യാത്രികർ അറിഞ്ഞിരിക്കേണ്ടുന്ന പ്രധാനപ്പെട്ട പത്ത് മൊബൈൽ ആപ്ളിക്കേഷനുകൾ . ഏതൊരുവൻ യാത്രികർക്ക് വേണ്ടുന്ന അറിവുകൾ പകർന്ന് നൽകുന്നുവോ, അവനെ നാം കപ്പ നൽകി അനുഗ്രഹിക്കുന്നതായിരിക്കും.” (വിശുദ്ധ ബാലമംഗളം 30:27).
കുഞ്ഞാടുകളെ, യാത്രികർ അറിഞ്ഞിരിക്കേണ്ട പ്രധാന മൊബൈൽ ആപ്ളിക്കേഷനുകളെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച നടത്താൻ പോകുന്നത്. ഏറ്റവും ഗുണകരമായ പത്ത് മൊബൈൽ ആപ്ളിക്കേഷനുകളാണ് പൊതുവായി പരിചയപ്പെടുത്തുക.
1. ട്രിപ്പ് അഡ്വൈസർ: ഏതൊരു യാത്രികനും ഗുണകരമായ ആപ്പ് ആണിത്. പോകുന്ന സ്ഥലങ്ങളെക്കുറിച്ച് മുൻധാരണ ഉണ്ടാക്കുവാനും സമീപത്തുള്ള ഹോട്ടൽ, പ്രധാന സ്ഥലങ്ങൾ, ഭക്ഷണം, ആശുപത്രികൾ, തുടങ്ങിയ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ എല്ലാത്തിനേക്കുറിച്ചും വൺ ലൈൻ റിവ്യൂ ലഭിക്കുവാനും ഹോട്ടൽ ബുക്ക് ചെയ്യുവാനും, അതിനെ റിവ്യൂ ചെയ്യുവാനുമുള്ള സൗകര്യം ഈ ആപ്പിൽ ലഭ്യമാണ്.
2. ഓയോ റൂംസ് _ OYO ROOMS : ഹോട്ടൽറൂമുകൾക്ക് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഏറ്റവും നല്ല ഹോട്ടലിൽ, ഏറ്റവും മിതമായ നിരക്കിൽ മുറികൾ ലഭ്യമാകുവാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ധാരാളം ഓഫറുകളും ഇവർ നൽകുന്നുണ്ട്. മിക്ക ഹോട്ടലുകളുമായും ടൈ – അപ്പ് നടത്തിയിരിക്കുന്നതിനാൽ ഓയോ വഴി ബുക്ക് ചെയ്താൽ നല്ലൊരു തുക ലാഭിക്കുമെന്ന് ഉറപ്പാണ്. ഒറ്റയ്ക്കും, ഫാമിലിയുമായും പോകുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഓയോ റൂംസ്.
3. മേക്ക് മൈട്രിപ്പ്: ട്രെയിൻ / വിമാന സമയമറിയാനും ടിക്കറ്റുകൾ എടുക്കുവാനും ഏറ്റവും നല്ല ആപ്ളിക്കേഷനാണ് Make Mytrip .വ്യത്യസ്ത തരത്തിലുള്ള പ്ലാനുകളും നല്ല ഓഫറുകളും ഇവർ നൽകുന്നുണ്ട്. യാത്രകൾക്കിടയിൽ ഏറ്റവും വേഗത്തിൽ കാര്യങ്ങൾ തിരയുവാൻ ഇതിലും സ്പീഡുഡുള്ള ആപ്പ് വേറെയില്ല.
4. റെഡ് ബസ്. Red Bus : ഇന്ത്യയിൽ ട്രെൻഡിങ് ആപ്പിൽ മുൻ നിരയിൽ നിൽക്കുന്ന ബസ് ടിക്കറ്റ് സംവിധാന സഹായി ആണ് റെഡ് ബസ്. ഇന്ത്യയിലെ മെയിൻ സ്ഥലങ്ങളിലേക്കുമുള്ള എല്ലാ സ്വകാര്യ ദീർഘദൂരബസ് റൂട്ടുകളുടെയും വിവരങ്ങളും ബുക്കിങ്ങ് സംവിധാനവും, എവിടെ നിന്ന് കയറാമെന്നുമുള്ള ഒരു ബസ് ഡിക്ഷണറി തന്നെയാണ് റെഡ് ബസ് ആപ്. നേരിട്ട് ബുക്ക് ചെയ്യുന്നതിനേക്കാൾ ലാഭകരവും സമയലാഭവും ആണ് റെഡ് ആപ്.ധൈര്യമായിട് ഇത് ഇൻസ്റ്റാൾൾ ചെയ്യാം. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപകരിക്കും.
5. WAZE – വെയ്സ്. ഏറ്റവും നല്ല GPS ആപ് ആണ് വെയ്സ്.നല്ല സ്പീഡും കൃത്യമായ റൂട്ടും കാട്ടി തരുന്നു. ഗൂഗിൾ മാപ്പ് പോലെ പണി തരില്ല. വർഷങ്ങളായിട്ട് എന്റെ സന്തത സഹചാരി കൂടിയാണ് WAZE. ഇത് വരെ ചതിച്ചിട്ടില്ല. അതിനാൽ വെയ്സിനാണ്GPS വിഭാഗത്തിൽ എന്റെ വോട്ട്. ലൈവായിട്ടുള്ള റോഡിന്റെ അവസ്ഥയും, എന്തിനേറെ പറയുന്നു… പൊലീസ് ചെക്കിങ് ഉണ്ടോ, ക്യാമറ സ്ഥാപിച്ചിട്ടുണ്ടോ, റോഡിൽ ആക്സിഡന്റ് സംഭവിച്ചിട്ടുണ്ടോ, ബ്ലോക്ക് ഉണ്ടോ എന്നത് വരെയും നമ്മളെ അറിയിച്ച് കൊണ്ടേയിരിക്കും ഇവൻ.നമുക്ക് റോഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ സംവിധാനമുണ്ട്. വളരെ പരോപകാരിയാണ്. അപ്പോൾ പേര് മറക്കണ്ട. WAZE.
6.1 Mg ( വൺ എം.ജി) : ഈ ആപ്പിനെ,സത്യസന്ധമായ ഒരു മെഡിക്കൽ ഷോപ്പ് കം ക്ലിനിക്ക് എന്ന് ചുരുക്കി വിളിക്കാം. ദീർഘയാത്രകളിൽ ഇവൻ നൽകുന്ന സേവനം വിലമതിക്കാനാകാത്തതാണ്. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങി ക്യാൻസർ വരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. നമുക്കോ, നമ്മുടെ ചുറ്റുമുള്ളവരുടെ ഇടയിൽ എല്ലാം പല തരത്തിൽ അസുഖബാധിതർ ഉണ്ട്. നാം എല്ലാവർക്കുമൊപ്പമോ, അവരെ കടന്നും യാത്ര ചെയ്യേണ്ടി വരുന്നു. ഏതെങ്കിലും മരുന്ന് കഴിക്കുന്നവർ ആരെങ്കിലും എപ്പോഴുമുണ്ടാകും. നാമാരും ഡോക്ടർമാരോ, മരുന്നുകളെക്കുറിച്ച് അറിവുള്ളവരോ ആകില്ല.ചിലപ്പോൾ കയ്യിലെ മരുന്ന് തീർന്നാൽ, അതെ മരുന്ന് കിട്ടാത്ത സ്ഥലത്താണെങ്കിൽ നാം എന്ത് ചെയ്യും.? സബ്സ്റ്റിറ്റ്യൂട്ട് ( പകരം മറ്റൊന്ന്) തേടേണ്ടി വരും. അതെ കണ്ടന്റിൽ മറ്റൊരു ബ്രാന്റ് നമുക്ക് കണ്ടെത്തി തരുവാൻ ഏറ്റവും മിടുക്കൻ ആണ് ഈ ആപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു സഹായി ആണ്. കൂടാതെ ഓൺലൈൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. നമുക്ക്മൊബൈയിലിലെ ഫസ്റ്റ് എയിഡ് കിറ്റ് പോലെ ഈ ആപ്പ്ആപ്പ്കൊണ്ട് നടക്കാം .
7. ട്രൂ കോളർ. എല്ലാവർക്കും അറിയാവുന്നത് തന്നെയാണെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ ഉറപ്പായും ഇത് നിങ്ങൾ ഡൗൺലോഡ് ചെയ്യുക, ഉപയോഗിക്കുക. യാത്രക്കിടയിൽ പല തരത്തിൽ നിങ്ങൾക്ക് ഉപകാരപ്പെടും.75 ശതമാനം അപരിചിതമായ ഫോൺ നമ്പരുകളും ആരാണെന്ന് കാണിച്ച് തരുവാൻ ഈ ആപ്പിന് സാധിക്കും. യാത്രക്കിടയിൽ പരിചയപ്പെടുന്നവരുടെ നമ്പരുകൾ, ടാക്സി, ഹോട്ടൽ നമ്പരുകൾ ഒന്ന് വെരിഫൈ ചെയ്യാനും മറ്റും നമുക്ക് സാധിക്കും. ചുരുക്കി പറഞ്ഞാൽ ഉപകാരപ്രദം.
8. പേയ് -ടിഎം * PAYTM. യാത്രക്കിടയിൽ മൊബെൽ ഒന്ന് റീ ചാർജ് ചെയ്യാനോ മറ്റ് ബില്ലുകൾ അടക്കണമെങ്കിലോ നമ്മൾ വേറെ ഒരാളുടെ സഹായം തേടേണ്ടതില്ല. നിങ്ങളെ സഹായിക്കുവാൻ PayTM ഉണ്ടാകും. ATM കാർഡ് വഴി കുറച്ച് കാശ് ഈ ആപ്പിൽ ഫിൽ ചെയ്തിട്ടാൽ യാത്രയിൽ നിങ്ങളുടെ ഓൺലൈൻ ബില്ലുകളുടെ തലവേദനകൾ ഇവൻ പരിഹരിക്കും. കൂടാതെ ഓൺലൈൻ മറ്റ് പർചേസിങ്, സിനിമടിക്കറ്റ് തുടങ്ങി ” മത്തി മുതൽ മാണിക്യം ” വരെയുള്ള സകല ഇടപാടുകളും ഇവൻ നടത്തി തരും. രാജമാണിക്യമാണ് PayTM.
9. സ്ട്രീറ്റ് വ്യൂ. ഗൂഗിളിന്റെ വക സംഭാവനയാണ് സ്ട്രീറ്റ് വ്യൂ. ലൈവായിട് 360° ഫോട്ടോ ക്രിയേറ്റ് ചെയ്യാനും അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും സഹായിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ ഒരു യാത്രികന്റെ ഫോട്ടോപീഡിയ എന്ന് പറയേണ്ടി വരും. അത്രത്തോളം ഉപകാരപ്രദം. നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ മുൻപ് പോയവരുടെയെല്ലാം 360° ഫോട്ടോഗ്രാഫ് കാണുവാൻ കഴിയും. നേരിട്ട് കണ്ട പ്രതീതി ലഭിക്കുന്നതിനാൽ അവിടെ പോകണോ വേണ്ടയോ എന്ന് വീണ്ടും ചിന്തിക്കാൻ സഹായിക്കും. വെറുതെ ഒരു സ്ഥലത്ത് പോയി ഒന്നും ഇല്ലാതെ വരുന്നതിനെക്കാൾ സ്ട്രീറ്റ് വ്യൂ വഴി കണ്ടതിന് ശേഷം തീരുമാനം എടുക്കാം. നമ്മുക്കും ചിത്രങ്ങൾ അപ് ലോഡ് ചെയ്യാം. പൊതുവായ സ്ഥലങ്ങളുടെ വിവരങ്ങളെക്കാൾ നമുക്കറിയാത്ത സ്ഥലങ്ങളുടെ ഫോട്ടോ എൻസൈക്ലോപീഡിയയാണ് ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ.
10. Airbnb – എയർ ബി.എൻ.ബി : നല്ല ക്ലാസ് ഹോട്ടൽ, റിസോർട്ട്, വില്ലകൾ, തുടങ്ങിയവയുടെ വിവരങ്ങൾ അറിയുവാൻ കഴിയുന്ന ആപ്പ് ആണിത്. താമസ സൗകര്യങ്ങൾ, നിരക്കുകൾ, മറ്റ് സൗകര്യങ്ങൾ എല്ലാം ഇവിടെ ലഭ്യമാണ്. മീഡിയം ഫോർമാറ്റിൽ നിന്ന് മുകളിലേക്കാണ് നിരക്കുകൾ. നേരിട്ട് ബുക്ക് ചെയ്യുന്നതിനേക്കാൾ ഇത് വഴിയാണെങ്കിൽ നല്ല ഓഫറുകൾ ലഭ്യമാണ്. കപ്പിൾസിനും വല്ലപ്പോഴും മാത്രം യാത്ര നടത്തുന്നവർക്കും ടൂറിസ്റ്റുകൾക്കും ഉപകാരപ്രദം. ഒരു പാട് യാത്ര ചെയ്ത് ക്ഷീണിക്കുമ്പോഴും Airbnb യിലെ ഒരു പോഷ് റൂം തരുന്ന സുഖം ചില്ലറയല്ല!
മുകളിൽ പറഞ്ഞിരിക്കുന്ന ആപ്പ്ളിക്കേഷനുകൾ യാത്രികർക്ക് ഗുണകരമാകും എന്ന ചിന്തയാൽ മാത്രം തയ്യാറാക്കിയ ലിസ്റ്റ് ആണ്. ഇതേ സേവനങ്ങൾ നൽകുന്ന മറ്റ് നിരവധി ആപ്ളിക്കേഷനുകൾ ഉണ്ടെങ്കിലും, വിശ്വാസയോഗ്യമായത് തിരഞ്ഞെടുത്തു എന്ന് മാത്രം. ഒരു ആപ്ളിക്കേഷനുമായും എനിക്കോ, ഈ ഗ്രൂപ്പിനോ യാതൊരു ബന്ധവുമില്ല. സ്വന്തം താല്പര്യത്താൽ മാത്രം ഉപയോഗിക്കുക.
കടപ്പാട് -ഹുസൈന് നെല്ലിക്കല് (‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ഗ്രൂപ്പിനു വേണ്ടി തയ്യാറാക്കിയത്.)