മംഗലശേരി മലയിലെ കുംഭാമ്മ എന്ന ഉരുക്കു വനിത..

ഒറ്റ ചിന്ത മാത്രമേ മനസ്സിലുള്ളൂ..മഴ കനക്കുന്നതിനു മുൻപ് എങ്ങനെയെങ്കിലും മംഗലശേരി മലയിലെത്തണം. കുംഭാമ്മയെ കാണണം.മാതൃഭൂമിയിലെ സുഹൃത്തു നവീൻ മോഹൻ പറഞ്ഞു തന്ന വിവരമനുസരിച്ചു ബാണാസുര മലനിരകൾക്കിടയിലെവിടെയോ ആണ് മംഗലശേരി മല .

മംഗലശേരി മലയും കുംഭാമ്മയും, എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തിലേക്ക് ആളുകൾ ഇടിച്ചു കയറി വരുന്നത്… മാതൃഭുമിയുടെ she ന്യൂസ് അവാർഡിനായി തിരഞ്ഞെടുത്ത ആളുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് കാണുന്നത് . സഞ്ചാരി അംഗം എന്ന നിലയിൽ എനിക്ക് പരിചയമുണ്ടായിരുന്ന Sajna Ali ആ പട്ടികയിൽ ഉള്ളത് കൊണ്ട് ഓൺലൈൻ വോട്ട് രേഖപ്പെടുതാൻ മാതൃഭുമിയുടെ വെബ്‌സൈറ്റിൽ കയറിയപ്പോഴാണ് കുംഭ എന്ന് പേരുള്ള ആദിവാസി സ്ത്രീയുടെ ചിത്രം കാണുന്നത്. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ പെട്ട അമ്മ,നന്നേ ചെറുപ്പത്തിൽ തന്നെ കാലുകൾ രണ്ടും നഷ്ടപ്പെട്ടിട്ടും നിരങ്ങി നീങ്ങി മംഗലശേരി മലയുടെ തായ്‌വാരത്തു കാർഷിക വിപ്ലവം തീർത്ത ധീര വനിത.

പ്രൊഫൈൽ വീഡിയോ കണ്ടു അന്താളിച്ചു നിൽക്കുകയാണ്.ആലോചിക്കാൻ സമയമില്ല,പെട്ടെന്ന് തന്നെ മംഗലശേരി മലയിലെത്തണം. വെള്ളമുണ്ട കഴിഞ്ഞു മംഗലശേരി മല റൂട്ടിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മാതൃഭൂമി ലേഖകൻ പറഞ്ഞ സ്ഥലമെത്തി.വീട് കണ്ടു പിടിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല,എല്ലാവര്ക്കും കുംഭാമ്മയെ അറിയാം.

ഇരുപതിലേറെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കുറിച്യ കോളനി. മൺകട്ട കൊണ്ട് കെട്ടി പൊക്കിയ ചുമരിൽ ചാണകം പൂശിയ ഒരു വീട്ടിനു മുന്നിലെത്തി. കുംഭാമ്മയെ ടീവി യിൽ കണ്ടിട്ട് കാണാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ കോലായി പടിയിൽ ഇരുന്ന 70 വയസ്സിനടുത് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വലിയ ആവേശത്തോടെ നിരങ്ങി നിരങ്ങി ഞങ്ങളുടെ മുന്നിലേക്ക് വന്നു. ആമുഖമൊന്നും വേണ്ടി വന്നില്ല, കുംഭാമ്മ കഥ പറയാൻ തുടങ്ങി.

വളരെ ചെറുപ്പത്തിൽ വീട്ടിൽ ചെറിയ വഴക്ക് നടന്നപ്പോൾ കൊച്ചു കുംഭയുടെ കാലിൽ അടി കൊണ്ടതാണ്.ഒരു കാല് പൂർണമായി തകർന്നു,മറു കാൽ ചെറുതായി ചലിപ്പിക്കാം ആദിവാസി ആയതിനാൽ തന്നെ അന്ന് വിദഗ്ദ്ധ ചികിത്സ ഒന്നും ലഭിച്ചില്ല.പച്ച മരുന്ന് ചികിത്സയായിരുന്നു.കുറെ കാലം കഴിഞ്ഞപ്പോൾ ചികിത്സ നിന്നു,കാലുകൾ ഇന്നീ കാണുന്ന അവസ്ഥയിലും ആയി.

പക്ഷെ തന്റെ വൈകല്യവും പേറി ഒരിടത്തു ചടഞ്ഞിരിക്കാൻ കുംഭാമ്മ തയ്യാറായിരുന്നില്ല.പാരമ്പര്യമായി കിട്ടിയ കൃഷി ഭൂമിയിൽ നിരങ്ങി കൊണ്ട് അവർ കൃഷിയിറക്കാൻ തുടങ്ങി.തെരുവകാട് നിറഞ്ഞ മംഗലശേരി മലയുടെ തായ്‌വാരം കാർഷിക സമൃദ്ധി പൂത്തു നിൽക്കുന്ന കൃഷിയിടമായി മാറി.

കുംഭാമ്മ ഏറെ കുറെ എല്ലാ പണികളും ചെയ്ത് പോന്നു. മുളച്ചീള് കൊണ്ട് അവർ പായയും കസേരയും ഉണ്ടാക്കി. ചളിയിലറങ്ങി നെല്ല് കൊയ്തു. ബാക്കി സ്ഥലങ്ങളിൽ ചേനയും ചേമ്പും ചോളവുമൊക്കെയായി പലതരം പച്ചക്കറികളും. താൻ കൃഷി ചെയ്ത പച്ചക്കറികൾ കടയിൽ വിൽക്കാതെ അവർ കോളനിയിലെ ആളുകൾക്ക് സൗജന്യമായി നൽകി.

ചളിയിലൂടെ പിന്നിലോട്ട് നിരങ്ങി വരാൻ പറ്റാത്തത് കൊണ്ട് ഞാറു നടാൻ മാത്രം ഇത് വരെ ഇറങ്ങിയില്ല. ജീവിതത്തിൽ തനിക്കു പറ്റില്ല എന്ന് ചിന്തിക്കുന്ന ഏക പണിയും ഞാറു നടൽ തന്നെ .

“കോണീലൂടെ മച്ചിലൊക്കെ കേറും,പിന്നെ ഞാളെ നാടൻ പാട്ടും പാടും ” .മകന്റെ ഭാര്യയുടെ ശബ്ദമാണ്. കുംഭാമ്മ കഥ പറഞ്ഞു തീർന്നില്ല,പാട്ട് അവസാനം പാടിത്തരാം എന്ന ഉറപ്പിന്മേൽ കഥ തുടർന്നു .

വീട്ടിൽ കുംഭാമ്മയുടെ കൂട്ടുകാരായി ഇരുപതോളം കോഴികളും കുറെ പൂച്ചകളും ഉണ്ട്.കോഴികളെ തിരഞ്ഞു എന്റെ കണ്ണു പോയപ്പോൾ കുംഭാമ്മ ഉറക്കെ ബ ബ ബ എന്ന് മാടി വിളിച്ചു. നിമിഷ നേരം കൊണ്ട് വീട്ട് മുറ്റത്തു നിറയെ കോഴികൾ.ചാണക തറയിലിരുന്ന് കോഴികൾക്ക് ഗോതമ്പു മണികൾ ഇട്ട് കൊടുക്കുന്ന കുംഭാമ്മക്ക് കാവലായി അഞ്ചോളം പൂച്ചകളും എത്തി.

 

കുറച്ചു വർഷങ്ങൾക്ക് മുൻപാണ് കാൻസറിന്റെ രൂപത്തിൽ മറ്റൊരു ദുരന്തം കുംഭാമ്മയെ തേടിയെത്തിയത്. കാൻസർ ബാധിച്ച മാറിടം മുറിച്ചു കളഞ്ഞപ്പോൾ തുടയിൽ നിന്ന് കുറച്ചു മാംസമെടുത്തു സ്തനത്തിൽ വെക്കാൻ ഡോക്ടർ നിർദ്ദേശിച്ചപ്പോൾ കുംഭാമ്മ തടഞ്ഞു.തുടയിലെ ഇറച്ചി പോയാൽ പിന്നെ നിരങ്ങി നീങ്ങാൻ പറ്റില്ല എന്നാണ് കുംഭാമ്മ ഡോക്ടറോട് കാരണം പറഞ്ഞത്.

ശസ്ത്രക്രിയ കഴിഞ്ഞു മണ്ണിലേക്കിറങ്ങരുതെന്ന് ഡോക്ടർ പറഞ്ഞിട്ടും കുംഭാമ്മ വീണ്ടും തൂമ്പയുമെടുത്തു മണ്ണിലേക്കിറങ്ങി.മണ്ണിന്റെ മണമില്ലാത്ത കുംഭാമ്മക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർക്ക് അറിയില്ലല്ലോ. മാതൃഭൂമി ഷീ ന്യൂസ് അവാർഡിനെ പറ്റി ചോദിച്ചപ്പോൾ അതൊന്നും എനിക്കറീല്ലേ എന്ന നിഷ്കളങ്കമായ മറുപടി. കുംഭാമ്മക്ക് അവാർഡ് എന്നാൽ വർഷങ്ങൾക്ക് മുൻപ് വെള്ളമുണ്ട കൃഷി ഓഫീസറായ മമ്മൂട്ടി സാർ കൊടുത്ത 2000 രൂപ മാത്രമാണ്.

കേരളത്തിലെ പ്രമുഖരായ 20 വനിതകളിൽ താനുമുണ്ട് എന്നൊക്കെ കുംഭാമ്മ അറിയുന്നത് ഇന്ന് ഞാൻ പറഞ്ഞപ്പോഴാണ്. മാതൃഭൂമി സൈറ്റിൽ കൊടുത്ത പ്രൊഫൈൽ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം. ഇതൊക്കെ ഒരു മാസം മുൻപ് ഓരു പിടിച്ചോണ്ട് പോയതാണല്ലോ എന്ന മറുപടിയും ….

കുംഭാമ്മ ഒരു വഴികാട്ടിയാണ്.ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ തോറ്റൊടുന്നവർ കണ്ടു പഠിക്കണം ഈ ആദിവാസി സ്ത്രീയുടെ ജീവിതം.

വിവരണം – Suhail Sugu.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply