കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കേണ്ട അടിയന്തിര കാര്യങ്ങൾ

കെ.എസ്.ആർ.ടി.സിയിൽ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ വിവിധ കാരണങ്ങളാൽ എത്തി നിൽക്കുമ്പോൾ ഇനിയെങ്കിലും നടപ്പാക്കേണ്ട അടിയന്തിര കാര്യങ്ങൾ

ഗവൺമെന്റ് ചെയ്യേണ്ടത്

1. വിവിധ ആവശ്യങ്ങൾക്കുവേണ്ടി സൗജന്യങ്ങളും മറ്റും നൽകി കെ.എസ്.ആർ.ടി.സിക്ക് വളരെയധികം ധനംനഷ്ടപ്പെടുന്നുണ്ട്. ഇത് റി ഇമ്പേഴ്സ് ചെയ്ത് കൊടുക്കേണ്ടതാണ്.

2. കെ.എസ്.ആർ.ടി.സിയുടെ ബോർ‌ഡ് ശരിയായ രീതിയിൽ പുനഃസംഘടിപ്പിക്കുകയും കെ.എസ്.ആർ.ടി.സിയുടെ അംഗീകൃത ട്രേഡ് യൂണിയനുകൾക്ക് ഓരോ ആൾ വീതം ഡയറക്ടർ ബോർഡിൽ നൽകുകയും ചെയ്യുക.ഇവർ ഇപ്പോൾ നിലവിലുള്ള ജീവനക്കാർ ആയിരിക്കരുത്.

3. ഡയറക്ടർ ബോർഡ് കൃത്യമായി കൂടുകയും തീരുമാനങ്ങൾ എടുക്കുകയും ബോ‌ർഡ് കൂടിയാൽ മൂന്നു ദിവസത്തിനുള്ളിൽ തന്നെ മിനിറ്റ്സ് തയ്യാറാക്കി നടപടികൾക്കായി അയക്കുകയും വേണം. ബോ‌ർഡിൽ പങ്കെടുക്കുന്ന ചില ഉദ്യോഗസ്ഥർ വളരെ നിഷേധാത്മകമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. ബോർഡിലെ സി.എംഡി മാത്രം പ്രതിയും മറ്റുള്ളവരെല്ലാം വാദികളും എന്ന മട്ടിലാണ് പ്രവർത്തനം. സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുവാനും പ്രായോഗിക സമീപനം എടുക്കുവാനും പ്രത്യേകം നിർദ്ദേശിക്കേണ്ടതാണ്. അല്ലെങ്കിൽ എക്സ് പെൻഡിച്ചർ സെക്രട്ടറി, ധനകാര്യസെക്രട്ടറി എന്നിങ്ങനെ പ്രവ‌ർത്തനപരിചയമുള്ള ഒരാളെ കെ.എസ്.ആർ.ടി.സി, സി എംഡി ആയി നിയമിക്കുക.

4. കെ.എസ്.ആർ.ടി.സിയുടെ ടോപ്പ് മാനേജ്മെന്റിൽ സാങ്കേതിക, സാമ്പത്തിക വിദഗ്ദ്ധരെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. വളരെയധികം നാളത്തെ പ്രയത്നങ്ങൾക്ക് ശേഷമാണ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പോസ്റ്റ് അനുവദിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ചെലവുകൾ നിരീക്ഷിക്കുന്നതിന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സംവിധാനവും ആവശ്യമാണ്. മെക്കാനിക്കൽ എൻജിനീയറിംഗിൽ പി ജി ബിരുദമെങ്കിലും ഉള്ള ഒരാൾ വേണം സാങ്കേതി കാര്യങ്ങൾ നോക്കുന്നതിന് അതുപോലെ കെ.എസ്.ആർ.ടി.സിയുടെ കമ്പ്യൂട്ടർവത്ക്കരണം വിവരസാങ്കേതിക വിദ്യ  ഉപയോഗം എന്നിവയ്ക്ക് പ്രാപ്തരായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതാണ്.

5. കെ.എസ്.ആർ.ടി.സിയിൽ 40% ഓളം ഉദ്യോഗസ്ഥരെ മിഡിൽ മാനേജ്മെന്റിൽ നേരിട്ട് എടുക്കണമെന്ന് തീരുമാനം എടുത്തിട്ടുള്ളതാണ്. ഇത് അടിയന്തിരമായി നടപ്പാക്കേണ്ടതാണ്.

6. കെ.എസ്.ആർ.ടി.സി ഒരു സ്റ്റാറ്റ്യൂട്ടറി കോർപറേഷൻ ആണെങ്കിലും അതിന്റെ പ്രവർത്തനങ്ങൾക്കായി ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഇടപെടലുകൾ വളരെയധികമാണ്. കെ.എസ്.ആർ.ടി.സിയുടെ ബോ‌ർഡാണ് തീരുമാനംഎടുക്കേണ്ടതെങ്കിലും നിസാരകാര്യങ്ങൾ പോലും സർക്കാർ സെക്രട്ടേറിയറ്റിൽ നിന്നും യാതൊരുവിധ പ്രായോഗിക ബുദ്ധിമുട്ടും അറിയാത്ത കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടുപോകുന്നതിൽഒരിക്കലും ഉത്തരവാദിത്വം ഏൽക്കേണ്ടിവരാത്ത കുറേ ഉദ്യോഗസ്ഥരാണ് പിന്നീട് കാര്യങ്ങൾ നിശ്ചയിക്കുന്നത്. അതും അവരുടെ സൗകര്യത്തിനും സമയമെടുത്തും ഈ സ്ഥിതിയാണ് കെ.എസ്.ആർ.ടി.സിയെ ഇന്നത്തെ നിലയിലാക്കിയത്.

7.കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ കൊടുത്തു തുടങ്ങിയതു പോലും യാതൊരുവിധ പഠനവും നടത്താതെയും ദീർഘവീക്ഷണം ഇല്ലാതെയുമാണ്. അതത് കാലത്ത് ഭരിക്കുന്നവരുടെ താത്ക്കാലിക ലാഭത്തിനോ കയ്യടിക്കോ വേണ്ടി എടുക്കുന്ന പല തീരുമാനങ്ങളും കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ ഗതികേടിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

8. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കുക. സി.എം.ഡിക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുക.

9. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ബസാണ് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നതെന്ന് മനസിലാക്കുകയും അതുകൊണ്ടുതന്നെ ഷെഡ്യൂളുകളും ട്രിപ്പുകളും അനുവദിക്കുന്ന മാനദണ്ഡം അവയിൽ നിന്നും ലഭിക്കുന്ന വരുമാനമായി കണക്കാക്കുക.

10. കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുക.

11.കെ.എസ്.ആർ.ടി.സിയുടെ പൊതുമേഖലയിലെ ഗതാഗത പങ്കാളിത്തം 27% മാത്രമാണ്. ഇത് 50%മാക്കി ഉയർത്തേണ്ട നടപടികൾ കൈക്കൊള്ളാവുന്നതാണ്.

tp-senkumar

കെ.എസ്.ആർ.ടി.സിയുടെ ടോപ്പ് മാനേജ്മെന്റ് ചെയ്യേണ്ടത്

1. ഒന്നാമതായി കെ.എസ്.ആർ.ടി.സിയുടെ ടോപ്പ് മാനേജ്മെന്റ് ചെയ്യേണ്ടത്, കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ ലഭിക്കുന്ന ഇന്ധനക്ഷമത ചുരുങ്ങിയത് 1.25 കി.മീ എങ്കിലും വർദ്ധിപ്പിക്കണം. 6 മാസം ടാർജറ്റ് ചെയ്ത് എല്ലാ ഡ്രൈവർമാർക്കും പരിശീലനം നൽകുക എന്നുള്ളതാണ്. ഇതോടൊപ്പം അപകടം കുറയ്ക്കുന്നതിനുമാകാം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ശരാശരി 5.5 കി.മീ ദൂരം 1 ലിറ്റ‌ർ ഡീസലിൽഓടാൻ കഴിയുമ്പോൾ കേരളത്തിൽഇത് 4 കി.മീറ്ററിലും താഴെയാണ്. ഇതിന്റെ പ്രധാന കാരണം ഡ്രൈവർ ഹാബിറ്റ്സാണ്. ഈ സ്വഭാവങ്ങൾ മാറ്റി ഇന്ധനക്ഷമതയുള്ളതും അപകടരഹിതവുമായ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനും അതീവ ശ്രദ്ധയോടെ 6 മാസം കൊണ്ട് നല്ല വ്യത്യാസം വരുത്തിയെടുക്കാവുന്നതാണ്. ഇതുമൂലം ഇന്ധനത്തിന്റെ ഉപയോഗത്തിലും പ്രതിമാസം 19 കോടിയോളം രൂപയെങ്കിലും ചെലവ് കുറയ്ക്കാവുന്നതാണ്.

2.കെ.എസ്.ആർ.ടി.സിയിൽ എല്ലാ ഷെഡ്യൂളുകളുടെയും ട്രിപ്പുകളുടെയും ബ്രേക്ക് ഈവൻ അനാലിസിസ് നടത്തിഅതനുസരിച്ച് മാത്രം ട്രിപ്പുകളും ഷെഡ്യൂളുകളും നിശ്ചയിക്കാവുന്നതാണ്.

3. ചെയിൻ സർവ്വീസുകൾ നന്നായി നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

4. ഓരോ ഷെഡ്യൂളിന്റെയും നെറ്റ് റവന്യൂ അനാലിസിസ് നടത്തി അവഏറ്റവും കൂടുതലുള്ള റവന്യൂ തുടങ്ങി ഏറ്റവും കുറവ് റവന്യൂ നഷ്ടംഎന്ന രീതിയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കേണ്ടതാണ്.

5. ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ നിർബന്ധമാക്കണം.വിജിലൻസ് വിഭാഗത്തെകൊണ്ട് ശരിയായ രീതിയിൽ പരിശോധന നടത്തണം. പല ബസുകളിൽ നിന്നും 500 മുതൽ 1500 രൂപവരെയെങ്കിലും ഓരോ ദിവസവും അനധികൃതമായി ചോരുന്നു എന്നാണറിവ്. ഒരു മാസം ശരാശരി 10നും 15 കോടി രൂപയുടെ വരുമാനചോർച്ച ഈയിനത്തിൽ ഉണ്ടാകുന്നുണ്ട്.

6. കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 60 വയസായി ഉയർത്തേണ്ടതാണ്. ഇതുമൂലം അടുത്ത 4 വർഷത്തേയ്ക്ക് പെൻഷൻ ബാദ്ധ്യത കൂടതെയായിരിക്കും.  ഇങ്ങനെ പ്രായം വർദ്ധിപ്പിക്കുന്ന എല്ലാ ഡ്രൈവർമാരെയും ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും കണ്ണ് ഉൾപ്പെടെ പരിശോധന നടത്തിയശേഷം ഇവരെ തുടരാൻ അനുവദിക്കേണ്ടതുമാണ്.

7. കെ.എസ്.ആർ.ടി.സിയിൽ കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പാക്കുകയും കഴിയുമെങ്കിൽ അതിന് 2007 മുതലുള്ള പ്രാബല്യം നൽകുകയും ചെയ്യുക. അന്ന് മുതൽ ഉദ്യോഗത്തിൽ പ്രവേശിച്ചിരിക്കുന്നവർ ഇത് സ്വീകരിക്കാമെന്ന് ഒപ്പിട്ട് നൽകിയിട്ടുമുണ്ട്.

8. ഓരോ ജീവനക്കാരനും ചെയ്യുന്ന ജോലികൾ എന്താണെന്നുംഅനാവശ്യമായി ജീവനക്കാരെ ജോലിക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരാരെങ്കിലും ഉണ്ടോയെന്നും പരിശോധിച്ച് നടപടിയെടുക്കുക.

മിഡിൽ & ടെക്നിക്കൽ കാറ്റഗറികൾ ചെയ്യേണ്ടത്

1. എല്ലാ വാഹനങ്ങളും സാങ്കേതികമായി ഏറ്റവും മികച്ച രീതിയിൽ മാത്രമേ റോഡിൽ ഇറക്കാൻ അനുവദിക്കാവൂ. ബസുകളുടെ ട്രിപ്പുകൾ ക്രമീകരിക്കൽ,കൂടുതൽ ട്രിപ്പുകൾ ഉള്ളിടത്ത് ലാഭകരമായ രീതിയിലും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലും ട്രിപ്പുകൾ ഓടിക്കൽ,മോഷണം തടയൽ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2.കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ റ്റിയുടെ വ്യാപനം പൂർണമാക്കേണ്ടതും അതനുസരിച്ച് വിവരങ്ങൾ ലഭ്യമാക്കേണ്ടതുമാണ്.

ട്രേഡ് യൂണിയനുകൾ ചെയ്യേണ്ടത്

5-‌ാ‌ം തീയതിക്കു മുൻപ് പെൻഷൻ നൽകുക എന്നത് ഏറ്റവും പരമപ്രധാനമായ ലക്ഷ്യമായി കണക്കാക്കിയതു കൊണ്ടാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമുണ്ടായത്. സ്ഥാപനം നിലനിന്നാലെ പെൻഷൻ ലഭിക്കുവെന്ന കാര്യം എല്ലാപേരും മനസിലാക്കേണ്ടിയിരിക്കുന്നു. ഗവൺമെന്റിനു വരുന്ന നഷ്ടത്തേക്കാളേറെ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഓരോ മാസവും നഷ്ടം വരുന്നുണ്ട് എന്ന ബോദ്ധ്യം ഉണ്ടാവുകയും അത് ദീർഘകാല അടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്.

1. ജീവനക്കാരുടെ ഷെഡ്യൂളുകളിൽ അടുത്തുവരുന്ന 3 വർഷത്തേക്ക് എങ്കിലും ബ്രേക്കിംഗ് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുക. (യാത്രക്കാർ ഉള്ളപ്പോൾ മാത്രം ബസ് ഓടിച്ചാൽ ഇതിന്റെ ആവശ്യകത വരും)

2. ബസുകൾ കൃത്യസമയത്ത് ഓടിക്കാനായി ശ്രദ്ധിക്കുക

3. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പരിശീലനം ഏറ്റവും ആവശ്യമാണെന്ന് കണ്ട്അതിനെ പ്രോത്സാഹിപ്പിക്കുക.

4. കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന പണം മോഷ്ടിക്കുന്ന ജീവനക്കാരെ പിടികൂടുന്നതിന് സഹായിക്കുക.

5. മദ്യപിച്ചുള്ള ഡ്രൈവിംഗും മറ്റു ജോലികളും യാതൊരു കാരണവശാലം അനുവദിക്കാതിരിക്കുക

6. ഷെഡ്യൂളുകൾ നിശ്ചയിക്കുമ്പോൾ അവ കളക്ഷന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നുള്ള മാനേജ്മെന്റ് ആവശ്യത്തിന് പിന്തുണ നൽകുക.

7. മിഡിൽ മാനേജ്മെന്റ് കാര്യപ്രാപ്തിയുള്ള കൂടുതൽ ഉദ്യോഗസ്ഥരെ നേരിട്ടെടുക്കാൻ അനുവദിക്കുക.

8. ഡ്രൈവർ കം കണ്ടക്ടർ സമീപനം ദീർഘദൂര വണ്ടികളിൽ സ്വീകരിക്കുക.

9. ഒരു കാരണവശാലും രാഷ്ട്രീയപരമായി കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കാണാതിരിക്കുക.

10. ഡയറക്ടർ ബോർഡിൽ ജീവനക്കാരനല്ലാത്ത പ്രഗല്ഭമതിയായ ട്രേഡ് യൂണിയൻ പ്രതിനിധിയെ ഉൾപ്പെടുത്തുക.

11.ഒന്നോ, രണ്ടോ വർഷം ബുദ്ധിമുട്ടിയാണെങ്കിലും ദീർഘനാളത്തേയ്ക്കുള്ള നന്മയെ കരുതി പ്രവർത്തിക്കുക.

12. കോടതികളിൽ പോകേണ്ടിവരുന്ന ധാരാളം കേസുകളിൽ അദാലത്തുകൾ മുഖേന പരിഹാരം കാണുവാൻ ശ്രമിക്കുക.

(സംസ്ഥാന പൊലീസ് മേധാവിയായ ലേഖകൻ കെ.എസ്.ആർ.ടി.സി സി.എം.ഡിയായിരിക്കെ തയ്യാറാക്കിയത്)​

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply