ഒരു KSRTC ഇന്‍സ്പെക്ടറുടെ ഇടപെടലിലൂടെ ട്രിപ്പ് കളക്ഷന്‍ വര്‍ദ്ധിക്കുന്നുവെങ്കില്‍ അതല്ലേ മാസ് ….. പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വ്യത്യസ്ത ചിന്തകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.
“ഇന്സ്പെക്ടര്മ്മാരില് മാതൃകയായി ഞാന്‍ കാണുന്നത് നിലവില്‍ ATO ആയി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയാണ്. റൂട്ടിലെ തിരക്കുളള സമയങ്ങളില്‍ ബസ്സില്‍ കയറുമ്പോള്‍ കണ്ടക്ടറെ സഹായിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല. ചില വിരുതന്മ്മാര് തിരക്കുളള ബസ്സുകള്‍ കാണുമ്പോള്‍ മാറി നില്‍ക്കാറുണ്ട്. രണ്ടു വിരുതന്മ്മാര് (സ്ക്വാഡ് ഇന്‍സ്പെക്ടര്‍മ്മാര്‍) രണ്ടിടങ്ങിളില്‍ നിന്ന് കയറി ഒരാള്‍ കൃത്യമായി ജോലി ചെയ്യുകയും, മറ്റൊരാള്‍ ഇറങ്ങേണ്ട സ്റ്റോപ്പിന് മുമ്പില്‍ നിന്നോ, ബസ്സില്‍ കയറാതെ തന്നെ റിപ്പോര്‍ട്ടിംഗ് ഷീറ്റ് നല്കി ഒപ്പിടുവാന്‍ കണ്ടക്ടര്മ്മാരെ പ്രേരിപ്പിക്കുന്നവരും ഉണ്ടാകും.
തിരക്കുളള ദിനങ്ങളില്‍ , പ്രത്യേകിച്ച് രണ്ടോ,അധിലധികമോ അവധി കഴിഞ്ഞു വരുന്ന ദിനങ്ങളില്‍ മാസ്സ് റിപ്പോര്‍ട്ടിംഗിനായി ശ്രമിക്കാതെ കണ്ടക്ടര്മ്മാരെ സഹായിക്കാന്‍ തയ്യാറാകുകയാണ് എങ്കില്‍ നമ്മള് മാതൃകയാക്കുകയും, അപ്രകാരം മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സത്യസന്ധരായ ജീവനക്കാരെ വാര്‍ത്തെടുക്കുകയും ചെയ്യാം. അല്ലാതെ ഒളിഞ്ഞിരുന്നു കൊളളക്കാരെ പിടിക്കുവാന്‍ എന്ന രീതിയില്‍ ( ചില പരിചയക്കാര് പോലും) ബസ്സില്‍ ചാടി കയറി ചെക്കിംഗ് നടത്തുമ്പോള്‍ കുറഞ്ഞത് ആ ട്രിപ്പിലെ അവരുടെ കളക്ഷന്‍ എങ്കിലും നോക്കുവാനുളള ഒരു ശ്രമമെങ്കിലും ഇന്സ്പെക്ടര്മ്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഏത് ഇന്‍സ്പെക്ടര്‍ ആണോ ബസ്സില്‍ ചെക്കിംഗ് നടത്തുന്നത് അദ്ദേഹം കയറിയ സമയത്ത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ മാസ്. അപ്രകാരം കളക്ഷന്‍ വര്ദ്ധിച്ചിച്ചുവെങ്കില് എത്ര കളക്ഷന്‍ വര്‍ദ്ധിച്ചു. ഇന്സ്പെക്ഷന് കയറുന്ന സമയത്തെ കളക്ഷനും, അതിന് ശേഷമുളള കളക്ഷനും പെര്‍ഫോര്‍മെന്‍സില്‍ രേഖപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്താന്‍ സി.എം.ഡിയോട് അഭ്യര്‍ത്ഥിക്കുന്നു .
ജോലി ചെയ്യാത്ത ഒരു ജീവനക്കാരനെ കണ്ടെത്താന്‍ ട്രിപ്പ് കളക്ഷന്‍ പരിശോധിച്ചാല്‍ മതി.പതിവ് ഇന്‍സ്പെക്ഷനിലൂടെ അപാകതകള്‍ കണ്ടെത്തുവാന്‍ കഴിയും. ടിക്കറ്റ് നല്‍കാതെ തുക വാങ്ങി ബാഗിലിടുന്നവര് വിരലിലെണ്ണാവുന്നവര്‍ ഉണ്ടാകാം .പക്ഷേ, കണ്ടക്ടര്‍ വിഭാഗം മുഴുവന്‍ അപ്രകാരം ആണെന്ന് ഇത് കൊണ്ട് ഉദ്ദേശിക്കരുത്. ഇന്സ്പെക്ടര്മ്മാരില് ഡിപ്പോകളില്‍ ഇരുന്ന് ട്രിപ്പ് ക്ളോസ്സ് ചെയ്യാത്തവരെ കണ്ടുപിടിച്ച് സ്റ്റാറ്റസ്സ് എടുത്ത് ചുളുവില്‍ റിപ്പോര്‍ട്ട് ചെയ്ത ബസ്സുകള്‍ എണ്ണം ഒപ്പിക്കുന്ന വിരുതന്മ്മാരും( ഇന്‍സ്പെക്ടര്‍മ്മാരും) ഉണ്ട്. ഇവിടെ ചില അപാകതകള്‍ ചൂണ്ടി കാണിച്ചുവെന്ന് മാത്രം.കണ്ടക്ടര്‍മ്മാര്‍ ഇത് പരാതിപ്പെടാത്തത് എന്തായിരിക്കും എന്ന് മനസ്സിലാക്കാമല്ലോ. തെറ്റുകള്‍ തിരുത്തപ്പെടേണം.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് സി.എംഡിയുടെ “ തിരക്കുളള ദിനങ്ങളിലെ മാസ്സ് റിപ്പോര്‍ട്ടിംഗ് ഒഴിവാക്കി കളക്ഷന്‍ കൂട്ടുവാന്‍ കണ്ടക്ടറെ സഹായിക്കണം” എന്ന ഈ നടപടി അഭിനന്ദനീയമാണ്.”