ട്രക്ക് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന പൊട്ടിച്ചളുങ്ങി കരിയും ചെളിയും പിടിച്ച് നമ്മുടെ ഹൈവേകളിൽ ഇഴഞ്ഞുനീങ്ങുന്ന പത്തും പന്ത്രണ്ടും ചക്രമുള്ള സാധാരണ ലോറികളെയല്ല ടട്രയുടെ സ്ഥാനത്ത് നിർത്തി ചിന്തിക്കേണ്ടത്.കൂറ്റൻ മിസൈലുകളും ടാങ്കുകളും വരെ വഹിച്ചുകൊണ്ട് മരുഭൂമി മുതൽ ചെങ്കുത്തായ മലമടക്കുകൾ വരെ ഏതു പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്ത് എത്താൻ മിടുക്കുള്ള പ്രത്യേക വാഹനങ്ങളാണിവ.ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ അവയുടെ മികവുകൊണ്ട് അതിശയം സൃഷ്ടിക്കുന്ന ഇക്കാലത്ത് 12 വീൽ ഡ്രൈവ് ഉള്ള ഒരു വാഹനത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക.അപ്പോഴുണ്ടാകുന്ന ആശ്ചര്യത്തെ ടട്ര എന്ന് വിളിക്കാം.
പ്രളയത്തില്‍ ഒറ്റപ്പെട്ട നെല്ലിയാമ്പതി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി വന്നത് സൈന്യത്തിന്റെ ടട്ര ട്രക്ക് ആയിരുന്നു. കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ നിര്‍മിക്കുന്ന കഞ്ചിക്കോട് ഭാരത് എർത്ത് മൂവ്മെന്റ് ലിമിറ്റഡ് എന്ന (ബെമ്ൽ) കമ്പനിയിൽ നിന്നായിരുന്നു നെല്ലിയാമ്പതിയിലേക്ക് ഈ ട്രക്കുകൾ എത്തിയത്. നെല്ലിയാമ്പതിയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ നൂറടിപ്പാലവും കടന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ എത്തിച്ച ടട്ര ട്രക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ചെക്ക് റിപബ്ലിക്കിൽ ആണ് ടട്രയുടെ പിറവി.1850ൽ ചെക്കിലെ കോപ്രിവിനിസിലാണ് കമ്പനിയുടെ തുടക്കം.ഷുസ്റ്റല ആൻഡ് കമ്പനി എന്നായിരുന്നു ആദ്യത്തെ പേര്.1897ൽ മധ്യയൂറോപ്പിലെ ആദ്യ മോട്ടോർ കാർ നിർമാതാക്കൾ എന്ന ഖ്യാതി അവർ സ്വന്തമാക്കി.ലോകത്തിലെ തന്നെ ആദ്യ മോട്ടോർ കാറുകളിൽ ഒന്നായിരുന്നു അത്.1919ലാണ് ടട്ര എന്ന ബാഡ്ജ് കമ്പനി സ്വീകരിക്കുന്നത്.കോപ്രിവിനിസിനു സമീപത്തുള്ള ഇപ്പോഴത്തെ സ്ലോവാക്യയിലുള്ള പർവതനിരയാണ് ടട്ര. പിൽക്കാലത്ത് എത്രവലിയ കൊടുമുടിയും താണ്ടാൻ ശേഷിയുള്ള പ്രതിരോധ വാഹനങ്ങൾ നിർമിച്ച് തുടങ്ങിയ കമ്പനിക്ക് നേരത്തെ നൽകിയ ടട്ര എന്ന പേര് അച്ചട്ടായി എന്ന് തോന്നിയിട്ടുണ്ടാവും.ഡെയിംലർ, പ്യൂഷോ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ പഴക്കം ചെന്ന കാർ നിർമാതാക്കൾ എന്നൊരു വിശേഷണവും ടട്രയ്ക്കുണ്ട്.
രണ്ടാം ലോകമാഹായുദ്ധകാലത്ത് ജർമനിക്കുവേണ്ടി ട്രക്കുകളും ടാങ്ക് എൻജിനുകളും മാത്രം നിർമിക്കേണ്ടി വന്നിട്ടുണ്ട് ടട്രയ്ക്ക്.ഇതാണ് ഇന്ന് ലോകത്തിലെ മുൻനിര പ്രതിരോധ വാഹനനിർമാതാക്കളായി ടട്രയെ വളരാൻ സഹായിച്ചത്.1999ൽ പാസഞ്ചർ കാറുകളുടെ നിർമാണം നിർത്തിയ കമ്പനി ഇപ്പോൾ ട്രക്കുകളുടെ നിർമാണത്തിലാണ് പൂർണമായും ശ്രദ്ധിക്കുന്നത്. 4 വീൽ ഡ്രൈവ് മുതൽ 12 വീൽ ഡ്രൈവ് വരെയുള്ള ടട്ര ട്രക്കുകൾ ലോകത്തിലെ വിവിധ സൈന്യങ്ങൾ ഉപയോഗിക്കുന്നു.
പ്രമുഖ വാഹനനിർമാതാക്കളെല്ലാം വാട്ടർ കൂൾഡ് എൻജിനുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ താരതമ്യേന പഴയ സാങ്കേതികവിദ്യയായ എയർ കൂൾഡ് എഞ്ചിനുകളാണ് ടട്ര വാഹനങ്ങളുടെ പ്രത്യേകത.അതിസങ്കീർണമായ എയർ കൂൾഡ് എഞ്ചിനുകൾ കാര്യക്ഷമതയിൽ വാട്ടർ കൂൾഡ് എഞ്ചിനുകളേക്കാൾ വളരെ മുൻപന്തിയിൽ നിൽക്കും.ഇത്തരം എഞ്ചിനുകൾ ഇപ്പോഴും നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചുരുക്കം ചില കമ്പനികളിൽ പ്രമുഖരാണ് ടട്ര. യൂറോ 5 നിലവാരത്തിലുള്ള എയർ കൂൾഡ് എഞ്ചിൻ ലോകത്തിൽ ആദ്യമായി നിർമ്മിച്ചത് ടട്രയാണ്.
ചെക്ക് ട്രക്ക് റേസർ ആയിരുന്ന കാൾ ലോപ്രസ് ആണ് ടട്രയുടെ കീർത്തി വർദ്ധിപ്പിച്ച വേറൊരാൾ.1988നും 2001നും ഇടയ്ക്കുളള കാലത്ത് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഓഫ് റോഡ് റേസ് ആയി അറിയപ്പെടുന്ന ഡാക്കാർ റാലിയിൽ ടട്ര 815 ഓടിച്ച ലോപ്രസ് ആറുവട്ടം ജേതാവായി. ഡാക്കാർ റാലിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാവായ ഡ്രൈവറും ലോപ്രസാണ്.
2011ൽ DAF ട്രക്കുകളുടെ ഉടമസ്ഥരായ PACCAR ടട്രയുടെ 19% ഓഹരികൾ സ്വന്തമാക്കുകയുണ്ടായി.ഇടക്കാലത്ത് പ്രതാപം മങ്ങിത്തുടങ്ങിയ ടട്രയ്ക്ക് ഈ കൂട്ടുകെട്ട് പുത്തൻ ഉണർവ് നൽകി.യൂറോപ്പിലെ മുൻനിര ട്രക്ക് നിർമാതാക്കളായ DAF ടട്രയ്ക്ക് മികച്ച ക്യാബിനുകൾ നിർമിച്ച് നൽകി.അതോടൊപ്പം PACCAR സഹായത്തോടെ നിർമ്മിച്ച എഞ്ചിനും ഘടിപ്പിച്ചപ്പോൾ ടട്ര ഫിനിക്സ് എന്ന ഏറ്റവും പുതിയ ടട്ര ട്രക്ക് പുറത്തിറങ്ങി.ആധുനിക സൗകര്യങ്ങൾ കോർത്തിണക്കിയ ഫിനിക്സ് ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാൻ ശേഷിയുള്ളവയാണ്. DAF ട്രക്കുകളോടാണ് ഇവയ്ക്ക് സാദൃശ്യം.എന്നാൽ ടട്രയുടെ ഓഫ് റോഡിംഗ് സാങ്കേതികത ഇവയുടെ മികവാണ്.
കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യൻ കരസേനയ്ക്കൊപ്പം ചേർന്നവയാണ് ടട്ര ട്രക്കുകൾ.എന്നാൽ ഇന്ത്യയിൽ ടട്ര എന്ന പേരിലല്ല ഇവ നിർമിക്കപ്പെടുന്നത്.ടട്രയും ഇംഗ്ലണ്ടിലെ വെക്ട്ര ഗ്രൂപ്പുമായി ചേർന്ന് ടട്ര വെക്ട്ര മോട്ടോർസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിലെ ചുമതലക്കാർ.റഷ്യയിലെ കമാസ് ട്രക്കുകളും ഇവിടെ ഇറക്കുന്നത് ഇതേ കമ്പനിയാണ്.പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് ടട്ര വെക്ട്ര ട്രക്കുകൾ നിർമ്മിക്കുന്നത്. പ്രവാസി ഇന്ത്യക്കാരൻ രവി ഋഷിയുടെ ചെക്ക് റിപബ്ലിക്കിൽ പ്രവർത്തിക്കുന്ന വെക്ട്ര ഗ്ലോബൽ വഴി ഇന്ത്യയിൽ എത്തുന്ന സ്പെയർ പാർട്സുകൾ കൂട്ടിയോജിപ്പിച്ച് ഹോസൂരിലെ ബി ഇ എം എൽ പ്ലാന്റിൽ ടട്ര 815 816 എന്നീ രണ്ടു മോഡലുകളുടെ വിവിധ വേരിയന്റുകളാണ് ഇന്ത്യൻ സേനക്കുവേണ്ടി ഇവിടെ നിർമിക്കുന്നത്.
ടട്രയിൽ നിന്നും നേരിട്ട് സ്വീകരിക്കാവുന്ന പാർട്സുകൾ വെക്ട്ര ഗ്ലോബൽ എന്ന ഇടനിലക്കാർ വഴി ഇവിടെ ഇറക്കുമതി ചെയ്തതിൽ അഴിമതി ഉള്ളതാണ് വിവാദങ്ങൾക്ക് കാരണം.ഗുണനിലവാരം കുറഞ്ഞ പാർട്ട്സുകളാണ് ഈ കമ്പനി വഴി ഇറക്കുമതി ചെയ്തത് എന്നായിരുന്നു ആരോപണം.സമാന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രക്കുകൾ ഇതിന്റെ മൂന്നിലൊന്ന് വിലക്ക് നിർമിച്ച് നൽകാൻ ടാറ്റയും അശോക് ലെയ്ലാന്റുമൊക്കെ തയാറാണ്.
ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിവാദങ്ങളൊന്നും ടട്രയെ ബാധിക്കുന്നില്ല.പൂർവാധികം ശക്തിയോടെ നിരത്തുകളിൽ താരമാകാൻ ടട്ര കുതിക്കുകയാണ്.പാസഞ്ചർ കാർ നിർമാണ രംഗത്തേയ്ക്ക് മടങ്ങിവരാൻ ടട്രയ്ക്ക് പദ്ധതിയുണ്ട്.ഒരുകാലത്ത് ടട്രയുടെ പേരുകേട്ട മോഡലുകളായ ടട്രപ്ലാൻ,T 603 എന്നിവയെ പുതുക്കി വിപണിയിൽ എത്തിക്കാനാണ് ആലോചന.
കടപ്പാട് – തോമസ് സെബാസ്റ്റ്യൻ (ചരിത്രാന്വേഷികൾ).