കുറിഞ്ഞി പൂത്ത കോട്ടഗുഡിയിലെ കൊതിപ്പിക്കുന്ന കാനനകാഴ്ചകൾ..

മനോഹരമായ ഈ യാത്രാവിവരണം എഴുതി തയ്യാറാക്കിയത് – Rinaz Bin Sathar.

യാത്രികൻ ആലപ്പുഴ യൂണിറ്റിന്റെ കോട്ടഗുഡി ക്ലൌഡ് ഫാം ക്യാമ്പിംഗ് അന്നൌൻസ് ചെയ്തപ്പോഴേ ഉറപ്പിച്ചതായിരുന്നു, ഇത് മിസ്സ്‌ ആക്കാൻ പാടില്ല എന്ന്. കക്കാടം പോയിൽ ക്യാമ്പ്‌ അടിച്ചു പൊളിച്ച ശേഷം കൊളുക്കുമല മിസ്സ്‌ ആയതും ഇത്തവണത്തെ ക്യാമ്പ്‌ ക്‌ളൗഡ്‌ ഫാർമിൽ ആയതും തന്നെ ആണ് മിസ്സ്‌ ആക്കില്ല എന്ന് ഉറപ്പിക്കാൻ കാരണം. പണ്ടൊക്കെ ചങ്ക് ദോസ്ത് ഷിന്റിൽ എവിടെ പോവുമ്പോഴും മ്മളെ കൂടെ കൂട്ടുവായിരുന്നു.. കെട്ടി കഴിഞ്ഞേ പിന്നെ ചെക്കന് പൊണ്ടാട്ടി മതി… മ്മൾ ഔട്ട്‌.. ഇത് ഞാൻ ഒരു പരാതി രൂപത്തിൽ പറഞ്ഞതു കൊണ്ടോ അവന് തന്നെ സ്വയം തോന്നിയത് കൊണ്ടോ മറ്റോ ഇത്തവണ ഞാൻ പോലും അറിയാതെ എനിക്കുള്ള ട്രെയിൻ ടിക്കറ്റ് വരെ റിസർവേഷൻ ചെയ്തു വെച്ചിരുന്നു മ്മളെ മുത്ത്..

ജനുവരി 7ന് രാവിലെ കായംകുളം വെച്ച് റൈഡ് തുടങ്ങാൻ ആയിരുന്നു പ്ലാൻ.. തലേന്ന് വൈകിട്ടത്തെ മാവേലിക്ക്‌ ആണ് യാത്ര.. ഞാൻ കണ്ണൂർ നിന്നും കയറണം ഷിന്റിലും പൊണ്ടാട്ടി ജിൻസിയും തലശ്ശേരിയിൽ നിന്നും കയറും.. സ്റ്റേഷനിൽ കുറച്ചു നേരത്തെ എത്തിയത് കൊണ്ട് ആദ്യം കിട്ടിയ ട്രെയിൻ തലശ്ശേരിക്ക്‌ വിട്ടു, അവിടെ ചെന്ന് സ്വസ്ഥമായി അവരെ കാത്തിരിക്കാൻ ആയിരന്നു പ്ലാൻ. എത്താറായപ്പോഴാണ് ഷിന്റിലിന്റെ കോൾ, ഒരു മരുന്ന് മേടിക്കാൻ, അതും തപ്പി മെഡിക്കൽ ഷോപ് വരെയും തിരിച്ചും ആയി 3 കിമി നടന്നു. മുന്നാർ എത്തുന്നതിനു മുന്നേ ട്രെക്കിംഗ് തുടങ്ങി. സ്റ്റേഷനിൽ ഇട്ട് എന്നെ കളിപ്പിച്ച അവരെയും കണ്ട്‌ പിടിച്ച് ട്രെയിൻ കേറി.. അപ്പൊഴാണ് ഷിന്റിൽ മോൻ എനിക്കിട്ട് പണിത വിവരം ഞാൻ അറിയുന്നത്. അവർ രണ്ട് പേര്ടെയും സീറ്റ്‌ ഒന്നിച്ച് ഒരു ബോഗിയിൽ എന്റെ സീറ്റ്‌ 3 ബോഗി അപ്പുറത്ത്. കട്ടുറുമ്പിനെ നൈസ് ആയിട്ട് ഒഴിവാക്കി. എന്നാലും എന്നാൽ ആവും വിതം അവരെ വെറുപ്പിച്ച ശേഷം ആണ് ഞാൻ ന്റെ സീറ്റിലേക്ക്‌ പോയത്. മലപ്പുറത്ത് നിന്നും ട്രെയിനിൽ കയറാം എന്ന് ഏറ്റ സാബി വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല.

 

അത് പറഞ്ഞപ്പൊഴാ ഓർത്തെ, ഇതുവരെ വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു ചങ്ക് ചെങ്ങായി ആണ് സാബി. യാത്രികന്റെ ഒറ്റ ഇവന്റിലും പങ്കെടുക്കാൻ സാധിക്കാത്ത ഹതഭാഗ്യനായ യാത്രികൻ മലപ്പുറം യൂണിറ്റ് അഡ്മിൻ. അങ്ങനെ ഇരുന്നും കിടന്നും കുറച്ചൊന്ന്‌ ഉറങ്ങിയും പുലർച്ചെ കായംകുളം എത്തി. ആരുടെയോ ഭാഗ്യത്തിന് കിരൺ ഇത്തവണ ഉറങ്ങി പോയില്ല, സമയത്തിന് തന്നെ സ്റ്റേഷനിൽ എത്തി നമ്മളെ പൊക്കി വിട്ടു, പോകുന്ന വഴി നമ്മളെ പോലീസ് മാമൻ വിഷ്ണു ഏട്ടനെയും ഒന്ന് കണ്ടു, ഇത്തവണ ആശാനും ഉണ്ട് ട്രിപ്പിന്. സാധാരണ ദൂരെ നിന്നും വീട് ചൂണ്ടി കാണിച്ചു തരുന്ന കിരൺ പതിവിന് വിപരീതമായി നേരെ വീട്ടിലേക്കാണ് നമ്മളെ കൊണ്ട് പോയത്, നേരം വെളുക്കും മുൻപേ തന്നെ ചപ്പാത്തിയും താറാമുട്ടയും ചിക്കൻ ഫ്രൈയും. വിശപ്പ്‌ കാരണം നേരം നോകാതെ മൂകറ്റം തട്ടി. വീട്ടുകാരോട് യാത്രയും പറഞ്ഞ് നാല് പേരും കാറിൽ ഗോകുലം ഗ്രൗണ്ടിലേക്ക് വിട്ടു.

ആലപ്പുഴ യൂണിറ്റിന്റെ കഴിഞ്ഞ റൈഡിൽ ഉണ്ടായിരുന്ന മിക്കവരും ഇത്തവണയും ഉണ്ട്, എല്ലാവരും പതിവിലും നേരത്തെ തന്നെ ഗ്രൗണ്ടിൽ ഹാജർ. എല്ലാവരും കൂടി ഫ്ലെക്സ് പിടിച്ച് 3 ഫോട്ടോം പിടിച്ച് റൈഡിന് കൊടി വീശി.
നമ്മൾ മൂവരും ഡ്രൈവിംഗ് സീറ്റിൽ വിഷ്ണു ഏട്ടനും ആയി കാറും ബാക്കി ചെങ്ങായിമാരൊക്കെ ബൈക്കിലും ആയി വിട്ടു, പല സ്ഥലത്ത് നിന്നായി പലരും കൂടെ കൂടാൻ ഉണ്ട്, എല്ലാവരെയും അപ്പപ്പോ അപ്ഡേറ്റ് ചെയ്തു കൊണ്ടേ ഇരുന്നു.. തൊടുപുഴ വരെ അങ്ങനെ പോയി ഇടയിൽ വെച്ച് ചിലർ കൂടെ കൂടി. പെട്ടെന്ന് ഷിന്റി മോനും ജിന്സി മോൾക്കും അവിടുന്ന് അങ്ങോട്ട്‌ ബൈക്കിൽ പോവാൻ ആഗ്രഹം. പാവം അജയ്നെയും വിപിനെയും കാറിൽ തട്ടി ബുള്ളറ്റും കൊണ്ട് അവർ വിട്ടു. കാർ ആയതു കൊണ്ടും നല്ല ബ്ലോക്ക്‌ ഉണ്ടായത് കൊണ്ടും, ഇതിന് മുന്നേ 18 പ്രാവശ്യം മൂന്നാർ പോയിട്ടും അങ്ങോട്ടെക്കുള്ള റോഡിനെ പറ്റി ഒരു ധാരണയും ഇല്ലാത്ത വിഷ്ണു ഏട്ടൻ ഡ്രൈവർ ആയത് കൊണ്ടും നമ്മൾ കുറച്ചു പിന്നിൽ ആയിപ്പോയി. പിന്നെ ബൈക്കിന്റെ ഒന്നും അഡ്രസ്സ് ഇല്ലായിരുന്നു.. നമ്മൾ അങ്ങനെ പാട്ടും പാടി നമ്മളോടൊപ്പം ബുള്ളറ്റും കൊണ്ട് പിന്നിലായിപോയ അനൂപ്‌ ചേട്ടനെയും പിന്നാലെ കൂട്ടി മൂന്നാർ വരെ ഓടി..

എല്ലാ ഭാഗത്ത് നിന്നും ആയി മുൻപരിചയം ഉള്ളവരും പുതുമുഖങ്ങളും പിന്നെ മ്മളെ സാബിയും ഒക്കെ അവിടെ എത്തി നമ്മളെയും കാത്തിരിപ്പായിരുന്നു. ആദ്യ കൂടിക്കാഴ്ച്ച ആണേലും എന്നെ രണ്ട് വട്ടം പറ്റിച്ച സാബിയെ ഞാൻ അപ്പൊ മൈൻഡ് ചെയ്തില്ല. മൂന്നാർ നിന്നും എല്ലാവരും ഒന്നിച്ച് നേരെ യെല്ലപ്പെട്ടി പിടിച്ചു, അവിടെ നിന്നാണ് നമ്മടെ ട്രിപ്പിന്റെ ശെരിയായ തുടക്കം. യെല്ലപ്പെട്ടിയിൽ നമ്മടെ ക്യാമ്പ്‌ മൊയലാളിമാരായ അരുണും അമലും നമ്മളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു. ഇനി അങ്ങോട്ട്‌ ഇത്തിരി നടത്തവും കുറച്ച് കാട് കയറ്റവും ആണ്, ബാഗ് അരുണിന്റെ ജീപ്പിൽ ഇട്ട് രണ്ട് പോക്കറ്റിലും ഓരോ കുപ്പി വെള്ളവും കുത്തി കയറ്റി നടത്തം തുടങ്ങി.

കുറച്ചു ദൂരം തേയില തോട്ടത്തിന് ഇടയിലൂടെ നടന്ന ശേഷം കാട്ടു പാത തുടങ്ങുന്നിടത്ത് നമ്മളെയും കാത്തു ജീപ്പ് നില്പ്പുണ്ട്. കയറ്റി കൊണ്ട് പോവാനല്ല. കയറ്റി വിട്ട ലഗേജ് തിരികെ തരാൻ. അങ്ങനെ കാട് കയറ്റം തുടങ്ങി, അടിപൊളി കാട്. മോശമില്ലാത്ത കയറ്റവും ഉണ്ട്, അട്ട ഇല്ലായിരുന്നു എങ്കിലും കൂട്ടത്തിൽ പലരും അട്ടയെ തോല്പ്പിക്കും വിധം ഇഴഞ്ഞാണ് കയറ്റം. ഇഴയലിലും താൻ തന്നെ മുടുക്കൻ എന്ന് സാബി തെളിയിച്ചു. നടന്നും തൂങ്ങിയും വലിഞ്ഞും, അട്ടകളെ വലിച്ചും ഒക്കെ ഒരുവിധം മുകളിൽ എത്തി, നമ്മളെ എതിരേറ്റത് മലമുകളിലെ മലയിടുക്കിൽ വിശാലമായി തുറന്നിട്ട ആകാശത്തോട് പുറം തിരിഞ്ഞ് നില്കുന്ന ഒരു പഴകിയ മരത്തടിയിൽ തൂങ്ങി കിടക്കുന്ന ചില്ലകൾ കൊണ്ട് നെയ്ത ക്‌ളൗഡ്‌ ഫാം എന്ന കലാവിരുത് ആയിരുന്നു. അവിടെ തന്നെ വിശ്രമവും പടം പിടിത്തവും തിടങ്ങി. ഇനി ഒന്ന് ക്യാമ്പിൽ സെറ്റിൽ ആവണം.

ചില്ലകൾ കൊണ്ട് ഭംഗിയായി വേലി തീർത്ത നടവഴി, പല ഭാഗങ്ങളിലായി നിലം ചെത്തി നിരപ്പാക്കി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്, താഴോട്ട് ഇറങ്ങാൻ അല്പം വൈകിയത് കൊണ്ട് തന്നെ ഉയർന്ന ഭാഗങ്ങളിലെ ഒറ്റയായായ ടെന്റുകൾ ഒക്കെ ആൺപിള്ളേർ കൊണ്ട് പോയിരുന്നു, താഴെ ക്യാമ്പ്‌ ഫയറിനും ഭക്ഷണത്തിനുമായി ഒരുക്കിയ ഷെഡിൽ നിന്ന് ചായ റെടി ആയിരുന്നു, ഷെഡിനോട് ചേർന്ന് കപ്പിൾസിനുള്ള ടെന്റുകൾ.. പിന്നേം മുന്നോട്ട് പോയപ്പൊഴാണ് മനസ്സിലായത് അലമ്പന്മാർക്ക് പ്രത്യേക ടെന്റുകൾ ഉണ്ടെന്ന്.. ഒന്നും നോക്കിയില്ല ഒത്ത നടുക്കുള്ള ടെന്റിൽ തന്നെ കയറി കൂടി. അപ്പോഴേക്കും നല്ല കോടയും കൂടെ നല്ല തണുപ്പും കയറി തുടങ്ങിയിരുന്നു, പെട്ടെന്ന് ബാഗും വെച്ച് ഡ്രെസ്സും മാറി ഇറങ്ങി. സൺ‌ സെറ്റ് കാണാൺ പറ്റിയ അടിപൊളി വ്യു പോയിന്റ്‌ ഉണ്ട് മേലെ, അങ്ങോട്ട്‌ പോണം. സമയവും വൈകി, എല്ലാരേം പെട്ടെന്ന് ഇറക്കി ക്യാമ്പിന്റെ മുകളിൽ എത്തി, ഇടത്തോട്ടും വലത്തോട്ടും വ്യൂ പോയിന്റുകളിലേക്കുള്ള വഴികൾ, അസ്തമയം കാണാൺ അനുയോജ്യമായ പോയിന്റിലേക്ക് കയറി തുടങ്ങി.

ഇടുങ്ങിയ വഴി, ഇരുവശത്തും ആൾ ഉയരത്തിൽ ഇടതൂർന്ന ചെടികൾ, കുന്നിന്റെ നല്ല ചെരിവുള്ള ഭാഗത്ത്‌ കൂടി ആണ് വഴി, ഒരു വശത്ത് നല്ല താഴ്ചയുള്ള ചെരിവ് തന്നെ ആണെങ്കിലും ചുറ്റുമുള്ള കാഴ്‌ചകളിൽ മാത്രം ആയിരുന്നു ഏവരുടെയും ശ്രദ്ധ, പക്ഷേ പൂര്ണമായി സന്തോഷിക്കാൻ പറ്റിയില്ല, വൈകി വന്ന നമ്മളെ കാത്തു നിക്കാതെ സുര്യൻ മുങ്ങി, മങ്ങിയ വെളിച്ചത്തിൽ കോട ഇരച്ചു കയറുന്ന കാഴ്ച കണ്ണും ശരീരവും കുളിർക്കെ കണ്ടു, കുറച്ച് ഇരുട്ടും വരെ അവിടെ തങ്ങി, ഇരുട്ടിൽ മൊബൈലും ക്യാമറയും തലങ്ങും വിളങ്ങും ഫ്ലാഷ് അടിച്ച ശേഷം ഇരുട്ടിനെ കൂട്ട് പിടിച്ച് ക്യാമ്പിലേക്ക് മടങ്ങി. വൈകി എത്തിയ യാത്രികൻ മൊയലാളിയെയും തിരുവനന്തപുരത്ത്ന്നുള്ള മൂന്ന് പേരെയും മുകളിൽ എത്തിക്കാനുള്ള അകമ്പടിയെ അമലും അരുണും ഒരുക്കിയിരുന്നു. നന്നായിട്ട് തണുപ്പും പിടിച്ച് വന്ന നമ്മളേം കാത്ത് ഷെഡിൽ വിറകുകൾ കത്തി തുടങ്ങിയിരുന്നു, എല്ലാവരും തീയുടെ ചുറ്റും കൂടി പരസ്പരം വിശദമായ പരിചയപ്പെടൽ തുടങ്ങി പുട്ടിനു തേങ്ങ ഇടുന്ന പോലെ ഞാനും മാമനും ചളി അടിച്ച് കൊണ്ടേ ഇരുന്നു.

“അതേ, ഈ മാമൻ ആരാന്ന് പറയാം, ആൾ ത്രിശൂർ കാരനാണ്, ആലപ്പുഴ യൂണിറ്റിന്റെ കഴിഞ്ഞ ഇല്ലിക്കൽ കല്ല് റൈഡിൽ അങ്ങേർടെ പെങ്ങള്ടെ രണ്ട് പെൺകുട്ടികൾക്ക്‌ എസ്കോർട്ട് വന്നതായിരുന്നു, റൈഡും കഴിഞ്ഞ് മക്കൾ പോയെങ്കിലും മാമൻ നമ്മടെ കൂടെ അങ്ങ് കൂടി, ഇത് മാമന്റെ മൂന്നാമത്തെ റൈഡ് ആണ്, അടുത്ത റൈഡിലേക്കുള്ള ഫീയും അടച്ചിട്ടുണ്ട്”. മിക്കവരും പുതുമുഖങ്ങൾ ആയതു കൊണ്ട് തന്നെ പരിചയപ്പെടൽ ഇത്തിരി നീണ്ടു, എല്ലാവർക്കും യാത്രികനെ വിശദമായി പരിചയപ്പെടുത്തി കൊടുത്തു, പരിചയപ്പെടൽ സംസാരം ആയി മാറി, ഞാൻ സാബിയെ കൊണ്ട് കൂട്ടത്തിൽ എനിക്ക് മാത്രം അറിയുന്ന അവന്റെ കിടിലൻ ലവ് സ്റ്റോറി പറയിപ്പിച്ചു,
കിടിലൻ എന്ന് വെറുതെ പറഞ്ഞെ അല്ല ട്ടാ… “എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് പ്രേമം വീട്ടിൽ പിടിച്ച് സീൻ ആയപ്പോൾ ഓന്റെ ബാപ്പ കാര്യായിട്ട് വേറെ പെണ്ണിനെ ഒക്കെ തപ്പി പിടിച്ച് കല്യാണം കഴിപ്പിച്ചതാ,, രോഗി ഇച്ഛിച്ചതും ബാപ്പ കല്പിച്ചതും ഒരാൾ തന്നെ ആയിരുന്നുന്ന്‌ ബാപ്പ പിന്നീട് കല്യാണ ശേഷാണ് അറിഞ്ഞത്, ബാപ്പാക്ക് പറ്റിയ അബദ്ധത്തിൽ സാബിക്ക് അടിച്ച ലോട്ടറി ആണ് അവന്റെ ലവ് സ്റ്റോറി.

ഷിന്റു മോന്റേം ജിന്സി മോൾടേം കഥ ഞാൻ തന്നെ പറഞ്ഞു “പണ്ടെങ്ങാണ്ട് ട്രെയ്നിൽ വെച്ച് കണ്ട പരിചയോം ഭാവിച്ച് പെങ്ങളാണ് പുണ്ണാക്കാണ് പറഞ്ഞ് യാത്രകളിൽ കൂടെ കൂട്ടി. യാത്രകളെയും സ്നേഹിച്ച് ഇടയിൽ എപ്പോഴോ തമ്മിലും സ്നേഹിച്ച അവർ വിവാഹിതരായി. കൂടെ നടന്ന ഞാൻ ഉറുമ്പ്‌ ആയി. അങ്ങനെ കഥയും പറഞ്ഞ് കൊണ്ടിരിക്കെ വൈകി വന്ന വസന്തം പോലെ മൊയലാളിയും ടീമും വിനോദ് ഏട്ടനും അനീഷേട്ടനും ഭാര്യയും കൂടെ മൊയലാളി കൊണ്ടുവന്ന ഗിറ്റാർ ഏന്തിയ ഒരു കൊച്ചു മനുഷ്യൻ ദേവാനന്ദ്. അവനാണ് നുമ്മ പറഞ്ഞ വസന്തം.

തണുപ്പ് അകറ്റാൻ ഇട്ട തീയിൽ ഇട്ട് തന്നെ അമൽ ചപ്പാത്തി ഉണ്ടാക്കി. കോഴിക്കറിയും ദാലും കൂട്ടി എല്ലാരും മട മാടാന്ന് അടിച്ചു, ഒരു ഗോംബെറ്റീഷൻ ആയിരുന്നേൽ ഗുപ്പ് എനിക്ക് തന്നെ കിട്ടിയേനെ. ഭക്ഷണ ശേഷം ദേവാനന്ദ് ഗിറ്റാർ എടുത്ത്‌ പൂശി, അവൻ കൂടെ മൂളി തുടങ്ങിയപ്പോഴാണ് അറിഞ്ഞത്, ഗിറ്റാറിന് മാത്രമല്ല അവനും നല്ല രാഗം ആണെന്ന്, നന്നായിട്ട് പാടികൊണ്ടിരുന്ന അവനെ കൊണ്ട് അതിക നേരം സ്വസ്ഥനായി പാഠിച്ചില്ല നമ്മളെ കിരണും കാക്കിക്കുള്ളിലെ കലാകാരനും, ഒട്ടും വൈകാതെ എല്ലാരും കൂടെ കൂടി ഒരു ഗാനമേള തന്നെ നടത്തി.

കച്ചേരി കഴിഞ്ഞുള്ള ഇരിപ്പിൽ ചുമ്മാ ഒന്ന് ചോതിച്ചതാ നമ്മക്ക് അന്ധാക്ഷരി കളിച്ചാലോന്ന്, കളി നീണ്ട് ഇന്ത്യ പാക് യുദ്ധം പോലെ ആവും എന്ന് ആരും കരുതിയില്ല, ഉറക്കം വന്നവർ വന്നവർ എഴുന്നേറ്റു പോയി, ജിൻസി യുദ്ധത്തിൽ മുഴുകിയ കാരണം ഉറക്കം വന്ന ഷിന്റിൽ തൂങ്ങി കൊണ്ട് പൊരുതി, പാതിരാത്രി ആയിട്ടും നമ്മൾ യുദ്ധം നിർത്തിയില്ല, അവസാനം വേറെ രക്ഷയില്ലാതെ ആരും തോൽക്കാതെ കളി കോംപ്രമൈസ് ആക്കി. ദേവനെ കൊണ്ട് മൂന്നാലു പാട്ട് കൂടി പാടിപ്പിച്ച ശേഷം എല്ലാരും ഓരോ സ്ലീപിംഗ് ബാഗും കൈക്കലാക്കി ടെന്റിൽ കയറി.
അലമ്പന്മാർ, അതായത് ഞാൻ, സാബി, വിഭീഷ്, കിരൺ, അജയ്, ഷമീർ വിപിൻ ഒക്കെ കുറച്ചു കൂടി അലംബ് ആക്കിയ ശേഷം ആണ് കേറി കിടന്നത്. ഞാനും സാബിയും മാമനും ട്ടിനോയും ട്ടിറ്റോയും ഒന്നിച്ച് ആയിരുന്നു, നാല് പേരും സുഖമായിട്ട് ഒറങ്ങി, അമിതാബ് ബച്ചന്റെ ഉയരം ഉള്ളത് കൊണ്ട് തന്നെ തല സ്ലീപിംഗ് ബാഗിന്റെ പുറത്തായ ഞാൻ രാവിലെ വരെ തണുപ്പ് നന്നായിട്ട് അറിഞ്ഞു.

ആന കാലിൽ പിടിച്ചു കുടഞ്ഞപ്പോഴാണ് രാവിലെ ഉറക്കിന്ന് ഞെട്ടിയെ, കണ്ണ് തുറന്നപ്പോ കള്ള തെണ്ടികൾ ഷിന്റിലും കിരണും, സൺറൈസ് കാണാൺ പോവാൻ, ഇത്തവണ ഇടത്തോട്ടുള്ള കയറ്റം ആണ് കയറിയത്, കയറാൻ ഇത്തിരി പണിപെട്ടു, എങ്കിലും കാട്ടിലൂടെയും, 6000 അടി ഉയരത്തിൽ മാത്രം വിരിയുന്ന നേപാളിന്റെ ദേശീയ പുഷ്പമായ റോഡോ ഡെൻഡ്രോണിന്റെയും, പൂത്തു നിരന്ന നീല കുറുഞ്ഞിയുടെയും വർണ്ണം വിതറിയ മറ്റു പല പൂക്കളുടെയും മുകളിൽ വീണുകിടന്ന മഞ്ഞ് തുള്ളികളുടെ കുളിരിൽ ക്ഷീണം അറിഞ്ഞില്ല. തലേ ദിവസം പറ്റിയ അബദ്ധം ആവർത്തിക്കാതിരിക്കാൻ കുറച്ചു നേരത്തെ തന്നെ ഹിൽ ടോപ്പിൽ എത്തി, സൂര്യനെ കാത്തിരുന്നു, സ്ഥിരമായി റെയിൽവേ സ്റ്റേഷനിൽ കേൾക്കുന്ന ‘പ്രഭാതത്തിൻ പൊൻ കിരണമായി’ എന്ന വരികൾ ഓർമിപ്പിക്കും വിധം, കൊട്ടഗുഡി മലനിരകൾക്ക് പൊൻ തിളക്കം നൽകി കൊണ്ട് ഉദിച്ചു വന്ന സുര്യനെ, പൂർണ രൂപനായി കൺ ചിമ്മും വിധം കത്തും വരെ ഇമ വെട്ടാതെ നോക്കിയും മൊബൈലിൽ പകർത്തിയും ഇരുന്നു, പ്രഭാദത്തെ എല്ലാരും മതിവരുവോളം ആസ്വതിച്ചു, എല്ലാവരും നാനാഭാഗത്ത് നിരന്ന് ഫോട്ടോ എടുപ്പും നടക്കുന്നുണ്ട്, ബാനർ പിടിച്ച് ഗ്രൂപ്പ്‌ ഫോട്ടോസും എടുത്ത്‌ മല ഇറങ്ങി, ഉറങ്ങി എണീക്കാൻ വൈകിയ സിജോ ഏട്ടനൊക്കെ ടെന്റിൽ ഇരുന്ന് തന്നെ സൂര്യോദയം കണ്ടു,

2 ടോയ്ലറ്റും 28 പേരും… ബാക്കി പറയേണ്ടല്ലോ. ഒരുങ്ങി ഇറങ്ങിയ ശേഷം പൂരിയും ബാജിയും കഴിച്ച് കഥയും പറഞ്ഞ് ഇരുന്നു, ദേവന്റെ പാട്ട് കേട്ടാണ് എണീറ്റത്, പാടിയ പാട്ടൊക്കെ ആവർത്തിപ്പിച്ചു, അങ്ങനെ ഒക്കെ കൂടി ആയപ്പൊ മോർണിംഗ് കളർഫുൾ ആയി. അടുത്ത ട്രെക്കിങ്ങിനായി ഒരുങ്ങി. നിരന്നു നിന്നവർക്ക്‌ അമൽ മുന്നിൽ നിന്ന് നിർദേശങ്ങൾ നൽകി, നിർദേശങ്ങളിൽ അമലിന്റെ പ്രകൃതി സ്നേഹം നിറഞ്ഞിരുന്നു, കൊടും കാട്ടിലൂടെ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ചെരുവുകളും കൂറ്റൻ പാറക്കെട്ടുകളും കൊക്കകളും താണ്ടി ക്കൊണ്ടായിരുന്നു നടത്തം, കാലത്ത് മഞ്ഞിൽ കുതിർന്നു നിന്ന പൂക്കൾ എല്ലാം ഇപ്പോൾ വെയിലേറ്റ് തനി നിറം പുറത്ത് എടുത്ത് നമ്മെ വരവേറ്റെങ്കിലും പലയിടത്തും മുൾച്ചെടികൾ നമ്മളെ പിന്നോട്ടു വലിച്ച് നമ്മുടെ കടന്നു കയറ്റത്തിൽ അനിഷ്ടം പ്രകടിപ്പിച്ചു, എങ്കിലും യാത്രികർക്ക് അതൊരു തടസ്സമേ ആയിരുന്നില്ല.

വള്ളികളും വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ കാടിന്റെ നടുവിൽ വെച്ച് എതിർ ദിശയിൽ നിന്നും യാത്രാ സ്നേഹികൾ ആയ ഒരു പറ്റം പെൺ പടയും 2 മദാമ്മമാരും നമ്മളെ എതിരേറ്റു, അവർക്ക് കടന്ന് പോകാൻ പാകത്തിൽ വഴി ഒരുക്കി കൊടുത്ത ശേഷം അവർക്ക് ടാറ്റയും പറഞ്ഞ് നമ്മൾ മുന്നോട്ട് വെച്ചു പിടിച്ചു. പാതയുടെ മിക്ക ഭാഗങ്ങളിലും നമ്മുടെ സിജോ ചേട്ടൻ പറഞ്ഞത് പോലെ ഒരു കാല് തമിഴ്നാട്ടിലും മറ്റേ കാല് മ്മടെ കേരളത്തിലും കുത്തി ആയിരുന്നു നടപ്പ്. വേലി കെട്ടി വേർതിരിച്ച ഒരു പ്രദേശത്തു വെച്ച് തമിഴ്നാട്ടിലേക്ക് ന്റെ അണക്കെട്ട് തുറന്ന് വിട്ട് മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിലെ എന്റെ പ്രതിഷേധം അറിയിച്ചു. അത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് ആരോ മധുരം വിതരണം ചെയ്തു, ഹോം മെയിഡ് ചോക്ലേറ്റ്. അതും തട്ടി തളർന്നു കൊണ്ടിരുന്ന സാബിയെയും തള്ളി ഏറ്റവും പിന്നിലായി നടന്നു. കണ്ണിൽ കണ്ട ഓരോ നുള്ള് പ്ലാസ്റ്റിക്കും പെറുക്കി എടുത്ത്‌ കയ്യിൽ കരുതിയ കൂടിൽ ശേഖരിച്ച അമൽ പ്രകൃതി സ്നേഹം വാക്കുകളിൽ മാത്രമല്ല എന്ന് തെളിയിച്ചു.

ഏതാണ്ട് 6 കിലോ മീറ്ററോളം കാടും മലയും കയറിയ നമ്മൾ ചെന്ന് ഇറങ്ങിയത് മല ഇടുക്കുകളിൽ പച്ച പരവതാനി വിരിച്ച പോലെ പറന്നു കിടന്ന തേയില തോട്ടത്തിൽ ആയിരുന്നു, പച്ചപ്പിന്റെ സുഖം പകർന്ന ഇളം കാറ്റും കൊണ്ട് ഒരു ചെറിയ വിശ്രമ ശേഷം തേയില ചെടികളും തൊട്ട് തലോടി കഥയും പറഞ്ഞ് ക്യാമ്പിന്റെ അവസാന നിമിഷങ്ങളിലേക്ക് നീങ്ങി. വീണ്ടുമൊരു 2 കിലോമീറ്റർ നടത്തത്തിന് ഒടുവിൽ നമ്മൾ ചെന്ന്‌ കയറിയത് മുന്നാർ ടോപ്‌ സ്റ്റേഷനിൽ ആയിരുന്നു, റോഡരികിലെ ചെറിയ പെട്ടിക്കടകളിൽ നിന്ന് നാരങ്ങയും മധുര പലഹാരങ്ങളും വാങ്ങി എല്ലാവരും തമ്മിൽ പങ്കിട്ടു കഴിച്ചു. യാത്രികർ യാത്രികൻ കുടുംബത്തിലെ അംഗങ്ങൾ ആയി കഴിഞ്ഞിരുന്നു.

ടോപ്‌ സ്റ്റേഷനിലേക്ക് അരുൺ ജീപ്പുമായി എത്തിയിരുന്നു, പരമാവതി ആൾക്കാരെ അതിൽ കുത്തി നിറച്ചു ഞാനും ഷിന്റിലും ആൽബിയും പിറകിൽ തൂങ്ങി യെല്ലപെട്ടി വരെ പോയി, ശേഷം കാറിലും ബൈക്കിലും ഒക്കെ ആയി എല്ലാവരെയും തിരിച്ച് എത്തിച്ചു. തേയിലയുടെ മണവും ശ്വസിച്ച് ഓരോ കട്ടനും അടിച്ച് അല്പ നേരത്തെ വിശ്രമം. ദേവന്റെ 3 പാട്ടോടെ ക്യാമ്പിന്റെ കൊടി ഇറങ്ങി. അടുത്ത ട്രിപ്പിൾ കാണാം എന്ന് ആശംസിച്ച് എല്ലാവരും ഔദ്യോകികമായി യാത്ര പറഞ്ഞു പിരിഞ്ഞു എങ്കിലും മുന്നാർ ബസ്‌ സ്റ്റേഷൻ വരെ തമ്മിൽ കണ്ടും മിണ്ടിയും വഴിയോരത്ത് വെച്ച് ബിരിയാണി കഴിച്ചും ആണ് നമ്മൾ പിരിഞ്ഞത്.

ഞാനും സാബിയും ഷിന്റിലും ജിൻസിയും മുന്നാർ നിന്ന് കൊച്ചിയിലേക്ക് ബസ്‌ കയറി, മുൻ സീറ്റിൽ ഷിന്റിലും ജിൻസിയും തോൾ ചേർന്ന് ഉറങ്ങി. പിന്നിൽ ഇരുന്ന് ഉറക്കം തൂങ്ങിയ സാബിയെ കണ്ണ് അടക്കാൻ വിടാതെ ഞാൻ വെറുപ്പിച്ചു കൊണ്ടേ ഇരുന്നു. കൊച്ചി ടൂ കാസര്ഗോഡ് KSRTC ബസിൽ സീറ്റ്‌ കിട്ടി. നന്നായിട്ട് ഉറങ്ങി. സാബി കോഴിക്കോടും ഷിന്റിലും പൊണ്ടാട്ടിയും തലശ്ശേരിയിലും ഞാൻ തളിപ്പറമ്പിലും ഇറങ്ങി. ഒരു ബൈക്കിൽ ലിഫ്റ്റ് അടിച്ച്  പുലർച്ചെ 5:30 മണിക്ക് വീട്ടിൽ എത്തി, സുഖമായി ഉറങ്ങി. ഇനി അടുത്ത യാത്രയിലേക്കുള്ള കാത്തിരിപ്പ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply