടീ, but ഈ ചൊറിച്ചിലും വച്ച് ഞാനെങ്ങനെ drive ചെയ്യും, എങ്ങനെ enjoy ചെയ്യും” എന്ന്. ഏട്ടൻ മനസ്സമാധാമായി ഉറങ്ങ് എല്ലാം രാവിലെ തീരുമാനിക്കാമെന്ന് അവൾ.

പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ എന്റെ പ്രശ്നങ്ങളെല്ലാം ഗംഗ കടന്നു ( പമ്പ വളരെ അടുത്താണ്). സ്വയം അവിഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടായ എനിക്ക് അതെല്ലാം മാറിയ പ്രതീതി. കുരുപ്പുകളെ തനിച്ചാക്കി ചൊറിച്ചിലുകൾ ഓടി മറഞ്ഞു. ഈ രാത്രിയിലാണ് യാത്ര (പിറ്റേന്ന് രാവിലെ 3 മണി).

അങ്ങനെ ഏപ്രിൽ 15 ന് ചുവന്നു തുടുത്ത എന്റെ ബലേനോയിൽ ഞാനും ഭാര്യയും കുഞ്ഞുങ്ങളും അവളുടെ അമ്മയും അളിയനും കൂടി ഒരു ചെറിയ ഭാരത യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചു. ലഗേജുകൾ പരമാവധി കുറയ്ക്കാൻ ശ്രമിച്ചെങ്കിലും വണ്ടി നിറഞ്ഞു കവിഞ്ഞു. വിരലിലെണ്ണാവുന്ന ടീഷർട്ടും ഷോർട്ട്സും മാത്രമാണ് ഞാനെടുത്തത്. ഭാര്യയും വളരെക്കുറച്ച് casuals മാത്രമാണെടുത്തത്. പക്ഷെ കുട്ടികൾക്ക് കുറെ dress എടുക്കേണ്ടി വന്നു. അളിയനും ലഗേജ് കുറച്ചു. ചുരിദാറിടാത്ത അമ്മയെ സൗകര്യാർത്ഥം ചുരിദാറണിയിക്കാൻ തീരുമാനിച്ചു. കൂടാതെ 35 ലിറ്ററിന്റെ ഒരു കന്നാസിൽ കുടിവെള്ളം, ചെറിയൊരു കന്നാസിൽ കൈ കഴുകാനും മറ്റുമായി വെള്ളം, ഇൻഡക്ഷൻ കുക്കർ, രണ്ട് കിലോ ചൂര അച്ചാറിട്ടത്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി, ചമ്മന്തിപ്പൊടി, ഒരു ദിവസത്തെ ഭക്ഷണം, പനി- തലവേദന- ശർദ്ദി- വയറിളക്കം ഇത്യാദിക്കുള്ള മരുന്നുകൾ, സവാള- ഉപ്പ്- മുളകുപൊടി മുതലായവ ( ഒരു കൊതിവന്നാൽ എടുത്ത് പ്രയോഗിക്കാൻ), തേയില- കാപ്പിപ്പൊടി-പഞ്ചസാര തുടങ്ങിയവ, ഒന്ന് രണ്ട് കത്തികൾ, കുഞ്ഞിന്റെ കുറുക്കിനുള്ള items, ബിസ്ക്കറ്റുകൾ, സ്നാക്ക്സുകൾ, തുടങ്ങിയവയും കൂടെക്കരുതി. യാത്ര plan ചെയ്ത് തുടങ്ങിയപ്പോൾത്തന്നെ എന്റെ അമ്മയെ വിളിച്ചിരുന്നെങ്കിലും long trip ആയതിനാൽ അമ്മ ഒഴിഞ്ഞുമാറിയിരുന്നു. അമ്മ കൂടെയില്ലാത്തതിൽ വിഷമമുണ്ടായിരുന്നെങ്കിലും ഒരാൾ കൂടി വണ്ടിയിലുണ്ടായിരുന്നെങ്കിൽ യാത്ര ദുസ്സഹമായേനെ എന്ന് മുന്നോട്ട് നീങ്ങിയപ്പോഴാണ് മനസ്സിലായത്. മൂത്തവൾ നല്ലുവിനെ മടിയിലിരുത്തിയൊരു long യാത്ര അസാദ്ധ്യം തന്നെയായിരുന്നു.

രാവിലെ നാല് മണിക്ക് യാത്ര തുടങ്ങി. അടൂരിൽ നിന്നും തെങ്കാശി വഴി തിരുമംഗലം – ബാംഗ്ലൂർ express Highway യിലൂടെ വെല്ലൂർ ലക്ഷ്യമാക്കി കുതിപ്പ്. റോഡ് സൈഡിലെ മരത്തണലുകളായിരുന്നു രാവിലത്തേയും ഉച്ചനേരത്തെയും തീൻമേശ. വെയിറ്റില്ലാത്ത പ്ലേറ്റുകളും പേപ്പർ വാഴയിലയും കൊണ്ടുപോയതിനാൽ കൈയ്യിൽ വച്ച് തന്നെ ആഹാരം കഴിക്കാനും, ആഹാരത്തിന് ശേഷം പാത്രം കഴുകാതിരിക്കാനും സാധിച്ചു.

വൈകിട്ട് നാല് മണിയോടെ വെല്ലൂർ ശ്രീപുരം ഗോൾഡൻ ടെമ്പിളിലെത്തി. 1500 Kg സ്വർണ്ണം കൊണ്ട് 2007ൽ 32 കാരനായ ശ്രീ ശക്തിയമ്മ എന്ന പേര് സ്വീകരിച്ചിട്ടുള്ള സ്വാമി നിർമ്മിച്ചതാണ് ഈ മഹാലക്ഷ്മി ക്ഷേത്രം. അമൃത്സറിൽ പോലും 750 Kg സ്വർണ്ണമേ ഉപയോഗിച്ചിട്ടുള്ളൂ എന്നോർക്കുക. വായിച്ചപ്പോൾ കേട്ട കൗതുകം കൊണ്ടെത്തിയതാണെന്നും ഭക്തി കൊണ്ടെത്തിയതല്ലെന്നുമുള്ള സത്യം ആദ്യമേ തന്നെ പറയട്ടെ. പാർക്കിംഗിൽ വണ്ടിയിട്ട് അകത്തേക്ക് കയറി. മൊബൈലിനും ക്യാമറയ്ക്കും പ്രവേശനമില്ല. തിരുപ്പതി മാതൃകയിലുള്ള ക്യൂ സിസ്റ്റമാണ് ഇവിടെയും. മെയിൻ ക്യൂ കഴിഞ്ഞ് ഏകദേശം ഒന്നരക്കിലോമീറ്ററോളം നക്ഷത്രാകൃതിയിലുള്ള നടപ്പാത കടന്നുവേണം ശ്രീകോവിലിലെത്താൻ. വഴിയിലെങ്ങും ആൾദൈവത്തിന്റെ വിവിധ അവതാര ഭാവങ്ങൾ. ഇന്ത്യയിലെ എല്ലാ പുണ്യനദികളിലേയും തീർത്ഥം നിറച്ച കുളത്തിന് നടുവിലാണ് ക്ഷേത്രം. ദർശനം നടത്തി തിരികെ യിറങ്ങി. വഴിയിൽ ചില്ലറകൾ അടങ്ങിയും നോട്ടുകൾ അടങ്ങാതെയും കിടക്കുന്ന ഒരു കുളം കാണാം. ധാരാളം ഭക്തർ ഇവിടെ പൈസയിടുന്നുണ്ട്. എന്തർത്ഥമാണ് ഇതിനെന്ന് ചിന്തിച്ചെങ്കിലും ,അതിനേക്കാൾ ചിന്തിപ്പിച്ചത് കുളത്തിൽ കിടന്ന ATM Cards ആണ്. തുടർന്ന് കാശ് കൊടുത്താൽ വിഗ്രഹത്തെ സ്വയം അഭിഷേകം ചെയ്യാൻ സാധിക്കുന്ന ശിവക്ഷേത്രം, ദക്ഷിണ വച്ചാൽ എല്ലാ ദോഷങ്ങളും മാറ്റുന്ന ശ്രീ ശക്തിയമ്മയുടെ കാൽപ്പാദം തുടങ്ങിയവയൊക്കെ കണ്ടെന്ന് വരുത്തി പുറത്തേക്ക്.

തിരിച്ചിറങ്ങിയപ്പോൾ ക്ഷേത്രത്തിന് മുന്നിലെ ദേശീയപതാക flag off ആണ്. കുറെ യൂണിഫോം ധാരികൾ ബ്യൂഗിളും മറ്റുമായി നിൽക്കുന്നു. ചുറ്റും നോക്കിയപ്പോൾ നടന്നവരും ഓടിയവരുമെല്ലാം നിശ്ചലമായി നിൽക്കുകയാണ്. രോമങ്ങളറിയാതെ എഴുന്നേറ്റു. നമ്മളൊന്ന് എന്നൊരു വികാരം സർവ്വ ഞരമ്പിലൂടെയും കടന്നു പോയി. മെയിൻ ഗേറ്റിന് മുന്നിൽ നിന്നൊരു ഫോട്ടോയുമെടുത്ത്, രാത്രിയാവുന്നതിനാൽ വെല്ലൂർ ഫോർട്ട് സന്ദർശിക്കാനാകില്ലയെന്ന സത്യവും കടിച്ചു പിടിച്ച് തിരുപ്പതി ലക്ഷ്യമാക്കി യാത്ര.

എട്ട് മണിയോടെ തിരുപ്പതിയ്ക്ക് എഴുപത് കിലോമീറ്ററാളം ഇപ്പുറം സാമാന്യം ഭേദപ്പേട്ട ഒരു ഹോട്ടൽ കണ്ട് ഞങ്ങളവിടെയിറങ്ങി. റേറ്റ് വലിയ കൂടുതലില്ല, റൂമും വൃത്തിയുളളത്. റൂമെടുത്ത് കുളിച്ച് ഫ്രഷായി ആഹാരം കഴിച്ച് ബില്ല് കൊടുക്കാൻ നേരം ആ ഫ്രഷ്നെസ്സ് നഷ്ടപ്പെട്ടു. ഒരു ചപ്പാത്തിക്ക് അവരെടുത്തത് നാൽപ്പത് രൂപ. ഒരു സ്റ്റാർ ഹോട്ടലാണെങ്കിൽ സങ്കടമില്ല. അവർക്ക് നല്ലത് മാത്രം വരണമേയെന്ന് പ്രാർത്ഥിച്ച് റൂമിലേക്ക്. അവരോടുള്ള വാശിക്ക് Induction Cooker ൽ ഒരു കാപ്പിയിട്ട് കുടിക്കാം എന്ന് കരുതി. Switch on ചെയതപ്പോൾ കുറെ error message അല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല. ഇടയ്ക്ക് നാടൻ രുചിയിൽ ചായയോ മറ്റോ കുടിക്കാമെന്ന അമ്മയുടെ മോഹം തകർന്നടിഞ്ഞു. വാതിലിലൊരു മുട്ട്. തുറന്നപ്പോൾ സെക്യൂരിറ്റിയാണ്. റൂമിന്റെ payment വാങ്ങാൻ മറന്നു എന്ന് പറഞ്ഞു. Cash കൊടുത്തിട്ട് Receipt വാങ്ങി വരാൻ പറഞ്ഞപ്പോൾ അതിന്റെയാവശ്യമില്ല, എന്നെ വിശ്വസിക്കൂ എന്ന് അയാളുടെ മറുപടി. പെട്ടെന്ന് ചപ്പാത്തിക്കഥ മനസ്സിലേക്ക് കടന്നു വന്നു. Receipt കിട്ടിയേ പറ്റൂ എന്ന് ഞാൻ. Front Office ൽ ആളില്ലാത്തതിനാൽ പറ്റില്ല എന്ന് അയാളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ട് അതിലേറെ ദേഷ്യത്തോടെ ഞാൻ ചാടി മുറിയിലേക്ക് കയറി.

“എന്തെങ്കിലും ടിപ്പ് തരൂ സർ” എന്ന് മുറി ഹിന്ദിയിൽ ചോദിച്ചു കൊണ്ടാണ് അയാൾ ഒപ്പിട്ട പേനയും പോക്കറ്റ് ഡയറിയും തിരിച്ചു തന്നത്. പേരും ഡേറ്റും Amount ഉം എഴുതി ഞാൻ അകത്ത് നിന്ന് ഡയറി കൊണ്ടുക്കൊടുത്തതിൽ ഒപ്പിടുമ്പോൾ അയാൾ മലയാളികളെ കുറിച്ച് എന്താണ് കരുതിയിട്ടുണ്ടാവുക. അതിനി നല്ലതായാലും മോശമായാലും എനിക്കൊന്നുമില്ല കാരണം യാത്രയുടെ ആദ്യ പാoങ്ങളിലൊന്ന് മുന്നിൽ വരുന്നവൻ സംസാരിക്കുന്നതിന്റെ നേരെ എതിർവശവും നമ്മൾ ചിന്തിക്കണമെന്നാണ്. അത്ര ഭീകരമല്ലാത്ത ഒരു ടിപ്പും കൊടുത്ത് വിട്ട് ഞങ്ങൾ വിശ്രമത്തിലേക്ക് .

ക്ഷേത്രത്തിൽ പോകുകയായിരുന്നതിനാൽ അതിരാവിലെ കുഞ്ഞുങ്ങളെ കുളിപ്പിച്ച ശേഷം യാത്ര തുടങ്ങി. അതിരാവിലെ തുടങ്ങുന്ന യാത്രകളിൽ കുഞ്ഞുങ്ങളെ വഴിയിലെവിടെയെങ്കിലും സൗകര്യം നോക്കി കുളിപ്പിക്കുകയാണ് പതിവെങ്കിലും അതിനിനി സമയം വേസ്റ്റ് ചെയ്യണ്ട എന്ന് കരുതിയാണ് വേണ്ടെന്ന് വച്ചത്. വണ്ടി ക്ഷേത്രത്തിന്റെ എൻട്രൻസിലുള്ള ചെക്ക് പോസ്റ്റിൽ എത്തി. മുൻപിലത്തെ വണ്ടിയിലുള്ളവർ മുഴുവൻ ലഗേജസ്സും സ്കാനറിൽ കൂടി കടത്തി വിടുന്നത് കണ്ടപ്പോൾ എന്റെ പരുന്ത് പോയി (ഇത്തിരി വലിയ കിളി തന്നെ ഇവിടെ വേണം). എന്തൊരു ഗതികേടെന്ന് ചിന്തിച്ച് ബാഗുകൾ, കുപ്പി പാട്ട പഴേ പാത്രങ്ങൾ ഇവയൊക്കെ ഓരോന്നായി എടുത്ത് സ്കാനറിന്റെ വായിലേക്ക് ഉരുട്ടിക്കൊടുത്തു. സ്കാൻ ചെയ്ത പോലീസുകാരൻ വരെ കുഴഞ്ഞ് പോയി. ഉടനെ അതാ അടുത്ത വെടി. Induction Cooker മുകളിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. ഞങ്ങൾ മൂന്നും കൂടി അമ്മയെ തറപ്പിച്ചൊന്നു നോക്കി. ഈ സാധനം കൊണ്ട് ഉപകാരമില്ലെന്നത് പോകട്ടെ, കടുത്ത ഉപദ്രവവും. എന്റെ ദയനീയ നോട്ടം അളിയനിൽ പതിക്കുന്നതിന് തൊട്ടു മുമ്പുള്ള നിമിഷത്തിൽ അവൻ കുക്കറുമെടുത്ത് ക്ലോക്ക് റൂം ലക്ഷ്യമാക്കി നടന്നു.

ലഗേജുകൾ തിരിച്ചു കയറ്റി വീണ്ടും ക്ഷേത്രത്തിലേക്ക്. ശാന്തമായ അന്തരീക്ഷമായിരുന്നു തിരുപ്പതിയിൽ. ഉദ്ദേശിച്ചതിനേക്കാൾ തിരക്കും കുറവ്. അതിനാൽ വിചാരിച്ചതിലും നേരത്തെ ദർശനം നടത്തി കാളഹസ്തിയിലേക്ക് പോകാൻ സാധിച്ചു. വഴിയിലൊരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് മസാലദോശ, പൂരി തുടങ്ങിയവ കഴിച്ചു. എന്താണ് ടേസ്റ്റെന്നറിയിക്കാൻ ഒരു പൊങ്കൽ വാങ്ങി എല്ലാവർക്കുമായി കൊടുത്തു. രുചിയറിഞ്ഞിട്ടവർ എനിക്ക് ആവശ്യത്തിന് തന്നു.

ആനയുടെ തുമ്പിക്കൈയുടെ രൂപത്തിലുള്ളും വായുവിനെ പ്രതിനിധാനം ചെയ്യുന്നതുമായ വായു ലിംഗ പ്രതിഷ്ഠയുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് കാളഹസ്തി. ക്ഷേത്രത്തിനടുത്തെ ഇടുങ്ങിയ വഴികളിൽക്കൂടി ഉരയാതെ വണ്ടി കൊണ്ടുപോകാൻ നന്നേ പാടുപെട്ടു. ക്ഷേത്രത്തിൽ നിന്നിറങ്ങി ചരിത്രപ്രസിദ്ധമായ ലേപാക്ഷി ക്ഷേത്രത്തിലേക്ക്. ആന്ധ്രയിലെ ആനന്ദപുർ ജില്ലയിലാണ് ലേപാക്ഷി. പോകുന്ന വഴിയിൽ ഒരു ഹോട്ടലിൽ നിന്ന് ഊണ് വാങ്ങി സ്വന്തം കറികളും ചേർത്ത് കഴിച്ചു. ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ വൈകുന്നേരമായി. പ്രശസ്തമായ ഒറ്റക്കല്ലിൽ തീർത്ത നന്ദികേശ പ്രതിമയും കണ്ട് ക്ഷേത്രത്തിൽ ചെന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശില്പകലാ വൈഭവത്തിന്റെ ഉത്തമോദഹരണമാണ് ഈ ക്ഷേത്രം. ഇവിടെയാണ് പ്രശസ്തമായ Hanging Pillar. ക്ഷേത്രമണ്ഡപത്തിലുള്ള ഈ തൂണിന്റെ അടിവശം നിലത്ത് മുട്ടിയിട്ടില്ല. തറയിൽ മുട്ടിയിട്ടുണ്ടോയെന്നറിയാൻ അടിവശത്ത് കൂടി പലരും നൂലും മറ്റും കടത്തി വിടുന്നത് കാണാം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് എൻജിനീയറിംഗ് വിദഗ്ദ്ധരുടെ ഒരു സംഘം ഇവിടെയെത്തുകയും ഈ തൂണിന്റെ ഇളക്കത്തെക്കുറിച്ച് മനസ്സിലാക്കാൻ ഹാമറ് കൊണ്ടടിച്ച് നോക്കിയപ്പോൾ സമീപമുള്ള തൂണുകളുടെ മുകൾവശം ഇളകി മാറുകയും ചെയ്തതായി പറയപ്പെടുന്നു. ഇളകിമാറിയ തൂണുകളും ഇവിടെ കാണാൻ സാധിക്കും.
ലേപാക്ഷിയെന്ന് search ചെയ്യുമ്പോൾ തന്നെ ഗൂഗിൾ ചൂണ്ടിക്കാട്ടുന്ന വലിയ നാഗലിംഗ പ്രതിമയും ദർശിച്ച് യാത്ര തുടർന്നു.

ഇനി ആനന്ദപുരത്ത് തന്നെയുള്ള ISKCON Temple ലേക്ക്. (ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് Iskcon Temples – International Society for Krishna Consciousness). Iskcon ൽചെന്നപ്പോഴേക്കും രാത്രിയായി. ക്ഷേത്രമടച്ചു. അകത്ത് കയറാൻ പറ്റിയില്ലെങ്കിലും കുതിച്ചു പായുന്ന കുതിരകൾ വലിക്കുന്ന തേരിന്റെ മാതൃകയിലുള്ള ക്ഷേത്രത്തിന്റെ പുറം കാഴ്ച അതി മനോഹരമായിരുന്നു.

വീണ്ടും മുന്നോട്ട്.ഇരുട്ടും വിശപ്പും തമ്മിൽ മൽസരിച്ച് കടുക്കുന്നു. കുറെ മുന്നോട്ട് പോയപ്പോൾ വഴിയിലൊരു കൂറ്റൻ സ്ക്രീനിൽ ഹിന്ദി സിനിമയുമേന്തി നിൽക്കുന്ന ഒരു ഹോട്ടൽ കണ്ടു. മനോഹരമായ അന്തരീക്ഷം. അവിടെ കയറി. തന്തൂരി റൊട്ടിയും നാനും ചിക്കനും ഓർഡർ ചെയ്തപ്പോൾ നല്ലുവിന് Fried rice മതിയെന്ന് പറഞ്ഞു. ഓർമ്മയിൽ ചുവന്ന Fries rice കൾ ഓടി വന്നതിനാൽ ഞാൻ വിലക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദൂരയാത്രകളിൽ നോൺ വെജുകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെങ്കിലും മെനുവിൽ വെജിനും നല്ല നിലയും വിലയുമായിരുന്നു. സാമാന്യം തൃപ്തികരമായ ആഹാരത്തിന് ശേഷം യാത്ര തുടർന്നു. ആൾപ്പാർപ്പുള്ള ഒരു സ്ഥലത്ത് റൂം തിരക്കിയായിരുന്നു തുടർന്നുള്ള യാത്ര. അങ്ങനെയൊന്ന് കണ്ടപ്പോൾ അവിടെയിറങ്ങി. Owner തന്നെയാണ് reception ൽ ഇരുന്നത്. All India Trip, Family, രാവിലെ നാല് മണിക്ക് മടക്കം തുടങ്ങിയ കാര്യങ്ങൾ മേമ്പൊടിക്ക് ചേർത്ത് ഡിസ്കൗണ്ടിനുള്ള അപേക്ഷ വച്ചു. കണ്ടാൽ പരുക്കനെന്ന് തോന്നുമെങ്കിലും 25% ഡിസ്കൗണ്ടിൽ ഡീൽ ഉറപ്പിക്കാൻ സാധിച്ചു.(പണ്ട് യുപി ക്ലാസ്സിൽ പഠിച്ച ഗായ് ഏക് പാൽതൂ ജാൻവർ ഹേ ആണ് നമ്മുടെ ഹിന്ദി സാമ്പാദ്യമെന്നോർക്കണം). Non A/C റൂമിൽ അസഹ്യമായ ചൂടായിരുന്നെങ്കിലും കണ്ടാൽ കൊതി തീരില്ലെന്ന് കണ്ടവരൊക്കെ പറഞ്ഞ ആന്ധ്രയിലെ യഗന്ധി ക്ഷേത്രത്തിന്റെ കുളിരായിരുന്നു ഉൾനിറയെ.

അടുത്ത ദിവസം അതിരാവിലെ യഗന്ധിയിലേക്ക്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് ഈ ക്ഷേത്രം.നാല് മണിക്കൂർ യാത്രയുണ്ട്. ഗൂഗിൾ ചേച്ചി വഴി തെറ്റിച്ച് വയിലിലൂടെ ഓടിച്ചെങ്കിലും മനോഹരമായിരുന്നു ആ യാത്ര. ഇടയ്ക്ക് ഇടുങ്ങിയ റോഡിൽ ഒരു ആട്ടോറിക്ഷ സൈഡ് തരാതിരിക്കാൻ ആവത് ശ്രമിച്ചെങ്കിലും ക്ഷമകെട്ടപ്പോൾ സൈഡ് തന്നില്ലെങ്കിൽ തട്ടിക്കളയുമെന്ന രീതിയിൽ തനിമലയാള സ്റ്റൈലിൽ ഹോണും മുഴക്കി അവനെ over take ചെയ്തു. യഗന്ധി അടുക്കാറായെന്ന് ‘ചേച്ചി’ പറഞ്ഞു. ദൂരേക്ക് നോക്കിയപ്പോൾ പ്രകൃതി കൊത്തുപണി നടത്തിയ മലനിരകളാണോ അതോ ക്ഷേത്രഗോപുരങ്ങഓണോ എന്ന് തിരിച്ചറിയാത്ത രീതിയിലുള്ള കാഴ്ചകൾ. അടുത്തേക്ക് ചെല്ലുംതോറും ആ കാഴ്ച അകത്തേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു. കാർ വഴിയിൽ പാർക്ക് ചെയ്ത് വളരെക്കുറച്ച് മാത്രമുള്ള കടകൾക്കിടയിലൂടെ ക്ഷേത്രത്തിലേക്ക്.

ക്ഷേത്രത്തിന് ചുറ്റും പ്രകൃതിയുടെ കരകൗശലമേറ്റു സുന്ദരമാക്കപ്പെട്ട മല നിരകളാണ്. മനോഹരമായ ഒരു കുളവും മണ്ഡപവുമാണ് അവിടെ നമ്മെ എതിരേൽക്കുക. കുളത്തിന്റെ ഒരു വശത്തുള്ള നന്ദികേശ പ്രതിമയുടെ വായിലൂടെയാണ് മലനിരകളിൽ നിന്നും അവിടേക്ക് ജലമെത്തുക. കൊടിയ വേനലിലും അവിടേക്ക് ജലമെത്തുമെന്നും ജലത്തിന് നേരിയ മധുരമുണ്ടെന്നും അവിടെയുള്ളവർ പറഞ്ഞു. അനേകമാളുകൾ കുളിച്ചു കൊണ്ട് നിൽക്കുന്നതിനാൽ രുചിച്ച് നോക്കാൻ തോന്നിയില്ല. ശേഷം ക്ഷേത്രത്തിലേക്ക്. ശിവ പ്രതിഷ്ഠയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ സംഗമരാജവംശത്തിലെ ഹരിഹരബുക്കരായനെന്ന രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. അഗസ്ത്യമുനി പണികഴിപ്പിച്ചതെന്ന് ഐതീഹ്യവും. ദർശനം കഴിഞ്ഞ് വലതു ഭാഗത്തുള്ള മലനിരകളിലേക്ക്. അവിടെയാണ് പ്രകൃതി പലതും ഒളിപ്പിച്ച് വച്ചിരിക്കുന്നത്. അഗസ്ത്യ ഗുഹ, വെങ്കിടേശ്വര ഗുഹ, വീരബ്രഹ്മ ഗുഹ എന്നീ മൂന്ന് ഗുഹകൾക്കും അനേകം ചെറു ഗുഹകൾക്കും തൊങ്ങലായി തത്തകൾ പാർക്കുന്ന ചെറു പൊത്തുകൾ.

ആദ്യം അഗസ്ത്യ ഗുഹയിലേക്ക്. അഗസ്ത്യമുനി ഇവിടെ തപസ്സ് ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. മുകളിലേക്കാണ് ഗുഹ.അനേകം പടികൾ കടന്നു വേണം അകത്തെത്താൻ. ഗുഹയുടെ വാതിലിൽ ശംഖനാദം മുഴക്കി ഒരു കാവി വേഷധാരി നിൽക്കുന്നു. ആ ambience ൽ ശംഖൊലിയും കൂടിയായപ്പോൾ തോന്നിയ ഫീലിംഗ് പറഞ്ഞറിയിക്കാനുള്ള വാക്കുകൾ എന്റെ കൈവശമില്ല. അകത്തേക്ക് കടക്കും തോറും തണുപ്പേറി വരുന്നു. ഉള്ളിൽ ചെന്നപ്പോൾ മന്ത്രോച്ചാരണവുമായി ദേവീപൂജ നടത്തുന്ന ഒരു പൂജാരി. ഓഹ്…. ഉള്ളം നിറയ്ക്കുന്ന കാഴ്ചകൾ. തിരികെയിറങ്ങി താരതമ്യേന ചെറുതായ മറ്റ് രണ്ട് ഗുഹകളും സന്ദർശിച്ച് താഴെയിറങ്ങി. ഭക്ഷണം കഴിച്ചിട്ടില്ല. താഴെ ഒരു ചെറിയ ഹോട്ടലിൽ പൂരിയുണ്ടാക്കുന്നത് കാണാം. അവിടെ നിന്ന് കഴിക്കാമെന്ന് വിചാരിച്ചു. അതി രുചികരമായ പൂരി- മസാല, ഇഡ്ഡലി- ചമ്മന്തി- സാമ്പാർ കോമ്പിനേഷനുകൾ. ശേഷം വാഹനത്തിലേക്ക്.

കുർണൂലിൽ തന്നെയുള്ള ബേലം കേവ്സാണ് അടുത്ത ലക്ഷ്യം. അവിടെയെത്തിയപ്പോഴേക്കും പതിനൊന്ന് മണിയായി. ടിക്കറ്റെടുത്ത് ഭൂമിക്കടിയിലേക്കുള്ള ഗുഹാ കവാടത്തിലേക്ക്. മുതിർന്നവർക്ക് 65 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് ഫീസ്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ള ഏറ്റവും വലിയ ഗുഹയാണ് ബേലം കേവ്സ്. ഭൂഗർഭജലത്തിന്റെ ഒഴുക്ക് കൊണ്ട് രൂപപ്പെട്ടതാണിതെന്ന് വിക്കിപീഡിയ പറയുന്നു. പുരാതന കാലത്ത് ബുദ്ധ-ജൈന സന്യാസികൾ ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു. മെഡിറ്റേഷൻ ഹാളും സന്ന്യാസികൾ കിടക്കാനുപയോഗിച്ചിരുന്ന ശിലകളും ആലിന്റെ മാതൃകയിലുളള ഒരു വലിയ ശിലയും ഇവിടെ ക്കാണാം.

ഏകദേശം മൂന്ന് കിലോമീറ്റർ നീളമുള്ള ഗുഹ അകത്തേക്ക് പോകുന്തോറും ഇടുങ്ങിത്തുടങ്ങുന്നു. മെയിൻറനൻസ് നടക്കുകയായതിനാൽ പലയിടത്തും വെളിച്ചമുണ്ടായിരുന്നില്ല. ഞങ്ങൾ ചെന്നപ്പോൾ വളരെക്കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഭയന്ന് അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുകയായിരുന്നു. വെളിയിൽ നിന്നാരെങ്കിലും അടച്ചു കളയുമോ എന്നൊക്കെ പേടി തോന്നിയെങ്കിലും ഞാൻ ധൈര്യം സംഭരിച്ച് ഗ്രൂപ്പിനെ നയിച്ചു. മുന്നോട്ട് പോകുന്തോറും ‘പണ്ടാരം തീരണേ’ എന്ന് പ്രാർത്ഥിച്ചു പോയെങ്കിലും അതങ്ങനെയൊന്നും അവസാനിക്കുമായിരുന്നില്ല. ഗുഹയിലൂടെ ഒഴുകുന്ന ജലം പാതാളഗംഗ എന്ന സ്ഥലത്ത് വച്ച് ഭൂമിക്കടിയിലേക്ക് മറയുകയാണ്. ഗുഹയുടെ അവസാനം കണ്ടുപിടിച്ച് തിരിച്ച് നടക്കുമ്പോൾ അതാ വഴി മുന്നിൽ അവസാനിച്ചിരിക്കുന്നു. ദൈവമേ എന്ന് വിളിച്ചു പോയി. വലത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അവിടെയൊരു വഴി…… ഹാവൂ… പഠിക്കുന്ന സമയത്ത് തിരക്കുള്ള ഒരു ബസിൽ കയറി ശ്വാസം മുട്ടിയ ഒരനുഭവത്തിന് ശേഷം പുറത്തൂന്ന് പൂട്ടിയ മുറിക്കുള്ളിൽ ഒരു മിനിറ്റ് തികച്ചിരുന്നാൽ ഭ്രാന്ത് പിടിക്കുന്ന ഞാനായിരുന്നു ഗ്രൂപ്പ് ലീഡർ എന്നാലോചിക്കുമ്പോൾ നല്ല രസം. ഓർക്കുക – മഴക്കാലത്ത് നിയന്ത്രണമുണ്ട്.

യാത്ര തുടർന്നു.പോക്കഞ്ഞി സമയമായി (ഉച്ചഭക്ഷണത്തിന് കൊല്ലം ജില്ലയിൽ പറയുന്നത് 😋). തലേ ദിവസം ചോറിന്റെ കൂടെ വാങ്ങിയ കറികളൊന്നും അമ്മയ്ക്കും മറ്റും പിടിക്കാഞ്ഞതിനാൽ പ്ലെയിൻ റൈസിന്റെ rate ചോദിച്ചു. Plain ആയാലും കപ്പലായാലും ഒരേ റേറ്റാണ്. പിന്നെന്തിന് വേണ്ടാന്ന് വയ്ക്കണം. കറി സഹിതം വാങ്ങി. അതുകൊണ്ടൊരു ഗുണമുണ്ടായി. പാഴ്സൽ തുറന്നപ്പോൾ വരവേറ്റത് ‘ ഞെട്ടില്ലാ വട്ടയില’. ഇത്രയും യാത്ര ചെയ്തിട്ടും ഡ്രൈവ് ചെയ്തിട്ടും അളിയന്റെ കരുത്തൊട്ടും ചോർന്നിരുന്നില്ല. ഒറ്റ ഞെവിടിനാണ് അവൻ പപ്പടം പൊട്ടിച്ച് ചോറിനോട് ചേർത്തത്.

ഇനി ഹൈദരാബാദിലേക്കാണ് പോകേണ്ടത്. പോകുന്ന വഴിയിൽ ഒരു വിവാഹ യാത്ര കണ്ടു. ഞങ്ങൾ വണ്ടി നിർത്തിയിറങ്ങി.വധു വിവാഹ സ്ഥലത്തേക്ക് പോകുകയാണ്. വധുവിന്റെ തലയിൽ ഒരു ചുമട്, ചുമലിൽ ഒരു ഭാണ്ഡം ഇവ കാണാം. അഞ്ചാറ് പേർ ചേർന്ന് തലയ്ക്ക് മുകളിൽ സാരി കൊണ്ട് ഒരു മറ പിടിച്ചിട്ടുണ്ട്. രണ്ട് സാരിയുമായി മുന്നിൽ കുറെ സ്ത്രീകളെ കാണാം. വധുവിന്റെ കാല് തറയിൽ തൊടാതെ അവർ സാരി മാറ്റി മാറ്റി വിരിച്ച് പോകുന്നു. ഏറ്റവും മുന്നിൽ അലങ്കരിച്ച ഒരാടിനേയും പിന്നിൽ അലങ്കരിച്ച ഒരു കാളവണ്ടിയും കാണാം. ഞങ്ങൾക്കും കുട്ടികൾക്കും അതൊരു വ്യത്യസ്ത കാഴ്ച തന്നെയായിരുന്നു. ഞങ്ങൾ വീഡിയോ എടുത്തപ്പോൾ അവർക്കും കൗതുകം. വീണ്ടും വണ്ടിയിലേക്ക്. സ്വല്പദൂരം മുന്നോട്ട് പോയപ്പോൾ അളിയന്റെ ഫോണിൽ ബോസിന്റെ വിളി. ” ലീവ് ക്യാൻസലായി.ഉടൻ തിരിച്ചെത്തുക. അല്ലെങ്കിൽ വേറെ ജോലി നോക്കിക്കൊൾക..” (തുടരും…).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply